Flash News

കൊട്ടിയം സ്വദേശിനി റിംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ഒളിവില്‍, കേസന്വേഷണം വഴിമുട്ടി

September 15, 2020 , ശ്രീജ

കൊട്ടിയം സ്വദേശിനി റിംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വിട്ടയച്ച സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയതായി പോലീസ്. നടിക്ക് ഉന്നതരുമായി ബന്ധമുള്ളതുകൊണ്ട് പോലീസിന്റെ അന്വേഷണവും മന്ദഗതിയിലാണെന്ന് റിംസിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടു.

തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരി ലക്ഷ്മിയാണെന്ന ഗുരുതര ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കള്‍ ഉയര്‍ത്തുന്നത്. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്യുന്നത്. ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഹാരിസ് മുഹമ്മദിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയെയും ഭര്‍ത്താവിനെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നതാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുന്നതില്‍ ഉള്‍പ്പെടെ ലക്ഷ്മിയുടെ പങ്കുണ്ടെന്നാണ് ആരോപണം. കൊട്ടിയം കണ്ണനല്ലൂര്‍ സി ഐമാര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. ഒമ്പതംഗ സംഘത്തില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്.

ഈ കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമിക്കുന്നതായി റംസിയുടെ കുടുംബം പരാതിപ്പെടുന്നു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റിംസിയുടെ കുടുംബം പരാതി നൽകാനൊരുങ്ങുകയാണ്.

കേസിലെ പ്രധാന പ്രതി ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസിനു ചോദ്യം ചെയ്യാനായത്. പ്രതിസ്ഥാനത്തുള്ള സീരിയൽ നടി ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് പോലീസിന് വിളിപ്പിക്കാൻ പോലും ആയത്. നടി ഒളിവിൽ പോയെന്നാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തെളിവുകൾ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവർത്തിക്കുന്നു. മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് റിംസിയുടെ പിതാവ് റഹീം പറയുന്നത്.

ഹാരിസും റിംസിയുമായുള്ള വിവാഹം ഉറപ്പിച്ചതിനുശേഷം പലതവണ ലക്ഷ്മി പ്രമോദ് റിംസിയുടെ വീട്ടില്‍ വരികയും തനിക്കൊപ്പം കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാറുണ്ടായിരുന്നു. സീരിയല്‍ താരമായ ലക്ഷ്മിയ്ക്ക് ഷൂട്ടിംഗിന് പോകുമ്പോള്‍ കുട്ടിയെ നോക്കാനായിട്ടായിരുന്നു റിംസിയെയും കൂട്ടിയിരുന്നത്. പല ലൊക്കേഷനുകളിലും ഇതുപോലെ റംസിയെ ഇവര്‍ കൊണ്ടു പോയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പോുകുമ്പോള്‍ ഹാരിസും ഇവര്‍ക്കൊപ്പം ഉണ്ടാകുമായിരുന്നുവെന്നും ഈ സാഹചര്യം മുതലെടുത്ത് ഹാരിസ് റിംസിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കാറുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം. ലക്ഷ്മിയാണ് റിംസിയെ കൂട്ടിക്കൊണ്ടു പോകുന്നതെങ്കിലും തിരിച്ചുകൊണ്ടു വരുന്നത് മിക്കവാറും ഹാരിസ് ആയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഹാരിസിന്റെ സഹോദരന്‍ അന്‍സര്‍ മുഹമ്മദിന്റെ ഭാര്യയാണ് ലക്ഷ്മി. ഇരുവരും പ്രണയവിവാഹിതരാണ്.

ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് റിംസി ഹാരിസില്‍ നിന്നും ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനായി കൂട്ടു നിന്നതും ലക്ഷ്മി പ്രമോദ് ആയിരുന്നുവെന്നാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ വേണ്ടി ആശുപത്രയില്‍ ഹാജരാക്കിയ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും ഹാരിസിന് ലക്ഷ്മി പ്രമോദ് സഹായം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. അതേസമയം, ലക്ഷ്മി പ്രമോദിനു വേണ്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഇടപട്ടെന്നും വാര്‍ത്തയുണ്ട്. കൊല്ലം വടക്കേവിള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പാലത്തറ രാജീവാണ് ലക്ഷ്മിയ്ക്ക് വേണ്ടി ഇടപെട്ടത്. റംസിയുടെ മരണത്തില്‍ നീതി തേടി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ മയിലക്കാട് ഷായെ ഫോണില്‍ വിളിച്ചാണ് പാലത്തറ രാജീവ് സംസാരിച്ചത്. ലക്ഷ്മി പ്രമോദ് വേണ്ടപ്പെട്ട കക്ഷിയാണെന്നും തന്നെ സമീപിച്ചിരുന്നുവെന്നും പാലത്തറ രാജീവ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനോട് പറയുന്നുണ്ട്. കേസുമായി മുന്നോട്ടു പോകരുതെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭ്യര്‍ത്ഥിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top