Flash News

തൈറോയ്‌ഡ്

September 15, 2020 , ഡോ. ഷർമദ്‌ ഖാൻ

തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരുന്നു. രോഗം ഉള്ളവർ മരുന്ന് കഴിച്ചല്ലെ പറ്റൂ. എന്നാൽ എത്ര നാൾ കഴിച്ചിട്ടും മരുന്നിന്റെ അളവും ബുദ്ധിമുട്ടുകളും കൂടുന്നതല്ലാതെ അസുഖം കുറയുന്നില്ല.

മരുന്ന് കഴിക്കുന്നതിലൂടെ മാത്രം തൈറോയ്ഡ് രോഗം പരിഹരിച്ചു കളയാമെന്നത് വെറും മിഥ്യാധാരണയാണ്. ഏതുതരം തൈറോയ്ഡ് രോഗമായാലും പാലിക്കേണ്ട മറ്റ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ജീവിതചര്യ ക്രമപ്പെടുത്തുക തന്നെയാണ് ഇതിൽ പ്രധാനം. രാവിലെ അഞ്ചുമണിക്ക് എങ്കിലും ഉണരുന്നതും, വെറും വയറ്റിൽ തന്നെ കുളിക്കുന്നതും, കുളിക്കുന്നതിനു മുമ്പ് ചായ, ബിസ്കറ്റ് ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതും, സമയത്തുള്ള ഭക്ഷണവും, പകലുറക്കം ഒഴിവാക്കലും, രാത്രി നേരത്തെ ഉറങ്ങുന്നതും, അതിനും ഒന്നര മണിക്കൂറെങ്കിലും മുമ്പ് എളുപ്പം ദഹിക്കുന്ന രാത്രി ഭക്ഷണം കഴിക്കുന്നതുമെല്ലാം ശരിയായ ചര്യകളിൽ പെടുന്നു.

ദഹനസംബന്ധമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ ഭക്ഷണം ക്രമീകരിച്ചാൽ അഥവാ അഗ്നിബലത്തിന് അനുസരിച്ച് മാത്രം ഭക്ഷണം കഴിച്ചാൽ തന്നെ ഇത്തരം പല രോഗങ്ങളിൽ നിന്നും ഒഴിവാകാൻ സാധിക്കും.ഇന്ന് സാധാരണ കാണുന്ന അസിഡിറ്റി, ഗ്യാസ്,വായ്പ്പുണ്ണ്, മലബന്ധം ,അർശസ്സ് തുടങ്ങിയ രോഗങ്ങളുള്ളവർ ശരിയായ ദഹനം നോക്കുന്നവരല്ലെന്ന് നിസ്സംശയം പറയാം.

ശരിയായ വ്യായാമമില്ലായ്മയും, വളരെ താമസിച്ചു മാത്രം ഉണർന്നെഴുന്നേൽക്കുന്നതും, അധികനേരവും ആലസ്യത്തോടെയുള്ള ഇരിപ്പും, അത്തരം ജോലികളും തൈറോയ്ഡ് രോഗത്തിന് കാരണമാകും എന്നതിനാൽ ചെയ്യുന്ന തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ലഘുവായ വ്യായാമക്രമങ്ങൾ ശീലിക്കുക തന്നെ വേണം.

രാവിലെ ആഹാരത്തിനു മുമ്പ് തൈറോക്സിൻ മരുന്നുകൾ കഴിക്കുന്നവർ ഉടനെ പാൽ, ബിസ്കറ്റ്, മറ്റ് ആഹാരങ്ങൾ എന്നിവ കഴിക്കരുത്. മരുന്നിൻറെ ആഗിരണം കുറയും. സോയ, പാലുൽപന്നങ്ങൾ,കാൽസ്യം, അയൺ, അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയും തൈറോക്സിൻ ആഗിരണത്തെ കുറയ്ക്കും. ഇത്തരം മരുന്നുകൾ കഴിക്കുന്നവർക്ക് കഴിക്കുന്ന മരുന്നിന്റെ ശരിയായ പ്രയോജനം കിട്ടില്ല എന്ന് സാരം. പതിവായി ഉയർന്ന അളവിൽ തൈറോക്സിൻ കഴിക്കുന്നവരിൽ എല്ലുകൾക്ക് തേയ്മാനം, നെഞ്ചിടിപ്പ് ,ശരീരഭാരം കുറയുക, പ്രമേഹം തുടങ്ങിയവയും ഉണ്ടാകാം.

എന്തൊക്കെ ശ്രദ്ധിക്കണം?

അയഡിന്റെ ഉപയോഗം വർധിപ്പിക്കണം. മത്സ്യവും മറ്റു കടൽ വിഭവങ്ങളും അയഡിൻ സമൃദ്ധമാണ്.ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽമത്സ്യങ്ങൾ കഴിക്കണം. കല്ലുപ്പ് ഉപയോഗിക്കണം.

എന്നാൽ മത്സ്യം ഭക്ഷിക്കാത്തവർക്ക് അയഡിൻ ഉപ്പ് തന്നെ വേണ്ടിവരും .ഏതു ഉപ്പ് ആയാലും അത് തുറന്നു വെച്ചാലോ സൂര്യപ്രകാശം തട്ടിയാലോ ഉപ്പിലുള്ള അയഡിന്റെ സാന്നിധ്യം കുറഞ്ഞുപോകും.ഉപ്പ് ഇരുണ്ടനിറമുള്ള പ്ലാസ്റ്റിക് ടിന്നുകൾ,മൺപാത്രങ്ങൾ തടി പാത്രങ്ങൾ എന്നിവയിലോ ഇട്ടു മുറുക്കമുള്ള അടപ്പ്‌ കൊണ്ട് അടച്ചുവയ്ക്കണം.നാലോ അഞ്ചോ ത വണയായുള്ള ഭക്ഷണവും സമീകൃത ആഹാരവും ആരോഗ്യമുള്ള തൈറോയിഡിനെ നൽകും. പച്ചക്കറികൾ പ്രത്യേകിച്ചും അയഡിൻ സമ്പുഷ്ടമായ മണ്ണിൽ വിളഞ്ഞത്, പഴം, ചിക്കൻ, മത്തി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ചെമ്മീൻ, ഞണ്ട് , ക്യാരറ്റ്, അണ്ടിപ്പരിപ്പുകൾ, സ്ട്രോബറി, അരി, ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി തുടങ്ങിയവ അയഡിൻ സമ്പുഷ്ടമായ ഭക്ഷണം ആയതിനാൽ തൈറോയിഡ് രോഗം ഒഴിവാക്കാനായി കഴിക്കാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സുഖകരമാക്കാൻ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാം.

പഞ്ചസാരയും ,കൃത്രിമ മധുരവും ,നിറങ്ങളും, കൃത്രിമ രുചിയും ചേർത്ത ഭക്ഷണം ,ഫാറ്റ് ഫ്രീ ,ഷുഗർ ഫ്രീ ,ലോഫാറ്റ് ഫുഡ് എന്നിങ്ങനെ ലേബലുള്ള ഭക്ഷണങ്ങൾ, കടുക്, ചോളം ,മധുരക്കിഴങ്ങ്, മരച്ചീനി ,ക്യാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികൾക്ക് നല്ലതല്ല. എന്നാൽ നന്നായി വേവിച്ചാൽ കാബേജും കോളിഫ്ലവറും കഴിക്കാം. കപ്പ അഥവാ മരച്ചീനി നന്നായി വേവിച്ചത് കടൽ മത്സ്യം ചേർത്താണ് കഴിക്കുന്നതെങ്കിൽ കുഴപ്പമില്ല.അയഡിന്റെ ആഗീരണത്തെ തടയുവാനുള്ള കപ്പയുടെ കഴിവിനെ പ്രതിരോധിക്കുവാൻ കടൽ മത്സ്യത്തിന് സാധിക്കും.

ഡോ. ഷർമദ്‌ ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ഡിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം

Tel: 9447963481


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top