Flash News

ഇന്ത്യയിലുടനീളമുള്ള ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കയുണര്‍ത്തുന്നു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

September 16, 2020 , പ്രസ് റിലീസ്

കൊച്ചി |  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കയും ഭീതിയും ഉയര്‍ത്തുന്നുവെന്നും ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകുവാന്‍ ഭരണസംവിധാനങ്ങള്‍ ഉണരണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കേരളമടക്കം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്.

ഭരണ നേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും ഭരണപരാജയവുമാണ് ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഇടത്താവളങ്ങള്‍ സൃഷ്ടിക്കുവാന്‍ അവസരമൊരുക്കിയിരിക്കുന്നത്. വടക്ക് കാശ്മീരിനുശേഷം തെക്ക് കേരളമെന്ന ‘കെകെ ഓപ്പറേഷന്‍’ വളരെ വിദഗ്ദ്ധമായി നടപ്പിലാക്കുന്നതില്‍ ഭീകരപ്രസ്ഥാനങ്ങള്‍ വിജയിച്ചിരിക്കുന്നു. മാറിമാറി കേരളം ഭരിച്ചവരെയും ഭരിക്കുന്നവരെയും മാത്രമല്ല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതരെയും വരുതിയില്‍ നിര്‍ത്തുവാന്‍ ഭീകരപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ കണക്കുകളും വിവരണങ്ങളും.

കേരളവും കര്‍ണ്ണാടകവും ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന് ജൂലൈയില്‍ ചൂണ്ടിക്കാട്ടിയ യുഎന്‍ റിപ്പോര്‍ട്ട് നിസ്സാരവല്‍ക്കരിച്ച സംസ്ഥാന സര്‍ക്കാര്‍ ഇനിയും നടപടികളിലേയ്ക്ക് കടന്നില്ലെങ്കില്‍ കേരളത്തില്‍ കാശ്മീര്‍ ആവര്‍ത്തിക്കുവാന്‍ സാധ്യതയേറെയാണ്.

സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുമ്പോള്‍ കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കും. വിദ്യാഭ്യാസ ആരോഗ്യ സേവന മേഖലകളില്‍ കടന്നാക്രമണം നടത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടര്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ആഗോളഭീകരതയില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ കേരള ജനതയെ തെരുവിലിറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് രാജ്യദ്രോഹമാണ്. ഭീകരപ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളായിക്കണ്ട് അധികാരത്തിലേറുവാനും അധികാരത്തിലിരിക്കുവാനുംവേണ്ടി നിരന്തരമുപയോഗിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ അജണ്ടകളും നിലപാടും മനോഭാവവും ജനാധിപത്യഭരണത്തിന് അപമാനവുമാണ്.

ചിലരെ കരുവാക്കി ഭീകരപ്രസ്ഥാനങ്ങളുടെ ഇടനിലക്കാര്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറുന്നത് പൊതുസമൂഹം തിരിച്ചറിയണം. നിയമനിര്‍മ്മാണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ഇക്കൂട്ടര്‍ക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി പിന്നാമ്പുറങ്ങളില്‍ ഭീകരപ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നതും വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top