സ്ത്രീ സുരക്ഷ കേരള മോഡൽ വിചാരണ ചെയ്യുന്നു; വിമൻ ജസ്റ്റിസ് സെക്രട്ടറിയേറ്റ് ധർണ്ണ വ്യാഴാഴ്ച നടക്കും

സ്ത്രീ സുരക്ഷ കേരള മോഡൽ വിചാരണ ചെയ്യുന്നു എന്ന മുദ്രാവാക്യത്തിൽ വിമൻ ജസ്റ്റിസ് വ്യാഴാഴ്ച രാവിലെമുതൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിക്കുമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന എക്സിക്യൂട്ടീവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

സ്ത്രീക്ക് സുരക്ഷ നൽകാൻ ബാധ്യതയുള്ള സർക്കാർ സംവിധാനങ്ങളിൽ തന്നെ ബലാൽസംഗങ്ങളും പീഡനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിമൻ ജസ്റ്റിസിൻെറ ആഭിമുഖ്യത്തിൽ പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന സുരക്ഷാ ഭീഷണിക്കും പീഡന വർദ്ധനവിനും കാരണം ഇരകൾക്ക് നീതി നിഷേധിക്കുകയും പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയും ചെയ്യുന്ന അധികാര സംവിധാനങ്ങളാണെന്ന് സംസ്ഥാന പ്രസിഡൻെറ് ജബീന ഇർഷാദ് വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു. ക്ലാസ് മുറി മുതൽ ആമ്പുലൻസ് വരെയുള്ള അടിസ്ഥാന പൊതു ഇടങ്ങളിൽ പോലും ബലാൽസംഗം നടക്കുകയാണ്.

കോവിഡിൻെറ സന്ദർഭങ്ങളെപ്പോലും പീഡനത്തിനുള്ള അനുകൂല സാഹചര്യമാക്കുന്നതാണ് കാണുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം വിമൻ ജസ്റ്റിസിൻെറ നേതൃത്വത്തിൽ ഉയർത്തുമെന്നും പെൺകുരുന്നുകളുടെ രോദനങ്ങളെ കേൾക്കാതിരിക്കുന്ന അധികാരികളെയാണ് വിചാരണ ചെയ്യുന്നതെന്നും അവർ പറഞ്ഞു. ജബീന ഇർഷാദ് ഉൽഘാടനം നിർവഹിക്കും. ഗോമതി(പെമ്പിളൈ ഒരുമെ), മാഗ്ളിൻ ഫിലോമിന( തീരദേശ വനിതാഫെഡറേഷൻ പ്രസിഡൻറ്), നജ്ദ റൈഹാൻ (ഫ്രട്ടേണിറ്റി സംസഥാന ജനറൽ സെക്രട്ടറി), ഡോ. ആരിഫ (മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), ഉഷാകുമാരി (വിമൻ ജസ്റ്റിസ് വൈസ്. പ്രസി.), വിമൻ ജസ്റ്റിസ് സെക്രട്ടറിമാരായ മുംതാസ് ബീഗം, സുഫീറ എരമംഗലം, എൻ.എം. അൻസാരി (വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസി), രഞ്ജിത ജയരാജ് (വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ല പ്രസിഡണ്ട്), ലക്ഷ്മി (മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ്) ബിനു ഷറീന (വനിതാ ലീഗ് ജന. സെക്രട്ടറി, തിരുവനന്തപുരം), സുമയ്യ റഹീം (വിമൻ ഇന്ത്യാ മൂവ്മെൻറ് ജില്ലാ പ്രസിഡൻെറ്, തിരുവനന്തപുരം) തുടങ്ങിയവർ പങ്കെടുക്കും.

Print Friendly, PDF & Email

Related News

Leave a Comment