Flash News

കേന്ദ്രാനുമതിയില്ലാതെ ഖുര്‍‌ആന്‍ ഇറക്കുമതി ചെയ്തതില്‍ ദുരൂഹത, എന്‍ ഐ എ ചോദ്യം ചെയ്യലിനു പിറകെ കസ്റ്റംസും ജലീലിനെതിരെ തിരിയുന്നു

September 18, 2020 , പ്രസീത

കൊച്ചി | നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും കസ്റ്റംസും അന്വേഷണം ത്വരിതപ്പെടുത്തുന്നതിനിടെ, അതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ഇന്നലെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കേന്ദ്രാനുമതിയില്ലാതെ യു എ ഇയില്‍ നിന്ന് ഖുര്‍‌ആന്‍ ഇറക്കുമതി ചെയ്തതതാണ് ജലീലിന്റെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

ഏറ്റവും പുതിയ വിവരമനുസരിച്ച് കസ്റ്റംസും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസും കേസെടുത്തിട്ടുണ്ട്. നയതന്ത്ര ചാനല്‍ വഴി ഇറക്കുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന കണ്ടെത്തലാണ് കസ്റ്റംസിനുള്ളത്. എന്‍ ഐ എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെ ജലീലിന് അടുത്ത കടമ്പയായി മാറുകയാണ് കസ്റ്റംസ്.

ഖുര്‍‌ആന്‍ മാത്രമല്ല 17,000 കിലോ ഈന്തപ്പഴവും യു എ ഇ കോണ്‍സുലേറ്റിന്റെ ബാഗേജു വഴി എത്തിച്ച് കേരളത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷയ്ക്ക് വേണ്ടിയും അവരുടെ ഉപയോഗത്തിന് വേണ്ടിയും മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും അടക്കമുള്ള സാധനങ്ങള്‍ അവരുടെ ജന്മദേശത്ത് നിന്ന് നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യാം. ആ പരിരക്ഷയുടെ മറവിലാണ് ഇപ്പോള്‍ മതഗ്രന്ഥങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ കേരളത്തിലെത്തിക്കുകയും കേരളത്തിലും കേരളത്തിന് പുറത്തും വിതരണം ചെയ്യുകയും ചെയ്തത്. ഇത് നിയമലംഘനമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ കസ്റ്റംസ് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പ്രാഥമിക വിലയിരുത്തല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷമായിരിക്കും മന്ത്രി കെടി ജലീലിനെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അടക്കം ചോദ്യം ചെയ്യുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top