Flash News

കാവല്‍ മാലാഖ (നോവല്‍ 18) – വിലയില്ലാത്ത വീണകള്‍: കാരൂര്‍ സോമന്‍

September 18, 2020

അകറ്റുകയാണെന്നു തോന്നിക്കാതെ സൈമന്‍റെ ശല്യം തീര്‍ക്കാനാണു മേരി അയാള്‍ക്കു വേണ്ടി പെണ്ണാലോചന തുടങ്ങിയത്. ആദ്യം അയാള്‍ക്കതില്‍ താത്പര്യം തോന്നിയില്ല. അന്തിക്കൂട്ടിന് ആവശ്യമുള്ളത് എങ്ങനെയും വന്നു ചേരുന്നുണ്ട്. മേരിയെപ്പോലും പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്നില്ല. ട്രാവല്‍ ഏജന്‍സി വഴി റിക്രൂട്ട് ചെയ്യുന്ന പെണ്‍കുട്ടികളില്‍ പണത്തിനു ബുദ്ധിമുട്ടുള്ളവരെ സേവ്യറും സൈമനും ചേര്‍ന്ന് കാര്യമായി സഹായിക്കാറുണ്ട്. അതൊക്കെ ഉള്ളപ്പോള്‍ ഇനി സ്വന്തമായി കല്യാണം കഴിച്ച് പൊല്ലാപ്പാക്കുന്നതെന്തിന്! ഒന്നനുഭവിച്ചതാ, അതൊക്കെ ഓര്‍ത്താല്‍ ഇപ്പോഴും ചോര തിളയ്ക്കും.

പറ്റുന്ന രീതിയിലൊക്കെ മേരിയോടു സൈമന്‍ വാദിച്ചുനോക്കി. എല്ലാ വാദമുഖങ്ങളും നിരത്താനും കഴിയില്ലല്ലോ. പക്ഷേ, അവള്‍ വിട്ടില്ല. സമ്മതിക്കേണ്ടി വന്നു. അങ്ങനെ പെണ്ണാലോചനയ്ക്കുള്ള ലൈസന്‍സ് മേരിക്കു പതിച്ചു കൊടുത്തു. അധികം തേടേണ്ടി വന്നില്ല. സാംസ്കാരിക വിപ്ലവ പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും മകള്‍ക്കു വേണ്ടി കല്യാണമാലോചിക്കുന്നതു മേരി അറിഞ്ഞു.

പണ്ടിവിടെ നഴ്സായി വന്നതാണ് എലിസബത്ത്. കൂടെ ജോലി ചെയ്ത സായിപ്പിനെ കെട്ടി. ഒരേയൊരു മകള്‍- ലിന്‍ഡ, പാതി മലയാളിയെങ്കിലും കെട്ടിലും മട്ടിലും തനി മദാമ്മ. സൈമനെപ്പോലെയല്ല അവള്‍. ആദ്യത്തെ കല്യാണം തന്നെയാണ്. പക്ഷേ, ഒരു സാമ്യം- പതിമൂന്നു വയസായ ഒരു മോളുണ്ട്, അവളുടെ പേര് ഏഞ്ചല്‍.

മേരി ഷവറിനു കീഴില്‍ ചൂടുവെള്ളത്തിന്‍റെ സുഖമറിഞ്ഞു കണ്ണടച്ചു നില്‍ക്കുമ്പോഴാണ് ഡോര്‍ ബെല്ലിന്‍റെ ശബ്ദം. ഈ നേരത്ത്, ഇതു സൈമനാകാനേ വഴിയുള്ളൂ. അവള്‍ ടൗവ്വലെടുത്തു ദേഹം തുടച്ച്, ഗൗണ്‍ എടുത്ത് വേഗം ഉടുത്ത് പുറത്തേക്കിറങ്ങി. ഡോര്‍ ലെന്‍സിലൂടെ നോക്കുമ്പോള്‍ സൈമന്‍ തന്നെ. കതകു തുറന്നു, സൈമന്‍ അകത്തു കയറി, പിന്നില്‍ കതകടഞ്ഞു.

മേരിയുടെ മുടിച്ചുരുളുകളില്‍നിന്നു വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്നതു സൈമന്‍ ശ്രദ്ധിച്ചു. ക്ഷേമാന്വേഷണങ്ങള്‍ പങ്കുവയ്ക്കുമ്പോഴും അവന്‍റെ കണ്ണുകള്‍ അവളുടെ ഈറന്‍ മാറാത്ത ശരീരത്തിലും ഒറ്റവസ്ത്രത്തിലും ഉഴറി നടന്നു. സൈമന്‍റെ കരങ്ങള്‍ അവളെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. ഇരുവരും സോഫയിലേക്കിരുന്നു. മേരി സൈമന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്തു. അവനവളെ പുല്‍കി. അവളുടെ മനസില്‍ അശുഭവിചാരങ്ങള്‍ കുടിയേറി. ഇതു പാടില്ലായിരുന്നു, സദാചാര ബോധം കൊണ്ടല്ല, ഇയാളൊരു ഒഴിയാ ബാധയായിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെയും ഒഴിവാക്കിയേ തീരൂ. ആ കല്യാണാലോചന എങ്ങനെയും മുന്നോട്ടു കൊണ്ടുപോകണം.

മകളെ മലയാളിക്കു തന്നെ കെട്ടിച്ചു കൊടുക്കണമെന്ന് എലിസബത്തിനു നിര്‍ബന്ധമുണ്ടെന്നറിയാം. അതാണു സൈമനെ ലിന്‍ഡയുടെ കഴുത്തില്‍ കുടുക്കാനുള്ള ഏറ്റവും വലിയ പ്രതീക്ഷ. കല്യാണം കഴിക്കാതെ ഒരു കൊച്ചുള്ള ലിന്‍ഡയെ ഈ സൈമനല്ലാതെ വേറെ ഏതെങ്കിലും മലയാളി ഏറ്റെടുക്കുമെന്നു കരുതാന്‍ കഴിയില്ല.

അവള്‍ മെല്ലെ സൈമന്‍റെ പിടി വിടുവിച്ച് എഴുന്നേറ്റു.

“ഞാന്‍ തല തുവര്‍ത്തിയിട്ടു വരാം, സൈമന്‍ ഇരിക്ക്.”

“അല്ല, മേരി ഒരു പെണ്ണിന്‍റെ കാര്യം പറഞ്ഞത് എന്തായി.”

ഓ അപ്പോ, പാതി മനസോടെയെന്നു താന്‍ കരുതിയ വിവാഹ സമ്മതം ഇതാ പൂര്‍ണ മനസായിരിക്കുന്നു. മേരിയുടെ മുഖത്ത് ആശ്വാസത്തിന്‍റെ ചിരി.

“ആ ഞാനതു പറയാന്‍ വരികയായിരുന്നു. സൈമനെ എലിസബത്തിനും മോള്‍ക്കും ഒന്നും നേരില്‍ കാണണമെന്നു പറഞ്ഞു. രണ്ടു പേരും രണ്ടാം, ഓരോ പിള്ളേരുമുണ്ട്. പിന്നെ തടസത്തിന്‍റെ കാര്യമൊന്നുമില്ലല്ലോ. സൈമന് അവളെ ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. നമുക്കിത് ഉടനേയങ്ങു നടത്തണം. അങ്ങനെ വേണം സൂസനോടു പ്രതികാരം ചെയ്യാന്‍. അല്ലാതെ ആ കൊച്ചിനെ കേസിനു പോയി വാങ്ങിച്ചിട്ടെന്താ, ഒടുവില്‍ സൈമനു തന്നെ ഭാരമാകുമെന്നല്ലാതെ….”

മേരി ഇതെങ്ങനെയും നടത്തിയെടുക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. മറ്റു പലതിനെക്കാളധികം ഒരു കാര്യം മേരി ഭയക്കുന്നു. വര്‍ഷങ്ങളായി ഒരുപാടു സ്ത്രീകളുമായി ബന്ധമുള്ളയാളാണു സൈമന്‍. ഇയാളുടെ കൂടെ കിടന്നാല്‍ എന്തൊക്കെ അസുഖങ്ങളാണു വന്നു കൂടുന്നതെന്നു പറയാന്‍ പറ്റില്ല. എത്രയും വേഗം ഈ ബാധ ഒഴിപ്പിക്കണം. അതിനുള്ള കര്‍മിയാണവള്‍ക്കു ലിന്‍ഡ.

“എങ്കില്‍ നമുക്കു നാളെത്തന്നെ പൊയാലോ? ശനിയാഴ്ചയല്ലേ, അവര്‍ വീട്ടിലുണ്ടാകും. ഞാനും വരാം.”

“അതു പിന്നെ മേരിയല്ലാതെ ആരു വരാനാ, എന്നാപ്പിന്നെ അതു നാളെത്തന്നെയാകട്ടെ, രാവിലെ പോയേക്കാം.”

മേരി ഉടന്‍ തന്നെ ഫോണെടുത്ത് എലിസബത്തിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. നാളത്തെ കാര്യത്തിന് അവര്‍ക്കും സമ്മതം.

ഫോണ്‍ വച്ച മേരി ചിരിയോടെ ചോദിച്ചു:

“പുതിയൊരു പെണ്ണിനെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സൈമന് നമ്മളെയൊന്നും വേണ്ടാരിക്കും, അല്ലേ? എന്നാലും സാരമില്ല, നല്ലൊരു കുടുംബമുണ്ടായി കണ്ടാ മതി.”

“കൊള്ളാം, സൈമന്‍ മേരിയെ മറക്കാനോ! എന്‍റെ ജീവിതത്തില്‍ നടക്കുന്ന കാര്യമല്ല അത്. മേരി കാരണമാ ഞാന്‍ ഇന്നിങ്ങനെ നിവര്‍ന്നു നില്‍ക്കുന്നത്.”

ഓ അപ്പോ, ഇയാളെന്നെ വിടാന്‍ ഭാവമില്ല, മേരിക്കു ചെറിയ നിരാശ, എങ്കിലും കൂടുതല്‍ ഉല്ലാസവതിയായതു പോലെ അയാളോടു പറഞ്ഞു:

“ആ ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു. എനിക്കു സൈമന്‍റെ ഒരു സഹായം ആവശ്യമുണ്ട്.”

“എന്താ, പറയൂ….”

“ഞാനിപ്പോള്‍ അറിയപ്പെടുന്ന സാഹിത്യകാരിയാണെന്നു പ്രത്യേകം പറയേണ്ടല്ലോ….”

“അതു പിന്നെ എനിക്കറിയില്ലേ. വെറുതേ എന്തിനാ തലയിലൊന്നുമില്ലാതെ ഇതിനൊക്കെ എറങ്ങിത്തിരിക്കുന്നതെന്നാ എനിക്കിപ്പോഴും മനസിലാകാത്തത്.”

“സൈമന്‍ അങ്ങനെ പറയാതെ, ഇറങ്ങിത്തിരിച്ചുപോയില്ലേ, ഇനിയിപ്പോ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ എഴുതിക്കൊണ്ടിരുന്നില്ലെങ്കില്‍ ഉറവ വറ്റിയെന്നു നിരൂപകര്‍ പറയും. എന്‍റെ ഒരു ബന്ധു നാട്ടില്‍ പുസ്തക പ്രസാധനം നടത്തുന്നത് അറിയാമല്ലോ. അവന്‍ പുതിയൊരു പുസ്തകം ശരിയാക്കുന്നുണ്ട്. കൗണ്‍സിലര്‍ ആകുന്നതിന്‍റെ കൂടെ ഈ പുസ്തകം കൂടി ഇറക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു ക്രെഡിറ്റായിരിക്കും. സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ തിരക്കുകള്‍ക്കിടയും സാഹിത്യത്തിന്‍റെ വഴി മറക്കാതിരിക്കുന്ന എഴുത്തുകാരിയെന്നൊക്കെ മീഡിയയില്‍ വരുത്താം.”

“ഉം ശരി ശരി, കൊള്ളാം, അതിനു ഞാനിപ്പോ എന്താ ചെയ്യേണ്ടത്. അതു പറ.”

മേരി ഒരു കൃത്രിമച്ചിരിയോടെ സൈമനെ നോക്കി.

“പുസ്തകമിറക്കാന്‍ മുപ്പതിനായിരത്തോളം രൂപ ചെലവുണ്ട്. സേവ്യറോടു ചോദിച്ചാല്‍ തരും. പക്ഷേ, ഒരു മടി, അതാ സൈമനോട്….”

സൈമന്‍ എഴുന്നേറ്റ് അവളുടെ ചുമലില്‍ കൈവച്ചു. അവള്‍ കോരിത്തരിച്ചതു പോലെ അയാളെ മുഖമുയര്‍ത്തി നോക്കി. ആണിനെ ലഹരി പിടിപ്പിക്കുന്ന നോട്ടം. അവളെ നിരുത്സാഹപ്പെടുത്താന്‍ അയാളുടെ മനസ് അനുവദിച്ചില്ല.

“പണത്തിന്‍റെ കാര്യത്തിലൊന്നും മേരി വിഷമിക്കണ്ട. സേവ്യര്‍ അറിയുക പോലും വേണ്ട. മുപ്പതിനായരത്തിന്‍റെ കാര്യമല്ലേയുള്ളൂ. അതു ഞാന്‍ തരും. മേരി സാഹിത്യകാരിയായി അറിയപ്പെടുന്നത് എനിക്കും സന്തോഷമുള്ള കാര്യമല്ലേ.”

“താങ്ക്യൂ വെരി മച്ച് സൈമണ്‍, യൂ ആര്‍ സോ സ്വീറ്റ്….”

അവളയാളുടെ ചുണ്ടില്‍ ഒരു മുത്തം നല്‍കി നന്ദി അറിയിച്ചു. അടുത്ത നിമിഷം അവള്‍ അയാളുടെ കരവലയത്തില്‍ ഞെരിഞ്ഞമര്‍ന്നു. വികാരം വിടര്‍ന്നു പന്തലിച്ചു. ബെഡ്റൂം വരെ പോകാനുള്ള ക്ഷമ പോലുമുണ്ടായിരുന്നില്ല സൈമന്. ഒടുവില്‍ യാത്ര പറഞ്ഞു പിരിയാന്‍ തുടങ്ങുമ്പോള്‍, മേരി ഓര്‍മിപ്പിച്ചു.

“നാളെ രാവിലത്തെ കാര്യം മറക്കണ്ട.”

“ഞാന്‍ റെഡിയായി രാവിലെ തന്നെ വന്നേക്കാം. മേരി മറക്കാതിരുന്നാന്‍ മതി.”

“ഉം ശരി, ബൈ.”

“ബൈ….”

അങ്ങനെ മേരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സൈണ്‍ പെണ്ണുകാണാന്‍ പോയി. കെട്ടാതെ കൊച്ചൊള്ള പെണ്ണെന്നൊക്കെ പറയുമ്പോ…, സൈമന് അത്ര ദഹിച്ചിരുന്നില്ല. പക്ഷേ, ഇവിടെയൊക്കെ ഇതു പതിവാണ്. അവള്‍ക്കിവിടെ പൗരത്വമുണ്ട്, പൂത്ത കാശും. അതൊക്കെയാണ് സൈമന്‍റെ പ്രലോഭനങ്ങള്‍. ഇവിടുത്തുകാരിയെ കെട്ടിയാല്‍ തനിക്കും ഇവിടുത്തെ പൗരനാകാം. അതു കഴിഞ്ഞാല്‍ പിന്നത്തെ കാര്യം പിന്നെയല്ലേ, അപ്പോ നോക്കാം….
പെണ്ണു കാണാന്‍ ചെല്ലുമ്പോല്‍ ഷോര്‍ട്ട് സ്കര്‍ട്ടും സ്ലീവ്ലെസും ധരിച്ച ലിന്‍ഡ. കണ്ടപ്പോഴേ നെഞ്ചിടിപ്പു കൂടി. ഇത്രയും പ്രായമുള്ളൊരു കുട്ടിയുടെ അമ്മയാണെന്നു പറയില്ല. ഇന്ത്യയും ഇംഗ്ലണ്ടും ചേരുമ്പോഴത്തെ ഒരു മാദകത്വം, അതൊന്നും വേറെ തന്നെ. ബ്രിട്ടീഷ് പൗരത്വത്തിന്‍റെ പ്രലോഭനത്തിനൊപ്പം അവളുടെ ശരീരവടിവും കൂടി ഹൃദയത്തില്‍ കൊളുത്തി വലിച്ചപ്പോള്‍ സൈമണ്‍ അതങ്ങു തീരുമാനിച്ചു.

ലിന്‍ഡയും കല്യാണത്തിനു സമ്മതിച്ചു, ഒരു വ്യവസ്ഥ മാത്രം, ഒത്തുപോകാന്‍ പറ്റുന്നില്ലെങ്കില്‍ ആ നിമിഷം പിരിയണം. ആ വ്യവസ്ഥ സൈമണും ഇഷ്ടമായി. പഴയ അനുഭവം ആവര്‍ത്തിക്കാതിരിക്കാമല്ലോ.

സ്കൂളില്‍ പഠിക്കുമ്പോള്‍ ബോയ് ഫ്രണ്ടുമൊത്ത് ഒരു ഡേറ്റിങ്ങിനിടെ പറ്റിയ അബദ്ധമാണ് അവളുടെ കുട്ടി.

ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ അവളുടെയും കാമുകന്‍റെയും വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷേ, സമയം കഴിഞ്ഞു പോയിരുന്നു. ജാക്ക് ടെയ്ലര്‍ സായിപ്പ് അവളോടൊപ്പം പിന്നെ കുറച്ചു നാള്‍ താമസിക്കുകയും ചെയ്തു. പക്ഷേ, പിണങ്ങിപ്പിരിയാന്‍ ഏറെ നാളൊന്നും വേണ്ടിവന്നില്ല.

ഇപ്പോള്‍ ജാക്ക് എവിടെയെന്നു ലിന്‍ഡയ്ക്കോ ഏഞ്ജലിനോ യാതൊരു രൂപവുമില്ല. ഹോം ഓഫീസില്‍ ജോലിയുള്ളതിനാല്‍ ലിന്‍ഡയ്ക്കു ഭര്‍ത്താവിന്‍റെ സംരക്ഷണം ഇതുവരെ ആവശ്യമായി തോന്നിയിട്ടുമില്ല. ഇതിപ്പോള്‍ അമ്മയുടെ നിര്‍ബന്ധം കാരണമാണ് ഒരു മലയാളിയെ തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചത്.

നാലു ദിവസം കഴിഞ്ഞപ്പോള്‍ അനാര്‍ഭാടമായ കല്യാണം. പള്ളിയിലൊരു മിന്നുകെട്ട്, പിന്നെ ചില നിയമപരമായ നടപടിക്രമങ്ങളും, കഴിഞ്ഞു, ലിന്‍ഡയും സൈമനും ഭാര്യാ ഭര്‍ത്താക്കന്മാരായി.

ലിന്‍ഡയ്ക്കൊപ്പം ഏഞ്ചലും സൈമന്‍റെ വീട്ടിലേക്കു താമസം മാറ്റി. മകന്‍റെ പുനര്‍വിവാഹത്തില്‍ കുഞ്ഞപ്പി സന്തോഷിച്ചു, സൂസനെയും വീട്ടുകാരെയും തോല്‍പ്പിക്കാനായല്ലോ. പക്ഷേ, അമ്മിണിക്ക് അത്ര ആശ്വാസം തോന്നിയില്ല. കാരണം, സൂസനെയും ചാര്‍ലിമോനെയും അവര്‍ മറ്റെന്നത്തെക്കാളുമധികം ഇപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. സൂസനെ ഒഴിവാക്കിയ തന്‍റെ മകനുണ്ടായ ഒരിക്കലും തീരാത്ത നഷ്ടം അവരെ വേദനിപ്പിച്ചു.

ലിന്‍ഡയെയും മകളെയും സന്തോഷിപ്പിക്കാന്‍ ആവുന്നതൊക്കെ സൈമണ്‍ ചെയ്തു. രണ്ടു പേര്‍ക്കും ആഭരണത്തിലൊന്നും കമ്പമില്ല. ട്രെന്‍ഡി വസ്ത്രങ്ങളോടാണു താത്പര്യം. ആവശ്യപ്പെട്ടതും ആവശ്യപ്പെടാത്തതുമെല്ലാം സൈമണ്‍ വാങ്ങിക്കൊടുത്തു. ഏഞ്ചലിനു പുതിയ ഡാഡിയെ ഇഷ്ടമായി. പക്ഷേ, ഡാഡിയെന്നു വിളിക്കാനുള്ള ലിന്‍ഡയുടെ നിര്‍ദേശം അവള്‍ അനുസരിച്ചില്ല. സ്വന്തം അച്ഛനെക്കുറിച്ച് നേരിയ ഓര്‍മയേയുള്ളൂ എങ്കിലും അയാളുടെ സ്ഥാനത്തു മറ്റൊരാലെ പ്രതിഷ്ഠിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എത്ര നിര്‍ബന്ധിച്ചിട്ടും സൈമനെ അവള്‍ അങ്കിള്‍ എന്നു മാത്രം വിളിച്ചു.

ലിന്‍ഡയ്ക്കൊപ്പം പബ്ബുകളിലും നൈറ്റ് ക്ലബ്ബുകളിലും ഇടയ്ക്കു സൈമനും പോകാറുണ്ട്. അവള്‍ക്കൊപ്പം പാടാനും ആടാനും അയാള്‍ പഠിച്ചു. മെല്ലെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാളെ ലിന്‍ഡ മാറ്റിയെടുത്തു.

കിടക്കറയില്‍ സ്ഥിരം പങ്കാളിയെ കിട്ടിയതോടെ സൈമണ്‍ സ്ഥിരമായി മേരിയെ ശല്യപ്പെടുത്തുന്നതു നിര്‍ത്തി. ഇടയ്ക്കിടെ ചില സമാഗമങ്ങള്‍ മാത്രം.

ശല്യമൊഴിഞ്ഞതില്‍ മേരിയും ഇടയ്ക്കിടെ ആശ്വസിച്ചു. ഇതിനിടെ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു. പ്രതീക്ഷിച്ചതു പോലെ മേരി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനില്‍ കൗണ്‍സിലറായ മലയാളി വനിത നാട്ടിലെ മലയാളം ചാനലുകളില്‍ നിറഞ്ഞു നിന്നു.

ഇതിലൊക്കെ ഇത്ര ആര്‍ത്തുമദിക്കാന്‍ എന്തിരിക്കുന്നു എന്നു ചിന്തിക്കുന്ന പ്രവാസി മലയാളികളായിരുന്നു ഏറെയും. നാട്ടില്‍ ആഘോഷിക്കുന്നതു പോലെ വലിയ വിലയൊന്നും ഈ നാട്ടില്‍ കൗണ്‍സിലര്‍ സ്ഥാനത്തിനില്ല. മേരിയുടെ കൈയിലാണു പദവിയെങ്കില്‍ കുരങ്ങിന്‍റെ കൈയില്‍ പൂമാല കിട്ടിയ സ്ഥിതിയുമാകും.

എങ്കിലും അധികാരത്തിന്‍റെ ആകര്‍ഷണത്തില്‍ മേരിക്കു ചുറ്റും കൂടാനും ആളുണ്ടായി. ആള്‍ക്കൂട്ടത്തിനിടയില്‍ സൈമന്‍ സ്വാഭാവികമായും പിന്തള്ളപ്പെട്ടു. ലിന്‍ഡയുടെയും ഏഞ്ചലിന്‍റെയും വരവോടെ അയാള്‍ക്കു മേരിക്കായി നീക്കിവയ്ക്കാന്‍ ഏറെ സമയവും ഉണ്ടായിരുന്നില്ല.

പള്ളിയിലും പൊതുസ്ഥലങ്ങളിലും സര്‍വാഡംബരങ്ങളോടെ എഴുന്നള്ളുന്ന മേരിയെ ചിലര്‍ രഹസ്യമായി പരിഹസിച്ചു, ചിലര്‍ വെറുതേ ചിരിച്ചു, ചിലര്‍ കാര്യമായിത്തന്നെ പ്രോത്സാഹിപ്പിച്ചു. എല്ലാം മേരി ഒരുപോലെ തന്നെ നേരിട്ടു. പക്ഷേ, സുഹൃദ് സദസുകളില്‍ അസൂയക്കാരോടുള്ള അമര്‍ഷം പതഞ്ഞു പൊങ്ങി.

“മലയാളി എവിടെ പോയാലും ഈ കുശുമ്പും അസൂയയും വിട്ടൊഴിയില്ല. ഒരാള്‍ നന്നാകുന്നതു പോട്ടെ, നല്ല തുണിയുടുത്തു നടക്കുന്നതു പോലും ചിലര്‍ക്ക് കണ്ണുകടിയാണ്. അതാ ഇങ്ങനെയൊക്കെ.”

മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അവള്‍ നെറ്റിപ്പട്ടം കെട്ടിയ ആനയെ ഓര്‍മിപ്പിച്ചു. സ്ത്രീകളില്‍ ചിലര്‍ക്ക് അവളെ കണ്ടപ്പോള്‍ നാണം തോന്നി.

“ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങള്‍….”

കുശുമ്പു പറച്ചില്‍ മേരി അപ്പോള്‍ കണ്ടില്ലെന്നു നടിക്കും. പ്രതികരിച്ചാല്‍ തറയാകും, ഇമേജിനു ദോഷമാണ്. ഒരു മേയറോ എംപിയോ ആകാതെ ആഗ്രഹസാഫല്യമില്ല. അതിനുള്ള ചരടുവലികള്‍ മുറുക്കുന്നുമുണ്ടവര്‍. തലതൊട്ടപ്പന്‍മാരുണ്ടെങ്കില്‍ എല്ലാം സാധിക്കും. അതിനു ജനപിന്തുണയൊന്നും ആവശ്യമില്ല. കാരണം ഒരു ജനപ്രതിനിധിയുടെ സഹായമോ സഹകരണമോ ഒന്നും ഈ നാട്ടുകാര്‍ക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥ മേധാവിത്വമില്ല. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് ഏത് ഓഫീസില്‍നിന്നും അവര്‍ക്കു നേരിട്ടു സാധിച്ചെടുക്കാം.

മേരി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി. ലിന്‍ഡയെന്ന ഒറ്റ മേച്ചില്‍പ്പുറത്തിലേക്കൊതുങ്ങാതിരിക്കാന്‍ സൈമന്‍ പാടുപെട്ടുകൊണ്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top