പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കുക: എസ്.ഐ.ഒ.

അപേക്ഷകരില്ലാത്ത മുന്നാക്ക സംവരണ സീറ്റുകൾ ഉടൻ ജനറൽ സീറ്റിൽ ലയിപ്പിച്ച് മെറിറ്റിൽ അർഹതയുള്ള വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ തന്നെ സീറ്റ് ലഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

മലപ്പുറം: നിലവിൽ പ്രസിദ്ധീകരിക്കപ്പെട്ട അലോട്ട്‌മെന്റ്‌ ലിസ്റ്റിൽ 16711 സീറ്റുകളാണ്‌ മുന്നാക്ക സംവരണത്തിനായി സംസ്ഥാനത്ത്‌ മാറ്റിവെച്ചതെങ്കിൽ വളരെ കുറഞ്ഞ സീറ്റുകളിൽ മാത്രമാണ്‌ മുന്നാക്കക്കാർ അപേക്ഷിച്ചിരിക്കുന്നത്‌. 8967 സീറ്റുകൾ ബാക്കിയായി കിടക്കുകയാണെന്നിരിക്കെ അർഹരായ വിദ്യാർഥികൾക്ക് അവസരം നിഷേധിക്കപ്പെടലാണ്‌ മുന്നാക്ക സംവരണം വഴി ഉണ്ടാകുന്നത്‌.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം മുന്നാക്ക സംവരണ സീറ്റുള്ളത്, ഇതിൽ കുറഞ്ഞ സീറ്റുകളിലേക്കാണ് അപേക്ഷ വന്നിട്ടുള്ളത്. മാത്രമല്ല നിരവധി മുന്നാക്ക സംവരണ സീറ്റുകൾ മലപ്പുറത്ത് ബാക്കിയാണ്. ഈ സീറ്റുകൾ ഉടൻ ജനറൽ സീറ്റിൽ ലയിപ്പിച്ച് മെറിറ്റിൽ അർഹതയുള്ള വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ തന്നെ ലഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും സംവരണത്തിൻ്റെ തന്നെ മാനദണ്ഡം അട്ടിമറിക്കുന്ന മുന്നാക്ക സംവരണം റദ്ദാക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും എസ്‌.ഐ.ഒ. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്‌ ആവിശ്യപ്പെട്ടു.

മലപ്പുറം മലബാർ ഹൗസിൽ ചേർന്ന യോഗത്തിൽ എസ്‌.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സൽമാനുൽ ഫാരിസ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫവാസ്‌ അമ്പാളി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ബാസിത്‌ താനൂർ, ജോയിന്റ്‌ സെക്രട്ടറിമാരായ വാഹിദ്‌ ചുള്ളിപ്പാറ, വലീദ്‌ പൊന്നാനി, റഷാദ്‌ വി.പി തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Related News

Leave a Comment