ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 11) – കരിവള പൊട്ടുകള്‍

പതിവിലും വിപരീതമായി ദേവൻ അന്ന് വീട്ടിൽ തിരിച്ചെത്തിയത് അല്പം വൈകിയാണ്. പള്ളിത്താഴം കവലയിൽ ബസ്സിറങ്ങി, ഗോപിയുടെ കടയിൽ നിന്നും കുറച്ചു പച്ചക്കറികൾ വാങ്ങി, കൂടെ ബെറ്റി ബേക്കറിയിൽ കയറി 50 പേർക്കുള്ള ടീ പാർട്ടിയുടെ വിഭവങ്ങളുടെ ലിസ്റ്റും, സാമ്പിളും,വിലയും തയ്യാറാക്കി. കവലയിൽ നിന്നും ഇറക്കം ഇറങ്ങി താഴോട്ട് നടക്കുമ്പോൾ കളിക്കൂട്ടുകാരൻ അന്തപ്പന്റെ അമ്മച്ചി ആട്ടിൻ കുട്ടിയ്ക്ക് പ്ലാവില ചെറുതായി കീറി ചെറിയ വല്ലത്തിൽ വച്ച് കൊടുക്കുന്നു. മൂന്നോ നാലോ ചുണക്കുട്ടികൾ ആയ ആട്ടിൻകുട്ടികൾ ഓടിയും ചാടിയും അമ്മച്ചിയെ ചുറ്റി പറ്റി നില്‍ക്കുന്നു. മുറ്റത്തു ഈർക്കിൽ ചൂൽ ഉണ്ടാക്കിയതിന്റെ ബാക്കി പച്ച ഓല കഷ്ണങ്ങൾ.

“അമ്മച്ചിയെ .. എന്തോ എടുക്കുവാ!! ”

“അല്ല ഇതാരാ മോനെന്താ ഇന്ന് വൈകിപ്പോയോ?”

“ലേശം. അന്തപ്പൻ എന്നാ അമ്മച്ചീ വരുന്നേ. അവനെ കണ്ടിട്ട് കുറെ ആയി.”

“അവൻ ഇപ്പൊ ജോസിന്റെ കൂടെ അല്ലെ. അവൻ എന്തെങ്കിലും പണി ചെയ്തു പഠിയ്ക്കട്ടെ. ഇവിടെ ഇങ്ങനെ തേരാ പാരാ നടന്നിട്ടു എന്തിനാ? അപ്പച്ചനും വയ്യാതെ ആയില്ലേ.”

ദേവൻ അമ്മച്ചിയെ ഒന്ന് നോക്കി.

“മോനെ, അമ്മ പെൻഷൻ ആകാൻ പോകാണല്ലേ? അപ്പോ ജയന് (ദേവന്) ഇനി വീട്ടുപണി ഒക്കെ കുറയും അല്ലെ ?”

“അമ്മ ഈ മാസം അവസാനം പെൻഷൻ ആകും.”

അന്തപ്പന്റെ വീടിന്റെ ഇറച്ചാട്ടത്തിൽ മഴയും വെയിലും കൊള്ളാതെ വച്ചിരുന്ന സൈക്കിൾ സ്റ്റാഡിൽ നിന്നും എടുത്തു ജയദേവൻ പോകാനൊരുങ്ങി.

“മോനെ അമ്മച്ചി ഒരു കാര്യം പറഞ്ഞാ മോൻ കേൾക്കോ ?”

“ങ്ങാ , പറ അമ്മച്ചീ”

“മോനെ, മോന്റെ അളിയനോട് പറയണം അന്തപ്പന് ഒരു പണി ശരിയാക്കി കൊടുക്കാൻ. തൂപ്പു പണി ആയാലും മതി. അളിയൻ തൊഴിലാളിയൂണിയൻ നേതാവല്ലേ ? മോനൊന്നു പറയണേ മോനെ”

“ദേവൻ നിസ്സഹായതയോടെ അമ്മച്ചിയെ നോക്കി. പ്ലാവില പശപറ്റിയ വെളുത്ത ചട്ടയും, ഞൊറിഞ്ഞുടുത്ത നീല കൈലിയും ഉടുത്ത ഒരു സാധു സ്ത്രീ. കഴുത്തിൽ ഒരു കറുത്ത ചരടിൽ വെന്തിങ്ങ. നരവീണ മുടി എണ്ണ മയം കണ്ടിട്ട് ദിവസങ്ങൾ ആയി”

അകത്തെ ചായ്‌പിൽ പൊറിഞ്ചുവേട്ടൻ നിറുത്താതെ ചുമയ്ക്കുന്നു.

“ഞാൻ പറയാം അമ്മച്ചീ”

“മോനെ. സെന്റ് ഫ്രാൻസിസ് പുണ്യാളൻ കാക്കും.”

അവരുടെ കണ്ണുകൾ തുളുമ്പി. കണ്ഠം ഇടറി.

സൈക്കിൾ പെടലിൽ കാലമർത്തി ചവിട്ടി തുടങ്ങിയപ്പോൾ ദേവന് തോന്നി. എന്തിനാണ് അവരോടു കള്ളം പറഞ്ഞത്. താൻ പറഞ്ഞാൽ അളിയൻ കേൾക്കുമോ?ഓപ്പോൾ കേൾക്കുമോ? തറവാട്ടിലേക്ക് ഭാരമേറിയ രാസവളച്ചാക്കുകൾ, പശു തീറ്റ എല്ലാം തലച്ചുമടായും ഭാരവണ്ടിയിൽ വലിച്ചും കൊണ്ടുവരാറുള്ള പൊറിഞ്ചു ചേട്ടൻ. ആറു ആണ്മക്കളിൽ അഞ്ചാമൻ ആണ് അന്തപ്പൻ. പഠിക്കാന്‍ അവനെ അവന്റെ കുടുംബാന്തരീക്ഷം അനുവദിച്ചിരുന്നില്ല. പത്താം തരം എങ്ങിനെയോ ഉന്തി തള്ളി എടുത്തു. മൂത്ത സഹോദരങ്ങൾ നാല് പേരും വർഷോപ്പ് പണിക്കാർ ആയി അവരവരുടെ കാര്യം നോക്കി. ചെറിയ വിഹിതം അമ്മച്ചിയ്ക്കും,അപ്പച്ചനും നൽകുന്നു. ഏറ്റവും ഇളയവനിൽ ആണ് അവർക്കു ഏക പ്രതീക്ഷ. അവൻ മാത്രം ആണ് പ്രി ഡിഗ്രി വരെ എത്തി നില്‍ക്കുന്നത്. ഹോസ്റ്റലിൽ നിന്നും അവധിയ്ക്ക് വീട്ടിൽ വരുന്ന ദേവന്റെ പെങ്ങന്മാരെ സന്ധ്യമയങ്ങി എന്ന് കണ്ടാൽ ഈ അപ്പച്ചൻ ആണ് വീട് വരെ കൊണ്ട് വിടുക. ചിലപ്പോൾ അമ്മച്ചിയും കൂടെ വരും.

കപ്പേള പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ ദേവൻ പെട്ടെന്ന് സൈക്കിൾ നിറുത്തി. എതിരെ ഉള്ള വേലു വൈദ്യരുടെ വീട്ടിൽ വൈദ്യരുടെ കൊച്ചു മകൾ സിന്ധു എന്തോ പച്ച മരുന്നുകൾ പറിയ്ക്കുന്നു. അവളുടെ അച്ഛൻ മാധവൻ ഏത്തക്കുലകക്കു വാഴകൈ വളച്ചു തൂപ്പു കെട്ടുന്നു. കപ്പേളയ്ക്കു മുന്നിൽ സൈക്കിൾ നിറുത്തി ദേവൻ ഹാന്‍ഡിലില്‍ തൂക്കിയ സഞ്ചിയിൽ പരതി. ബ്രൗൺ നിറത്തിലുള്ള കടലാസ്സു കവറുകളിൽ നാല് തരത്തിലുള്ള സാമ്പിൾ പാർട്ടി വിഭവങ്ങൾ.

“എന്താ എന്ത് പറ്റി, പാമ്പിനെ വല്ലതും കണ്ടു പേടിച്ചോ?” മാധവൻ വിളിച്ചു ചോദിച്ചു.

“ഒന്നുമില്ല. കടയിൽ എന്തോ വച്ച് മറന്നു.”

ഈ തൊണ്ടിൽ പാമ്പുകളുടെ ശല്യം ഉണ്ട്. ഇവിടെ വച്ചാണ് അച്ഛനെ വിഷം തീണ്ടിയത്. ദേവൻ സൈക്കിൾ തിരിച്ചു വിട്ടു.

“അമ്മച്ചീ, അമ്മച്ചീ”

പുറത്തെ വിളി കേട്ട് ത്രസ്യാ ചേടത്തി ഇറങ്ങി വന്നു.

“എന്നാ മോനെ എന്നാ പറ്റിയെ ?”

“ഒന്നുമില്ല. അപ്പച്ചനെന്തിയെ ?”

“ചായ്‌പിൽ ഉണ്ടല്ലോ”

ദേവൻ സൈക്കിൾ സ്റ്റാൻഡിൽ വച്ച് അകത്തോട്ടു കയറി. കട്ടിലിൽ അവശനായി കിടക്കുന്ന പ്രാഞ്ചി ചേട്ടൻ. ജനൽ പടിയിൽ ബീഡി കുത്തിക്കെടുത്തിയ അടയാളങ്ങൾ. ആറടി പൊക്കത്തിൽ തടിച്ചു കൊഴുത്ത പ്രാഞ്ചിച്ചേട്ടൻ ഇന്ന് കൈകാലുകൾ ശോഷിച്ച ഒരു മനുഷ്യരൂപം ആയി കട്ടിലിൽ എഴുന്നേറ്റിരുന്നു. ശ്വാസം മുട്ടും ചുമയും അദ്ദേഹത്തെ വല്ലാതെ വിമ്മിഷ്ടപ്പെടുത്തുന്നു.

“ജയനിന്നു കോളേജില്ലായിരുന്നോ?”

“ഉണ്ടായിരുന്നു”

കൈയ്യിൽ ഇരുന്ന ഒരു പലഹാരപ്പൊതി അപ്പച്ചന് സമ്മാനിച്ച് ദേവൻ കുറച്ചു നേരം കൂടി അവിടെ നിന്നു.

“അപ്പച്ചന് മധുരം കഴിച്ചുകൂടാ”

അമ്മച്ചി കവർ പതിയെ അപ്പച്ചനിൽ നിന്നും വാങ്ങി.

“നീ അതൊന്നു തുറന്നെ, നോക്കട്ടെ കൊച്ചുമോന്റെ സമ്മാനം എന്താണ് എന്ന്”

“പൊതിയിൽ അലുവയും, ലഡ്ഡുവും രണ്ടു ബിസ്ക്കറ്റും, കുറച്ചു മിക്സ്ചറും.”

ലഡ്ഡുവിന്റെ ഒരു ചെറിയ ഭാഗം പൊട്ടിച്ചു കഴിച്ചു അപ്പച്ചൻ ജയന്റെ കൈത്തണ്ടയിൽ പിടിച്ചു.

“മോൻ നന്നായി വരും. ഒത്തിരി കഷ്ടപ്പെട്ടല്ലേ? ഇപ്പൊ പിള്ളേച്ചൻ എല്ലാം വീണ്ടും ഏറ്റെടുത്തു ചെയ്യാനായത് തന്നെ മക്കടെ ഭാഗ്യം.”

“ജയാ മോൻ ഇനി വൈകേണ്ട. നേരം സന്ധ്യയാകുന്നു. അച്ഛൻ വഴക്കു പറയും.”

“ഇല്ല അമ്മച്ചി അത് കുഴപ്പം ഇല്ല.”

“മോൻ പൊയ്ക്കോ. അന്തപ്പൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്”

ദേവൻ ഒന്നും പറയാതെ ഇറങ്ങി നടന്നു. കപ്പേള വരെ സൈക്കിൾ തള്ളി നടന്നെത്തിയ ദേവനെ വരവേറ്റത് മെഴുകുതിരി വെട്ടത്തിൽ നിശബ്ദമായി, സൗമ്യമായി നിൽക്കുന്ന മാതാവിന്റെ രൂപം ആണ്.

കപ്പേളയുടെ പടിക്കെട്ടുകൾ കയറി ദേവൻ അകത്തേക്കു കയറി. പ്രഭയിൽ കുളിച്ചു നിൽക്കുന്ന ചെറിയ അൾത്താര. മാതാവിന്റെ രൂപത്തിനു മുകളിലായി ക്രൂശിതൻ ആയ കർത്താവ്.

പോക്കറ്റിൽ നിന്നും ചില നാണയത്തുട്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു ദേവൻ ഒരു തിരിയിൽ നിന്നും അണഞ്ഞു കിടന്ന ഒരു തിരി കത്തിച്ചു.

എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് ദേവനറിയില്ല. ഇത്രയും നാൾ പ്രാർഥിച്ചത് പോലെ

“എന്റെ കുടുംബത്തെ കാത്തോളണേ ഭഗവതീ എന്നോ? അച്ഛന്റെ അസുഖങ്ങൾ മാറ്റേണമേ എന്നോ? ആർക്കും അസുഖങ്ങൾ വരുത്തരുതേ എന്നോ?!”

ദേവൻ ആലോചിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി താനിതുവരെ തനിക്കുവെണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പഠിച്ചിട്ടുണ്ടോ?

ഇന്ന് മുതൽ എല്ലാം നിറുത്തി പഠിക്കണം. മനസ്സിൽ എല്ലാം ഉറപ്പിച്ചു ദേവൻ പടിക്കെട്ടുകൾ ഇറങ്ങി സൈക്കിൾ എടുത്തു വയലുകളിലേക്ക് നീണ്ടു കിടക്കുന്ന വഴിയേ ചവിട്ടി പോയി. ചുടു നീരുറവകൾ കിനിയുന്ന കരിങ്കൽ ചീളുകൾ ഇളകി തെറിച്ച മൺവഴിയിൽ വേഗത പോരാ എന്ന് ദേവന് തോന്നി.

സിറ്റ്ഔട്ടിന് സമീപം സൈക്കിൾ ചാരി വച്ച് ദേവൻ ചെരുപ്പ് പോലും അഴിക്കാതെ അകത്തേക്കു കയറി. കൈയ്യിൽ ഇരുന്ന സഞ്ചി തീന്മേശയിൽ വച്ച് ദേവൻ സ്വന്തം മുറിയിൽ കയറി കതകടച്ചു.

“നിന്നോടാ ചോദിയ്ക്കണത്. നീ എന്താ വൈകിയത്? എവിടെ തിണ്ണ നിരങ്ങാൻ പോയതാണെന്ന്? രാവും പകലും അവിടെയും, ഇവിടെയും നിരങ്ങിയിട്ടു കയറി വരാൻ ഇത് സത്രം അല്ല.”

അച്ഛന്റെ ആക്രോശം ദേവനെ വല്ലാതെ കുപിതനാക്കി കൊണ്ടിരുന്നു.

അകത്തെ മുറിയിൽ വത്സയും ഭർത്താവും ഇതെല്ലാം കേട്ടിട്ടും നിശ്ശബ്ദരായി ഇരുന്നു. ആരോ വാതിലിൽ മുട്ടുന്നു. കട്ടിലിൽ തലയ്ക്കു കൈ കൊടുത്തിരുന്ന ദേവൻ ഞെട്ടി ഉണർന്നു.

“എടാ ദേവാ നിന്നോട് അച്ഛൻ ചോദിച്ചത് കേട്ടില്ലേ? നീ എവിടായിരുന്നൂന്ന് ? നിനക്കെന്താ നാവു ഇറങ്ങി പോയോ?
പഠിക്കാന്‍ വിട്ടാൽ പഠിക്കാതെ കണ്ട പാടവും പറമ്പും തെണ്ടി നടക്കും. കോളേജിൽ പോയാൽ ഷാപ്പിലാ കിടപ്പു. ഇറങ്ങിക്കോണം ഇവിടുന്നു. കുരുത്തം കെട്ടവൻ”

അമ്മയുടെ ശബ്ദം ഉച്ചത്തിലായ്.

കുറെ നാളുകളായി എന്നും ഇത് തന്നെയാണ് കേൾക്കുന്നത്. മിക്കവാറും ദിവസം പകൽ മുഴുവൻ പാടത്തും പറമ്പിലും കൃഷി ബോർഡിലും കറന്റു ബില്ല്, ചിട്ടി എന്ന് പറഞ്ഞു കറങ്ങിയത് തനിക്കു വേണ്ടി മാത്രം ആണോ? മൂന്നു നാല് വര്‍ഷം നാടുമുഴുവൻ ഉഴവ് യന്ത്രവുമായി പണം പിരിക്കാന്‍ നടന്നത് തനിക്കു വേണ്ടി മാത്രമാണോ? ഈ നേരമത്രയും ബേക്കറിയിൽ അമ്മയുടെ പെന്‍ഷന്‍ പാർട്ടി നടത്തുവാൻ വേണ്ടി ഓർഡർ കൊടുക്കാൻ കാത്തു നിന്നതു തനിക്കു വേണ്ടിയോ?

എല്ലാം ഉപേക്ഷിച്ചു ഇന്ന് മുതൽ പഠിക്കാന്‍ തീരുമാനിച്ചു വീട്ടിൽ എത്തിയ ദേവന് ഏറ്റ ഏറ്റവും വലിയ പ്രഹരം.
ദേവന്റെ അനക്കം കേൾക്കാതെ ആയപ്പോൾ പുറത്തു നിന്ന് വഴക്കില്ല, ബഹളം ഇല്ല. അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്ന ശബദം. അമ്മ തന്നോടുള്ള വാശി തീർക്കുകയാണ്.

ഒരിക്കലും ഒന്നിക്കാത്ത പല കൈവഴികൾ ആയി തിരിച്ചു വിട്ട ഒരു പുഴപോലെ ആണോ തന്റെ ജീവിതം? ദേവന്റെ ചിന്തകൾ വീണ്ടും കാട് കയറി. തല തീഗോളം പോലെ വലുതാകുന്നു. ഇതുപോലെ ശബ്ദം ഉയരുമ്പോൾ ദേവൻ മദ്യത്തിൽ അഭയം തേടിയിരുന്നു. ഇന്ന് താൻ പ്രതിജ്ഞ എടുത്തതാണ്. ഇനി ഇല്ല. ദേവന്റെ തലയ്ക്കു ഭാരം കൂടി വന്നു.
ദേവൻ കതകു തുറന്നു പുറത്തിറങ്ങി. പൂമുഖത്തും സ്വീകരണമുറിയിലെ ആളനക്കം ഇല്ല. തീന്മേശയിൽ സ്പൂണുകളുടെ ശബ്ദം.

പത്തായപ്പുരയുടെ വാതിൽ തുറന്നു ദേവൻ ലൈറ്റ് തെളിച്ചു. പുറത്തു വെളിച്ചം കാണാതെ ഇരിക്കാൻ വാതിൽ അകത്തു നിന്ന് ചാരി. കലപ്പയും, നുകവും, ഞാറ്റടി പലകയും പതിന്നാറിലെ ചക്രവും പെട്ടകവും. രാസവളവും എല്ലാം അടുക്കും ചിട്ടയായി ഇരിക്കുന്നു. എല്ലാറ്റിലും ദേവന്റെ വിരൽ പാടുകൾ.

മോട്ടോർ വന്നതിനു ശേഷം ചക്രവും പെട്ടകവും ഉപയോഗിച്ചിട്ടേ ഇല്ല.

ഭിത്തിയിൽ ഉള്ള ചെറിയ മരത്തിന്റെ കബോർഡിൽ നെല്ലിനടിക്കുന്ന കീടനാശിനികൾ. ദേവൻ ഓരോന്നായി എടുത്തു നോക്കി . പനാമർ, മാലത്തിയോൺ, ഫുർടാൻ. ദേവന്റെ കൈകൾ വിറച്ചു. നെഞ്ചിടിപ്പു കൂടി. കൈയ്യിൽ നിന്നും അറിയാതെ പനാമറിന്റെ ടിൻ ചക്രത്തിനകത്തേക്ക് വീണു. ദേവൻ ടിൻ എടുക്കുവാൻ ചക്രത്തിനിടയിൽ പരതുമ്പോൾ ദേവന്റെ വിരലുകൾ എന്തിലോ തടഞ്ഞു.

കുറച്ചു ‘കരിവള പൊട്ടുകൾ..!!’

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment