Flash News

ചൊക്ലി (നോവല്‍ – 7)

September 23, 2020 , എച്‌മുക്കുട്ടി

മറിയപ്പാറേ മത്തങ്ങ പോലെ രണ്ടായി കഷണിച്ചിട്ടാണ് ആലൂര് സെന്ററീന്ന് തൃശൂര്‍ക്ക് പോവണ വഴി വന്നത്. ചൊക്ളി ആ അങ്ങാടീല് വരണതിന് നൂറു കൊല്ലം മുമ്പേ അതൊരു കുണ്ടനെടവഴി ആരുന്നു. പിന്നെ അത് പത്ക്കേപ്പത്ക്കേ ഒര് കാളവണ്ടി വഴീം വില്ലുവണ്ടി വഴീം മണ്ണിട്ട് കുഴികള് നെകത്തിയെടുത്ത ജൻതാ ബസ്സ് വഴീം ഒക്കെയായി. ജൻതാ ബസ്സിന് മൂക്കും കല്ക്കരി ഇടണ ഒരു പെട്ടീം ഉണ്ടാരുന്നു. ആ ബസ്സ് ഓടണത് നിന്നപ്പോ വേറോരു മൂക്കൻ ബസ്സ് വന്നു. അതും കൊറേ നാള് ഓടികഴിഞ്ഞിട്ടാണ് ലളിത ബസ്സ് വന്നത്. ലളിത ബസ്സ് വന്ന കാലത്ത് ഉഷാറാരുന്നു. ഇപ്പളാണ് ഒരു വെതല്ല്യാണ്ട് ആയത്.

ആലൂര് മഠത്തിലെ വിശ്ശൊനാദസ്സാമി പറേണ നാട്ടുപുരാണകഥയാണ് ഇങ്ങനെ. സാമീടെ ആണ്‌ല്ലോ ലളിതാ ബസ്സ്. ആലൂര് മുഴുവനും അങ്ങനെ രണ്ടു മൂന്ന് കുടുമ്മങ്ങള്ടെ ആരുന്നു. ഇല്ലത്തുള്ളോര്ടെ, സാമീടെ, ആലൂരമ്പലത്ത് ലെ ശിവന്റെ. മഠത്തിലേം ഇല്ലത്തീലേം ആലൂര് ഭൂമി ബ്രമ്മസ്വം ആണ്.. അത് കേറി എടുത്താ ബ്രമ്മശാപം വരും. ആ ഭൂമി മഠക്കാരായിട്ടോ ഇല്ലക്കാരായിട്ടോ വില്ക്കാണെങ്കില് മേടിക്കാം.. അതന്നെ.

പിന്നെ ആലൂരമ്പലത്ത് ലെ ശിവന്റെ ഭൂമി ദേവസ്വാണ്. അത് എടുത്താ കുടുമ്മം മാത്രല്ല തറവാടും കൂടി മുടിയും.. അതു കാരണം കല്ലും കട്ടേം പാറേം പാമ്പും ഒക്കെള്ള പറമ്പൊന്നും ആരും വളച്ച് കെട്ടി സ്വന്താക്കീല്ല.

മഠത്തിലും ഇല്ലത്തും പണീട്ക്കണോര്ക്ക് കുറേശ്ശയായി ഭൂമി കിട്ടീട്ടാണ് ആലൂര് ഓരോരുത്തര് താമസാക്കി തുടങ്ങിയത്. പണീട്ത്തേര്ന്ന പെണ്ണ്ങ്ങള് സാമിമാരേം നമ്പൂരിമാരേം മുണ്ടിന്റെ തലയ്ക്കേ കെട്ടി ഭൂമി അടിച്ചെടുത്തൂന്നാ പറേണത്. പിന്നെച്ചെലര് ആ ഭൂമി കാശ് കൊടുത്ത് മേടിച്ചൊടങ്ങി. അത് അവര് തന്നെ വേറെ ആള്ക്കാര് ക്ക് വിറ്റു. അങ്ങനേണ് പല ജാതി മതക്കാര് ആലൂര് വന്ന് കുരുത്തക്കേടായത് ന്നാണ് സാമി പറേണത്.

മറിയപ്പാറേടെ രണ്ടു ഭാഗത്തും പാറകളും മുള്ള് നെറഞ്ഞ ചെടികളും ഇഷ്ടം പോലെ ണ്ട്. അതില് വരാമ്പോണ ഹൈവേ റോഡില്ക്ക് വായേം തൊറന്നിരിക്കണ തവള പോലണ്ട് ഒരു പാറ. ചെട്ടിച്ചികള് പാർക്കണേൻറെ മൊകളിലായിട്ട്.. എറണാകുളത്തേക്ക് പോണ ഭാഗായിട്ട് വരും. ആ തവളപ്പാറേല് പറ്റ്മ്പോ ഒക്കേ ചൊക്ളി കേറി ഇരിക്കും. ചെലപ്പോ കെടക്കും. തവളേടെ മേല് വായ പോലെ പാറ പെളർന്ന് നിക്കണോണ്ട് മഴ വന്നാലും നനയില്ല. ചൊക്ളിക്ക് ഇഷ്ടാണ് അവിടെ ഇരുന്നു ഓരോ മനോരാജ്യം വിചാരിക്കാൻ.. മൊയ്തീൻ നോക്കിയാ കാണൂമില്ല. അതാണ് ചൊക്ളി താമസിക്കാൻ ആ തവളപ്പാറ മതീന്ന് തീരുമാനിച്ചത്. വാടകേല്യാ… ഹൈവേടെ വശത്തായതോണ്ട് സർക്കാരിൻറ ഭൂമിയേണ്. ശാപോം തേങ്ങേം ഒന്നും വരില്ല..

സർക്കാര് ശപിക്കില്ല..പക്ഷേ, സർക്കാരിന് വേണ്ടപ്പോൾ ഉഴിഞ്ഞ് വെക്കുംന്നും എറക്കി വിടുംന്നും അപ്പോ ചൊക്ളിക്ക് അറിഞ്ഞൂടായിരുന്നു.

മൊയ്തീൻ ഒന്നും അന്വേഷിച്ചില്ല്യ. തുപ്പീത് തുപ്പീതന്ന്യാ. ദേവുഅമ്മക്ക് ചൊക്ളിയെ ജോലീന്ന് പറഞ്ഞുവിടാൻ തീരേ ഇഷ്ടണ്ടായിരുന്നില്ല. അതോണ്ട് അവരൊരു പഴേ പായേം കനച്ച് കാറച്ച ഒരു തലോണേം കീറിത്തുന്നിയ ഒരു പൊതപ്പും കൊട്ത്തു. പൊട്ടി ഇരുമ്പ് കണ്ട് തൊടങ്ങിയ ഒരു കവടിക്കപ്പും കൊടുത്തു.

ചൊക്ളി എല്ലാം എടുത്ത് പാറേല് കേറിനിന്ന് ചുറ്റുപാടും വിശദായി നോക്കി. ഒരയ കെട്ടണന്ന് വിചാരിച്ചു. അപ്പോഴാണ് ഗോപാലേട്ടനെ ചൊക്ളി ഓർത്തത്. മാസം ഒരുറുപ്പിക തരാന്നു പറഞ്ഞതല്ലാണ്ട് പത്തുപൈസ പോലും ഗോപാലേട്ടൻ ഇത് വരെ തന്ന്‌ല്ലല്ലോന്ന്. രൂപ ചോദിക്കണം ന്ന് ചൊക്ളി തീർച്ചയാക്കി. അയ, മെഴുതിരി, ടോർച്ച്. ചൊക്ളി മനസ്സില് ഓരോന്നായി ഒക്കെ കണക്ക് കൂട്ടി.

പാറേന്നെറങ്ങി ചൊക്ളി ഗോപാലേട്ടന്റെ കടേ ചെന്ന് പൈസ ചോദിച്ചപ്പോ ആകെ പൊടിപൂരായി. ഗോപാലേട്ടൻ ഉപ്പ് പെട്ടീലെ ഉപ്പുമരവകൊണ്ട് ചൊക്ളിയെ എറിഞ്ഞു. അവൻ ഒഴിഞ്ഞു മാറീതോണ്ട് ഏറ് കിട്ടീല്ല.

‘ഏത് കാശ്? എന്ത് കാശ്? ‘ ഗോപാലേട്ടന് ഓർമ്മ ന്നെ വരണില്ല. ചൊക്ളി എന്ത് പറഞ്ഞിട്ടും ഒന്നും തിരിയാത്ത മാതിരി.

ഗോപാലേട്ടന് ചൊക്ളിക്ക് കൊട്ത്ത ചാക്കും വിരീം പൊതപ്പും വടേം പഴോം ചായേം കാപ്പിടെ വെള്ളോം ഒക്കെ ഓർമ്മ വരണുണ്ട്. കാശ് കൊടുക്കാൻണ്ട്ന്ന് ഓർമ്മ വരണില്ല. ചൊക്ളി ആരുല്യാത്തോനല്ലേ, വല്ലോണം നന്നായിപ്പൊക്കോട്ടേന്ന് വെച്ച് ഗോപാലേട്ടൻ ഒക്കെ വെറ്തേ കൊട്ത്തു. അല്ലാണ്ട് ചൊക്ളി ഗോപാലേട്ടന് എന്ത് മല മറിച്ച് തന്ന്ട്ടാ? തരാൻ ചൊക്ളി എന്താ കൊച്ചിരാജാവിന്റെ കൊച്ചുമോനാ? വെറ്തേ ഓരോന്ന് പറഞ്ഞാ ആരാ സമ്മതിക്കാന്ന്? മറിയപ്പാറ അങ്ങാടീലുള്ളോര്ടെ ഓശാരത്തില് വളന്ന് തടിയായപ്പോ തെണ്ടിത്തിരിഞ്ഞു വന്നോൻ കാശിന്റെ കണക്ക് പറയ്യേ..

ഗോപാലേട്ടൻ വെറച്ച് തുള്ളി.

കേട്ടോരൊക്കെ ചൊക്ളിയോട് പറഞ്ഞു. ‘നന്നി വേണടാ നന്നി’

ചൊക്ളിക്ക് സഹിക്കാൻ പറ്റാണ്ട് എന്തോ വന്നു. ഗോപാലേട്ടൻ പറ്റിക്ക്യാണ്.. അവനെത്ര ഓട്ടം ഓടീട്ട്ണ്ട്. കോടംകരേന്ന് ആലൂര് സെന്ററ് വരേ.. ഗോപാലേട്ടൻ പറഞ്ഞോടത്ത്ക്കൊക്കെ പാഞ്ഞ്ണ്ട്. പച്ചക്കറീം അച്ചാറ് സാധനങ്ങളും ചൊമന്ന് നടന്ന് നടു ഒടിഞ്ഞണ്ട്. ചൊക്ളി പണിട്ത്ത് തന്ന്യാണ് തിന്നത്.

എന്ന്ട്ടിപ്പോ..ഗോപാലേട്ടന്റെ കട തല്ലിപ്പൊളിക്കാൻ തോന്നി ചൊക്ളിക്ക്.

അതിന് ആരേലും കൂടെണ്ടാവണ്ടേ?. ആരൂല്യാ.. ചൊക്ളി അന്നും ഇന്നും ആരുല്യാത്തോൻ തന്ന്യാ.. ഒറ്റയ്ക്ക് തല്ലിപ്പൊളിക്കാൻ പറ്റ്‌ല്ല്യാലോ.

അവൻ ദേവു അമ്മേടെ ചായക്കടേല് കേറി.. പണീണ്ടായിരുന്നു അവ്‌ടെ. അതങ്ങട് ചെയ്ത് വെച്ചു.

രാത്രീല് ആ പാറേല് പായ വിരിച്ച് കെടക്ക്മ്പോ ചൊക്ളിക്ക് വല്ലാണ്ട് കരച്ചില് വന്നു. ദേഷ്യം വന്നു.. അരിശം വന്നു.. തേങ്ങല് വന്നു..

അന്നേരത്താണ് താഴെ പൊട്ടിപ്പൊളിഞ്ഞ റോട്ടില് ആരോ നെലോളിക്കണ ഒച്ച കേട്ടത്.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top