Flash News

സൂഫിസം (Sufism ) ഭാഗം – 19

September 20, 2020 , ബിന്ദു ചാന്ദിനി

ഹേഗിയോഗ്രാഫി

ഒരു സന്യാസിയുടേയോ മതനേതാവിൻ്റേയോ ജീവചരിത്രമാണ് ഹേഗിയോഗ്രാഫി എന്ന പേരിൽ അറിയപ്പെടുന്നത്. അവർ ആശയപ്രകടനത്തിന് സാധാരണക്കാർ ഉപയോഗിക്കുന്ന പ്രാദേശിക ഭാഷകളാണ് ഉപയോഗിച്ചത്. അതുപലതും വാമൊഴിരൂപത്തിലുള്ളതായിരുന്നു താനും. സന്യാസിമാരുടെ വാങ്മയചിത്രങ്ങൾ ശേഖരിച്ചുവച്ചത് അവരുടെ ശിഷ്യന്മാരോ ആരാധകരോ ആയിരുന്നു. ഈ പാരമ്പര്യം മാറ്റത്തിനു വിധേയമാകാൻ പാകത്തിലുളളതായിരുന്നു എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. അതിനാൽ മൂലഗ്രന്ഥത്തിലെ ആശയങ്ങൾ ശിഷ്യന്മാരും ആരാധകരും പലപ്പോഴും പുതുക്കിക്കൊണ്ടിരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മാറ്റത്തിനനുസരിച്ച് അവയിൽ പലതും മാറ്റപ്പെടുകയോ ചിലപ്പോൾ ഉപേക്ഷിക്കപ്പെടുകയോ ചെയതു. അതുകൊണ്ടുതന്നെ ഈ സ്രോതസുകൾ ഉപയോഗിച്ച് ആശയങ്ങൾ ഗ്രഹിക്കുക എന്നത് ചരിത്രകാരന്മാർക്ക് ഒരു വെല്ലുവിളിയായിരുന്നു.

ചരിത്രകാരന്മാർ പലപ്പോഴും സന്യാസിമാരുടെ ജീവചരിത്രത്തേയും ആശ്രയിക്കുന്നു. സന്യാസിന്മാരുടെ ശിഷ്യർ എഴുതിയതാണ് ഇവയിൽ അധികവും. അതുകൊണ്ടുതന്നെ അവ മുഴുവൻ സത്യമാകണമെന്നില്ല. പക്ഷെ പുതുപാതകൾ സൃഷ്ടിച്ച മഹാന്മാരുടെ ജീവിതത്തെ അനുയായികൾ എങ്ങനെയാണു ദർശിച്ചതെന്ന് ഇവയിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നു.

പുതിയ ചോദ്യങ്ങള്‍

ലോകത്ത് സൊറാസ്ട്രീയർ, കോങ്ങ്സി, പ്ലേറ്റോ, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ, മഹാവീരൻ, ബുദ്ധൻ, യേശു, മുഹമ്മദ് തുടങ്ങിയ നിരവധി ചിന്തകർ ജീവിച്ചിരുന്നു. പ്രപഞ്ചത്തിൻ്റെ ഘടനയെക്കുറിച്ചും അതിൻ്റെ നിഗൂഢതകളെക്കുറിച്ചും, സങ്കീർണമായ മനുഷ്യബന്ധങ്ങളെക്കുറിച്ചും ആഴത്തിൽ ചിന്തിച്ചവരാണവർ. വ്യാപാരത്തിൻ്റെയും നഗരങ്ങളുടെയും വളർച്ച അക്കാലത്തുണ്ടായിട്ടുണ്ട്. സ്വഭാവികമായും ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക ജീവിതത്തിലും മാറ്റങ്ങൾ പ്രകടമായി. ഈ മാറ്റങ്ങളെല്ലാം ഉൾക്കാഴ്ചയോടെ കാണുകയും ശരിയായ രീതിയിൽ മനസ്സിലാക്കുകയും ചെയ്തവരായിരുന്നു മേല്‍പറഞ്ഞ ചിന്തകരെല്ലാം.

ജീവിതത്തിൻ്റെ അർത്ഥം പുനർജന്മം മരണാനന്തര ജീവിതം ഇങ്ങനെയുള്ള സങ്കീർണമായ പ്രശ്നങ്ങളെക്കുറിച്ചറിയാൻ ജനങ്ങൾ തല്പരരായിരുന്നു. ഇത്തരം പ്രശ്നങ്ങൾ ചുടുപിടിച്ച ചർച്ചയ്ക്ക് വഴിയൊരുക്കി. പരമമായ സത്യത്തിൻ്റെ സ്വഭാവം മനസ്സിലാക്കാനും വിവരിക്കാനും ചിന്തകർ ഉത്സുകരായിരുന്നു. വ്യവസ്ഥാപിതമായ മതിൽക്കെട്ടിനു പുറത്തുള്ളവർ ഒരു ‘പരമമായ സത്യം’ ഉണ്ടോ? എന്ന് അന്വേഷിച്ചു.

പ്രപഞ്ചത്തിലുള്ള സർവ്വചരാചരങ്ങളുടെയും സ്രഷ്ടാവും പരിപാലകനുമായ ഒരു അദൃശ്യ ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സങ്കൽപത്തെയാണ് ദൈവം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ആദിമ മനുഷ്യർക്ക് പ്രകൃതിയോടുള്ള ഭയത്തിൽ നിന്നുമാണ് ദൈവം എന്ന വിശ്വാസം ഉരുത്തിരിഞ്ഞത്. വിശ്വാസികൾ ദൈവത്തെ മനുഷ്യ ബുദ്ധിയുടെ പരിമിതിയിൽ നിന്നുകൊണ്ട് പൂർണമായി നിർവചിക്കാനാവാത്ത നിത്യസത്യമാണ് എന്നും സർവ്വനന്മകളുടെയും പൂർണഭാവമാണ് എന്നും വിശ്വസിക്കപ്പെടുന്നു. ചിലർ ദൈവത്തിന് സംഹാരത്തിൻ്റെ വിശേഷണങ്ങളും നൽകുന്നു. ശാസ്ത്രീയമായി തെളിക്കപ്പെടാത്ത ദൈവത്തെ അംഗീകരിക്കാത്തവരും ഉണ്ട്. ഓരോത്തരും അവരുടെ സാഹചര്യത്തിലും പാരമ്പര്യമനുസരിച്ചും വ്യത്യസ്ത പേരുകളിൽ വിളിച്ചുവെങ്കിലും ശക്തി ഒന്നുതന്നെയാണെന്നു ചില ദൈവവിശ്വാസികൾക്കിടയിലും പൊതുവായ ധാരണ.

ചിലർ രോഗം, ദാരിദ്ര്യം, ഭയം, പരാജയം തുടങ്ങിയ നിസ്സഹായ അവസ്ഥയിലും മറ്റു ചിലർ സ്വർഗം മോഹം, നരകഭയം, മോക്ഷം, പരമപദപ്രാപ്തി, നിർവാണം തുടങ്ങിയ സങ്കൽപ്പങ്ങൾക്ക് വേണ്ടിയും ദൈവത്തെ ആരാധിക്കുന്നു.

സൂഫികളുടെ ആരാധന നോക്കാം

മഅറൂഫുൽ കർബീ (d .815 ) സൂഫിസത്തെ ഇങ്ങനെ നിർവചിച്ചു.”ദൈവിക യാഥാർത്ഥ്യങ്ങളുടെ അവബോധവും മനുഷ്യവിഭവങ്ങളുടെ നിരാകരണവും.”

അദ്ദേഹം തുടർന്നു
“തത്വജ്ഞാനിക്ക് അനുഗ്രഹമൊന്നുമില്ലെങ്കിൽ അയാൾ സ്വയം എല്ലാ അനുഗ്രഹങ്ങളിലുമാണ്.” ദൈവത്തോട് കൂടുതൽ അടുക്കുംതോറും ദൈവീകമായ ഒരു പ്രണായാവസ്ഥ കരസ്ഥമാകും. ആ പരമാനന്ദം കണ്ടെത്തുന്ന സത്യാന്വേഷണമാണ് സൂഫികളുടെ ലക്ഷ്യം. ദൈവവുമായുള്ള ഒത്തുചേരൽ സ്നേഹത്തിൽ കൂടിയാണെന്നു സൂഫികൾ വിശ്വസിച്ചു.

“സൂഫിയുടെ പ്രണയവഴികളിൽ പ്രാണനാഥൻ്റെ സ്മരണയല്ലാതെ മറ്റൊന്നും വിരുന്നെത്തുകയില്ല. വേറെയാതൊന്നും വേണ്ടതില്ലാത്ത ഹൃദയബോധ്യത്തിൽ അവൻ സ്വസ്ഥനാവുന്നു. സമ്പൂർണമായ തൃപ്തിയിലും നിറവിലും ഒരു ഗാനമായ് ന്യത്തമായ് മൗനധ്യാനമായ് ആത്മാർപ്പണം ചെയ്യുന്നു.” (സിദ്ദീഖ് മുഹമ്മദ്).

ഒന്നിലധികം ദൈവങ്ങളിലോ, ദേവതകളിലോ ഉള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവ വിശ്വാസം. ബഹുദൈവ വിശ്വാസത്തിൻ്റെ ഭാഗമാണ് വിഗ്രഹാരാധന. ബഹുദൈവവിശ്വാസികൾ ഈശ്വരൻ, ഭഗവാൻ, ഓംകാരം, പരബ്രഹ്മം, ആദിപരാശക്തി എന്നും ദൈവത്തെ വിളിക്കുന്നു. ബഹുദൈവവിശ്വാസം പോലെതന്നെ ലോകത്ത് നിരവധി ഏകദൈവവിശ്വാസമുള്ള മതങ്ങളുണ്ട്. പിതാവ്, യേശു ക്രിസ്തു, മിശിഹാ എന്നും ക്രൈസ്തവർ ദൈവത്തെ വിളിക്കുന്നു. ഏകദൈവ വിശ്വാസികളായ ജൂതർ യഹോവ എന്നും ദൈവത്തെ വിളിക്കുന്നു.

ഏക ദൈവ വിശ്വാസത്തെ ഒരു മതവും ഇസ്ലാമിനെക്കാൾ പൂർണ്ണമായും അക്ഷരാർത്തിലും വ്യാഖ്യാനിച്ചിട്ടില്ല. അറബി ഭാഷയിൽ ഏകദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. ലോകത്തെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഏക ദൈവത്തെ അല്ലാഹു എന്ന് വിളിക്കുന്നു. അവൻ ഏകനാണ് (അൽവാഹിദ്) അവൻ ഒരുവനാണ് (അൽ അഹദ്) അവൻ സർവ്വശക്തനാണ് പരമകാരുണ്യവനാണ് (അൽ റഹ്മാൻ) കരുണാവാരിധി (അൽ റഹിം)യുമാണ്. ഏക ദൈവ വിശ്വാസമോ ബഹുദൈവ വിശ്വാസമോ ആയിക്കൊള്ളട്ടെ ഒരു ഏക ദൈവ വിശ്വാസ മതം മറ്റു ഏക ദൈവ വിശ്വാസമതങ്ങളെയോ അല്ലെങ്കിൽ ഒരു ബഹുദൈവ വിശ്വാസ മതം മറ്റൊരു ബഹുദൈവ വിശ്വാസ മതങ്ങളെയോ അംഗീകരിക്കുന്നില്ലയെന്നതാണ് പരമാർത്ഥം. പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളേയും സൃഷ്ടിച്ച സ്രഷ്ടാവിൻ്റെ സ്യഷ്ടികളാണ് എല്ലാ മതസ്ഥരും (മനുഷ്യരും) എന്ന ബോധത്തിലേക്ക് ഒരു മതവും എത്തിച്ചേരുകയോ ആ സത്യത്തെ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കൂടാതെ ഓരോ മതത്തിൽതന്നെയുള്ള ഭിന്നവിഭാഗങ്ങളെ പോലും അംഗീകരിക്കാനും തയ്യാറല്ല.

ലോകത്തുള്ള എല്ലാ മതത്തിനും അതിൻ്റേതായ മേന്മകളുണ്ട്. എല്ലാ മതപാരമ്പര്യങ്ങളും മനോഹരമായ സംസ്കാരങ്ങളെയാണ് കാഴ്ചവെക്കുന്നത്. ഒരു മതവും ഒരു മതത്തിനും മുകളില്ല. ഒരു ഭൂരിപക്ഷമതം ഒരിക്കലും ഒരു ന്യൂനപക്ഷമതത്തോട്, അത് എത്ര അപ്രധാനമായ സമുദായമായാലും അധീശഭാവത്തോടെ പെരുമാറിക്കൂടാ. മതം അല്ലെങ്കിൽ വിശ്വാസം എന്നത് ഓരോ വ്യക്തിയുടെയും സ്വത്വമാണ്. ആ സ്വത്വബോധത്തെ ചോദ്യം ചെയ്യപ്പെടുന്നത് കാലുഷ്യങ്ങൾ ക്ഷണിച്ചുവരുത്തുക തന്നെയാണ് ചെയ്യുന്നത്. മാനവകുലത്തിൻ്റെ അടിസ്ഥാനം ബഹുസ്വരതയാണ്. ആ സത്യം എല്ലാ മതങ്ങളും അംഗീകരിക്കപ്പെടേണ്ടതാണ്.

ഇസ്ലാമിനകത്ത് വളർന്നുവന്ന മിസ്റ്റിക്ക് ശാഖയാണ് സൂഫിസം. അതിൻ്റെ സർവ്വേശ്വരവാദം എല്ലാ മതങ്ങളെയും ചിന്താധാരങ്ങളെയും പ്രവാചകന്മാരെയും, ഗുരുക്കന്മാരെയും ജ്ഞാനികളെയും ഉൾക്കൊള്ളുന്നു.

ഭക്തി

മതങ്ങളും ദൈവങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് ഭക്തിയുടെ (പ്രാർത്ഥന) രൂപത്തിലുള്ള ആരാധനാ സമ്പ്രദായങ്ങൾ നിലവിൽ വന്നത്. ഏറ്റവും ചുരുങ്ങിയത് ആയിരത്തിൽപരം കൊല്ലങ്ങളുടെ പഴക്കമെങ്കിലുമുണ്ട്. ഭക്തി പ്രകടിപ്പിക്കുന്ന മാർഗ്ഗങ്ങൾ വളരെ വ്യത്യസ്തങ്ങളായിരുന്നു. ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ച ദേവരൂപത്തെ ഭക്ത്യാദരപൂർവം പ്രണമിക്കുന്നത് തൊട്ട് ‘മതിഭ്രമ’ത്താലുള്ള ഉറഞ്ഞുതുള്ളൽ വരെ ഈ ഭക്തിപ്രകടനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഭക്തിഗാനങ്ങൾ ഉരുവിടുകയും പാടുകയും ചെയ്യുക എന്നത് അത്തരം ആരാധനാരീതികളുടെ ഭാഗമാണ് വൈഷ്ണവ – ശൈവ വിഭാഗക്കാരാണ് ഇതിൻ്റെ മുഖ്യപ്രയോക്താക്കൾ.

മതത്തെക്കുറിച്ചു സുക്ഷ്മമായി പഠിച്ച ചരിത്രകാരന്മാർ ഭക്തിപാരമ്പര്യത്തെ സഗുണന്മാർ, നിർഗുണന്മാർ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. സഗുണന്മാർ ശിവനേയും വിഷ്ണുവിനേയും, വിഷ്ണുവിൻ്റെ മറ്റവതാരങ്ങളേയും ദേവിയേയും ആരാധിക്കുമ്പോൾ നിർഗുണന്മാർ ദൈവത്തെ ഒരു “അമൂർത്ത” (Abstract ) രൂപമായിട്ടാണ് ആരാധിക്കുന്നത്.

നിർഗുണ ഭക്തിയുടെ വക്താവും സൂഫി സന്യാസിയുമായ കബീർദാസും മലയാള സാഹിത്യത്തിലെ സൂഫി ചിന്തകനായ ബേപ്പൂർ സുൽത്താനെയും പരാമർശിക്കാതെ സൂഫിസം പൂർത്തികരിക്കാൻ കഴിയില്ല.

കബീർ ദാസ്

വടക്കേ ഇന്ത്യയില്‍ ഭക്തി പ്രസ്ഥാനത്തിലെ പ്രധാന കവികളിൽ ഒരാളായിരുന്നു കബീർ ദാസ് (ഏകദേശം പതിനാല് – പതിനഞ്ച് നൂറ്റാണ്ട്). സൂഫി – യോഗി പാരമ്പര്യങ്ങളുമായി നിരന്തരമായി നടത്തിയ സംവാദങ്ങളുടേയും തർക്കങ്ങളുടേയും ഫലമായാണ് കബീറിൻ്റെ ആശയങ്ങൾ രൂപപ്പെട്ടു വന്നത്. കബീറിൻ്റെ പാരമ്പര്യം പല സംഘങ്ങളും പിന്നീട് പിൻതുടരുകയും ചെയ്തു.

മൂന്നു വ്യത്യസ്ത പാരമ്പര്യങ്ങളിലായിട്ടാണ് കബീറിൻ്റേതെന്നു കരുതപ്പെടുന്ന കീർത്തനങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുളളത്.

അതിലൊന്ന് വാരാണസിയിലെ കബീർ പാന്ഥ് (കബീറിൻ്റെ വഴികൾ) ശേഖരിച്ചിട്ടുളള ‘കബീർ ബീജക് ‘ ആണ്.
രാജസ്ഥാനിലെ ‘ദാദു പാന്ഥ് ‘ സമാഹരിച്ചു സംരക്ഷിച്ചിട്ടുളളതാണ് ‘കബീർ ഗ്രസ്ഥാവലി’, സിഖുകാരുടെ മതഗ്രന്ഥമായ ‘ആദി ഗ്രന്ഥ സാഹിബി ‘ലും കബീറിൻ്റെ കീർത്തനങ്ങൾ കാണാനുണ്ട്. ഇവയെല്ലാം കബീറിൻ്റെ മരണശേഷം ക്രോഡീകരിക്കപ്പെട്ടതാണ്.

കബീറിൻ്റെ മിക്ക രചനകളും പല പ്രാദേശിക ഭാഷകളുടെ സങ്കരഭാഷയായ സാധുക്കടിയിലും, ചിലത് നിർഗുണ ഭക്തി സന്യാസികളുടെ പ്രത്യേക ഭാഷ (സന്ത് ഭാഷ) യിലുമാണ് രചിക്കപ്പെട്ടിട്ടുളളത്.

ഹിന്ദി സാഹിത്യത്തിലെ നിർഗുണ ഭക്തികവിയായ അദ്ദേഹത്തിൻ്റെ വചനങ്ങൾ നമുക്ക് സുപരിചിതമാണ്. പരമമായ സത്യത്തെ (Ultimate Reality) വിശദീകരിക്കാൻ പല പാരമ്പര്യങ്ങളും കബീർ ഉപയോഗിക്കുന്നു. അളളാ, ഖുദ, ഹസ്റത്ത്, പീർ (ഇസ്ലാമിക്) ; രാം, അലാഖ്, നിരാകാർ, ബ്രഹ്മൻ, ആത്മൻ (വേദാന്തിക്) ; ശബ്ദ, ശൂന്യ (യോഗിക്ക്) എന്നീ പദങ്ങളാണ് പരമസത്യത്തെ വിവരിക്കാൻ ഉപയോഗിച്ചിരുന്നത്.

കബീറിൻ്റെ കവിതകളിൽ ഗുരു, സദ്‌ഗുരു എന്നീ പ്രയോഗങ്ങൾ കാണാമെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക ഗുരുവിൻ്റെ പേര് എടുത്തു പറയുന്നില്ല. രാമാനന്ദനും കബീറും സമകാലീകരായിരുന്നു എന്ന വാദം പല ചരിത്രക്കാരന്മാരും അംഗീകരിക്കുന്നില്ല.

ഹിന്ദു – മുസ്ലീം ഐക്യത്തിൻ്റെ പ്രതീകമായ അദ്ദേഹത്തിൻ്റെ കവിതകൾ ഇരുമതങ്ങളിലേയും അനാചാരങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. ദൈവീകത്വത്തെ കണ്ടെത്താനുളള ശ്രമത്തിൽ, കാലഹരണപ്പെട്ട മത സാമൂഹ്യ സ്ഥാപനങ്ങളേയും ആശയങ്ങളേയും ചോദ്യം ചെയ്യുന്നവർക്ക് കബീറിൻ്റെ കൃതികൾ അന്നും ഇന്നും പ്രചോദനമേകന്നു എന്നതാണ് പ്രധാനം.

ബേപ്പൂർ സുൽത്താൻ – വൈക്കം മുഹമ്മദ് ബഷീർ (1908-1994)

വൈലാലിലെ മാങ്കോസ്റ്റിൻ മരച്ചോട്ടിലെ ചാരുകസേരയിൽ കിടന്ന്, ഗ്രാമഫോണിലൂടെ സെയ്ഗാളിൻ്റെ സോജാ രാജകുമാരി കേട്ടും സുലൈമാനി കുടിച്ചും, കഥകളുടെ ലോകത്തു സഞ്ചരിക്കുന്ന ബേപ്പൂർ സുൽത്താൻ മലയാള സാഹിത്യത്തിന് എന്നുമൊരു വിസ്മയമാണ്. മലയാള സാഹിത്യ രംഗത്ത് തൻ്റേതായ ശൈലികൊണ്ടും പദങ്ങൾ കൊണ്ടും സ്വന്തമായ സാമ്രാജ്യം സ്ഥാപിച്ച സുൽത്താനാണ് വൈക്കം മുഹമ്മദ് ബഷീർ. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിക്കപ്പെട്ട പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിരിക്കും.
ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി, പല തൊഴിലുകൾ ചെയ്തും, ഹിന്ദു സന്യാസിമാരുടെയും സൂഫികളുടെയും കൂടെ ജീവിച്ചും അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ സാഹിത്യ രചനക്ക് മുതൽകൂട്ടായി. ബഷീറിൻ്റെ കൃതികളിലൂടെയാണ് മലയാള സാഹിത്യത്തിൽ സൂഫി സ്വാധീനം വർദ്ധിച്ചത്. ഒരു സൂഫി ചിന്തകനായ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ ജീവിതമെന്നത് അനന്തമായ പ്രാർത്ഥയാണ്.

പ്രകൃതിയുമായുള്ള പൊക്കിൾകൊടി ബന്ധം മറന്ന് സർവ്വജീവജാലങ്ങളെയും കൊന്നന്നൊടുക്കുന്ന മനുഷ്യനോട് ‘ഭൂമിയുടെ അവകാശികൾ’ എന്ന കൃതിയിലൂടെ ലോകത്തുള്ള സകല ജീവിവർഗ്ഗങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് ഓർമ്മപ്പെടുത്തുന്നു.

സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു നമ്മെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത കഥാകാരനാണ് ബഷീർ. സവർണ വരേണ്യ ഭാഷകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാളസാഹിത്യത്തിനും, മുസ്ലീം കഥാപാത്രങ്ങളെ മാത്രം വില്ലന്മാരായി ചിത്രീകരിക്കുന്ന പ്രവണതകളിൽ നിന്നും നോവലുകൾക്കും മോചനം നൽകിയത് അദ്ദേഹമാണ്. മുസ്ലീം കഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്ന കഥകളിലൂടെ മുസ്ലീം സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഹാസ്യത്തിന്റെ രൂപത്തിൽ ബഷീർ രൂക്ഷമായി വിമർശിച്ചിരുന്നു .

എ.ആർ. റഹ്മാന്‍

പ്രമുഖ ഇന്ത്യൻ സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവും സർവ്വോപരി ഓസ്ക്കാർ അവാർഡ് ജേതാവുമായ എ.ആർ റഹ്മാൻ സൂഫിസത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നു.

ആത്മീയതയും കവിതയും പ്രണയവും സംഗീതവും ചേർന്നതാണ് സൂഫിസത്തിൻ്റെ ലോകം. സൂഫിസത്തിലൂന്നിയ ഇസ്ലാം മതവിശ്വാസം തെരഞ്ഞെടുത്തത് വഴി ലളിതമായതും താഴ്മയുള്ളതുമായ ഒരു ജീവിതം നയിക്കുകയാണ് താൻ എന്നാണ് എ.ആർ റഹ്മാൻ പറയുന്നത്. സൂഫിസത്തിൻ്റെ സ്വാധീനങ്ങൾ റഹ്മാൻ സംഗീതത്തിലും വളരെയേറെ പ്രതിഫലിക്കുന്നുണ്ട്. റഹ്മാൻ സംഗീതം കൊടുത്തിട്ടുള്ള ആർസിയാൻ, പിയാ ഹാജി, കുൻ ഫയാ കുൻ, ഖ്വാജാ മേരെ ഖ്വാജ്വാ, മർഹബ യാ മുസ്തഫ തുടങ്ങിയ പാട്ടുകൾ സൂഫി സംഗീതത്തിൻ്റെ ഈണത്തിലും രീതിയിലുമാണ്.
റഹ്മാൻ തുടർന്നു … “ഇസ്ലാം ഒരു കടലാണ്. അതിൽ ധാരാളം വിഭാഗങ്ങളുമുണ്ട്. ഏതാണ്ട് എഴുപതോളം വിഭാഗങ്ങൾ. ഞാൻ സൂഫിസത്തിൽ വിശ്വസിക്കുന്നയാളാണ്. സൂഫി തത്വചിന്തകൾ പ്രണയത്തിൽ അധിഷ്ഠിതമാണ്. ഈ തത്വചിന്തയിൽ അധിഷ്ഠിതമായ ജീവിതമാണ് ഇന്ന് കാണുന്ന എന്നെ രൂപപ്പെടുത്തിയത്. തീർച്ചയായും ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. അത് മിക്കപ്പോഴും രാഷ്ട്രീയമാണെന്നാണ് ഞാൻ കരുതുന്നത്.”

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top