Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 12) – വേളി

September 26, 2020 , ജയശങ്കര്‍ പിള്ള

മുറിയ്ക്കുള്ളിലെ കുപ്പിവളകളുടെ കിലുക്കം ദേവനെ ചിന്തകളിൽ നിന്നും ഉണർത്തി.

“ഇവിടെ വന്നു നിൽക്കുകയാണോ? ഞാൻ എത്ര തവണ വിളിച്ചു. പോയ് കുളിച്ചു റെഡി ആകൂ..”

അമ്പിളി കുളി കഴിഞ്ഞു ഈറൻ മുടി തുവർത്തുമുണ്ട് ചേർത്ത് കെട്ടി വച്ചിരിയ്ക്കുന്നു. മയിൽ പീലിയുടെ ഡിസൈനുകൽ ചേർത്ത് വച്ച കരയുള്ള സെറ്റ് സാരി. മെയ്ക്കപ്പ് ഇല്ലാത്ത മുഖത്ത് വശ്യമായ നാടൻ സൗന്ദര്യം.

“എന്താ ഇങ്ങനെ നോക്കുന്നെ..ങേ ?!” അവൾ സെറ്റിന്റെ തലപ്പ് എടുത്തു അരയിൽ കുത്തി.

“ഏയ് ഒന്ന് മില്ല. നിന്റെ കൈത്തണ്ടയിലെ കരിവളകൾക്ക് എന്ത് ഭംഗിയാണ്.”

അവളുടെ കണ്ണുകൾ നാണവും സന്തോഷവും കൊണ്ട് തിളങ്ങി.

“അയ്യട .. അമ്പലത്തിൽ പോകുവാൻ നേരത്താണ് വേണ്ടാത്തത് പറയുന്നത്. വേഗം പോയി റെഡി ആയി വായോ”

അമ്പിളി ടീച്ചറിന്റെ മുറിയിലേയ്ക്കു കയറി പോയി.

ടീച്ചറിന്റെ മുറിയിൽ കിടക്ക വിരി തട്ടി കുടഞ്ഞു തലയിണകൾ നേരെ ആക്കി വയ്ക്കുമ്പോൾ ദേവൻ ചവിട്ടു പടി കയറി പോകുന്നത് അവൾ പോലും അറിയാതെ അവൾ നോക്കി നിന്നു.

അമ്പിളി നൽകിയ കസവു മുണ്ടും, ഷർട്ടും ധരിച്ചു താഴേയ്‌ക്ക്‌ വരുമ്പോൾ അവൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ടെലിവിഷൻ കണ്ടു കൊണ്ടിരുന്ന ടീച്ചറിനെ താങ്ങി നടത്തുവാൻ ദേവൻ കൂടി സഹായിച്ചു.
താത്കാലികം എങ്കിലും അമ്പിളിയ്ക്കു അതൊരു ആശ്വാസം ആയി തോന്നി.

“മോനിങ്ങു അടുത്ത് നിന്നേ..”

കട്ടിലിൽ ചാരി ഇരുന്നു കൊണ്ട് ടീച്ചർ പറഞ്ഞു. ദേവൻ അടുത്ത് ചെന്നപ്പോൾ കൈയ്യിൽ ഇരുന്ന ഒരു നാണയ തുട്ട് ദേവന്റെ തലയ്ക്കു മൂന്നു വട്ടം ഉഴിഞ്ഞു. “എന്റെ വല്ലേശ്വര ഭഗവാനെ കാത്തോളണേ ..” കണ്ണടച്ച് ശിവസ്തുതികൾ ഉരു വിടുന്ന ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

പാതി തളർച്ച ബാധിച്ചു, കമ്പിളിയ്ക്കുള്ളിൽ പൊതിഞ്ഞ ടീച്ചറിന്റെ കാൽ തൊട്ടു തൊഴുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞു.

“അമ്മേ ഞങ്ങൾ പോയിട്ട് വരാം” ഇടറുന്ന സ്വരത്തിൽ അമ്പിളി ദേവന്റെ തോളത്തു തട്ടി.

മുൻവശത്തെ വാതിൽ പുറത്തു നിന്ന് പൂട്ടി മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോൾ ഗേറ്റിൽ ഒരു കാർ വന്നു ഹോൺ മുഴക്കി. പരമേശ്വരൻ ആണ്. ഇവനെന്താണ് ഈ നേരത്ത്?

ഗേറ്റ് തുറന്നു കാർ മുറ്റത്തേയ്ക്ക് കയറ്റി ഇട്ടു പരമേശ്വരൻ പുറത്തിറങ്ങി.

“രണ്ടാളും കൂടി എങ്ങോട്ടാ. ദേവന്റെ ഉടുപ്പും സാധനങ്ങളും എല്ലാ ദേ വണ്ടിയിൽ ഉണ്ട്.” ഇത് പറഞ്ഞതും അവൻ ഡിക്കി തുറന്നു ഒരു ട്രോളി ബാഗും, ഹാൻഡ് ബാഗും പുറത്തിറക്കി.

“എങ്ങാടാണ് ഇത് വയ്ക്കേണ്ടത് എന്ന് പറയു .. ഇവിടാണോ അതോ കൊച്ചുമോളുടെ വീട്ടിലോ ?”

“ഇവിടെ മതി.. ഞാൻ പിന്നെ എടുത്തു അപ്പുറത്തു വച്ചോളാം” അമ്പിളി കതകു തുറന്നു കൊടുത്തു.

“ഞങ്ങള് അമ്പലത്തിലേയ്ക്കാ പരമൻ വരുന്നോ?” ദേവൻ തിരക്കി

“രണ്ടാളും കേറിയ്ക്കോ ഞാൻ എവിടെ വേണേലും കൊണ്ടുപോകാം.”

രണ്ടാളെയും നിര്‍ബ്ബന്ധിച്ച് പരമേശ്വരൻ കാറിൽ കയറ്റി.

വെയിൽ താണു തുടങ്ങി എങ്കിലും ചൂടുണ്ട്. റബ്ബർ മരങ്ങൾ ഇല കൊഴിഞ്ഞു നില്‍ക്കുന്നു. വീട്ടിൽ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്ററെ ഉള്ളൂ ക്ഷേത്രത്തിലേയ്ക്ക്. അതിപുരാതനമായ വെല്ലേശ്വര ശിവ ക്ഷേത്രം. വലിയ ഇലഞ്ഞി മരം നിൽക്കുന്ന മുറ്റത്തു കാർ നിറുത്തി ദേവനും അമ്പിളിയും പുറത്തിറങ്ങി.

“പരമാ നീ വരുന്നില്ലേ ?”

അവൻ ഇല്ല എന്ന് തലയാട്ടി.

“ക്ഷേത്ര മുറ്റത്തു വരെ വന്നിട്ട് കയറാതെ പോകാനോ ..നീ വാ”

“ഞാനില്ല.” കുടിച്ചിട്ടുണ്ടെന്നു അവൻ ആംഗ്യം കാണിച്ചു.

“എന്നാ നീ അവിടെ ഇരിയ്ക്കു”

ക്ഷേത്രത്തിന്റെ ചുറ്റുമതിൽ കടന്നു അവർ അകത്തു കടന്നു.

ക്ലാവ് പിടിച്ച ശ്രീകോവില്‍ മേൽക്കൂര. പഴമയെ ഓര്‍മ്മിപ്പിക്കുന്ന കൽവിളക്കുകൾ. ചുറ്റുമതിൽ. ചുറ്റു വിളക്കിന്റെ ചിരാതുകൾ എണ്ണ വറ്റി മെഴുകുപോലെ ആയിരിക്കുന്നു. അങ്ങിങ്ങു ചീവീടുകൾ കൂടു കൂട്ടിയിരിക്കുന്നു. ഉച്ചഭാഷിണിയിലൂടെ അധികം ഉച്ചത്തിൽ അല്ലാതെ ശിവ സ്തുതികൾ.

ആകെ മൂന്നോ നാലോ ഭക്തർ മാത്രമാണ് ക്ഷേത്രത്തിൽ ഉള്ളത്. ശ്രീകോവിലിലെ അന്ധകാരത്തിനു വർണ്ണ പ്രഭയേകി നിലവിളക്കിന്റെ നിര. കൂവളത്തിലയും, ചെത്തിപ്പൂവും കൊണ്ട് മാല ചാർത്തിയ പരമശിവൻ.

മൃത്യഞ്ജയ പുഷ്പാഞ്ചാലിയുടെ രശീതും, പൂക്കൂടയും, പടിക്കെട്ടിൽ വച്ച് അമ്പിളി തൊഴുതു നിന്നു.

ശ്രീ കോവിലിൽ നിന്നും പ്രായം ചെന്ന തിരുമേനി ഇറങ്ങി വന്നു.

കൈയ്യിൽ സൂക്ഷിച്ചിരുന്ന ചുവന്ന ചരട് ഒരു ചെറിയ കീറ്റിലയിൽ ദക്ഷിണയോടൊപ്പം പടിക്കെട്ടിൽ വച്ച് അമ്പിളി പറഞ്ഞു

“തിരുമേനീ ഇത് കൂടെ ഒന്ന് പൂജിച്ചു തരണേ. നല്ല ശത്രു ദൃഷ്ടി ഉണ്ട്.”

“ഡോക്ടറെ നാളും പേരും പറഞ്ഞാട്ടെ.”

“ഏട്ടന്റെ പേരിലാ .. ജയദേവൻ, അത്തം”

ഏട്ടനോ ? തിരുമേനി അതിശപ്പെട്ടു നോക്കി. പീടികപറമ്പിലെ ചന്ദ്രനും, നന്ദിനിക്കും താനറിയാത്ത ഒരു മോനോ ? അതോ ഈ കുട്ടീടെ വേളി ഇനി തിരികെ വന്നോ?

തിരുമേനി തെല്ലൊന്നു ശങ്കിച്ച് ശ്രീകോവിലിലേക്ക് കയറിപ്പോയി.

അകത്തു ഉച്ചത്തിൽ ഉള്ള മന്ത്രോച്ചാരണങ്ങൾ. തൊഴുകൈയ്യാൽ നിൽക്കുന്ന അമ്പിളി എന്തെല്ലാമോ മന്ത്രങ്ങൾ ചൊല്ലി കൊണ്ടിരുന്നു.

ഒരു വാഴയിലയിൽ പുഷ്പാഞ്ജലിയും, മറ്റൊന്നിൽ പ്രാർത്ഥിച്ച ചരടും, ഭസ്മവും ആയി തിരുമേനി വന്നു. ദേവന്റെ തലയ്ക്കുഴിഞ്ഞ ദക്ഷിണ തട്ടത്തിൽ വച്ച് അമ്പിളി പ്രസാദം വാങ്ങി.

ശ്രീ കോവിലിനെ ഓവ് മുറിച്ചു കടക്കാതെ മൂന്നു തവണ പ്രദക്ഷിണം വച്ചു മടങ്ങുമ്പോള്‍ തിരുമേനി തിരക്കി.

“ജയദേവൻ ഇപ്പൊ എവിടെയാ ? എന്നാ വന്നത്?”

“മൂന്നാലു ദിവസമായി. ഇപ്പൊ കാനഡയിലാ”

“ഉവ്വ് .. കുറേസം ഉണ്ടാവൂല്ലേ?” തിരുമേനിയുടെ മുഖത്ത് ഒരു ലാസ്യ ഭാവം.

“കഷിടിച്ചു ഒരു മാസം”

“ഏഴ് ദിവസം നിർമാല്യം തൊഴുക. ഇവിടുത്തെ ദേവൻ അച്ചിട്ടായിട്ടു കാര്യങ്ങൾ നടത്തി തരും. തിരുമേനിയുടെ അഭിപ്രായം ആണ്.”

കൈ കൂപ്പി ക്ഷേത്രത്തിന്റെ പടി ഇറങ്ങുമ്പോൾ ദേവന് ചമ്മൽ മാറിയിരുന്നില്ല.

പുറത്തു കടന്നു കൽവിളക്കിനു ചുവട്ടിൽ നിന്നും ഭഗവാനെ വീണ്ടും തൊഴുതു നമസ്കരിച്ചു.

വാഴയില കീറിൽ നിന്നും നനുത്ത ചന്ദനം ദേവന്റെ നെറ്റിയിൽ തൊടുവിച്ചു അമ്പിളി ചേർന്ന് നിന്നു.

സന്ധ്യക്ക്‌ കൽവിളക്കിൽ കാറ്റിൽ ആടിക്കളിയ്ക്കുന്ന നെയ്ത്തിരി വെട്ടത്തിൽ അവൾ കൂടുതൽ സുന്ദരി ആയിരുന്നു. ദേവന് ചുറ്റും അമ്പിളി ചന്ദനത്തിന്റെ ഗന്ധം തൂകി മെല്ലെ ദേവനെയും കൂട്ടി കാറിനടുത്തേക്ക് ചുവടുകൾ വച്ചു.

കാറിൽ കയറിയ പാടെ പരമു തിരക്കി “ഇനി എങ്ങോട്ടാ ?”

“പരമേട്ടാ കീഴ്ക്കാവിൽ പോണം.”

“നമ്മൾ അവിടെ എത്തുമ്പോൾ ദീപാരാധന കഴിഞ്ഞു കാണും. ഡോക്ടറെ കാര്യം പത്തു മിനിട്ടു മതി അവുടെ എത്താൻ.”

“ഇന്ന് തന്നെ പോയേക്കാം. പിന്നെ ഏട്ടന് തിരക്കായാലോ?”

“ഓക്കെ ഞാൻ റെഡി”

പരമൻ ഇപ്പോഴും അങ്ങിനെ ആണ്. ഉത്തരവാദിത്വമുള്ള കാര്യസ്ഥൻ.

കാറിൽ കയറിയ അമ്പിളി തിരുമേനിയെ പറ്റിച്ച സന്തോഷത്തിൽ ആണ്. ആ കിളവൻ തിരുമേനി അല്ലേലും ഇങ്ങനാണ്. എന്നെ കാണുമ്പോൾ എന്നും ഈ ചോദ്യം ആണ്. വേളി വന്നോ, വേളി വന്നോ എന്ന്. ഇന്ന് സമാധാനം ആയിക്കാണും. അവൾക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അവൾ പിന്നെ എന്തെല്ലാമോ പറഞ്ഞു കൊണ്ടേയിരുന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top