Flash News

ചൊക്ളി (നോവല്‍ 8 & 9)

September 26, 2020 , എച്‌മുക്കുട്ടി

ഏക്കോം തേക്കോം നിർത്തി ചൊക്ളി ചെകിടോർത്ത് പായേല് എണീട്ടിരുന്നു. ആരോ വേദനെടുത്ത് നെലോളിക്കണ പോല്യാണ് അവന് തോന്നീത്. ന്ലാവ് പോലെ മങ്ങിയ വെളിച്ചം മാത്രേ പാറേല് വീഴലുള്ളൂ. അവൻ പത്ക്കേപ്പത്ക്കേ പാറേന്നെറങ്ങി. വെതം കൊറഞ്ഞ കാലും നീട്ടി വെച്ച് ചെറിയ വെളിച്ചത്തില് കണ്ണു സൂക്ഷാക്കി ചൊക്ളി കരച്ചില്‍ന്റെ ദിക്ക് തപ്പി..

കരേണ ആളേ കണ്ടപ്പോ ചൊക്ളി വെറച്ചു. ശൂലപാണി വാര്യര്, പോലീസ് പിടിച്ചോണ്ട് പോയ രവീടെ അച്ഛനാ, നല്ലോരു വാര്യത്ത് കെടക്കേമ്മെ കെടന്ന് സുഗായി ഒറങ്ങണ്ട മനിഷേൻ, പച്ചപ്പാതിരക്ക്, റോട്ടില് കെടന്നുരുണ്ട് ‘അയ്യോ’ നെലോളിക്കണു.

ചൊക്ളി അട്ത്ത് ചെന്ന് ‘വാരര് മാഷേ’ന്ന് വിളിച്ച്.

ശൂലപാണി വാരര് ആലൂര് സ്ക്കൂളിലെ മാഷേര്ന്ന്. ഇപ്പോ പെൻഷ്യനായി. രവീന്ന് ഒരു മോനും രമാന്ന് ഒരു മോളും. രവിയെ പോലീസ് പിടിച്ചോണ്ട് പോയപ്പോ ഭർത്താവ് മോളേ വാര്ത്ത്‌ കൊണ്ടന്ന് ആക്കി.. പിന്നെ വന്ന്ട്ടില്ല..അയ്യാക്ക് രവീടെ പേരും പറഞ്ഞ് പോലീസ് അയ്യാടെ വീട്ടീ വരണത് ഇഷ്ടല്ലാന്ന് ദേവുഅമ്മ്യാ ചൊക്ളിയോട് പറഞ്ഞതേയ്..

ചൊക്ളി പിന്നീം പിന്നീം വിളിച്ചു..

വിളിയേക്കണില്ല.. ഉരുളാണ് വഴീല് കെടന്നിട്ട്.. വല്ലാണ്ട് പരോശാന്ന് ആ ഉരുളല് കണ്ടപ്പോ ചൊക്ളിക്ക് തിരിഞ്ഞു. മൊയ്തീന്റെ വീടാണട്ത്ത്. ചൊക്ളി അങ്ങട്ടേക്ക് ഓടി..

‘മൊയ്തീൻക്കാ’… ‘മൊയ്തീൻക്കാ’ ന്ന് രണ്ടു തൊള്ളയിട്ടപ്പൊ മൊയ്തീൻ വാതല് തൊറന്നു എറങ്ങി വന്നു.

വിവരറിഞ്ഞ് മൊയ്തീൻക്കയും നസീറീക്കേടെ എളേത് നവാസിക്കേം ചൊക്ളീടൊപ്പം പാഞ്ഞ്. പാഞ്ഞോണം പാഞ്ഞ് ശൂലപാണി വാര്യര്ടേ അട്ത്തെത്തി. വാര്യര് നെലോളി നിർത്തീട്ട് പട്ടീടന്തി കെതക്കാര്ന്ന്. ഒരന്തല്ലാത്ത കെതപ്പ്.. മൊയ്തീൻക്കാ വാര്യരെ എണീപ്പിക്കാൻ നോക്കി.. പറ്റ്ണില്ല. കൊഴഞ്ഞ് കൊഴഞ്ഞ് പോവ്വാണ്..

പെട്ടെന്ന് വാര്യര് ഒന്ന് പെടഞ്ഞ്..വായ ഒരു ലേശം തൊറന്ന്.. മൊയ്തീൻക്കേടെ കൈയീ കെടന്ന് ന്നെ അനങ്ങാണ്ടായി…

മൊയ്തീൻക്കേം നവാസിക്കേം ‘എൻറള്ളോ’ന്ന് ഒറക്കെ നെലോളിച്ചപ്പോ ചൊക്ളീം വിളിച്ച് ‘എൻറള്ളോ’ന്ന്.. വേറൊന്നും അന്നേരം കിട്ടീല്ല. ദേവുഅമ്മ വിളിക്കണ പോലെ ‘ആലൂരപ്പാ’ന്നും ചൊക്ളി വിളിക്കാറ്ണ്ട്. അവരടെ അടുത്താവുമ്പോ…

മൊയ്തീൻക്കാ നവാസിക്കേടെ കൈയും പിടിച്ച് വാര്യംകെണറിൻറവിടേക്ക് പാഞ്ഞു. ചൊക്ളിക്ക് പേടി വന്നു. അവൻ വെയർത്തു. തന്നേള്ളൂ.. വാരര് മാഷ്ടെ കൈ ഒന്നൂടി പിടിച്ചോക്കി. ‘മാഷേ…വാരര് മാഷേ’ന്ന് വിളിച്ചോക്കി…അനക്കല്യ… പിന്നെ നിന്ന് ല്യ. അവൻ അവടന്ന് ഓടി..അന്തോണി മാപ്ളേടെ കടേടെ മുന്നില് കുത്തീരുന്ന് കെതച്ചു.

മൊയ്തീന് ആ പാതിരാ നേരത്ത് പടച്ചോനോടന്നെ പെണക്കം വന്നു. ഊദ്രവിക്കണേന് കണക്കൊന്നൂല്ലേ.. വാര്യത്തെ ഉമ്മറത്ത് ലൈറ്റ് കത്തികെട്ക്ക്ണ്ട്. വാതല് തൊറക്കണില്ല. ആരും വിളിയേക്കണില്ല. കൊറച്ച് നേരം ഒച്ചേം വിളീം എട്ത്തിട്ട് മൊയ്തീൻ നവാസിന്റെ കൈയും പിടിച്ച് മറിയപ്പാറേല് തന്നെ തിരിച്ചെത്തി.

ചൊക്ളി അന്തോണി മാപ്ളേടെ കടേടെ മുന്നീത്തന്നെ ഇരിക്കാര്ന്നു. പാറേപ്പോയി കെടക്കാൻ അവന് പേടിയായി. മൊയ്തീൻക്കേം നവാസിക്കേം ആ കടവരാന്തേല് ഇരുന്നപ്പളാണ് അവന്റെ ശാസം നേരെയായത്.

നവാസിക്ക ഒറക്കം തൂങ്ങി വീണോണ്ടിര്ന്നു. ചൊക്ളിക്ക് ഒറക്കം വന്നേയില്ല. മൊയ്തീൻക്ക മിണ്ടണേയില്ലാന്ന് അവൻ കണ്ടു. അതും അവന് വല്യ വെഷമായി.

രാത്രി മൂന്നുമണിയായപ്പോ നേമവെടി പൊട്ടണ ഒച്ച കേട്ടു. ത് രപ്പേര്ത്തേവര്ടെ അമ്പലത്തീ പൊട്ടണ വെട്യാണ്. ദേവുഅമ്മ പറഞ്ഞ് തന്നെയാണ്. ആലൂര് പൊഴ ആ തേവരവടീം പോണ് ണ്ട്. അതാ ങ്ങനെ പൊഴേക്കൂടി നേമവെടിയൊച്ച കേക്കണത്…

മൊയ്തീൻക്ക എണീറ്റ് വല്യോരു കോട്ടുവായേം ഇട്ട് നവാസിക്കേം തട്ടിയെണീപ്പിച്ച് ട്ട് പറഞ്ഞു. ‘നേമബെടിയൊച്ച കേട്ട്.. അന്തോണ്യാപ്ളേം ഗോവാലന്നായരേം ബിളിച്ച് ബരാടാ.. ചൊക്ളീം ബേണം. കോടംകരേലെ പോലീറ്റേഷനീ പറേണം. നീയല്ലേ ആദ്യം കണ്ട്..ഇബടെ ഇരി.. എല്ലാരായിട്ട് ബരാം’

മൊയ്തീൻക്ക പോയപ്പോ ചൊക്ളി തുള്ളിവെറച്ചു പോയി. പോലീസാരേ പേട്യാണ്.. രവീനേം അന്നേഴിച്ച് പോലീസാര് വന്ന് അങ്ങാടീല്ണ്ടാക്കിയ തൊയിരക്കേട് ചൊക്ളി മറന്നിട്ടില്യ. ആ രവീടെ അച്ഛനേണ് വാരര് മാഷ്…

ചൊക്ളിക്ക് കരച്ചല് വന്നു… ആരേ വിളിച്ചാ കരയാ.. അത് നും കൂടി ആരൂല്ലല്ലോ ചൊക്ളിക്ക്….

വല്ലാത്ത ഒരു ഗെഡുവന്നെ..

നേരം വെളിച്ചാവുമ്പോളേക്കും ഒക്കേറ്റ്നും ഒരു വെളിവായി. അന്തോണി മാപ്ള മാത്രല്ല തൃസ്സ്യക്കുട്ടീം ഗോപാലേട്ടനും സര്വേടത്തീം കേട്ടോരും അറിഞ്ഞോരും ഒക്കെ വന്നു. കുശത്ത്യോളും ചെട്ടിച്ച്യോളും വന്നു. ആകെക്കൂടി എരമ്പായി.

വാര്യത്ത് ആരൂല്യാന്നാ മൊയ്തീൻ വിചാരിച്ചേ.. അതങ്ങനല്ലാന്ന് ചെട്ടിച്ച്യോള് കണ്ടുപിടിച്ചു. രവീടെ അമ്മേം പെങ്ങളും അവടെ കെടപ്പ്ണ്ട് ന്ന് അങ്ങന്യാണ് അറിഞ്ഞത്.

ഇപ്പോ എല്ലാര്ക്കും എല്ലാം വെളിവായി. അവര് എൻഡ്രിൻ ന്ന് പറേണ വെഷാണ് കുടിച്ചത് ന്ന് വരെ ചെട്ടിച്ച്യോള് വെറ്തേ നോക്കി കണ്ടുപിടിച്ചു കളഞ്ഞു. പോലീസും പട്ടാളോം ഒന്നും വരേണ്ട കാര്യല്ല അത് പറയാൻ. ചെട്ടിച്ച്യോള് ന്നെ മതി. അവരടെ എടേല് എൻഡ്രിൻ കുടിച്ചോരും ചത്തുകെട്ടു പോയോരും കൊറെണ്ടാരുന്നു. കണ്ട് പരിചയള്ളവർക്ക് പെട്ടെന്ന് അറിയാമ്പറ്റുംന്നാ ചെട്ടിച്ചികള് പറയണത്.

രവീടെ വിവരോന്നുല്ലാണ്ട് വാരര് മാഷ് പരോശനാരുന്നു. സത്യാണ്. പോലീസിനേം മുഖ്യമന്ത്രീനേം എന്ന് വേണ്ട ആര്യൊക്കെയാണ് കണ്ടേ, ആര്ടെ അട്ത്തൊക്ക്യാണ് ദണ്ഡം പറഞ്ഞേ.. ഒരു കയ്യും കണക്കുംല്ലാണ്ട് ഓടിനട്ക്കേര്ന്ന് പാവം. എന്നാലുങ്ങനെ മോനേക്കാണാൻ പറ്റാണ്ട് വെഷം കുടിക്കണ്ടി വന്നല്ലോന്ന് എല്ലരുക്കും നെഞ്ചു പൊട്ടി. ആങ്കുട്ടിണ്ടായിട്ടും പഠിച്ച്ട്ടും ജോലി കിട്ടീട്ടും വാരര്ക്ക് ഒരു കാര്യോണ്ടായില്ല. മോള് രമേ പാകം പോലെള്ള സമേത്ത് നല്ലോരു വാര്യത്തേക്ക് കെട്ടി അയച്ചിട്ടും ഗുണോന്നുണ്ടായില്ല. ചെല മനിഷേരടെ ജീവിതം അങ്ങന്യാണ്. നാട്ട്നടപ്പ് പറേണ കാര്യൊന്നും അവരടെ ജീവിതത്തില് കാണാമ്പറ്റ്‌ല്ല്യാ..

പോലീസ് വന്നു. ചൊക്ളി പേടിച്ച് വെറച്ച് നിക്കാരുന്നു. എന്തേലും ചോദ്ച്ച് എടങ്ങേറായ പിന്നെ …പോലീസല്ലേ ജാതി..

മൂന്നു ശവോം നെരത്തി കെടത്തീപ്പോ ആലൂര് ദേശം മുഴുവനും നെഞ്ചത്തടിച്ചു നെലോളിച്ചു. ആ ദേശത്ത് ആദ്യായിരുന്നു അങ്ങനൊരു കാര്യം. ഒരു വീട് മുഴോനപ്പാടെ അങ്ങട്ട് ഇല്ലാണ്ടാവാ…പോലീസും ഗവർമെന്റും ഒക്കെ കാരണായിട്ട് ഒരു വീട് അങ്ങട്ട് തീർന്ന് പോവ്വാ…

പിന്നീടുള്ള കാലത്ത് കൃഷി മുടിഞ്ഞിട്ടും, പലിശ കേറീട്ടും, ജപ്തി വന്നിട്ടും ഒക്കെ അങ്ങനെ മരിക്കല് പതിവാവുന്ന് അപ്പോ ആരുക്കും അറീല്ലല്ലോ. അത് ഭാവീല് വരാമ്പോണല്ലേ ഉണ്ടാരുന്നുള്ളൂ.

പോലീസുകാര് രവിയേ എവിടെയാ വെച്ചേക്കണതെന്ന് ആര്ക്കും അറിയില്ല. ശവം എടുക്കാൻ വന്ന പോലീസിനും അറീല്ല. രവീടെ പെങ്ങള് രമേടെ ഭർത്താവ് വന്നില്ല. അയാള് ബന്ധം പിരിഞ്ഞ പോല്യാണെന്ന് അന്നേരത്താണ് ആലൂര് കാര്ക്ക് മനസ്സിലായ്ത്.

പോലീസ് ആംബുലൻസ് വിളിച്ച് ശവങ്ങള് പോസ്റ്റ്‌മാർട്ടത്തിന് കൊണ്ടോയപ്പോ മൊയ്തീനും ഗോപാലേട്ടനും ഒരു പഴേ സൈക്കളും ചവിട്ടി പോലീസാരടെ പഴേ ജീപ്പിന്റെ പിന്നാലേ പോയി.. വാര് ര് മാഷ്ടെ ഭാര്യവീട്ടീന്ന് വന്ന ഒരു ചെറുപ്പക്കാരനും ഭാര്യേം ഒന്ന് രണ്ട് വയസ്സന്മാരും ഒരമ്മൂമ്മേം ഏങ്ങിക്കരഞ്ഞോണ്ട് വാര്യത്തേക്ക് മടങ്ങി. ശവങ്ങള് ഇങ്ങട്ട് കൊണ്ടരും പറമ്പിലന്നെ ദഹിപ്പിക്കും…എന്തായാലും രവി വരാണ്ടിരിക്കില്യല്ലോ. അപ്പോ ദഹിപ്പിച്ചേടെങ്കിലും കാണാലോ…

ചൊക്ളി ദേവുഅമ്മേടെ കടേല് വന്ന് ഇരുന്നു. അവനാകെ ഒര് തളർച്ച്യായി. കൈയും കാലും പേരണില്ല. എങ്ങട്ടും പോവാനും ഇല്യ. മടുപ്പിലും വെഷമത്തിലും മൊഖം കനച്ചു വന്നു.

ദേവുഅമ്മ അന്നേരത്താണ് അവനോട് ചായയിടാൻ പറഞ്ഞേ. ചായേണ്ടാക്കി അന്തോണി മാപ്ളേടെ ആടണ മേശപ്പൊറത്ത് കണക്കെഴ്തണ പൊട്ടിയ സ്ലേറ്റിൻറടുത്ത് വെച്ചപ്പോ മാപ്ള അവന്റെ തോളത്ത് കൈയമർത്തിപ്പിടിച്ചു.

എന്താണ്ടേയേന്ന് ചൊക്ളിക്കറീല്ല, പെട്ടെന്ന് അവൻ ഒറക്കെ നെലോളിച്ചങ്ങട്ട് കരഞ്ഞു. നീയ്യ് കുട്ട്യല്ലേ.. പോട്ടെടാ.. വെഷമിക്കല്ലേന്ന് മാപ്ള പറഞ്ഞതൊന്നും നെലോളിക്കണേൻറെടക്ക് ചൊക്ളി കേട്ട് ല്ല്യ.

അവൻ കൊറെ കരഞ്ഞു. പട്ടീടന്തി നിറുത്താണ്ട് ഓളിയിട്ട് അങ്ങട്ട് കരഞ്ഞു. മാപ്ളേടെ കണ്ണിലും വെള്ളം പൊട്ടി..രവീടെ കാര്യാണോ ചൊക്ളീടെ കാര്യാണോ എന്താ കാരണന്ന് അന്തോണി മാപ്ളക്കും തിരിഞ്ഞില്ല.

(തുടരും….)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top