Flash News

എല്‍ ഡി എഫ് സര്‍ക്കാരിന് മറ്റൊരു പ്രഹരം; പ്രതിപക്ഷത്തിരുന്നപ്പോള്‍ നിയമസഭയില്‍ നടത്തിയ ആക്രമണ കേസ് പിന്‍‌വലിക്കാനാകില്ലെന്ന് കോടതി

September 22, 2020 , പ്രസീത

തിരുവനന്തപുരം | പ്രതിപക്ഷത്തിരുന്നപ്പോള്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധാക്രമണ കേസ് പിന്‍‌വലിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെയൊരു ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കരുതെന്നും താക്കീതു നല്‍കി.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയാണ് അന്ന് പ്രതിപക്ഷത്തിരുന്ന, ഇപ്പോള്‍ മന്ത്രിസഭയിലുള്ളവര്‍ നിയമസഭയില്‍ ആക്രമണം അഴിച്ചുവിട്ടത്. സ്പീക്കറുടെ കസേര വലിച്ചെറിയുകയും കം‌പ്യൂട്ടര്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും മറ്റും ചെയ്ത കേസിലാണ് പോലീസ് കേസെടുത്തത്. ഇപ്പോള്‍ ആ കേസ് പിന്‍‌വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം നിലനില്‍ക്കില്ല എന്നും തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.

കേസില്‍ ഇന്നത്തെ മന്ത്രിമാരായിട്ടുള്ള കെടി ജലീല്‍, ഇപി ജയരാജന്‍ ഉള്‍പ്പെടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാരെ പ്രതിചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് പിന്‍വലിക്കാനായി മുഖ്യമന്ത്രി ഉത്തരവിട്ടത്. കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവും ബിജെപിയും തടസ്സവാദം ഉന്നയിച്ചിരുന്നു.

ജനപ്രതിനിധികള്‍ക്കെതിരായുള്ള കേസ് പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ആദ്യം ഈ കേസ് മാറ്റിയിരുന്നു. പിന്നീട് തിരുവനന്തപുരം സിജെഎം കോടതിയോട് തന്നെ വിശദമായുള്ള വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തടസ്സവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരുടെയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ വേണ്ടി നടന്ന ബഹളങ്ങളാണ് ഈ കേസിന് ആസ്പദം. അന്നത്തെ കയ്യാങ്കളിയില്‍ നിയമസഭയ്ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട കാര്യങ്ങളാണ് അന്ന് നടന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top