Flash News

മലയാളം സൊസൈറ്റി സെപ്തംബര്‍ മാസത്തെ സമ്മേളനം 13-ാം തിയ്യതി നടത്തി

September 23, 2020

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഭാഷാ സ്‌നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ സെപ്തംബര്‍ മാസത്തെ സമ്മേളനം 13 -ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സ് കോളിലൂടെ നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. മലയാളം സൊസൈറ്റിയുടെ മീറ്റിംഗില്‍ ആദ്യമായി പങ്കെടുത്ത ഗോപിനാഥ് പിള്ളയേയും സഹധര്‍മ്മിണി ശാന്തമ്മ പിള്ളയേയും മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് പൊന്നു പിള്ള പരിചയപ്പെടുത്തി. അതുപോലെ ആദ്യമായി പങ്കെടുത്ത നവീന്‍ അശോകിനെ ജോസഫ് തച്ചാറ പരിചയപ്പെടുത്തി.

മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ്, അദ്ദേഹം രചിച്ചതും രാജേഷ് എന്ന ഗായകന്‍ ആലപിച്ചതുമായ ഓണം എന്ന കവിത സദസ്യര്‍ക്കായി അവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം എല്ലാവര്‍ക്കും ഓണാശംസകള്‍ അര്‍പ്പിക്കുകയും മലയാളം സൊസൈറ്റിയെക്കുറിച്ച് പുതുതായി വന്നവര്‍ക്കുവേണ്ടി ചുരുക്കമായി പരിയപ്പെടുത്തുകയും ചെയ്തു. എ.സി. ജോര്‍ജ് മോഡറേറ്ററായി പ്രഭാഷണ വിഷയങ്ങളായ ഓണത്തെക്കുറിച്ച് തോമസ് കളത്തൂരും മഹാബലിയെക്കുറിച്ച് ഒരു ലഘു ചിത്രീകരണം ഗോപിനാഥ് പിള്ളയും അവതരിപ്പിച്ചു.

“മാവേലി നാടുവാണിടും കാലം’ എന്നു തുടങ്ങുന്ന കവിത ഉദ്ധരിച്ചുകൊണ്ടാണ് തോമസ് കളത്തൂര്‍ ഓണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രബന്ധം ആരംഭിക്കുന്നത്. അങ്ങനെ സ്തുത്യര്‍ഹമായ ഭരണം നടത്തിവന്ന ഒരു ഭരണകര്‍ത്താവിനെ, അദ്ദേഹത്തിന്റെ വാക്കിന്റെ ഇന്റെഗ്രിറ്റി അഥവാ ആര്‍ജ്ജവത്തെ, സത്യസന്ധതയെ ചൂഷണം ചെയ്തുകൊണ്ട് ദാനശീലത്തെ എക്‌സ്‌പ്ലോയിറ്റ് ചെയ്തുകൊണ്ട്, ഒരു അസുരനെ ലോകം അംഗീകരിക്കുന്നതില്‍ സഹിക്കവയ്യാഞ്ഞിട്ടാവാം ദേവന്മാര്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. ഇതേ രാഷ്ട്രീയം തന്നെയാണ് സ്വര്‍ഗ്ഗത്തിലെ ഏദന്‍ തോട്ടത്തില്‍ നടന്നതും. അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചു എന്ന കാരണത്താല്‍ ചവിട്ടി പുറത്താക്കപ്പെട്ട ആദം- ഹൗവ്വാമാരുടെ കഥയാണ് മറ്റൊരു ഐതീഹ്യം. ഇതൊക്കെ സ്വീകാര്യമായ അനീതികളായി അംഗീകരിപ്പിക്കുകയാവാം ലക്ഷ്യം: മതത്തിന്റെ രാഷ്ട്രീയം. എന്നാല്‍ ഈ മിത്തുകളെ ചരിത്രസത്യങ്ങളായി അക്ഷരംപ്രതി വിശ്വസിച്ച് കൊല്ലിനും കൊലയ്ക്കും വരെ തയ്യാറാകുന്ന അന്ധവിശ്വാസികള്‍ക്ക് അയ്യോ കഷ്ടം! മനുഷ്യരെ മണ്ടന്മാരാക്കാന്‍ രാജാക്കന്മാരെ രാജ്യതന്ത്രം ഉപദേശിക്കുന്ന ചാണാക്യസൂക്തങ്ങള്‍ ഇതെ സ്വീകാര്യമായ അനീതികള്‍ ചെയ്യാന്‍ പഠിപ്പിക്കുന്നു.’

“അതെന്തുമാകട്ടെ നമുക്ക് മറ്റൊരു ദിശയില്‍ നിന്നും ഐതീഹ്യങ്ങളെ, പ്രത്യേകിച്ച് നമ്മുടെ ഓണത്തെ നോക്കിക്കാണാം’ ഇതേരീതിയില്‍ അദ്ദേഹത്തിന്റെ അവതരണം മുന്നേറി. ഇവിടെ തോമസ് കളത്തൂര്‍ വ്യത്യസ്തവും പഠനാര്‍ഹവും ചിന്തോദ്ദീപകവുമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു.

മഹാബലിയെക്കുറിച്ച് ഒരു ലഘുചിത്രീകരണമാണ് ഗോപിനാഥ് പിള്ള അവതരിപ്പിച്ചത്. രൂപരഹിതനായ ഈശ്വരനു രൂപം നല്‍കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ രൂപത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടവയറുള്ള മഹാബലിയെ അവതരിപ്പിച്ച് അദ്ദേഹത്തിന്റെ ഈശ്വരസാന്നിദ്ധ്യത്തിന്റെ ആഴത്തെ ചുരുക്കികളയുന്ന പ്രവണതയെ പരാമര്‍ശിച്ചു. രൂപംകൊണ്ടല്ല മഹാബലിയെ ഓര്‍ക്കേണ്ടത്, മറിച്ച് മനുഷ്യവര്‍ഗത്തെ സ്‌നേഹിച്ച ഒരു ചക്രവര്‍ത്തിയായിട്ടാണ് കാണേണ്ടതെന്ന് ഓര്‍പ്പിച്ചു. ഗ്രാമങ്ങളില്‍നിന്ന് ഓണാഘോഷം പട്ടണങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ഓണത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പൊതു ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, ഗോപിനാഥ് പിള്ള, ശാന്തമ്മ പിള്ള, നവിന്‍ അശോക്, ഈശോ ജോക്കബ്, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജയിംസ് ചിറത്തടത്തില്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതഞ്ജതാ പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217.

മണ്ണിക്കരോട്ട് (www.mannickarottu.net)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top