ബഹുമാന്യ സി.പി.എം. സൈബർ സൈനികരോട്

സി.പി.എം. സൈബർ സൈനികരേ, നിങ്ങൾക്ക് വിപ്ലവമെന്ന ആത്യന്തിക ലക്ഷ്യത്തിൽ അതിവേഗം എത്താൻ ചില എളുപ്പ വഴികളുണ്ട്. അറിയണമെങ്കിൽ ഇതിലെ ഓരോ വരിയും ശ്രദ്ധിച്ച് വായിക്കുക.

സൈബർ സൈനികരും മനുഷ്യ സ്നേഹികളാണെന്നറിയാം. അതുകൊണ്ടാണല്ലോ നിങ്ങൾ കമ്മ്യൂണിസ്റ്റുകളായത്. അതുകൊണ്ടുണ്ടല്ലോ നിങ്ങൾ ആരുടെയും ശരീരത്തിനോ മനസിനോ മുറിവേൽപ്പിക്കാത്തത്. നിങ്ങളുടെ പാർട്ടി വിട്ടു പോയാൽ പോലും നിങ്ങളിൽ ചിലർ അവരുടെ ചുറ്റും നിന്ന് സംരക്ഷണം ഒരുക്കുന്നത്.

നിങ്ങൾ ഫേസ്ബുക്കിൽ കമ്മ്യൂണിസം വിതറി രാജ്യത്തെ രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്ന് അറിയാം. ആ സൂര്യോദയത്തിനാണ് ഞങ്ങളും കാത്തിരിക്കുന്നത്. നിങ്ങളുടെ അദ്ധ്വാന ഫലം കൊണ്ടാണ് കേരളം ഇതുപോലെ ആയതെന്നും അറിയാം. രാജ്യം നിലനിൽക്കാൻ പോകുന്നത് ഫേസ്ബുക്കിലെ നിങ്ങളുടെ തുടർ സംഭാവനകൾ കാരണം ആയിരിക്കുമെന്നും അറിയാം.

നിങ്ങൾ ഉണർന്നിരിക്കുന്നതിനാലാണ് ഫാസിസം നമ്മെ കീഴടക്കാതിരിക്കുന്നത്. നിങ്ങളുടെ ജാഗ്രത കാരണമാണ് നാട്ടിൽ കുറ്റകൃത്യങ്ങളോ കള്ളക്കടത്തോ പരീക്ഷാ തട്ടിപ്പോ പി.എസ്.സി. അഴിമതികളോ ഇല്ലാത്തത്. നിങ്ങളുടെ സേവനങ്ങളുടെ വില ഈ നാട് മനസിലാക്കുന്നു.

ഇനി വിഷയത്തിലേക്ക്. നിങ്ങൾ സമൂഹ മാധ്യമങ്ങളിലെ ഭാഷയിൽ അല്പം കൂടി ശ്രദ്ധിക്കണം. അല്പം മതി, കൂടുതൽ വേണ്ട. അത് നിങ്ങളെക്കൊണ്ടാവില്ല.

നമ്മുടെ നാട്ടിലെ വലിയ മഹാന്മാരെല്ലാം കൂടി ഇടപെട്ട് മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കായിട്ടുണ്ട്. ആദ്യം അതെന്താണെന്ന് ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം. ഊള, മരയൂള തുടങ്ങിയ പദങ്ങൾ മനുഷ്യർക്കെതിരെ പ്രയോഗിക്കാൻ ശ്രേഷ്ഠ ഭാഷ അനുവദിക്കുന്നുണ്ടാ എന്ന് അന്വേഷിക്കണം. സ്വന്തം പാർട്ടിയിലെ സുഹൃത്തുക്കളെ സഖാവെന്ന് വിളിക്കാൻ പഠിപ്പിച്ച പാർട്ടി അന്യ പാർട്ടിക്കാരെ സംബോധ ചെയ്യാനുള്ള വാക്കുകളും പഠിപ്പിച്ചു കാണുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ പഠിപ്പിച്ചിട്ടില്ലെങ്കിൽ ഞാൻ വിട്ടു കളയുന്നു.

പിന്നെ, നിങ്ങളേക്കാൾ പ്രായത്തിന് മൂത്ത പാർട്ടിക്കാരനെയും നിങ്ങൾ സഖാവെന്നാണ് വിളിക്കുന്നത്. അതിനി നൂറ് വയസിനോടടുത്ത് പ്രായമുണ്ടെങ്കിലും. എന്നാൽ എതിർ പാർട്ടിക്കാരെ സംബാധന ചെയ്യുമ്പോൾ അവർക്ക് നല്ല പ്രായമുണ്ടെങ്കിലും എടാ, പോടാ എന്നും മറ്റവനേ, മറിച്ചവനേ എന്നും ചിലപ്പോൾ തെറികളും വിളിക്കാൻ നിങ്ങളെ പാർട്ടി ക്ലാസിൽ പഠിപ്പിച്ചു കാണില്ല എന്നാണ് എന്റെ ഉത്തമ വിശ്വാസം. കാരണം എനിക്ക് അടുപ്പമുള്ള നല്ല സി.പി. എം. നേതാക്കൾ വലിയ മാന്യന്മാരാണ്. എന്നെ അവർ പേര് തന്നെയാണ് വിളിക്കുന്നത്. ഞാൻ തിരിച്ചും.

എന്നെ എടാ, പോടാ എന്നൊക്കെ ഫേസ്ബുക്കിൽ വന്ന് വിളിച്ച ചിലരുടെ പ്രായം ഞാൻ നോക്കി. എന്റെ മക്കളേക്കാൾ ചെറുപ്പമാണ്. പലരും പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ.യിൽ അംഗങ്ങളാണ്. അല്ലെങ്കിൽ ഡി.വൈ.എഫ്.ഐ. യിൽ. അതിലൊരാൾ ഇന്നലെ പറഞ്ഞു, അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കോൺഗ്രസുകാരാണെന്ന്. അയാളുടെ ഭാഷ ശ്രദ്ധിക്കുക. അയാൾ എന്നെ എടാ എന്നോ മറ്റോ വിളിക്കുന്നില്ല. എനിക്ക് ആ കമ്മ്യൂണിസ്റ്റിന്റെ കോൺഗ്രസ് പിതാവിനോട് ആദരവ് തോന്നി. എന്നാൽ എല്ലാ എസ്.എഫ്.ഐ. ക്കാരുടെയും പിതാക്കൾക്ക് കോൺഗ്രസ് ആകാൻ കഴിയില്ലെന്ന് എനിക്കറിയാം. എങ്കിലും നിങ്ങൾ ഉപയോഗിക്കുന്ന ഭാഷ വഴി എന്നെക്കൊണ്ട് നിങ്ങളുടെ പിതാക്കന്മാരെ ബഹുമാനിപ്പിക്കാൻ എല്ലാ എസ്.എഫ്.ഐ. കുട്ടികളും ശ്രമിക്കണം. ഡി.വൈ.എഫ്.ഐ ക്കാരും. നിങ്ങൾ സ്വന്തം അച്ഛനെ എടാ, പോടാ എന്നൊക്കെയാണ് വിളിക്കുന്നതെങ്കിൽ എനിക്ക് പരിഭവമില്ല. നിങ്ങൾക്ക് ചികിത്സ കിട്ടാത്തതിലുള്ള വിഷമം മാത്രമേയുള്ളു.

മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭാഷ പരിഷ്കരിക്കുക. മാതൃഭാഷ ശരിയായി ഉപയോഗിക്കാൻ പഠിക്കുക എളുപ്പമാണ്. ജർമൻ സായിപ്പ് ഗുണ്ടർട്ടിന് നമ്മുടെ ഭാഷ പഠിക്കാമെങ്കിൽ നിങ്ങൾക്കും കഴിയണം. പാർട്ടി അതിന് സഹായിക്കുന്നില്ലെങ്കിൽ ഇന്റർനെറ്റിന്റെ സഹായം തേടുക. ചില മന്ത്രിമാരുടെ പ്രസംഗങ്ങൾ കേൾക്കാതെയുമിരിക്കുക.

സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ എനിക്ക് ഒരു കഥ പറഞ്ഞു തന്നട്ടുണ്ട്. ആ കഥയാണ് താഴെ.

രണ്ടുപേർ തമ്മിൽ തർക്കമുണ്ടായി. അതിൽ ഒരാൾ മറ്റേയാളെ കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചു. രണ്ടാമത്തെയാൾ തിരികെ വെണ്ടയ്ക്ക, വഴുതനങ്ങ, അയല, പുട്ട്, ദോശ എന്നൊക്കെ തിരികെ വിളിച്ചു. കേട്ടു നിന്ന മൂന്നാമത്തെയാൾ രണ്ടാമനോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങളെ അയാൾ പുളിച്ച തെറി പറഞ്ഞപ്പോൾ തിരികെ തെറി പറയാതെ എന്തിനാണ് ഭക്ഷണപദാർത്ഥങ്ങളുടെ പേര് പറഞ്ഞതെന്ന്.

രണ്ടാമന്റെ മറുപടിയാണ് അറിഞ്ഞിരിക്കേണ്ടത്…

“അവൻ തിന്നുന്ന സാധനങ്ങളുടെ പേര് അവൻ പറഞ്ഞു, ഞാൻ തിന്നുന്ന സാധനങ്ങളുടെ പേര് ഞാൻ പറഞ്ഞു.”

സംഗതി സിംപിൾ. എന്നെ തെറിവിളിക്കുന്നവരെ ഞാൻ തിരികെ തെറി വിളിക്കില്ല. നമ്മുടെ പഠനം രണ്ടാണ്. മരിച്ചു പോയ എന്റെ അച്ഛനെ ഞാനിവിടെ ഇപ്പോഴും ഓർത്തത് കണ്ടില്ലേ? നിങ്ങളുടെ അച്ഛനെ നിങ്ങൾക്കിതുപോലെ ഓർക്കാൻ കഴിയണ്ടേ? പഠനത്തെപ്പറ്റി പറഞ്ഞതു കൊണ്ട്. തെറി വിളിക്കുന്ന ചിലർ വിദ്യാഭ്യാസമുള്ളവരാണ്. നാട്ടിലെ വിദ്യാഭ്യാസത്തിന്റെ നിലവാര വിഷയങ്ങളിലേയ്ക്ക് ഇപ്പോൾ കടക്കുന്നില്ല. എന്തിനാ പഠിച്ചതെന്നും ചോദിക്കുന്നില്ല. പക്ഷേ ഒരു കാര്യം ഓർക്കണം. നിങ്ങളുടെ തെറികൾ കാണുന്നവർ നിങ്ങളുടെ പ്രൊഫൈലിൽ പോകും. അവിടെ നിങ്ങൾ പഠിച്ച കോളേജുകൾ ഏതാണെന്ന് നോക്കും. അവിടെ അറിയപ്പെടുന്ന പല അദ്ധ്യാപകരും കാണും. അവർക്ക് ക്ഷീണമുണ്ടാക്കരുത്.

ഒരു പ്രധാന കാര്യം കൂടി പറഞ്ഞ് നിർത്താം. ഫേസ്ബുക്കിലൊക്കെ വന്ന് തെറി പറയുമ്പോൾ അച്ഛനെയും അമ്മയെയും ഒക്കെ ഒഴിവാക്കണം. ഉള്ള സാഹചര്യങ്ങളിൽ എന്നെ ശ്രദ്ധിച്ചും കരുതലോടെയും വളർത്തിയ മാതാപിതാക്കളോട് എനിക്ക് വലിയ ബഹുമാനമാണ്. എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് എന്റെ അഭിപ്രായം. നിങ്ങളെ വളർത്തിയത് എങ്ങനെയാണെങ്കിലും ജന്മം തന്നവരോട് നിങ്ങൾക്ക് ബഹുമാനം വേണം. ഞാൻ അതേ ഭാഷയിൽ തിരികെ ഒരാളുടെയും അച്ഛനെയോ അമ്മയെയോ തെറി പറയില്ല. എന്നാൽ തിരികെ പറയുന്നവരും ഉണ്ടാകും. ജനിപ്പിച്ചവരെ അങ്ങനെ തെറി കേൾപ്പിക്കത്. നിങ്ങൾ വിളിച്ചത് ഞാൻ ക്ഷമിച്ചിരിക്കുന്നു. അറിവില്ലായ്മ കൊണ്ടാണെന്ന് ആശ്വസിക്കുന്നു.

അമ്മയെ ആരോ തെറി പറഞ്ഞപ്പോൾ വേദന തോന്നി. അമ്മയുടെ ആരോഗ്യം വളരെ വഷളാണ്. ഐ.സി.യു. ജീവിതത്തിന് ശേഷം ഇപ്പോൾ വീട്ടിലാണ്. അച്ഛനും അനിയത്തിയും കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി. അമ്മയെ സംരക്ഷിക്കാൻ കൂടിയാണ് ഞാൻ തിരികെ വന്നത്. എനിക്കുണ്ടായെന്ന് ഞാൻ കരുതുന്ന വളർച്ചകളുടെ കാരണം അമ്മയാണ്. ഇപ്പോൾ അമ്മ കിടപ്പാണ്. ഓർമ്മ വല്ലാതെ കുറഞ്ഞു. എന്നെപ്പോലും തിരിച്ചറിയാത്ത സമയമാണ് കൂടുതൽ. ഈ തിരക്കുകൾക്കിടയിലാണ് സൈബർ സൈനികരുടെ തെറികൾ. എന്നെ കൈപിടിച്ചു വളർത്തിയ അമ്മ ഇപ്പോൾ എന്റെ ശബ്ദം തിരിച്ചറിയുമ്പോൾ എന്റെ കൈവിരലിൽ മുറുകെ പിടിക്കുന്ന അവസ്ഥയിലാണ്. അതിന്റെ ചിത്രമെടുത്തത് കുറച്ചു ദിവസം മുമ്പാണ്. ആരെയും കാണിച്ചിരുന്നില്ല.

നിങ്ങൾ സ്ത്രീകളെയും തെറിവിളിക്കുന്നവരാണെന്നറിയാം. അതിനാൽ സൈബർ ഭീകരരാണെങ്കിലും നിങ്ങൾക്കെതിരെ ഞാൻ തൽക്കാലം പരാതി കൊടുക്കുന്നില്ല. ഇത് വായിക്കുന്ന നിങ്ങളുടെ പാർട്ടിക്കാർക്കിടയിൽ ബോധമുള്ളവർ ഉണ്ടെന്ന് എനിക്കറിയാം. അവരാരെങ്കിലും നിങ്ങളെ തിരുത്തിക്കൊള്ളും.

എന്നെ വിരട്ടി എന്റെ കർത്തവ്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാമെന്ന് വെറുതേ തെറ്റിദ്ധരിച്ചു പോകരുത്. യൂണിവേഴ്സിറ്റി കോളേജ് മുതൽ ഇത് കണ്ടു ശീലിച്ചതാണ്. കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസ് വേഷം കാണുമ്പോൾ ആർക്കെങ്കിലും പേടിയാകുമോ?

നിങ്ങളുടേത് പോലെ എന്റെയും സമയം വിലപ്പെട്ടതാണ്. കൊവിഡിനെറ്റി എനിക്ക് പലതും എഴുതണം. അത് നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. അതിന് സമയം വേണം. അതിനാൽ ഞാനിനി ഇക്കാര്യം എഴുതാൻ ഉദ്ദേശിക്കുന്നില്ല. വേണമെങ്കിൽ ഇത് വായിച്ച സൈനികർക്ക് സ്വയം നന്നാകാം. അല്ലെങ്കിൽ സമയമുള്ള ആരെങ്കിലും നിങ്ങളെ നന്നാക്കിക്കൊള്ളും.

ഡോ: എസ്. എസ്. ലാൽ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News