Flash News

പേരാമ്പ്ര വെൽഫെയർ സ്കൂളിനോടുള്ള ജാതിവിവേചനം അവസാനിപ്പിക്കണം

September 24, 2020 , വഹീദ ജാസ്മിൻ

(ബഹു: കേരള വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്ത്)

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിനോട് ഇന്നും പൊതുസമൂഹം പുലർത്തുന്ന ജാതിവിവേചനം പ്രബുദ്ധ കേരളത്തിന് അപമാനമാണ്. തൊട്ടുകൂടായ്മ, അയിത്താചരണം തുടങ്ങിയ വിവേചനങ്ങൾക്കെതിരിൽ ധീരമായ നിലപാടെടുക്കുകയും വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ മികച്ചു നിൽക്കുകയും ചെയ്ത കേരളത്തിൽ ജാതിയുടെ പേരിൽ ഒരു സ്കൂളിനോട് സമൂഹം അയിത്തം കൽപ്പിക്കുന്നുവെന്നത് അവിശ്വസനീയമായി മലയാളികൾക്ക് അനുഭവപ്പെടാമെങ്കിലും താങ്കൾക്ക് അറിയാതിരിക്കില്ല.

നവോത്ഥാനത്തിൻ്റെയും ദേശീയ പ്രസ്ഥാനത്തിൻ്റെയും ഭാഗമായി ദളിതർക്ക് പൊതുനിരത്തിൽ സഞ്ചരിക്കുവാനും പൊതുകുളങ്ങളിൽ കുളിക്കുവാനുമുള്ള അവകാശത്തിനു വേണ്ടി വലിയ സമരങ്ങൾ പേരാമ്പ്രയിലുമുണ്ടായിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയും പുരോഗമന പാരമ്പര്യവും അവകാശപ്പെടുന്നവരാണ് ചെർമല പറയ കോളനിയിലെ കുട്ടികൾക്ക് മാത്രമായി സർക്കാർ വെൽഫയർ സ്കൂളിനെ മാറ്റി നിർത്തിയിരിക്കുന്നത്. പറയരൊഴികെ എല്ലാ പൊതുവിഭാഗങ്ങളും ഈ സ്കൂളിനോട് പുറംതിരിഞ്ഞ് നിൽക്കുകയാണിപ്പോഴും. ഈ വിവേചനം നിരവധി തവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും പൊതുജനങ്ങളുടെ മനോഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. പറയ സ്കൂൾ എന്നാണ് പ്രാദേശികമായി ഗവ. വെൽഫെയർ സ്കൂൾ അറിയപ്പെടുന്നത് തന്നെ. സാംബവർ അല്ലാത്ത എല്ലാവരും കിഴിഞ്ഞാണം എൽ പി. സ്കൂൾ ഉൾപ്പടെ തൊട്ടടുത്തുള്ള മറ്റു വിദ്യാലയങ്ങളെയാണ് ആശ്രയിക്കുന്നത്.

1957 ൽ ആരംഭിച്ച പേരാമ്പ്ര വെൽഫയർ സ്കൂളിൽ മികച്ച കെട്ടിടം, സ്മാർട്ട് ക്ലാസ് റൂം, സ്ഥിരം അധ്യാപകർ, കളിക്കാൻ പാർക്ക്, ഉച്ചഭക്ഷണം, സൗജന്യ പുസ്തകങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. 1975 – 76 കാലത്ത് 50 കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ ഇതര സമുദായ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ കുട്ടികൾ കുറയുകയും പറയകുട്ടികളിൽ മാത്രമായി പരിമിതപ്പെടുകയുമാണുണ്ടായത്.

നാലാം ക്ലാസ് കഴിയുന്ന സാംബവ കുട്ടികളിൽ ഭൂരിഭാഗവും പ്രീമെട്രിക് ഹോസ്റ്റലുകളിൽ ചേർന്ന് തുടർപഠനം നടത്തുകയാണ് ചെയ്യുന്നത്. തൊട്ടടുത്ത ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന പറയ കുട്ടികളെ പ്രത്യേക ബെഞ്ചിൽ ഇരുത്തുക, സഹപാഠികൾ ജാതിപ്പേര് വിളിച്ച് കളിയാക്കുക, എൻ.സി.സി പ്രവേശനം തടയുക, കളിക്കാൻ കൂട്ടാതിരിക്കുക തുടങ്ങിയ നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു.

ഭൂപരിഷ്കരണം പൂർത്തിയായപ്പോൾ അധികം വന്ന ദളിതരെ പാർപ്പിക്കുവാൻ വേണ്ടി രൂപം കൊടുത്ത ലക്ഷം വീട് പദ്ധതിയുടെ ഭാഗമായാണ് 30 വീടുകൾ ഉൾപ്പെടുന്ന ചെർമല കോളനിയും സമീപ വീടുകളും ഉണ്ടായത്. ഇടുങ്ങിയ പാർപ്പിടങ്ങൾ, സാനിറ്റേഷൻ സൗകര്യങ്ങളുടെ അപര്യാപ്തത, ദാരിദ്ര്യം, നിരക്ഷരത, ലഹരി ഉപയോഗം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അവരെ വേട്ടയാടുന്നുണ്ട്.

പറയരെ പരാമർശിക്കാൻ അഴുകിയ ഇറച്ചി തിന്നുന്നവർ, ചോര കുടിക്കുന്നവർ, വൃത്തിയില്ലാത്തവർ തുടങ്ങിയ വാക്കുകളാണ് പൊതുസമൂഹം ഉപയോഗിക്കുന്നത്. അവരെ കുറിച്ച് കഥകൾ മെനയുകയും കുട്ടികളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ജാതി ചിന്തയുടെ ദുർഗന്ധം ആഢ്യ സമൂഹം നിലനിർത്തുന്നത്.

സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്, മത്സ്യ – മാംസ മാർക്കറ്റ് ക്ലീനിംഗ്, സിനിമാ പോസ്റ്റർ പതിക്കൽ തുടങ്ങിയ പകലിൽ അധികം പ്രത്യക്ഷപ്പെടേണ്ടതില്ലാത്ത ജോലികളാണ് സാംബവർക്ക് വേണ്ടി കൂടുതലും മാറ്റി വെച്ചിട്ടുള്ളത്. ചായക്കടകളിൽ പോലും അവർക്ക് സ്വതന്ത്ര വ്യവഹാരം നിയന്ത്രിക്കപ്പെട്ടതിൻ്റെ വാർത്തകൾ വന്നിട്ടുണ്ട്. കുടുംബ ശ്രീ, തൊഴിലാളി യൂണിയനുകൾ തുടങ്ങിയ മേഖലകളിലും സാംബവർക്ക് മതിയായ അംഗത്വവും പ്രാതിനിധ്യവും ലഭിച്ചിട്ടില്ല.

പോരാമ്പ്ര സ്കൂളിലെ ജാതിവിവേചനത്തിനെതിരിൽ ശാസത്ര സാഹിത്യ പരിഷത്ത്, ചെർമല വികസന സമിതി തുടങ്ങിയ പല സംഘടനകളും രംഗത്തിറങ്ങുകയും ബോധവൽകരണം, സംയുക്തഓണാഘോഷം, സമൂഹസദ്യ, സൗഹൃദ സദസ്സുകൾ, തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ തൊലിപ്പുറ ചികിത്സക്കു പകരം സ്വന്തം കുട്ടികളെ ഈ സ്കൂളിൽ ചേർത്ത് മാറ്റത്തിന് തുടക്കം കുറിക്കാൻ ആരും ഇതുവരെ ധൈര്യം കാണിച്ചിട്ടില്ല. ഉള്ളിൽ ജാതി ചിന്തയുടെ വൃത്തികേട് പേറുകയും പറയരെ വൃത്തി പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായിരുന്നു ഈ ബോധവൽക്കരണ ശ്രമങ്ങളുടെയെല്ലാം ആന്തരിക ദൗർബല്യം.

കഴിഞ്ഞ വിദ്യാഭ്യാസ വർഷാരംഭം ഈ സ്കൂളിൽ ആകെ 13 കുട്ടികളാണ് ഉണ്ടായിരുന്നത്. അവരെല്ലാം ചെർമല കോളനിയിൽ നിന്നുള്ള സാംബവ കുട്ടികളായിരുന്നു. പേരാമ്പ്രയിൽ രൂഢമൂലമായ ജാതിചിന്തയാണ് വെൽഫെയർ സ്കൂളിനെ മാറ്റി നിർത്താൻ കാരണം എന്ന് തിരിച്ചറിഞ്ഞ കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് സ്വന്തം അംഗങ്ങളായ അധ്യാപകരുടെ 6 കുട്ടികളെ ഈ സ്കൂളിൽ ചേർത്തു കൊണ്ടാണ് ജാതി വിവേചനത്തിനെതിരിലുള്ള പുതിയ സമരത്തിന് തിരികൊളുത്തിയത്. ഇഹാൻ റഷീദ്, നിഹ ഐറിൻ, സാലിസ്, ഹന്ന റഷീദ, സിയാ ഹിന്ദ്, നബ്ഹാൻ എന്നിവരാണ് അന്ന് ചരിത്രത്തിലേക്ക് നടന്നു കയറിയത്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് സി. പി. എം നേതൃത്വത്തിലുള്ള ഇടത് പക്ഷമാണ്. ശ്രീ. ടി പി രാമകൃഷ്ണനാണ് അവിടത്തെ എം.എൽ.എ. സ്കൂൾ നേരിടുന്ന ജാതി ഈ വിവേചനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എന്നിവരുമായി ടീച്ചേഴ്സ് മൂവ്മെൻ്റ് സംസാരിച്ചിട്ടുണ്ട്. എന്നാൽ കടുത്ത ഈ ജാതിചിന്തയുടെ കടക്കൽ കത്തിവെക്കാൻ അവരാരും മുന്നോട്ട് വന്നിട്ടില്ല.

പുതിയ വിദ്യാഭ്യാസ വർഷത്തിൽ (20-21) പറയ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികൾ മാത്രമാണ് ഇവിടെ അഡ്മിഷൻ നേടിയത്. സ്കൂൾ പരിസരത്ത് പൊതുവിഭാഗങ്ങളിൽ വ്യാപക സ്ക്വാഡ് പ്രവർത്തനങ്ങൾ നടന്നുവെങ്കിലും ഇക്കുറിയും സ്കൂളിനോട് അവർ മുഖം തിരിച്ചു നിന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആറ് കുട്ടികളെ കൂടി ചേർത്തു കൊണ്ട് ടീച്ചേഴ്സ മൂവ്മെൻ്റ് പ്രവേശന വിപ്ലവത്തിൻ്റെ രണ്ടാം ഘട്ടം രചിക്കുന്നത്.

ജാതിവിവേചനത്തിനെരിൽ നിശ്ചയദാർഢ്യം നിറഞ്ഞ ഇടപെടൽ സർക്കാറിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ഭാഗത്ത് നിന്നുണ്ടാവണം. സ്വന്തം കുട്ടികളെ ഈ സ്കൂളിൽ ചേർത്തു കൊണ്ട് പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ സാംസകാരിക നേതാക്കളും മാതൃക കാണിക്കണം. അതിൽ കുറഞ്ഞ ഏത് ചികിത്സയും നിഷ്ഫലമായിരിക്കും.ഒപ്പം സ്കൂളിൻ്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ വേണ്ട പദ്ധതി തയ്യാറാക്കണം. നല്ല ഭക്ഷണം, മികച്ച അധ്യാപനം, കലാ – കായിക – ക്ലബ്ബ് പ്രവർത്തനങ്ങൾ, എൽ.എസ്.എസ് കോച്ചിംഗ്, പാരൻ്റിംഗ് ക്ലാസുകൾ തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിക്കണം.

വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി മുന്നോട്ട് പോകുന്ന വകുപ്പ് അതിൻ്റെ കീഴിലുള്ള ഒരു സ്ഥാപനം ജാതി വിവേചനത്തിന്ന് വിധേയമാകുന്നത് വകുപ്പ് മന്ത്രിയെന്ന നിലയിൽ താങ്കളുടെ ശ്രദ്ധയിൽ ഉണ്ടാവണം. സ്വന്തം കുട്ടികളുടെ സ്കൂൾ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എന്ന ലളിത യുക്തിയുടെ പിൻബലത്തിലാണ് പേരാമ്പ്രയിൽ ജാതി പ്രവർത്തിക്കുന്നത്.

സർ, താങ്കൾ കഴിഞ്ഞ വർഷം പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ സന്ദർശിച്ച വേളയിൽ ഗവ. വെൽഫെയർ എൽ. പി സ്കൂളിലെ ഒരു രക്ഷിതാവ് അവരുടെ സ്കൂൾ കൂടി സന്ദർശിക്കാൻ വേണ്ടി താങ്കൾക്ക് അപേക്ഷ തന്നിരുന്നു. എങ്കിലും അതിൽ യാതൊരു പ്രതികരണവുമുണ്ടായില്ല. അതു കൊണ്ട് താങ്കൾ എത്രയും പെട്ടെന്ന് ഈ സ്കൂൾ സന്ദർശിക്കണം. ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെയും യോഗം വിളിക്കണം. ജാതിവിവേചനത്തിനെതിരെ വെൽഫെയർ സ്കൂളിൽ സ്വന്തം കുട്ടികളെ ചേർത്ത് മാതൃക കാട്ടാൻ ആഹ്വാനം ചെയ്യണം.

കേരളത്തിൽ ജാതി വിവേചനം എന്നു കേട്ടാൽ ശുദ്ധ നുണ എന്നാതായിരിക്കും ശരാശരി മലയാളിയുടെ പ്രതികരണം. ജാതി ഉള്ളിലൊതുക്കി പൊതു വ്യവഹാരങ്ങളിൽ എത്ര പുരോഗമന നാട്യം നടത്തിയാലും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് നാം തിരിച്ചറിഞ്ഞേ പറ്റൂ. പേരാമ്പ്രയിലെ തൊലിപ്പുറചികിത്സ നടത്തിയവർക്കെല്ലാം പറ്റിയ പാളിച്ചയുടെ മർമ്മം ഈ തിരിച്ചറിവില്ലായ്മയായിരുന്നു.

വിശ്വസ്ഥതയോടെ

മുഹമ്മദ് ബഷീർ.കെ.കെ
പ്രസിഡണ്ട്
കെ. എസ്. ടി. എം

വഹീദ ജാസ്മിൻ
മീഡിയ സെക്രട്ടറി
9744699718


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top