Flash News

പ്രവാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഡോ. ജോര്‍ജ് ജോസഫിന്റെ സ്വപ്‌നം: അഡ്വ. നിസാര്‍ കോച്ചേരി

September 26, 2020 , ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ | ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറ (ഐസിബിഎഫ്) ത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി വിജയകരമായി മുന്നോട്ടു പോകുമ്പോള്‍ ഖത്തറിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി യശശരീനായ ഡോ. ജോര്‍ജ് ജോസഫിന്റെ സ്വപ്‌നസാക്ഷാത്ക്കാരമാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് പ്രമുഖ നിയമജ്ഞനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരി.

2008 ല്‍ അംബാസഡറായിരുന്ന ഡോ. ജോര്‍ജ് ജോസഫിന് മുന്നില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് മിനിമം ചിലവില്‍ ഇന്‍ഷ്വറന്‍സ് ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത് പ്രതിവര്‍ഷം 5 റിയാല്‍ പ്രീമിയത്തില്‍ പ്രത്യേക പദ്ധതി ഇന്ത്യയിലെ നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടാണ് ആസൂത്രണം ചെയ്തത്. പദ്ധതിയില്‍പ്പെടാത്ത സ്വാഭാവിക മരണ ഇന്‍ഷ്വറന്‍സും താഴ്ന്ന വരുമാനക്കാരായ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് സ്ഥാപിക്കുന്നതിനും ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2008 സെപ്തംബര്‍ 20 ലെ കരാര്‍ പ്രകാരം ഐ.സി. ബി.എഫ്. പദ്ധതി നേരിട്ട് നടപ്പാക്കുവാനായി ഏറ്റെടുക്കുകയാണുണ്ടായത്. നീണ്ട 12 വര്‍ഷം കഴിഞ്ഞാണെങ്കിലും പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പായി കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അംബാസിഡര്‍ അടക്കമുളളവരുടെ പിന്തുണ ശ്‌ളാഘനീയമാണെന്നും കോച്ചേരി പറഞ്ഞു.

ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എല്ലാ ഇന്ത്യക്കാരും പങ്കാളികളാകണമെന്ന് അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഐസിസിയില്‍ സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്‌ക്കിന്റ ഉദ്ഘാടനം സൂം മീറ്റിംഗിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനകം നിരവധി പേര്‍ക്കാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണം ലഭിച്ചത്. ചെറിയ പ്രീമിയത്തിന് വന്‍തുകയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കായി ദമാന്‍ ഇസ്ലാമിക് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി.

ഖത്തറില്‍ വിസയും ഐ.ഡി. കാര്‍ഡുമുള്ള മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും പദ്ധതിയില്‍ ചേരാം. പ്രായപരിധി 65 വയസാണ്.125 റിയാല്‍ ആണ് രണ്ട് വര്‍ഷത്തേക്കുള്ള പോളിസി തുക. പദ്ധതിയില്‍ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂര്‍ണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നല്‍കും.

നിരവധി ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ പദ്ധതിയില്‍ ചേര്‍ക്കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണിത്. മറ്റ് പോളിസി ഉള്ളവര്‍ക്കും ഐസിബിഎഫിന്റെ പദ്ധതിയില്‍ ചേരാം. വ്യക്തിഗത ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയാണ് ലഭിക്കുക. ഒറ്റത്തവണ 125 റിയാല്‍ അടച്ചാല്‍ മതിയാകും. പദ്ധതിയില്‍ അംഗമാകുന്ന തീയതി മുതല്‍ 24 മാസത്തേക്കാണ് കാലാവധി. സ്വാഭാവിക മരണം, രോഗം, അപകടങ്ങള്‍ ഉള്‍പ്പെടെ ഏത് കാരണങ്ങള്‍ കൊണ്ടുള്ള മരണമായാലും അംഗത്തിന്റെ നോമിനിക്ക് നൂറ് ശതമാനം പോളിസി തുകയും ലഭിക്കും.

സ്ഥിരമായതും ഭാഗികമായുള്ളതുമായ അംഗവൈകല്യം (പെര്‍മനന്റ് പാര്‍ഷ്യല്‍ ഡിസ്എബിള്‍മെന്റ്) സംഭവിച്ചാല്‍ വൈകല്യത്തിന്റെ ഗുരുതരാവസ്ഥ കണക്കാക്കി മൊത്തം പോളിസി തുകയുടെ നിശ്ചിത ശതമാനം തുകയും ലഭിക്കും. ഖത്തറിലെ താമസക്കാരനായ, പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് ഖത്തറിനുള്ളില്‍ മാത്രമല്ല ലോകത്ത് എവിടെവെച്ച് അപകടമോ മരണമോ സംഭവിച്ചാലും നോമിനിക്ക് ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. പദ്ധതിയില്‍ അംഗമാകാന്‍ വൈദ്യപരിശോധന ആവശ്യമില്ല. നിലവില്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇതേ തുക നല്‍കി പോളിസി പുതുക്കാം.

കുറഞ്ഞ വരുമാനമുള്ള ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്രദമായ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിലൂടെ കമ്മ്യൂണിറ്റി അംഗങ്ങളെ സഹായിക്കുന്നതില്‍ ഐസിബിഎഫിന്റെയും ഐസിസിയുടെയും ചുവടുവെപ്പിന് അംബാസഡര്‍ നന്ദി അറിയിച്ചു. ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്ന പത്തോളം തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തെ പിന്തുണക്കുമെന്നും അംബാസഡര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫസ്റ്റ് സെക്രട്ടറിമാരായ എസ് സേവ്യര്‍ ധനരാജ്, എസ്ആര്‍എച്ച് ഫഹ്മി എന്നിവരും ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഐസിബിഎഫിന്റെയും ഐസിസിയുടെയും ഫേസ്ബുക്ക് പേജിലോ വെബ്‌സൈറ്റിലോ ലഭ്യമാകുന്ന ഫോം പൂരിപ്പിച്ച് പാസ്‌പോര്‍ട്ട്, ക്യുഐഡി പകര്‍പ്പ് സഹിതം ഐസിസി ഹെല്‍പ്പ് ഡെസ്‌ക്കില്‍ അപേക്ഷിക്കാമെന്ന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് വരെയുമായിരിക്കും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top