Flash News

തെറ്റു തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ്: അമ്മ

September 27, 2020 , അമൃത മീഡിയ

അമൃതപുരി (കൊല്ലം): കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 67ആം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർത്ഥനായജ്ഞമായി ലോകവ്യാപകമായി ആചരിച്ചു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഭക്തരും, ധ്യാനത്തിനും, പ്രാർത്ഥനയ്ക്കും, മറ്റു ആരാധനകൾക്കുമായി അമ്മയുടെ ഈ ജന്മദിനം നീക്കിവച്ചു. അമൃതപുരിയിലെ ആശ്രമത്തിൽ നിന്നും അമ്മ ജന്മദിന സന്ദേശവും നൽകുകയുണ്ടായി. സാധാരണയായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിലേക്ക് ഒഴുകിയെത്തുന്ന അവസരമാണ് അമ്മയുടെ ജന്മദിനം. സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുടെ പ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും സമ്മേളിക്കുന്ന പ്രൗഢമായ ജന്മദിനാഘോഷങ്ങൾക്കാണ് അമൃതപുരി വേദിയാകാറുള്ളത്.

“നിങ്ങളുടെ എല്ലാവരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ നേരിട്ടു കാണാൻ അമ്മയ്ക്ക് സാധിക്കുന്നില്ലെങ്കിലും, ഓരോരുത്തരുടെയും മുഖങ്ങൾ അമ്മ ഹൃദയത്തിൽ കാണുന്നു. മക്കളെക്കുറിച്ച് അമ്മ എപ്പോഴും ഓർക്കുകയും, മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് അമ്മ ജന്മദിന സന്ദേശം ആരംഭിച്ചത്. മനുഷ്യന്റെ സ്വാർത്ഥവും, അതിരില്ലാത്തതുമായ പ്രകൃതിചൂഷണത്തിന്റെ പരിണിതഫലങ്ങളാണ് കോവിഡ്-19 അടക്കമുള്ള മഹാമാരികൾ എന്ന് അമ്മ ഓർമിപ്പിച്ചു.

“പ്രകൃതി എത്രയോ മുന്നറിയിപ്പുകൾ തന്നുകൊണ്ടിരുന്നു, എന്നാൽ മനുഷ്യർ അവയിൽ ഏറ്റവും ശക്തമായതിനെപ്പോലും കാണാനും, കേൾക്കാനും, അംഗീകരിക്കുവാനും വിസമ്മതിച്ചു.

തെറ്റായ ശീലങ്ങൾ നമ്മുടെ സ്വഭാവമായി മാറി. അവ ക്രമേണ നമ്മുടെ ജീവിതരീതിയെത്തന്നെ സ്വാധീനിച്ചു. നമ്മുടെ അഹങ്കാരം നമ്മെ മാറുന്നതിൽ നിന്നും തടഞ്ഞു. ഈ അവസ്ഥ അധികകാലം നീണ്ടു നിൽക്കില്ലെന്നാണ് നാം ആശ്വസം കൊണ്ടത്. എന്നാൽ നമ്മുടെ ബുദ്ധിയുടെ കണക്കുകൂട്ടലുകൾ-ആധുനിക ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകൾ പോലും പിഴച്ചുപോയി. മനുഷ്യരാശി കൊറോണ വൈറസിന്റെ മുൻപിൽ ഇപ്പോഴും നിസ്സഹായരായിത്തന്നെ നിലകൊള്ളുന്നു,” അമ്മ പറഞ്ഞു.

എന്നിരുന്നാലും, ഇത് പഴിപറയലിനും കുറ്റപ്പെടുത്തലിനുമുള്ള സമയമല്ല, മറിച്ച് ധൈര്യത്തോടും, ജാഗ്രതയോടും ജഡത്വം വെടിഞ്ഞ് ക്രിയാത്മകമായി ധർമ്മത്തിലുറച്ച കർമ്മങ്ങളിൽ വ്യാപൃതരാവുകയാണ് നാം വേണ്ടത് എന്ന് അമ്മ പറഞ്ഞു. ഒപ്പം ഇനിയുള്ള കാലത്ത് മനുഷ്യരാശി മുറുകെപ്പിടിക്കേണ്ടുന്നതായി താൻ കരുതുന്ന ഏഴ് നിർദേശങ്ങളും അമ്മ മുന്നോട്ടുവച്ചു.

1. മനസ്സും ശരീരവും കഴിയാവുന്നത്ര നിയന്ത്രണത്തിലാക്കുക.

2. കുറഞ്ഞപക്ഷം ഒരു ചെറിയ അളവിലെങ്കിലും ദിവസവും ആധ്യാത്മിക സാധനാചര്യകൾ ശീലിക്കുക.

3 . പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുക.

4. പ്രകൃതിശക്തികളെ നിസ്സാരമായി കാണുകയോ, അവയോടു യുദ്ധം ചെയ്യുകയോ ചെയ്യാതിരിക്കുക.

5. ജീവിതത്തെ വിശാലമായ വീക്ഷണത്തോടെ സമീപിക്കുവാൻ തയാറാക്കുക.

6. നിങ്ങളുടെ സ്വാർത്ഥവും നിസ്വാർത്ഥവുമായ താത്പര്യങ്ങളെ സംതുലിതമാക്കുക.

7. പരമോന്നത വിധാതാവായ ജഗദീശ്വരനാൽ നിർമ്മിതമായ പ്രപഞ്ചനിയമങ്ങളെ ആദരിക്കുവാനും അനുസരിക്കുവാനും തയാറാകുക.

“ഒരുപ്രാവശ്യം മാത്രം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളെ സംബന്ധിച്ച് നമ്മൾ സാധാരണ പറയാറുള്ള ഒരു വാക്യമുണ്ട്. ‘ ഉപയോഗിക്കുക കളയുക’ (യൂസ് ആന്റ് ത്രോ).

വാസ്തവത്തിൽ അത് നാം ജീവിക്കുക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ചുകൂടി വിശദമാക്കുന്ന ഒരു വാക്യമാണ്. നാം വാങ്ങുന്ന സാധനങ്ങളെക്കുറിച്ചാകട്ടെ, പ്രകൃതിയെക്കുറിച്ചാകട്ടെ, നമ്മുടെ ബന്ധങ്ങളെക്കുറിച്ചാകട്ടെ ഈ മനോഭാവമാണ് ഇന്ന് സമൂഹത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത്. സ്വാർത്ഥതയിൽ നിന്നുമാണ് ആ മനോഭാവം ഉടലെടുക്കുന്നത്. നമ്മുടെ കോശങ്ങൾ നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിരോധജന്യ രോഗത്തെ പോലെയാണ് സ്വാർത്ഥത. മറ്റുള്ളവരുടെ വികാരങ്ങളെയും, അവകാശങ്ങളെയും മനസ്സിലാക്കുന്നതിനുള്ള നമ്മുടെ ശേഷി നശിപ്പിക്കപ്പെടുന്നു.

“സഹജീവികളെയോ, പ്രകൃതിയെയോ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി വേദനിപ്പിക്കുമ്പോൾ മനുഷ്യർക്ക് മനസ്സാക്ഷിക്കുത്തു പോലും തോന്നാതായിത്തുടങ്ങിയിരിക്കുന്നു. എങ്കിലും, അത്തരം തെറ്റായ മാർഗ്ഗത്തിലെ നേട്ടങ്ങളൊന്നും ആർക്കും തന്നെ ഉപകാരപ്പെടുവാൻ പോകുന്നില്ല,” മനുഷ്യന്റെ സ്വാർത്ഥതയെക്കുറിച്ച് അമ്മ പറഞ്ഞു.

എന്നാൽ കോവിഡ്-19 പ്രകൃതിയുടെ ശിക്ഷയല്ല മറിച്ച് മനുഷ്യന്റെ തെറ്റു തിരുത്തുവാനാവശ്യപ്പെട്ടുള്ള സന്ദേശമാണെന്ന് അമ്മ വ്യക്തമാക്കി. “ഈ ദുരിതകാലം പ്രകൃതിയുടെ ശിക്ഷയാണെന്ന് ഒരുപക്ഷെ നമ്മൾ വിചാരിക്കുന്നുണ്ടാകും. എന്നാൽ അതിനെ അങ്ങനെയല്ല കാണേണ്ടത്. നമ്മുടെ പ്രവർത്തികൾ തിരുത്താനുള്ള പ്രകൃതിയുടെ ഉണർത്തുപാട്ടായി വേണം നാമിതിനെ സ്വീകരിക്കുവാൻ. ഇതിലും ഗുരുതരമായ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുന്നതിനായി ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി നമുക്ക് നൽകിയ ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയി വേണം മനസ്സിലാക്കാൻ. ഭൂമിദേവിയെയും, പ്രകൃതിമാതാവിനെയും ക്ഷമയുടെ മൂർത്തികളായാണ് നാം കാണാറുള്ളത്. എന്നാൽ മനുഷ്യർ ആ ക്ഷമയെ എല്ലാ നശീകരണവും ചെയ്യുവാനുള്ള സമ്മതപത്രമായി ദുരുപയോഗം ചെയ്തു. ഇത് ആ തെറ്റു തിരുത്തുവാനുള്ള അവസരമാണ്.”

കാരുണ്യത്തിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് അമ്മ അനുഗ്രഹ പ്രഭാഷണം ഉപസംഹരിച്ചത്. “കാറ്റു വീശുന്ന ദിക്കിലേക്ക് മാത്രമാണ് ഒരു പുഷ്പത്തിന്റെ പരിമളം കടന്നു ചെല്ലുക. എന്നാൽ നന്മയുടെ സൗരഭ്യം എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്നു. ഈ ലോകത്തിലെ സകലരെയും ഒരുപക്ഷെ നമുക്ക് സഹായിക്കുവാൻ കഴിഞ്ഞു എന്ന് വരില്ല എന്നാൽ നമുക്കു ചുറ്റുമുള്ള കുറച്ചു പേരോടെങ്കിലും നമ്മുടെ കാരുണ്യം പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ, അവർ അത് പകർന്നു നൽകും, താമസംവിനാ കാരുണ്യത്തിന്റെ ഒരു ശൃംഖലയായി അത് പടരും. കൊറോണ വൈറസിനെ ജയിക്കുവാൻ ശക്തിയുള്ള, ഈ ‘കാരുണ്യ’ വൈറസാണ് ഇന്ന് ലോകത്തിൽ പടരേണ്ടത്.”

ആകാശത്തുനിന്നും ശാന്തിയുടെ വെള്ളപുഷ്പങ്ങൾ ലോകമെങ്ങും പെയ്തിറങ്ങുന്നതായി ഭാവന ചെയ്തു കൊണ്ടുള്ള ലോകശാന്തിക്കായുള്ള പ്രാർത്ഥനാ സങ്കൽപ്പത്തിലും അമ്മയുടെ നേതൃത്വത്തിൽ എല്ലാവരും പങ്കാളികളായി. 2020ൽ ഉണ്ടാകാൻ പോകുന്ന പ്രയാസങ്ങളെ മുൻനിർത്തി, ഏതാനും വർഷങ്ങൾക്കു മുൻപ് തന്നെ അമ്മ ഈ പ്രാർത്ഥനാ സങ്കല്പം ആവിഷ്കരിക്കുകയും, ഭക്തരെ പരിശീലിപ്പിച്ചു വരികയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top