വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മാരക വിഷമായ റിസിന്‍ നിറച്ച കവര്‍ അയച്ചതിന് അറസ്റ്റിലായ കനേഡിയൻ യുവതി ട്രംപിന് ‘തുടര്‍ന്നും ഭീഷണി’യാണെന്ന് യുഎസ് ഫെഡറൽ ജഡ്ജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. കൂടാതെ അറസ്റ്റു ചെയ്ത യുവതിയെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് മാറ്റാനും ഉത്തരവിട്ടു.
കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിലെ താമസക്കാരിയായ പാസ്കേൽ സെസിലി വെറോണിക് ഫെറിയർ (53) ഒരു ഫ്ലൈറ്റ് റിസ്ക് ആണെന്നും, വിട്ടയച്ചാൽ ട്രംപിനെയും മറ്റുള്ളവരെയും ദ്രോഹിക്കാനുള്ള സാധ്യതയുണ്ടെന്നും ന്യൂയോർക്ക് ബഫല്ലോയിലെ ജഡ്ജി എച്ച് കെന്നത്ത് ഷ്രോഡർ ജൂനിയർ പറഞ്ഞു.
ഈ മാസം ആദ്യം കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോൾ അറസ്റ്റിലായ ഫെറിയറിന്റെ കൈവശം മുന്നൂറോളം റൗണ്ട് വെടിക്കോപ്പുകള്‍ ഉണ്ടായിരുന്നുവെന്ന സർക്കാരിന്റെ തെളിവുകൾ പരിഗണിച്ചതായും ക്യൂബെക്കിലെ അവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ റിസിന്റെ തെളിവുകൾ പരിഗണിച്ചതായും ഷ്രോഡർ പറഞ്ഞു.
“പ്രതി അമേരിക്കൻ ഐക്യനാടുകളിലെ പ്രസിഡന്റിനും സമൂഹത്തിലെ അംഗങ്ങൾക്കും ഭീഷണിയാണെന്ന് വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഉണ്ടെന്ന് ഞാൻ നിഗമനം ചെയ്യുന്നു,” ഹിയറിംഗില്‍ ജഡ്ജി പറഞ്ഞു.
ട്രംപിന്റെ അഡ്രസ്സില്‍ അയച്ച കവര്‍ സെപ്റ്റംബർ 18 ന് വൈറ്റ് ഹൗസ് മെയിൽ സോർട്ടിംഗ് സെന്ററില്‍ തടയുകയും, സംശയം തോന്നി യു എസ് പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥർ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (എഫ് ബി ഐ) വിവരമറിയിക്കുകയായിരുന്നു എന്നാണ് കോടതിയില്‍ എഫ്ബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
ഒന്റാറിയോയില്‍ ബഫല്ലോയും ഫോർട്ട് ഈറിയും തമ്മിലുള്ള കാനഡ-യുഎസ് അതിർത്തിയിൽ വെച്ചാണ് സെപ്റ്റംബർ 20-ന് ഫെറിയറിനെ അറസ്റ്റ് ചെയ്തത്. വാഷിംഗ്ടണിലെ ഗ്രാന്റ് ജൂറിയാണ് കഴിഞ്ഞ വ്യാഴാഴ്ച കുറ്റപത്രം നൽകിയത്.
പ്രസിഡന്റിനെ പരിക്കേല്‍പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടാന്‍ ഫെറിയറിനെ വാഷിംഗ്ടണിലേക്ക് മാറ്റുന്നതിന് യുഎസ് മാർഷൽസ് സർവീസിന്റെ കസ്റ്റഡിയിൽ വിടണമെന്ന് ജഡ്ജി ഷ്രോഡർ ഉത്തരവിട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply