Flash News

കോവിഡ്-19: കേരളത്തിൽ രണ്ട് ലക്ഷത്തിലധികം കേസുകൾ, 29 മരണങ്ങൾ, മരണസംഖ്യ 771

October 1, 2020 , പ്രവീണ

സംസ്ഥാനത്ത് വ്യാഴാഴ്ച 8,135 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായി ഉയർന്നു. മരണസംഖ്യ 771 ആയി ഉയർന്നു. കേരളത്തിൽ പുതിയ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 11 ന് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

സെപ്റ്റംബർ 24 ന് രോഗബാധിതരുടെ എണ്ണം 1.5 ലക്ഷമായി ഉയർന്നു, അതിനുശേഷം സാമൂഹിക അകലം, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് വലിയ തോതിൽ രോഗം പിടിപെടുകയാണെന്നും വ്യാഴാഴ്ച 105 ലധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എണ്ണായിരത്തിലേറെയായി. ബുധനാഴ്ച, 123 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 8,830 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യപനം സംസ്ഥാനത്ത് അതിരൂക്ഷമായി തന്നെ തുടരുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു പോവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും പറഞ്ഞു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നത്.‌ 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കോവിഡ് തൊഴിലില്ലായ്‌മ സൃഷ്‌ടിച്ചു. ഇത് പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 ദിവസം കൊണ്ട് 50000 തൊഴിലവസരം സൃഷ്‌ടിക്കാനാണ് ഉദ്ദേശിക്കുന്നത്. അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ 18600, ഹയർ സെക്കണ്ടറിയിൽ 425 തസ്തികയും സൃഷ്ടിക്കും. എയ്ഡഡ് സ്കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. സ്കൂൾ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്ക് ജോലി നൽകും. കോവിഡ് വ്യപനം സംസ്ഥാനത്ത് അതിരൂക്ഷമായി തന്നെ തുടരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു പോവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മെഡിക്കൽ കോളേജിൽ 700, ആരോഗ്യവകുപ്പിൽ 500 തസ്‌തിക സൃഷ്‌ടിക്കും. പട്ടികവർഗക്കാരിൽ 500 പേരെ ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി നിയമിക്കും. സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം. പിഎസ്‍സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്‌ടിച്ച തസ്‌തികകളുടെ എണ്ണത്തിലും പിഎസ്‍സി നിയമനത്തിലും സർവകാല റെക്കോർഡ് നേടി. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയിൽ കൂടുതൽ നിയമനം. സെപ്തംബർ-നവംബർ കാലത്ത് ആയിരം പേർക്ക് നിയമനം നൽകും. അടുത്ത നൂറ് ദിവസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനം ലഭിക്കുകയോ തസ്‌തിക സൃഷ്‌ടിക്കുകയോ ചെയ്യും.വിജയന്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ 23700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.വ്യവസായ വകുപ്പിന് കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്‌സിഡി അനുവദിച്ചു. ഇവയും യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കും. 4600 പേർക്ക് ജോലി ലഭിക്കും. കേന്ദ്ര ഉത്തേജക പാക്കേജിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലേറെ അക്കൗണ്ടുകളില്‍ 4500 കോടി അധിക വായ്‍പ നൽകി. വ്യവസായ ഉത്തേജക പരിപാടിയിൽ 5000 കോടി വായ്പയും സബ്സിഡിയുമായി സംരംഭകർക്ക് ലഭിച്ചു.

കാപെക്‌സിലും കശുവണ്ടി കോർപ്പറേഷനിലും 3000 പേരെ നൂറ് ദിവസത്തിനുള്ളിൽ ജോലിക്കെടുക്കും.100 യന്ത്രവത്കൃത ഫാക്‌ടറികൾ കയർ വകുപ്പിന് കീഴിൽ തുറക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിനായി 2000 പേരെ സിവിൽ സപ്ലൈസിൽ നിയമിക്കും. ഇൻഫോപാർക്കിലും അനുബന്ധ കെട്ടിടത്തിനും 500 പേർക്ക് തൊഴിൽ നൽകും. സഹകരണ മേഖലയാണ് സംസ്ഥാനത്തിന് ഏറ്റവും വലിയ കരുത്തായത്. 17500 തൊഴിലവസരം സൃഷ്‌ടിക്കാനാണ് ലക്ഷ്യം.

100 നാളികേര സംസ്കരണ യൂണിറ്റുകളിലായി ആയിരം പേർക്ക് തൊഴിൽ നൽകും. പലയിനങ്ങളിലായി സഹകരണ സംഘങ്ങൾ മറ്റ് സംരംഭങ്ങൾക്ക് രൂപം നൽകും. അപെക്‌സ് സംഘങ്ങളായ കൺസ്യൂമർഫെഡ് ആയിരം പേർക്ക് ജോലി നൽകും. മൂന്ന് മാസം കൊണ്ട് 500 ജനകീയ ഹോട്ടൽ തുറക്കും. കയർ ക്രാഫ്റ്റ് ഭക്ഷ്യ ശൃംഖല കുടുംബശ്രീ വഴി തുറക്കും. പിന്നോക്ക വികസന കോർപ്പറേഷൻ 650 കോടിക്കുള്ള ഗ്യാരണ്ടി സർക്കാർ നൽകി. 3060 തൊഴിലവസരം സൃഷ്‌ടിക്കും. വനിതാ വികസന കോർപ്പറേഷന് 740 കോടിക്ക് ഗ്യാരണ്ടി നൽകി.

വിദേശത്ത് ജോലിക്ക് 90 നഴ്‌സുമാർക്ക് പ്രത്യേക വൈദഗ്ദ്യം നൽകും. കെഎഫ്‌സി 500 സംരംഭങ്ങൾക്ക് വായ്‌പ നൽകുന്നുണ്ട്. 2500 പേർക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പട്ടികജാതി വികസന കോർപ്പറേഷൻ സംരഭകത്വ വികസന പദ്ധതി വഴി 1398 പേർക്ക് തൊഴിൽ ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല. തൊഴിലവസരം സൃഷ്‌ടിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരുന്നു. കുടുംബശ്രീക്ക് പിന്തുണ തദ്ദേശ സ്ഥാപനം നൽകണം.

ഗ്രാമീണ തൊഴിലില്ലായ്‌മ കുറക്കാൻ തൊഴിലുറപ്പ് ദിനം 200 ആക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളുമായി സർക്കാർ ചർച്ച ചെയ്‌ത് പുതിയ തൊഴിലവസരം സൃഷ്‌ടിക്കും. നാടാകെ ഒന്നിച്ചണിനിരന്ന് കൊവിഡിന്‍റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് മറികടക്കാനാണ് ശ്രമം.

കോഴിക്കോട് 1072 പുതിയ രോഗികൾ. 1013 സമ്പർക്കം. ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാൻ ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി. ടെലി കൺസൾട്ടേഷനും സൗകര്യമുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ലക്ഷണം കണ്ടാൽ ഇവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യാം. പോസിറ്റീവ് രോഗികൾ ജാഗ്രത ഐഡി വാങ്ങണം. കൊവിഡ് ആശുപത്രി ചികിത്സയ്ക്കും കാരുണ്യ സഹായത്തിനും ഐഡി നിർബന്ധം.

മലപ്പുറത്ത് 968, എറണാകുളത്ത് 934 പേർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് 856. തലസ്ഥാന ജില്ലയിൽ പ്രോട്ടോക്കോൾ അനുസരിക്കാത്ത സാഹചര്യമുണ്ട്. 40 വയസിന് താഴെയുള്ളവരാണ് രോഗികളാവുന്നതിൽ ഏറെയും. ആശുപത്രിയിലെത്തുന്ന ഗർഭിണികൾ കടകളിൽ കയറുന്നു, ഷോപ്പിങ് നടത്തുന്നു. രോഗവ്യാപനം വർധിക്കാൻ ഇത് കാരണമാകുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top