യുപിയിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ ദലിത് വേട്ടക്കും ബലാൽസംഗക്കൊലകൾക്കുമെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി പ്രതിഷേധപ്പെൺ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പ്രതിഷേധ ജ്വാല കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഉത്തർപ്രദേശിൽ ദലിത് സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യോഗി സർക്കാറിൻ്റെ വംശീയ ഉന്മൂലന സിദ്ധാന്തവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടും പ്രതികൾക്ക് പ്രോൽസാഹനമാകുന്നു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട് നാവ് അരിയപ്പെട്ട നിലയിൽ കണ്ടെത്തിയ ഹത്രാസിലെ ഇരുപതുകാരിയാണ് മരണവുമായി രണ്ടാഴ്ചയോളം മല്ലടിച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചകളുടെ വ്യത്യാസത്തിൽ, സമാന രീതിയിൽ ദലിത് പെൺകുട്ടികൾ കൊല്ലപ്പെടുന്നത് ഉത്തര്പ്രദേശിൽ തുടർക്കഥയാവുകയാണ്. ബൽറാംപൂരിൽ ക്രൂര പീഡനം നടത്തി നട്ടെല്ലും ഇടുപ്പെല്ലുകളും തകർത്ത് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കിരാത സംഭവും അരങ്ങേറിയത് ഇതിനു ശേഷമാണ്.
രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറാകാതിരുന്ന കേസിൽ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് പ്രതികൾ അറസ്റ്റു ചെയ്യപ്പെടുന്നത്. മാതാപിതാക്കളെപ്പോലും കാണാൻ അനുവദിക്കാതെ മൃതദേഹം പിടിച്ചു പറിച്ച് കത്തിച്ചുകളഞ്ഞ പോലീസ് നടപടി അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധതയും മനുഷ്യാവകാശ ലംഘനവുമാണ്. ഭരിക്കുവാനുള്ള യോഗ്യത ബിജെപിക്ക് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞെന്നും പ്രതിഷേധ പ്രസ്താവനയിൽ അവർ വിലയിരുത്തി.
ബലാത്സംഗത്തെ ആയുധമാക്കി ജാതിക്കൊലകൾ തുടരുന്നത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെയാണ്. മോദി-യോഗി കൂട്ടുകെട്ടിലെ ദലിത്-സ്ത്രീയവസ്ഥകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൊലിയുന്ന ഓരോ ജീവനും സംഘ്പരിവാർ സർക്കാരിനെതിരെ നിൽക്കുന്ന ചോദ്യങ്ങളും കുറ്റപത്രങ്ങളുമാണ്. ഭരണകൂടത്തിനുനേരെ വിരൽ ചൂണ്ടാതെ സ്ത്രീക്ക് സ്വസ്ഥമായി ഇരിക്കാനാവില്ല. രാജ്യം മുഴുവൻ പ്രതിഷേധങ്ങളുയരണം, അവർ കൂട്ടിച്ചേർത്തു.
പ്രായഭേദമന്യേ വിവിധ ജില്ലകളിൽനിന്നുള്ള നിരവധി സ്ത്രീകൾ പ്രതിഷേധപ്പെൺജ്വാലയിൽ പങ്കുകൊണ്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply