വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

കൊച്ചി: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷന്‍ പോലീസ് സബ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. മുൻ‌കൂര്‍ ജാമ്യം നൽകണമെന്ന ഹർജി കോടതി തള്ളിയതിനെ തുടർന്ന് ബാബു മാത്യു (55) മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച കീഴടങ്ങുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്ന പ്രതിയെ പിന്നീട് കോവിഡ് -19 ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. 37 കാരിയായ യുവതി നൽകിയ പരാതി പ്രകാരം പ്രതി ഒരു വർഷത്തിലേറെയായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ അഡീഷണൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു സംഭവം.

കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കു നൽകിയ പരാതിയിൽ മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ ഒളിവിൽപോയ എസ്ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

യുവതി മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നൽകിയിരുന്നു. ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.

എന്താവശ്യവുമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞ് മൊബൈൽ നമ്പർ കൊടുക്കുകയും യുവതിയുടെ ഫോണിൽ നിന്നും കോൾ വിളിച്ച് നമ്പർ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒരു കാരണവുമില്ലാതെ നിരന്തരം ഫോണിൽ വിളിച്ച് സംസാരിക്കുമായിരുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. സൗഹൃദത്തിന്റെ പേരിൽ ബാബു പതിയെ യുവതിയുടെ വീട്ടിൽ വരാൻ തുടങ്ങി. ഒരു ദിവസം മുറിയിൽ തുണി മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നുമായിരുന്നു യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

ഏപ്രിലിൽ ലോക്ക്ഡൗണ്‍ കാലയളവിൽ ഉദയം‌പേരൂരില്‍ അനധികൃതമായി മദ്യനിർമ്മാണത്തിൽ ഏർപ്പെട്ട സംഘത്തിനെതിരെ നടപടിയെടുക്കാത്തതിന് നേരത്തെ ബാബുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അദ്ദേഹം അന്ന് ഉദയം‌പേരൂര്‍ സബ് ഇൻസ്പെക്ടറായിരുന്നു. സസ്പെൻഷൻ കാലയളവിൽ പ്രതി സ്ത്രീയുടെ വീട്ടിൽ പതിവായി പോകാറുണ്ടായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിച്ചു എന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക ബ്രാഞ്ചും സിറ്റി പോലീസ് കമ്മീഷണർ വിജയ് സഖാരെ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment