Flash News

മഞ്ഞുരുകാന്‍ സാധ്യത; സമവായത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഫൊക്കാന നേതാക്കൾ

October 4, 2020 , മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: ഫൊക്കാനയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും, സമവായത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രസിഡന്റ് ജോര്‍ജി  വർഗീസ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അത് തുടരുമെന്നും മുതിർന്ന നേതാവ് പോൾ കറുകപ്പിള്ളില്‍ പറഞ്ഞു.

സംഘടന ഒന്നായി പോകണമെന്നാണ് തങ്ങളുടെ താത്പര്യമെന്ന് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാന്‍ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിൽ നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

ഒക്ടോബര്‍ 3 ശനിയാഴ്ച സൂമിലൂടെയാണ് ഇന്ത്യാ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ പത്രസമ്മേളനം നടത്തിയത്.

ഫൊക്കാനയുടെ 2020-2022 ഭരണ സമിതിയിലേക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാളുകൾക്കു മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നതായി ജോർജി വർഗീസ് പറഞ്ഞു. അമേരിക്കയിലെ ഒട്ടുമിക്ക അംഗ സംഘടനകളെ നേരിട്ട് ബന്ധപ്പെട്ടും, മുഖാമുഖം കണ്ടും 34 സംഘടനകളിൽ നിന്ന് ഒരു മികച്ച ടീമിനെ മാസങ്ങൾക്കു മുൻപ് തന്നെ താൻ തെരഞ്ഞെടുത്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സാധാരണ രീതിയില്‍ നടന്നുവരുന്ന നേരിട്ടുള്ള ഒരു തെരഞ്ഞെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെടണമെന്നായിരുന്നു തനിക്കും ടിം അംഗങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നതെന്നും ജോര്‍ജി വ്യക്തമാക്കി.

“തെരെഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുൻപ് തന്നെ തന്റെ ടീം സജ്ജമായപ്പോൾ മറു ഭാഗത്തുള്ള ടീമിന് ഒട്ടു മിക്ക സ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികൾ പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവർക്ക് പത്രിക നൽകാനുമായില്ല. പകരം തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാധവൻ നായർക്കൊപ്പം ചേരുകയായിരുന്നു അവര്‍. നിയമപ്രകാരം നടന്ന തെരഞ്ഞെടുപ്പിനായി പത്രിക പോലും സമർപ്പിക്കാതെ തെരെഞ്ഞെടുപ്പിൽ നിന്ന് മാറി നിന്ന അവർക്ക് എങ്ങനെയാണ് തെരെഞ്ഞെടുപ്പ് നടത്തിയതിനെതിരെ കേസ് കൊടുക്കുവാൻ കഴിയുക?,” ജോർജി ചോദിച്ചു.

എന്നിരുന്നാലും, ഇപ്പോള്‍ വിഘടിച്ചു നില്‍ക്കുന്നവരെ ഉൾക്കൊള്ളാൻ തയ്യാറായി തുറന്ന മനസ്സോടെയാണ് തന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതി പ്രവർത്തിക്കുന്നതെന്ന് ജോര്‍ജി വ്യക്തമാക്കി. ആരോടും പകയില്ല. എല്ലാവരെയും ഉൾക്കൊള്ളിക്കണം. തുറന്ന മനസ്സോടെ തങ്ങളുടെ കൂടെ ചേരാന്‍ തയ്യാറാകുന്ന എല്ലാവരെയും ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോർജി വർഗീസ് പറഞ്ഞു.

ന്യൂയോര്‍ക്ക് ക്വീന്‍സ് സുപ്രീം കോടതിയില്‍ എതിര്‍പക്ഷം ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജി മെരിലാന്‍ഡിലെ കോടതിയിലേക്ക് മാറ്റണമെന്ന തങ്ങളുടെ അപേക്ഷയിന്മേല്‍ കേസ് മെരിലാന്റിലേക്ക് മാറ്റിയതായി ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. തന്നെയുമല്ല, ക്വീന്‍സ് കോടതി ഉത്തരവിട്ട താത്ക്കാലിക സ്റ്റേ 14 ദിവസത്തേക്ക് മാത്രമേ നിലനില്‍ക്കൂ എന്ന തങ്ങളുടെ അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭാവി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയതെന്നും ഫിലിപ്പ് വ്യക്തമാക്കി.

പല നൂതന പ്രവർത്തന പരിപാടികളും പുതിയ കമ്മറ്റി ആവിഷ്ക്കരിച്ചു കഴിഞ്ഞു. ഫൊക്കാനയുടെ വിവിധ റീജിയണുകളുടെയും ആഭിമുഖ്യത്തിൽ അംഗ സംഘടനകളുമായി സഹകരിച്ച് മീറ്റ്‌ ആൻഡ് ഗ്രീറ്റ് എന്ന ജന സമ്പർക്ക പരിപാടി നടത്തിക്കഴിഞ്ഞു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകകയാണ്. ഒട്ടേറെ പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒരുപാട് പ്രവർത്തന രൂപരേഖകൾ ഈ മീറ്റിംഗുകളിൽ നിന്ന് ഉരുത്തിരിഞ്ഞു. ഒക്ടോബറിൽ മലയാളം അക്കാദമി ഉദ്‌ഘാടനം, നവംബറിൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ ഷോ, ഡിസംബറിൽ ടാലന്റ് ഹണ്ട് തുടങ്ങിയ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നടക്കുന്ന വിവരവും ജോർജി വർഗീസ് പ്രഖ്യാപിച്ചു.

വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷാഹിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ വരെ പ്രാധാന്യമുള്ള പല പ്രവർത്തങ്ങൾക്കും രൂപരേഖ തയാറാക്കി കഴിഞ്ഞു. കോവിഡ് 19 മഹാമാരിയുടെ സാധ്യതകൾ കൂടി ഉൾക്കൊണ്ടുള്ള പരിപാടികൾക്കാണ് വിമൻസ് ഫോറം രൂപം നൽകി വരുന്നത്.

പ്രസ് ക്ലബിൽ ആർക്കും തങ്ങളുടെ ഭാഗം വിശദീകരിക്കുവാൻ അവസരം നൽകുമെന്നും എന്നാൽ ഏതെങ്കിലും സംഘടനയുമായോ ഗ്രുപ്പുമായോ പ്രസ് ക്ലബിന് ബന്ധമൊന്നുമില്ലെന്നു ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് ജോർജ് ജോസഫ് തുടക്കത്തിലേ വ്യക്തമാക്കി. പ്രസ്‌ ക്ലബ് ഒരു നിഷ്പക്ഷ സംഘടനയാണ്.

ഇന്ത്യാ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റർ പ്രസിഡന്റ് ജോർജ് ജോസഫ്, സെക്രട്ടറി റെജി ജോർജ്, സുനിൽ ട്രൈസ്റ്റാർ, ജോസ് കാടാപ്പുറം (കൈരളി ടി.വി.), ടാജ് മാത്യു, രാജു പള്ളത്ത് (ഏഷ്യാനെറ്റ്), മധു കൊട്ടാരക്കര, സണ്ണി പൗലോസ്, സജി എബ്രഹാം, മൊയ്‌തീൻ പുത്തൻ‌ചിറ, ഫ്രാൻസിസ് തടത്തിൽ തുടങ്ങിയ മാധ്യമ പ്രവർത്തകരും, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, വൈസ് പ്രസിഡന്റ് തോമസ് തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌, മുതിര്‍ന്ന നേതാവ് പോൾ കറുകപ്പിള്ളിൽ, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോൺ പി ജോൺ, റീജനല്‍ വൈസ് പ്രസിഡന്റ് ഡോ. ജേക്കബ്‌ ഈപ്പൻ, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി സജി പോത്തൻ, ബിജു ജോൺ, ഗ്രേസ് ജോസഫ്, ‌ കല ഷാഹി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top