Flash News

പ്രവാസികളുടെ വൈകാരിക നൊമ്പരങ്ങളുമായി കോവിഈദ്

October 4, 2020 , ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കൊറോണ കാലത്ത് പ്രവാസ ഭൂവിലെ ഒരു ബാച്ചിലര്‍ റൂമിലെ ഈദാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ വൈകാരിക നൊമ്പരങ്ങള്‍ ഒപ്പിയെടുക്കുന്ന മലയാളം ഷോര്‍ട്ട് ഫിലിമാണ് പപ്പ മീഡിയയുടെ ബാനറില്‍ ഫൈസല്‍ റസാഖും ഷഫീഖും ചേര്‍ന്ന് നിര്‍മിച്ച കോവിഈദ്.

പ്രവാസലോകത്തെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റേയും വൈകാരിക തീവ്രതയും കൂട്ടുകാരോടൊക്കെ കൂടെപ്പിറപ്പുകള്‍ കണക്കെ കാണിക്കുന്ന സ്‌നേഹവായ്പുകളും കരുതലുകളും 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ കൊച്ചു ചിത്രം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ജീവിതം മുഴുവന്‍ നാടിനും കുടുംബത്തിനും വേണ്ടി സമര്‍പ്പിച്ച പ്രവാസികളോട് കൊറോണ കാലത്ത് കാണിച്ച അവഗണനയും നിലപാടുകളും വിമര്‍ശനവിധേയമാക്കുന്ന ചിത്രം പ്രവാസികളുടെ അതിജീവനത്തിന്റേയും കരുതലിന്റേയും പച്ചയായ യാഥാര്‍ഥ്യങ്ങളാണ് വരച്ചുകാണിക്കുന്നത്.

പെരുന്നാളിന്റെ സന്തോഷത്തിനിടയിലും കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമാവുകയും മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍പോലും നിവൃത്തിയില്ലാതെ ഗള്‍ഫില്‍തന്നെ ഖബറടക്കുകയും ചെയ്ത റിയാസ് എന്ന കൂട്ടുകാരനെ ഓര്‍ക്കുകയും അവന്റെ ഖബര്‍സന്ദര്‍ശിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ വൈകാരികാനുഭവങ്ങള്‍ സഹൃദയരുടെ കണ്ണുനനയിക്കും. ഒരു മാസം കൊണ്ട് നിങ്ങളൊക്കെ റിയാസിനോ മറന്നോ എന്ന ഹാജിക്കയുടെ ചോദ്യം ഓരോരുത്തരുടേയും മനസ്സില്‍ തറക്കുന്നതാണ്.

ഒരുപക്ഷെ, ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്നാകും ഇത്. നാടും വീടും വിട്ടു ഈ മണല്‍പ്പരപ്പിലേക്കു വരുമ്പോ, കുടുംബത്തിനപ്പുറം കിട്ടുന്നത് വലിയൊരു കൂട്ടം സുഹൃത്തുക്കളെക്കൂടിയാണ്. പെട്ടികെട്ടാനും, റൂം ഷെയര്‍ ചെയ്യാനും മാത്രല്ല കൂട്ടുകാരന് വേണ്ടി ആവശ്യം വന്നാല്‍ ചങ്ക് പറിച്ചുനല്‍കാനും തയ്യാറുള്ള നല്ല സുഹൃത്തുക്കള്‍. ഒരുപക്ഷെ, ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്നാകും ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ഫൈസല്‍ റസാഖ്, ശഫീഖ്, മണികണ്ടന്‍, രാജേഷ്, ഷജീര്‍ പപ്പ, ഫൈസല്‍ ചോച്ചു എന്നിവരാണ് ചിത്രത്തില്‍ വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ശഫീഖ് കല്ലിങ്ങല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഷജീര്‍ പപ്പയാണ്. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ അലന്‍ രാജു, എഡിറ്റര്‍ രാശി അല്‍ തുവ, ഡബ്ബിംഗ് സനൂപ് ഹൃദയാനന്ദ്, സൗണ്ട് മിക്‌സിംഗ് രജ്ഞിത്, സൗണ്ട് ഇഫക്ട് സൈമണ്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top