കോവിഡ്-19 ന്റെ പാശ്ചാത്തലത്തില്‍ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേസ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം.
അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. രണ്ട് ദിവസമായി വിചാരണ കോടതി ഒഴിവാണെന്നും ജീവനക്കാരന് കോവിഡ് ആണന്നും ഹര്‍ജിക്കാര്‍ ബോധിപ്പിക്കുകയായിരുന്നു. കോവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് അല്ലാതെ മറ്റ് മാര്‍ഗമില്ലന്ന് സിബിഐ ബോധിപ്പിച്ചു. സാക്ഷികളോ, പ്രതികളോ വരാത്ത സാഹചര്യത്തില്‍ വിസ്താരം നിര്‍ത്തിവെയ്ക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
അഭിഭാഷകനെ സഹായിക്കുന്നതിന് ജുനിയർ അഭിഭാഷകനെ കോടതിയിൽ അനുവദിക്കണം. വീഡിയോ കോൺഫറൻസിംഗിന് മികച്ച സൗകര്യം ഒരുക്കണമെന്നും സാങ്കേതിക തടസമുണ്ടായാൽ അക്കാര്യം വിചാരണക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും ഹൈകോടതി നിർദ്ദേശിച്ചു.
അഭയ കേസിൽ വിചാരണ നീട്ടാനാവില്ലെന്ന് കഴിഞ്ഞ ആഴ്ച സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജിയെ എതിർത്താണ് സി ബി ഐ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. 27 വർഷം പഴക്കം ഉള്ള കേസാണെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും വ്യക്തമാക്കിയ സിബിഐ വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണയാവാമെന്നും ചെലവ് വഹിക്കാമെന്നും അറിയിച്ചിരുന്നു.
മുതിർന്ന അഭിഭാഷകർക്കു വീഡിയോ കോൺഫറൻസ് വഴി വിചാരണയിൽ പങ്കെടുക്കാമെന്നും സഹായി മാത്രം വിചാരണ കോടതിയിൽ ഉണ്ടായാൽ മതിയെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. കാലത്തിനൊപ്പം മാറാൻ തയാറാവണമെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ മുന്നോട്ടുപോയല്ലേ തീരൂവെന്നും അന്വേഷണ ഏജൻസി പറഞ്ഞിരുന്നു.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply