Flash News

ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി

October 6, 2020 , പ്രവീണ

ആരോഗ്യമേഖല പുഴുവരിച്ചുവെന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്ന രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഇത്തരക്കാര്‍ ഉയര്‍ത്തുന്നതെന്ന് സ്വയം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഐ.എം.എയുടെ വിമര്‍ശനം ശരിയായ നടപടിയല്ല. സ്വയം വിദഗ്ധര്‍ എന്നു കരുതുന്നവര്‍ തെറ്റിദ്ധാരണ പരത്തുന്നു. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ്സ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തില്‍ പറയാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരുവകയുമുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോൾ പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകണ്ട എന്ന് കരുതിയാണ് ഇത് പറയേണ്ടിവന്നത്. ആരോഗ്യവിദഗ്ധരാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യരംഗത്തെക്കുറിച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. മറ്റെന്തെങ്കിലും മനസില്‍ വച്ചുകൊണ്ടാണെങ്കില്‍ അതൊന്നും ഏശില്ല എന്നേ പറയാനുള്ളൂ.

ഐഎംഎ വിദഗ്‌ധ സമിതിയല്ലെന്നും ഡോക്‌ടർമാരുടെ സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎംഎ ഡോക്‌ടർമാരുടെ പ്രശ്‌നത്തിൽ ഇടപെടാറുണ്ട്. അഭിപ്രായങ്ങൾ സ്വീകരിക്കാറുമുണ്ട്. അതിനുമപ്പുറം അതൊരു വിദഗ്‌ധ സമിതിയല്ല. കേന്ദ്ര സർക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അൺലോക്ക് പ്രക്രിയയിലൂടെ കൂടുതൽ ഇളവുകൾക്ക് കേന്ദ്രം അനുമതി നൽകുമ്പോഴും സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യം ഉടൻ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനഘട്ടമായതിനാൽ ഇപ്പോൾ സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലില്ലെന്നും എന്നാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനോട് സംസ്ഥാനത്തിനു യോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിർദേശം അനുസരിച്ച് ഒക്‌ടോബർ 15 മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാം. എന്നാൽ, സംസ്ഥാനത്ത് വിദ്യാലയങ്ങൾ ഉടൻ തുറക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടിൽ നിന്ന് വ്യക്തമായത്. രോഗവ്യാപന തോത് കുറയുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാലയങ്ങളാകെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്കു സംസ്ഥാനം അതിവേഗം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ നാടിന് സമർപ്പിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്‌ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകൾക്കായി നിർമിച്ചത്.

54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ചു. കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പന്ത്രണ്ടും കൊല്ലത്ത് അഞ്ചും പത്തനംതിട്ടയിൽ ആറും ആലപ്പുഴയിൽ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയിൽ ഒന്നും എറണാകുളത്ത് നാലും തൃശൂരിൽ പത്തൊൻപതും പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസർഗോഡും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നാടിന് സമർപ്പിച്ചത്.

ആർദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. ഇതുവരെ 461 ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ബാക്കിയുള്ള ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top