Flash News

സ്വർണ്ണക്കടത്ത്: സന്ദീപിന്റെ കുറ്റസമ്മതം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

October 6, 2020 , പ്രവീണ

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ കുറ്റസമ്മതം അലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച എൻ‌ഐ‌എ കോടതിയിൽ പ്രതികളായ എട്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുള്ള സന്ദീപിന്റെ പ്രസ്താവന തെളിവായി ഉപയോഗിച്ചേക്കും.

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ക്രിമിനൽ സെക്ഷൻ 164 പ്രകാരം സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ
സന്ദീപിനെ ആലുവ കോടതിയിൽ ഹാജരാക്കിയത്.

മൊഴി രേഖപ്പെടുത്തിയ ഉടനെ വിയ്യൂര്‍ സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. സ്വർണം കടത്താൻ നയതന്ത്ര ചാനൽ ഉപയോഗിക്കാൻ സഹായിച്ച സ്വപ്‌ന സുരേഷിന്റെ അടുത്ത സഹായിയാണ് സന്ദീപ്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരില്‍ അയച്ച ബാഗേജുകൾക്ക് നൽകിയ നയതന്ത്ര പരിരക്ഷയുടെ മറവിൽ സ്വർണം കൊണ്ടുവരാനുള്ള മുഴുവൻ ഗൂഢാലോചനയുടെയും സൂത്രധാരൻ റമീസിന്റെ അടുത്ത സുഹൃത്താണ് സന്ദീപ്. സന്ദീപിന്റെ കുറ്റസമ്മതം രേഖപ്പെടുത്താനുള്ള എന്‍ ഐ യുടെ പെട്ടെന്നുള്ള നീക്കം എൻ.ഐ.എ കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നപ്പോഴാണ്. പ്രതികളായ എട്ട് പേരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് എന്‍ ഐ എയെ കോടതി വിമര്‍ശിച്ചത്. പ്രതികൾ തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം എത്തിച്ചു എന്ന കുറ്റാരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നാണ് എൻഐഎ യോട് കോടതി ചോദിച്ചത്. എൻഐഎ ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യം നാളെ വിശദീകരിക്കാമെന്ന് എൻഐഎക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചിരുന്നു.

അതേസമയം, സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻമാരായ ഫൈസൽ ഫരീദിനേയും റബിൻസ് ഹമീദിനേയും അറസ്റ്റ് ചെയ്‌തിരുന്നുവെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി യുഎഇ സന്ദർശിച്ച സംഘത്തെ ഇക്കാര്യം അറിയിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കാൻ സ്വർണക്കടത്ത് കാരണമായെന്ന് യുഎഇ വ്യക്തമാക്കിയതായും എൻഐഎ ബോധിപ്പിച്ചു.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ ചമച്ച് സ്വർണം കടത്തിയതിൽ സൂത്രധാരൻമാർക്കും പണം മുടക്കിയവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ നടപടിയുണ്ടാവുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ടെന്നും എൻഐഎ സത്യവാങ്‌മൂലത്തിൽ അറിയിച്ചു.

ഫൈസൽ ഫരീദ്, റബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെ ഇന്റർപോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായും എൻഐഎ കോടതിയെ അറിയിച്ചു. കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകർ മുഹമ്മദ് ഷാഫിയും കെ.ടി.റമീസുമാണെന്നും ഗൂഢാലോചന നടന്നത് ദുബായിൽ ആണെന്നും എൻഐഎ ബോധിപ്പിച്ചു.

അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇനിയും പലരും പിടിയിലാവുമെന്നും എൻഐഎ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top