Flash News

സൂഫിസം (Sufism) ഭാഗം – 20

October 7, 2020 , ബിന്ദു ചാന്ദിനി

റാബിയ അൽ അദവിയ്യ

ഇസ്ലാമിക ആത്മീയ ചരിത്രത്തിൽ ഏറ്റവും പ്രശസ്തയായ വനിതയും സൂഫി പാരമ്പര്യത്തിലെ കവയിത്രിയുമാണ് റാബിയ അൽ അദവിയ്യ (713-801). ഇറാഖിലെ ബസ്രയിൽ ഒരു ദരിദ്ര്യ കുടുംബത്തിൽ ജനിച്ച റാബിയ ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങളിൽ അതീവ തൽപരയായിരുന്നു. ദൈവസ്നേഹത്തിലും ആത്മപരിത്യാഗത്തിലും ഉറച്ചുനിന്ന റാബിയയിലൂടെയാണ് ദൈവഭക്തി ദൈവത്തോടുള്ള പ്രണയമായി മാറുന്നത്. പിന്നീട് സൂഫിസം റാബിയയുടെ മാർഗ്ഗം പിന്തുടർന്നു. സ്വർഗമോഹവും നരകഭയത്തിൻ്റേയും പ്രേരണയില്ലാതെ ദൈവത്തോടുള്ള പ്രണയമാണ് റാബിയയുടെ കവിതകളിൽ.

റാബിയ അൽ അദവിയ്യ

“നരകഭയം മൂലം ഞാൻ നിന്നെ
ആരാധിച്ചാൽ, എന്നെ
നരകത്തിൽ എരിയ്ക്കുക്കുക
പറുദ്ദീസ മോഹിച്ച് ഞാൻ
നിന്നെ ആരാധിച്ചാൽ എന്നെ
പറുദീസയ്ക്ക് പുറത്ത്
നിർത്തുക
എന്നാൽ ഞാൻ നിന്നെ
നീയായ് അറിഞ്ഞ്
സ്നേഹിച്ചാൽ
നിൻ്റെ നിത്യസൗന്ദര്യം എനിക്ക്
നിരസിക്കാതിരിക്കുക” (wikipedia)

ബിന്ദു ചാന്ദിനി

ദൈവത്തെ ഭയപ്പെടുക എന്നത് ദൈവസാമീപ്യമാർഗ്ഗത്തിൽ വിഘാതം സൃഷ്ടിച്ചേക്കുമെന്ന് റാബിയ നിരീക്ഷിച്ചു. ദൈവത്തോടുള്ള അഗാധമായ പ്രണയത്തിലൂടെ ദൈവവുമായി ഐക്യം പ്രാപിക്കാം എന്നാണ് അവരുടെ കവിതകളിലൂടെ പ്രഖ്യാപിക്കുന്നത്. ദൈവത്തെ പ്രണയിച്ചുകൊണ്ട് ഉപാസിക്കുക എന്ന ആശയത്തിന് കുടുതൽ പ്രചാരം നേടുകയും ചെയ്തു. ആത്മീയതയുടെ ലോകത്ത് പെൺകരുത്തിൻ്റെ ചരിത്രം സൃഷ്ടിച്ച സർവ്വപരിത്യാഗിയായ റാബിയ ഭക്തിയുടെയും വിരക്തിയുടെയും ദൈവസമർപ്പണത്തിൻെറയും പ്രതീകമാണ്. പിന്നീട് റാബിയ ലോകത്തെമ്പാടുമുള്ള ആത്മീയ അന്വേഷികളുടെ പ്രിയങ്കരിയായി മാറി.

ആബിദ പർ‌വീണ്‍

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ലർകാനയിൽ ജനിച്ചു വളർന്ന സൂഫി ഗായിക ആബിദ പർവ്വീൺ ( b .1954 ) ദർഗയിൽ പാടിയാണ് വളർന്നത്. ഗുരുവും പിതാവുമായ ഉസ്താദ് ഗുലാം ഹൈദറിനോടൊപ്പം കുട്ടിക്കാലത്ത് ദർഗയിൽ പാടുക പതിവായിരുന്നു. മകളുടെ കഴിവ് മനസിലാക്കിയ പിതാവ് മകളെ തൻ്റെ പിൻഗാമിയാക്കി. സൂഫികളുടെ ഗസലുകളും കാഫികളുമാണ് ആബിദ ആലപിച്ചിരുന്നത്.

ഖവാലിയിൽ നിന്ന് വ്യത്യസ്തമായി ലളിതമായ ക്രമീകരണമാണ് കാഫിയിൽ. തബലയുടെയും ഹാർമോണിയത്തിൻ്റെയും ഡോലക്കിൻ്റെയും അകമ്പടിയോടെ ഒരാൾ മാത്രം പഞ്ചാബി, സിന്ധി ഭാഷയിലുള്ള സൂഫികവികൾ പാടുന്നതാണ് കാഫി. കാഫികൾ ആബിദയുടെ ആത്മീയാന്വേഷണത്തിന് പ്രേരകമായി. ആബിദ പാടുമ്പോൾ ഭാവതീവ്രതകൊണ്ട് ശ്രോതാക്കൾ ഉന്മാദത്തിലെത്തുന്നു. ഇന്ന് ഇങ്ങനെ പാടാൻ സൂഫി ഗായികമാരിൽ ആബിദ മാത്രം. കാഫി സംഗീതത്തിൽ കിഴക്കിൻ്റെ അവധൂത ആയി യൂറോപ്യന്മാർ ആബിദയെ വാഴ്ത്തുന്നത്.

ആബിദ പർവ്വീൺ

ഫാഹിമ മിർസായ്

അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ റൂമിയുടെ പാരമ്പര്യം പിൻപറ്റി ഫാഹിമ മിർസായ് സ്ത്രികൾക്കായി ഒരു സൂഫിന്യത്ത വിദ്യാലയം ആരംഭിച്ചു. സാമയിലെ വെളുത്ത വസ്ത്രംധരിച്ച ദർവിഷ് നൃത്തം അവരെ പ്രസിദ്ധയാക്കി.
“എൻ്റെ ജീവിതവും എൻ്റെ വിദ്യാർത്ഥികളുടെ ജീവിതവും സാമമാറ്റി. അവർ ആത്മവിശ്വാസം നേടി. വിഷാദരോഗം ബാധിച്ചവരിൽ ചിലരെങ്കിലും ഇപ്പോൾ സന്തുഷ്ടരാണ്,” ഫാനിമ പറഞ്ഞു. സ്ത്രീകളുടെ സൂഫി നൃത്തം സമാധാനത്തിനു വേണ്ടിയുള്ളതാണന്ന് ഫാഹിമ വിശ്വാസിക്കുന്നു. തീവ്രവാദം ഒരു ജനതയേയും ഒരു രാജ്യത്തേയും എങ്ങനെ നശിപ്പിക്കും എന്നതിനു ഉദാഹരണങ്ങളിൽ ഒന്നാണ് അഫ്ഗാനിസ്ഥാൻ.

ഫാഹിമ മിർസായ്

2001 താലിബാൻ ഭരണം അവസാനിപ്പിച്ചത് മുതൽ സ്ത്രീകൾ കടുത്ത പോരാട്ടത്തിലൂടെ അഫ്ഗാനിസ്ഥാനിൽ ഒട്ടേറെ അവകാശങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചതോടെ വീണ്ടും താലിബാൻ ഭരണത്തിൻ കീഴിൽ കഴിയേണ്ടിവരുമോയെന്ന ഭയത്തിലും ആശങ്കയിലുമാണ് അഫ്ഗാൻ ജനത.

“രാജ്യത്തിൻ്റെ വിധി ഇതുവരെ വ്യക്തമല്ല. ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ ഭ്രാന്തർ എന്ന് വിളിക്കുന്നു. ഇത്തരം സമ്പ്രദായങ്ങൾ നിലനിൽക്കരുതെന്ന് പറയുന്നു. പക്ഷേ ഞങ്ങൾ റൂമിയുടെ പാതയിൽ തുടരും” ചിരിച്ചു കൊണ്ട് ഫാഹിമ മിർസായ് പറഞ്ഞു.

ഹിജ്റ കലണ്ടർ

ഏ.ഡി. 622 – ൽ മുഹമ്മദ് നബിയും അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. ‘ഹിജ്റ’ എന്നറിയപ്പെടുന്ന ഈ സംഭവം ഇസ്ലാമിൻ്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. മുഹമ്മദ് നബി മദീനയിലെത്തിയ വർഷം (622) ഹിജ്‌റ എന്ന പേരുളള മുസ്ലീം കലണ്ടറിന് തുടക്കം കുറിച്ചു.

ഖലീഫ ഉമ്മറിന്റെ കാലത്താണ് ഹിജ്റ കലണ്ടർ നിലവിൽ വന്നത് (16 Thursday – 07 – 622 or 1-1 – 1 A H). ഹിജ്റ തിയതി കലണ്ടറിൽ കാണിക്കാൻ AH എന്ന അക്ഷരങ്ങളാണ് ഉപയോഗിച്ചിട്ടുളളത്. ചന്ദ്രവർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹിജ്റ കലണ്ടർ. ഒരു വർഷത്തിന് 354 ദിവസങ്ങൾ, 12 മാസങ്ങൾ (മുഹറം മുതൽ ദുൽഹജ്ജ് വരെ), ഓരോ മാസത്തിനും 29 അല്ലെങ്കിൽ 30 ദിവസങ്ങൾ. സൂര്യാസ്തമയത്തോട് കൂടി ഓരോ ദിവസവും ആരംഭിക്കുന്നു. മാസപിറയെ (ചന്ദ്ര പിറയെ) അടിസ്ഥാനമാക്കിയാണ് ഓരോ മാസവും ആരംഭിക്കുന്നത്. ഹിജ്റ വർഷത്തിന് സൂര്യവർഷത്തെക്കാൾ 11 ദിവസം കുറവാണ്. അത് കൊണ്ട് ഇസ്ലാമിക ആഘോഷങ്ങൾ (റംസാൻ, ഈദ്, ബക്രീദ്) എത് ഋതുക്കളിലും വരാം. ഹിജ്റ തിയതികളെ ഗ്രിഗേറിയന്‍ (ഇംഗ്ലീഷ് കലണ്ടർ) തിയതിയുമായി താരതമ്യപ്പെടുത്താൻ ബുദ്ധിമുട്ടാണ്. ഇസ്ലാമിക മതാചാരങ്ങൾ (റംസാൻ, ഹജ്ജ്) കാലാവസ്ഥയുടെ പ്രത്യേകതകൾ (ഉഷ്ണം, മഞ്ഞ്, മഴ) പറഞ്ഞ് ഒഴിഞ്ഞു നിൽക്കാതെ എല്ലാവർക്കും അനുഷ്ഠിക്കാൻ വേണ്ടിയാണ് ചന്ദ്രവർഷത്തെ അടിസ്ഥാനപ്പെടുത്തി ഹിജ്‌റ കലണ്ടർ നിർമ്മിച്ചിരിക്കുന്നത്.

ഇസ്ലാം മതം

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ (Pillars of Islam)

ഷഹാദത്തു കലിമ
“ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്”
അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല. മുഹമ്മദ് അല്ലാഹുവിൻ്റെ പ്രവാചകൻ ആണെന്ന് അംഗീകരിക്കുകയാണ്. ഇതാണ് സർവോപരിയും സർവപ്രധാനവുമായി ഒരു മുസ്ലീം വിശ്വസിക്കേണ്ടത്. ഓരോ മുസ്ലീമും പിറന്നു വീഴുമ്പോഴും ലോകത്ത് നിന്ന് മരിച്ചു പിരിയുമ്പോഴും കേൾക്കേണ്ട വചനമാണിത്.

പ്രാർത്ഥന

ജുമുഅ നമസ്കാരം

ഇസ്ലാമിലെ കർമാനുഷ്ഠാനങ്ങളിൽ അതിപ്രധാനമായ സ്ഥാനമാണ് പ്രാർത്ഥനയ്ക്കു നൽകിയിട്ടുള്ളത്. മനുഷ്യവംശത്തിൻ്റെ ആരംഭകാലം മുതൽ തന്നെ പ്രാർത്ഥന ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നിലനിന്നിരുന്നതായിക്കാണാം. ദിവസേന അഞ്ചു പ്രാവശ്യം (സുബഹ്, ളുഹർ, അസർ, മഗരിബ്, ഇഷാ) കഅബയെ ലക്ഷ്യമാക്കിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥന നടത്തുവാൻ മുസ്ലീംങ്ങൾ കടമപ്പെട്ടിരിക്കുന്നു. വിശ്വാസികൾ കൂട്ടമായി നിർവ്വഹിക്കേണ്ട നമസ്ക്കാരങ്ങളുടെ സമയങ്ങളിൽ മസ്ജിദുകളിൽ നിന്ന് ബാങ്കുവിളി ഉയർന്നു കേൾക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിനും സവിശേഷ പ്രാധാന്യമുണ്ട്. സാമൂഹ്യ – രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനുള്ള സന്ദർഭമായും ജുമുഅ നമസ്കാരത്തെ കരുതാവുന്നതാണ്. ഈദുൽ ഫിത്ർ, ഈദുൽ അസ്ഹ എന്നീ പെരുന്നാൾ ദിവസങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ചു പോരുന്നു. ലോകത്തെങ്ങുമുള്ള മുസ്ലീം ജനതയുടെ ഏകതാനതയാർന്ന പ്രാർത്ഥനാരീതി അവരെ വൈകാരികമായി ഏകീകരിക്കുവാൻ സഹായകമാണ്. ഒന്നിച്ചുള്ള പ്രാർത്ഥന അവരുടെ സാമൂഹ്യ ബന്ധത്തെ അരക്കിട്ട് ഉറപ്പിക്കുന്നു. യാചകനും രാജാവിനും ഉയർന്നവനും താഴ്ന്നവനുമെല്ലാം യാതൊരു വ്യത്യാസവും കൂടാതെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ ഒരു പൊതുസാഹോദര്യം അവിടെ ഉടലെടുക്കുകയാണ്. ലോകത്തെമ്പാടുമുള്ള മുസ്ലീംങ്ങൾ കഅബ എന്ന ഒരേ കേന്ദ്രത്തെ ലക്ഷ്യമാക്കി പ്രാർത്ഥിക്കുന്ന സമ്പ്രദായം അവരിൽ ഐക്യബോധം വളർത്തുവാൻ സഹായിക്കുന്നു.

ഒന്നാം ഇസ്ലാമിക നൂറ്റാണ്ടിൽ പള്ളി ഒരു സവിശേഷ വാസ്തുശില്പ രൂപം കൈവരിച്ചു കഴിഞ്ഞിരുന്നു. പള്ളിക്ക് സാധാരണയായി ഒരു തുറന്ന മുറ്റവും (Court Yard) അവിടെ ഒരു ജലധാരയോ കുളമോ ഉണ്ടായിരിക്കുകയും ചെയ്യും. ആരാധകരുടെ നീണ്ട നിരയേയും പ്രാർത്ഥനക്ക് നേത്യത്വം നൽകുന്ന ഇമാമിനേയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആർച്ച് വെച്ച ഹാളും (Vaulted Hall) ആണ് പള്ളിയുടെ മറ്റൊരു സവിശേഷത. ഹാളിനകത്തും രണ്ടു സവിശേഷതകൾ കാണാം. ഒന്ന്, മക്ക ഏതു ഭാഗത്താണെന്നു സൂചിപ്പിക്കുന്ന ചുമരിന്മേലുള്ള ഒരു നീഷെ (കുഴി – മിഹ്റാബ് – Mihrab) ആണ്. രണ്ടാമത്തെത് പ്രസംഗവേദി അല്ലെങ്കിൽ മിൻബർ (Minbar) ആണ്. വെള്ളിയാഴ്ച ഉച്ചക്കുള്ള പ്രാർത്ഥനാ (Juma) സമയത്ത് ഇവിടെ നിന്ന് പ്രസംഗം (Khutba) നടത്തും. ഇതിനോടു ചേർന്നു ഒരു മിനാരം (Minaret) ഉണ്ടാകും. വിശ്വാസികളോടു നിശ്ചിത സമയത്തുള്ള പ്രാർത്ഥനക്ക് ഇവിടെനിന്നാണു അറിയിപ്പു നൽകുക.

വ്രതം

ഇസ്ലാം എന്ന പ്രസ്ഥാനത്തെ താങ്ങിനിർത്തുന്നത് റംസാൻ മാസത്തിലെ വ്രതാനുഷ്ഠാനമാണ്. ഈ മാസത്തിലാണ് ഖുർആൻ്റ വെളിപാട് മുഹമ്മദ് നബിക്കു ലഭിച്ചത്. റംസാൻ മാസം ആരംഭിക്കുന്നത് ചന്ദ്രൻ്റെ പിറവിയോടു കൂടിയാണ്. റംസാൻ മാസം മുഴുവൻ ഭക്ഷ്യപാനീയങ്ങൾ ഉപേക്ഷിച്ച് പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന വ്രതം അനുഷ്ഠിക്കുന്നു. മാനസികവും ശാരീരികവുമായ പരിശുദ്ധി പൂർണമായും പരിരക്ഷിച്ചില്ലെങ്കിൽ വ്രതാനുഷ്ഠാനം നിഷ്ഫലമായിത്തീരും. വ്രതാനുഷ്ഠാനംകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് ആത്മീയമായ ശിക്ഷണബോധം ഉളവാക്കുകയെന്നതാണ്. ദുഷിച്ച മാർഗങ്ങളിൽ നിന്നെല്ലാം മനുഷ്യനെ പിൻതിരിപ്പിക്കുവാനുള്ള ശക്തി അതിനുണ്ടെന്നും പ്രവാചകൻ പ്രസ്താവിച്ചിട്ടുണ്ട്. ശാരീരികമായും വ്രതാനുഷ്ഠാനത്തിന് വളരെ പ്രാധാന്യമാണുള്ളത്. ഷവ്വാൽമാസത്തിൻ്റെ ആരംഭദിനം വ്രതാനുഷ്ഠാനത്തിൻ്റെ അന്ത്യത്തേയും ഈദ്-ഉൽ-ഫിത്ർ എന്ന പെരുന്നാൾ ദിനത്തേയും കുറിക്കുന്നു. ഈ ദിവസം മുസ്ലിംങ്ങൾ പുതുവസ്ത്രങ്ങളണിഞ്ഞ് ഉല്ലാസഭരിതരായി തുറസ്സായ സ്ഥലത്തോ അല്ലെങ്കിൽ പള്ളിയിലോ, കൂട്ടപ്രാർത്ഥന നടത്തും

സക്കാത്ത്

സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയതിനു ശേഷമുള്ള സമ്പത്തിൻ്റെ രണ്ടര ശതമാനം എല്ലാ വർഷവും ദാനം ചെയ്യണമെന്നാണ് ഖുർആൻ്റെ വിധി. പണത്തിനു പുറമെ സ്വർണം, വെള്ളി, കൃഷി, കന്നുകാലി, കച്ചവട സാധനങ്ങൾ എന്നിവയിൽ നിന്നും സക്കാത്ത് നൽകാൻ മുസ്ലീംങ്ങൾ ബാധ്യസ്ഥരാണ്. അറേബ്യയിൽ ഇസ്ലാമിക സാമ്രാജ്യം സ്ഥാപിതമായതിനുശേഷം സക്കാത്ത് ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നതിനും പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനുമായി ഒരു പ്രത്യേക വകുപ്പ് പ്രവർത്തിച്ചിരുന്നതായി കാണാം. ഇസ്ലാമിലെ സാമ്പത്തിക സിദ്ധാന്തത്തിൻ്റെ നട്ടെല്ലാണ് സക്കാത്ത് എന്ന ആശയം. നിയമാനുസ്യതമായി ദാനം ചെയ്യാത്ത ഒരു മുസ്ലീമിൻ്റെ പ്രാർത്ഥന നിരർഥകമായിത്തീരുമെന്ന് ഖുർആൻ അനുശാസിക്കുന്നു. സമ്പത്ത് ന്യൂനപക്ഷത്തിൻ്റെ കൈകളിൽ കേന്ദ്രീകരിക്കുവാൻ അനുവദിക്കാതെ, സമൂഹത്തിൻ്റെ പൊതുവായ സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടി സൃഷ്ടിച്ച ആരാധന കർമ്മമാണ് സക്കാത്ത്. സക്കാത്ത് ധനികൻ്റെ കടമയും ദരിദ്രൻ്റെ അവകാശവുമാണ്. ഇതിലൂടെ പാവപ്പെട്ടവർക്ക് ഗതിയില്ലാതെ യാചിക്കുകയോ മോഷ്ടിക്കുകയോ ചെയ്യാൻ അവരെ നിർബന്ധിതരാക്കാതെ, അവരെ സംരക്ഷിക്കാനുള്ള ധാർമികമായ ചുമതല സമൂഹം ഏറ്റെടുക്കുന്നു.

ഹജ്ജ്

ഹജ്ജ്

ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും ഇത് എല്ലാവർക്കും ബാധകമല്ല. സാമ്പത്തിക ശേഷിയും ആരോഗ്യമുള്ളവരൊക്കെ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യുണമെന്നത് ഇസ്ലാമിൽ നിർബന്ധമാണ്. എല്ലാ വർഷവും ദുൽഹജ്ജ് മാസത്തിൽ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് മക്കയിലെത്തുന്ന ഭക്തന്മാർ വർഗ – സാമ്പത്തിക വ്യത്യാസങ്ങളൊന്നും കൂടാതെ ശുഭവസ്ത്രധാരികളായി ഒത്തുകൂടി ഇസ്ലാമിലെ സമഭാവന വിളംബരം ചെയ്ത് ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നു. ലോകമെങ്ങും വ്യാപിച്ചിട്ടുള്ള ഒരു മതമാണ് ഇസ്ലാം. പല വർഗങ്ങളിലും വംശങ്ങളിലും പെട്ട മുസ്ലീംങ്ങൾ സ്വാഭാവികമായും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലത്തിൽ ജീവിക്കുന്നവരാണ് . അവർക്കെല്ലാം ഒരേ വേദിയിൽ സമ്മേളിക്കുവാനും പരസ്പരം അടുത്തറിയാനുമുള്ള ഒരു സുവർണാവസരം ഹജ്ജ് പ്രധാനം ചെയ്യുന്നു.

ഈമാൻ കാര്യങ്ങൾ (Six beliefs )

ഇസ്ലാം മതവിശ്വാസികൾ പിന്തുടരണമെന്നു ഖുർആൻ നിർദ്ദേശിക്കുന്ന ആറ് നിബന്ധവിശ്വാസങ്ങളെയാണ് ‘ഈമാൻ’ കാര്യങ്ങൾ എന്നു പറയുന്നത്. ‘ഈമാൻ’ എന്നാൽ ‘വിശ്വാസം’ എന്നാണർത്ഥം.

1. അല്ലാഹുവിൽ വിശ്വസിക്കുക.

2. മലക്കുകളിൽ വിശ്വസിക്കുക.

3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക.
ഖുർആൻ വെളിപ്പെടുന്നതിനുമുൻപ് മറ്റു മൂന്നു ദൈവികഗ്രന്ഥങ്ങൾ ലോകത്തിന് പ്രവാചകന്മാർ വഴി ലഭിച്ചിട്ടുണ്ട്. ദാവൂദ് നബിക്കു ലഭിച്ച ‘സബൂർ’ (Psalms) എന്ന ഗ്രന്ഥവും മൂസാ നബിക്കു ലഭിച്ച ‘തൗറാത്’ (Old testament) എന്ന ഗ്രന്ഥവും ഈസാ നബിക്കു ലഭിച്ച ‘ഇഞ്ചീൽ’ (Bible) എന്ന ഗ്രന്ഥവുമാണ് അവ. ഈ ഗ്രന്ഥങ്ങളിലൂടെ മനുഷ്യർക്കു നൽകിയ പ്രബോധനങ്ങൾ ഖുർആൻ്റെ അവതരണത്തോടെ പരിപൂർണതയിൽ എത്തിച്ചേർന്നു എന്ന് മുസ്ലീംങ്ങൾ വിശ്വസിക്കുന്നു.

4. പ്രവാചകരിൽ വിശ്വസിക്കുക.
മുഹമ്മദ് നബിക്ക് മുമ്പുള്ള എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കുന്നു.

5. ഗുണവും ദോഷവും അല്ലാഹുവിൻ്റെ നിശ്ചയപ്രകാരമാണെന്ന് വിശ്വസിക്കുക നന്മയും തിന്മയും എല്ലാ കാര്യങ്ങളും ദൈവത്തിൽ നിന്നാണെന്ന് വിശ്വസിക്കുക. സുഖദുഃഖങ്ങൾ ജീവിതത്തിൽ ദൈവഹിതമനുസരിച്ച് അനിവാര്യമായി സംഭവിക്കുന്നവയാണ്. കർമങ്ങൾ അനുഷ്ഠിക്കുവാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നൽകപ്പെട്ടിട്ടുണ്ടെങ്കിലും അവയെ വിലയിരുത്തുന്നതും അവർക്ക് പ്രതിഫലം നൽകുന്നതും ദൈവനീതിക്ക് അനുസൃതമായിട്ടായിരിക്കും.

6. അന്ത്യനാളുകളിൽ വിശ്വസിക്കുക. ഇസ്ലാമിക വിശ്വാസപ്രകാരം ദൈവഹിതമനുസരിച്ച് ഒരിക്കൽ ഈ ലോകം പൂർണമായും നശിപ്പിക്കപ്പെടും. അതാണ് അന്ത്യദിനം. അതിനുശേഷം എല്ലാ മനുഷ്യരും പുനർജന്മം നൽകപ്പെട്ട് എല്ലാവർക്കും അവരുടെ പ്രവർത്തിക്കനുസരിച്ചുള്ള പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നു . ഇഹലോക ജീവിതത്തിൽ സൽപ്രവർത്തികൾ ചെയ്തവർക്ക് സ്വർഗജീവിതവും ദുഷ്കൃത്യങ്ങളിൽ വ്യാപ്തൃതരായവർക്ക് നരക ജീവിതവുമാണ് സമ്മാനിക്കുക. ലോകജീവിതത്തെ കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കർമഫലത്തെപ്പറ്റിയുള്ള വിശ്വാസം മുസ്ലീങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നത്.

ഇസ്ലാമിലെ തന്നെ പല പണ്ഡിതന്മാരും പരലോകചിന്തകളെ എതിർത്തിട്ടുണ്ട്. സർ സയ്യിദ് അഹമ്മദ് ഖാൻ അതിലൊരാളാണ് . ആധുനികേന്ത്യയിലെ അതിപ്രഗത്ഭനായ ഒരു കവിയായിരുന്നു ഡോ. മുഹമ്മദ് ഇക്ബാൽ. അന്നത്തെ ഇന്ത്യൻ യുവാക്കളുടെ മനസ്സിനെ വളരെയധികം സ്വാധീനിച്ചു. ചലനാത്മകവും കർമ്മനിരതവുമായ ജീവിതം നയിക്കാനും പരലോകചിന്ത വെടിഞ്ഞ് ഇഹലോകജീവിതത്തിന് പ്രാധാന്യം നൽകാൻ അദ്ദേഹം ജനങ്ങളെ ഉൽബോധിപ്പിച്ചു.

അതുപോലെ ഇസ്ലാമിലെ മുഅതസില വിഭാഗത്തിലെ പണ്ഡിതരും പരലോക ചിന്തകളെ എതിർക്കുന്നു. മുഅതസില (Mutazila) അതുപോലെയുള്ള മതാത്മക മനസ്ഥിതിയുള്ള പണ്ഡിതസംഘം ഗ്രീക്കു ന്യായ ശാസ്ത്രവും (logic) യുക്ത്യാധിഷ്ഠിത രീതികളും (Methods of reasoning) ഇസ്ലാമിക വിശ്വാസങ്ങളെ യുക്തിഭദ്രമാക്കാൻ വിനിയോഗിച്ചു. ദാർശനികന്മാർ ആഴത്തിലുള്ള ചോദ്യങ്ങൾക്ക് നൂതന ഉത്തരങ്ങൾ കണ്ടെത്തി. മത വിശ്വാസത്തെക്കാൾ ശാസ്ത്രത്തിന് പ്രാമുഖ്യം നൽകിയിരുന്ന ഇസ്ലാമിന്റെ സുവർണ്ണകാലമായിരുന്നു അന്ന്. ഒരു ഭിഷഗ്വരനും, ശാസ്ത്രജ്ഞനും, കവിയും ദാർശനികനുമായ ഇബ്ൻ സിന (Avicenna) അന്ത്യനാളുകളിലെ ഉയിർത്തെഴുന്നേല്പിൽ വിശ്വസിച്ചില്ല. മതപണ്ഡിതന്മാർ ഇതിനെ നഖശിഖാന്തം എതിർത്തു.

ഇബ്ൻ സിന

ഇബ്ൻ സിന (Avicenna )

മദ്ധ്യകാല വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഇബ്ൻ സിന (ജനനം 980 ബുക്കാറ, ഉസ്ബെക്കിസ്ഥാൻ – മരണം 1037 ഹമദാൻ, ഇറാൻ). ഗ്രീക്ക്, പേർഷ്യൻ മെസപൊട്ടേമിയൻ വൈദ്യശാസ്ത്ര സിദ്ധാന്തങ്ങൾ കൂട്ടിയിണക്കി അദ്ദേഹം ഒരു പുതിയ വൈദ്യ സമ്പ്രദായം വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ വ്യാപകമായി വായിക്കപ്പെട്ടു. ഇവയിൽ ഏറ്റവും ശ്രദ്ധേയം ഒരു മില്ല്യൻ വാക്കുകളുള്ള അൽ ഖാനൂൻ ഫിൽ തിബ്ബ് (The Canon of medicine) എന്ന വൈദ്യശാസ്ത്ര നിയമം ആണ്. അഞ്ച് വാല്യങ്ങളുള്ള കാനോൻ നൂറ്റാണ്ടുകളോളം ഒരു മെഡിക്കൽ അതോററ്റിയായി തുടർന്നു. അക്കാലത്ത് വില്‍ക്കപ്പെട്ടിരുന്ന 760 മരുന്നുകളെപ്പററിയും, ആശുപത്രികളിൽ അദ്ദേഹം നേരിട്ടു നടത്തിയ പരീക്ഷണങ്ങളെപ്പറ്റിയും അതിൽ പ്രതിപാദിക്കുന്നുണ്ട്. ഭക്ഷണ നിയന്ത്രണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും മനുഷ്യാരോഗ്യത്തിന്മേലുള്ള സ്വാധീനത്തെക്കുറിച്ചും, വിവിധ തരത്തിലുള്ള പനി, വിഷം തുടങ്ങിയവ മനുഷ്യ ശരീരത്തെ ഏങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും, ചില രോഗങ്ങളുടെ പകരുന്ന സ്വഭാവത്തെക്കുറിച്ചും ഈ ഗ്രന്ഥം വിദശമായി വിവരങ്ങൾ നൽകുന്നു. നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത സൂക്ഷ്മ കണങ്ങൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് തടയാൻ ആളുകളെ 40 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യുന്ന രീതി അദ്ദേഹം ഉപയോഗിച്ചു. ക്വാറന്റിന (quarantena ) എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ക്വാറന്റൈൻ എന്ന പദം വന്നത് . ക്വാറന്റൈൻ എന്ന വാക്ക് ഇറ്റാലിയൻ പദമാണെങ്കിലും I025 ഇബ്ൻ സിന എഴുതിയ The Canon of medicine എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഉത്ഭവിച്ചത്. പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ പലായനങ്ങൾ കർശനമായി നിരോധിച്ചില്ലെങ്കിൽ രോഗം മറ്റു ഭൂപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും മഹാമാരിയായി മാറുകയും ചെയ്യും.

സാംസ്കാരിക വിനിമയത്തിലൂടെ നിരവധി അറബ് ഗ്രന്ഥങ്ങളോടൊപ്പം ഇബ്ൻ സിനയുടെ കാനോനും യൂറോപ്യൻ നവോത്ഥാനത്തിന്റെ ഉറവിടമായ ഇറ്റലിയിൽ എത്തിച്ചേർന്നു. അവർ അദ്ദേഹത്തിന്റെ ഇബ്ൻ സിന എന്ന പേര് മാറ്റി ലാറ്റിനിൽ അവിസെന്ന (Avicenna) എന്ന പേരിലാണ് ഗ്രന്ഥം 12-ാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ചത്. ഈ ഗ്രന്ഥം നൂറ്റാണ്ടുകളോളം ഇസ്ലാമിക് – യൂറോപ്യൻ ലോകത്ത് വൈദ്യശാസ്ത്രത്തിന് മാനദണ്ഡങ്ങൾ നിശ്ചിയിച്ചിരുന്ന ഒരു ടെക്സ്റ്റ് ബുക്കായി ഉപയോഗിച്ചിരുന്നു.

കൊറോണ മഹാമാരിയുടെ കാലത്ത് വൈദ്യശാസ്ത്ര രംഗത്തുള്ളവർ ഇബ്ൻ സിനയുടെ ഗ്രന്ഥങ്ങളായ The Canon of medicine, The book of Healing തുടങ്ങിയവ വീണ്ടും പഠനവിധേയമാകേണ്ടതാണ്.

Al Quanun Fil Tibb ( The Cannon of Medicine )

The Cannon of Medicine

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top