Flash News

ജാസ്മിന്‍ സമീറിന്റെ ‘ജന്നത്ത്’ തരംഗം സൃഷ്ടിക്കുന്നു

October 8, 2020 , ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ സമീറിന്റെ രചനയില്‍ പിറന്ന ഭക്തി ഗാന ആല്‍ബം ജന്നത്ത് തരംഗം സൃഷ്ടിക്കുന്നു. എസ്. ആന്റ് പ്രൊഡക്ഷന്‍സ് ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് ആല്‍ബം കാണുകയും മികച്ച അഭിപ്രായങ്ങള്‍പ്രകടിപ്പിക്കുകയും ചെയ്തത്. മനുഷ്യനെ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാര്‍ഥനയാണ് ഈ രചനയുടെ ഏറ്റവും വലിയ കരുത്ത്. ജാസ്മിന്റെ വരികള്‍ ആല്‍ബമാകുന്നത് ഇത് രണ്ടാം തവണയാണ്.

പാട്ട് പരിചയപ്പെടുത്തുന്നിടത്ത്, പരിമിതിയില്ലാത്ത ഊര്‍ജ്ജമാണ് പ്രാര്‍ത്ഥന, അനന്തമാണതിന്‍ വ്യാപ്തി, എന്നിങ്ങനെ ജാസ്മിന്‍ കുറിക്കുന്ന വരികള്‍ ഏറെ കാലിക പ്രസക്തവും ചിന്തോദ്ദീപകവുമാണ്.

കേള്‍ക്കാന്‍ ഇമ്പമുള്ള ഭക്തിസാന്ദ്രവും സന്ദേശ പ്രധാനവുമായൊരു ഗാനം എന്നതാണ് ജന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്ത് ഭക്തിയും പ്രാര്‍ഥനയുമാണ് മനുഷ്യന് ഏറ്റവും ആശ്വാസം പകരുന്നത് എന്നതിനാല്‍ ഏറെ അവസരോചിതമായ ജാസ്മിന്റെ ഈ സര്‍ഗസഞ്ചാരം സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. സുകൃതങ്ങളിലൂടെ ജീവിതം ധന്യമാക്കുവാന്‍ ആഹ്വാനം ചെയ്യുന്ന അര്‍ഥ സമ്പുഷ്ടമായ വരികളും മനോഹരമായ ചിത്രീകരണവും ജന്നത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

നീണ്ട പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയായ ജന്നത്തിന്റെ പേര് ആല്‍ബത്തിന് നല്‍കിയതിലൂടെ തന്റെ ഹൃദയവികാരമാണ് ജാസ്മിന്‍ പങ്കുവെക്കുന്നത്. സ്വര്‍ഗലോകത്തുനിന്നും ദൈവം നല്‍കിയ മാലാഖയാണ് ജന്നത്ത്. ഓരോ മനുഷ്യനും വൈവിധ്യമാര്‍ന്ന അനുഗ്രഹങ്ങളാണ് ദൈവം കനിഞ്ഞരുളുന്നത്. കരുണാമയനും കാരുണ്യവാനുമായ ഈശ്വരനോടുള്ള നന്ദിയും കടപ്പാടും അറിയിച്ച് പ്രാര്‍ഥനാസാന്ദ്രമായി ജീവിതം ചിട്ടപ്പെടുത്തുന്നതാണ് ജന്നത്തിന്റെ പ്രമേയം. തികച്ചും സാന്ദ്രവും സന്ദേശ പ്രധാനവുമായ വരികളിലൂടെ ആസ്വാദകരുടെ മനം കവരുന്നതോടൊപ്പം ചിന്തയും സ്പര്‍ശിക്കുന്നു എന്നിടത്താണ് ഈ ആല്‍ബം സവിശേഷമാകുന്നത്.

കാവ്യാത്മകമായ പാട്ടുകള്‍ എന്നാണ് ജാസ്മിന്റെ വരികളെ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിലും സംഗീത സംവിധായകന്‍ കെ.വി. അബുട്ടിയുമൊക്കെ വിശദീകരിച്ചത്. ഷാര്‍ജ ബുക്ക് അതോരിറ്റിയിലെ മോഹന്‍കുമാറും ജാസ്മിന്റെ സര്‍ഗസപര്യകളെ ഏറെ പ്രശംസിച്ചുവെന്നത് സര്‍ഗവഴികളിലെ ജാസ്മിന്റെ ധന്യമായ ചുവടുകള്‍ക്കുള്ള അംഗീകാരമാണ് .

കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍ ഖദീജ അമ്പലത്തിലകത്തിന്റേയും അബ്ദുല്‍ ഖാദര്‍ ഗുരുക്കളുടേയും മകളായ ജാസ്മിന്‍ വൈകി വീശിയ മുല്ലഗന്ധം, മകള്‍ക്ക്, കാത്തുവെച്ച പ്രണയമൊഴികള്‍ എന്നീ കാവ്യ സമാഹാരങ്ങളുടെ കര്‍ത്താവാണ്. ദുബൈയില്‍ സിവില്‍ എഞ്ചിനീയറായ സമീറാണ് ഭര്‍ത്താവ്. ശഹ്സാദ്, ജന്നത്ത് എന്നിവര്‍ മക്കളാണ്.

റഹ്‌മാനാണ് ആല്‍ബത്തിന്റെ നിര്‍മാതാവ്.

സാവേരി ബിഥുലാണ് ജന്നത്ത് എന്ന മനോഹരമായ ഗാനം ഹൃദ്യമായി ആലപിച്ചിരിക്കുന്നത്. യു.എ.ഇ യിലെ സംഗീത സദസ്സുകളിലെ സജീവസാന്നിധ്യവും താളങ്ങളുടെ രാജാവെന്ന് വിശേിപ്പിക്കാവുന്ന സര്‍ഗപ്രതിഭ ബിനില്‍ ത്യാഗരാജനാണ് സംഗീതവും ഈണവും നല്‍കിയിരിക്കുന്നത്. സജിത് ശങ്കറിന്റെ ഓര്‍ക്കസ്ട്രേഷന്‍ , നിഖിലിന്റെ ഫ്ളൂട്ട് ,രാദിയേഷ് പാലിന്റെ സൗണ്ട് മിക്സിംഗ് അഭിലാഷ് അശോകിന്റെ ക്യാമറ, പ്രമോദ് മാധവന്റെ എഡിറ്റിംഗ് എന്നിവയും ആല്‍ബത്തെ ആകര്‍ഷകമാക്കിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top