അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരി തകര്‍ത്ത ആള്‍ അറസ്റ്റില്‍

നോക്‌സ് വില്ല: ടെന്നസിയില്‍ നിന്നുള്ള 34 വയസുകാരന്‍ ഡാനി ഫ്രെയ്ഡറെ അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം.

അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിള്‍ബറി സ്പ്രിംഗ്‌സ് സെമിത്തേരിയിലായിരുന്നു. അമ്മൂമ്മയോടുള്ള അതിരറ്റ സ്‌നേഹം കൊച്ചുമകനെ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചു. സെമിത്തേരിയില്‍ നാട്ടിയിരുന്ന ഹെഡ് സ്റ്റോണ്‍ നീക്കം ചെയ്തും, കല്ലറകളിലെ മണ്ണ് നീക്കംചെയ്തും ഇയാള്‍ ഏകദേശം 30,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കി.

സെമിത്തേരിയില്‍ അക്രമം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് ഡാനിയെ പിടികൂടി. എതിര്‍ത്തുനില്‍പ്പിനൊന്നും ശ്രമിക്കാതെ ഡാനി പോലീസിനു കീഴടങ്ങി. തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതിനൊക്കെ തന്നെ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

സെമിത്തേരിയില്‍ അതിക്രമിച്ച് കടന്നതിനും, നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഡാനിക്കെതിരേ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment