സ്വര്‍ണ്ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടവര്‍ വയലനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലും ബന്ധമുണ്ടെന്ന്

സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണവും സ്വർണ്ണക്കടത്തും തമ്മിൽ കൂടുതൽ ബന്ധങ്ങളുണ്ടെന്ന് സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ബാലഭാസ്ക്കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നയാള്‍ വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതിയാണെന്ന് വ്യക്തമായി. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഈ വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചത്.ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ മുഖ്യ ആസൂത്രകനാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മൂന്നു മണിക്കൂര്‍ ഇയാള്‍ അപകടസ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു.പിടികൂടാനായാല്‍ നിരവധി സ്വര്‍ണക്കടത്തു കേസുകള്‍ക്ക് തെളിവു ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് സോബിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഡിആര്‍ഐ പരിശോധന ആരംഭിച്ചത്. അപകടസ്ഥലത്തുകൂടി കടന്നുപോയ സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ചത് ഇയാളായിരുന്നു. 25 കിലോ സ്വര്‍ണം കടത്തിയ കേസിനെത്തുടര്‍ന്നു മുങ്ങിയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ ഡിആര്‍ഐ പരിശോധനയ്ക്കായി നല്‍കിയപ്പോള്‍ ഇയാളെ സോബി തിരിച്ചറിയുകയായിരുന്നു. 25 കിലോ സ്വര്‍ണം കടത്തിയ കേസ് ഡിആര്‍ഐയും സിബിഐയും അന്വേഷിക്കുന്നുണ്ട്.

ഇതിനൊപ്പം ബാലഭാസ്‌കര്‍ അപകടമരണക്കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഡിആര്‍ഐ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ഈ വ്യക്തിക്കു പങ്കുണ്ടോയെന്നു സിബിഐ അന്വേഷണം ആരംഭിച്ചു. കേസിലെ മറ്റു പ്രതികളുമായി ഇയാള്‍ക്കുള്ള ബന്ധം, ഇവരുമായുള്ള ആശയവിനിമയത്തിന്റെ രേഖകള്‍ തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു.2019 മേയ് 13നാണ് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment