ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം; റോബിന്‍ ഇലക്കാട്ട് മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക്

ടെക്‌സസ് സംസ്ഥാനത്തുള്ള മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് മലയാളിയായ റോബിന്‍ ഇലക്കാട്ട് മത്സരിക്കുന്നു. ഇതേ സിറ്റിയില്‍ കൗണ്‍സില്‍മാനായി മൂന്നു പ്രാവശ്യം വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പരിചയവും ജനസമ്മതിയുമാണ് റോബിന്‍ ഇലക്കാട്ട് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രധാന കാരണം. സിറ്റി കൗണ്‍സില്‍മാനായിരുന്നവേളകളില്‍ അദ്ദേഹം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അതില്‍ക്കൂടി ഏറെ ജനസമ്മതി നേടുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലൂടെ സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ റോബിന് ഏറെ പ്രതീക്ഷയുണ്ട് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്. പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ ചുമതലകളാണ് സിറ്റി കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം വഹിച്ചത്. തുടക്കത്തില്‍ തന്നെ ഏറെ മികവ് പ്രകടിപ്പിച്ച പ്രവര്‍ത്തനമാണ് റോബിന്റേത്.

സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സാധിച്ചു. ഓരോ പ്രാവശ്യം തെരഞ്ഞെടുക്കപ്പെടുമ്പോഴും പ്രവര്‍ത്തനമികവ് കൂട്ടാന്‍ റോബിന് കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ തുടക്കംകുറിച്ചുകൊണ്ട് സിറ്റി കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച റോബിന് ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്റ്റേഷന്‍ നിര്‍മ്മിക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സിറ്റി കൗണ്‍സില്‍മാനായിരുന്നുകൊണ്ട് സാധിച്ചു എന്നതാണ് വസ്തുത. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം തെരഞ്ഞെടുക്കപ്പെടുകയും ഓരോ പ്രാവശ്യവും ഭൂരിപക്ഷം വര്‍ദ്ധിക്കുകയും ചെയ്തത് അതിന്റെ ഉദാഹരണമാണ്. യുവത്വത്തിന്റെ പ്രസരിപ്പും കര്‍മ്മോത്സുകതയാര്‍ന്ന പ്രവര്‍ത്തന മികവും കാഴ്ചവച്ചുകൊണ്ടുള്ള റോബിന്റെ പ്രവര്‍ത്തനം ഏറെ ജനസമ്മതി നേടുകയും ചെയ്തു.

ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അദ്ദേഹത്തില്‍ രാഷ്ട്രീയഭാവി കാണുന്ന അവസരത്തിലാണ് റോബിന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും പൊതു പ്രവര്‍ത്തനത്തില്‍ നിന്നും പൊടുന്നനവേ മാറി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. റോബിന്റെ ഈ തീരുമാനം അടുത്തറിയാവുന്നവര്‍ക്കുപോലും അതിശയവും, അംഗീകരിക്കാന്‍ കഴിയാത്തതുമായിരുന്നു. ഈ പിന്മാറ്റത്തിന് അദ്ദേഹം പറയുന്ന കാരണം കുടുംബത്തോടും, ബിസിനസിലും കൂടുതല്‍ സമയം ചെലവഴിക്കാനായിരുന്നുവെന്നാണ്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം ഹൂസ്റ്റണിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലില്‍ അഡ്മിസ്‌ട്രേറ്ററായി ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ് എന്ന ആശയം രൂപപ്പെടുത്തിയത്. ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു അദ്ദേഹത്തിന്റെ ബിസിനസ്. ഏതാനും വര്‍ഷങ്ങള്‍ രാഷ്ട്രീയ രംഗത്തുനിന്നും മാറി നിന്നുകൊണ്ട് ബിസിനസ് രംഗം വിപുലീകരിക്കുകയും ചെയ്ത റോബിന്‍ ഇന്ന് ബിസിനസ് രംഗത്തും വിജയം കൈവരിച്ച വ്യക്തിത്വത്തിനുടമയാണ്.

ഇങ്ങനെ ബിസിനസില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അഭ്യര്‍ത്ഥിക്കുന്നത്. ഒപ്പം നേരത്തെ പാതിവഴിയില്‍ നിര്‍ത്തിവച്ച പൊതു പ്രവര്‍ത്തനവും, വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ആവശ്യവും ഇക്കറി കൗണ്‍സില്‍മാന്‍ എന്ന നിലയ്ക്കല്ല, പണ്ട് കൗണ്‍സില്‍മാനായി മത്സരിച്ച് വിജയിച്ച സിറ്റിയില്‍ മേയറാകുക എന്ന ആവശ്യവും അഭ്യര്‍ത്ഥനയും വന്നത്.

അതിനും പല കാരണങ്ങളുണ്ട്. ഏകദേശം മൂന്നു പതിറ്റാണ്ടോളം മേയറായിരുന്ന വ്യക്തിയെ തോല്‍പിച്ച് നിലവിലുള്ള മേയര്‍ വിജയിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അത് അസ്ഥാനത്തായി മാറി. മേയറെന്ന നിലയ്ക്ക് പൂര്‍ണ്ണവിജയം കൈവരിക്കാന്‍ ഇപ്പോഴുള്ള മേയര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് റോബിനോട് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തവരില്‍ ഇപ്പോഴുള്ള കൗണ്‍സില്‍ അംഗങ്ങളുമുണ്ട്. അങ്ങനെ ഏവരുടേയും ആവശ്യവും അഭ്യര്‍ത്ഥനയും കണക്കിലെടുത്ത് സിറ്റിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി റോബിന്‍ മിസോറി സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.

മത്സര രംഗത്ത് നിലവിലെ മേയറോടൊപ്പം മത്സരിക്കുകയാണെങ്കിലും അദ്ദേഹത്തിന് ആത്മവിശ്വാസം ഏറെയുണ്ട്. കാരണം കൗണ്‍സില്‍മാനായി പ്രവര്‍ത്തിച്ചതിന്റേയും, നടത്തിയ വികസന പ്രവര്‍ത്തനത്തിന്റേയും ആത്മധൈര്യം തന്നെയാണ്. മറ്റു പല കാരണങ്ങള്‍കൂടിയുണ്ട് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍. വികസന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും, സിറ്റിക്ക് പൊതുവായും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായും നടത്തുകയെന്നതാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സിറ്റിയെന്ന നിലയ്ക്ക് മിസോറി സിറ്റിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കാനുണ്ട്. സംരംഭങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കിക്കൊണ്ട് വന്‍ വളര്‍ച്ച കൈവരിക്കാന്‍ തനിക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ സാധിക്കുമെന്ന് റോബിന്‍ പറയുന്നു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശക്തമായ നേതൃത്വം സിറ്റിക്കുണ്ടാകണം. കരുത്തുറ്റതും ക്രിയാത്മകമായതും ലക്ഷ്യപ്രാപ്തിയോടെയുള്ള നേതൃത്വത്തിന് കഴിയും. മുന്‍പ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയമുള്ളതുകൊണ്ട് ഏതൊക്കെ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ വികസന വളര്‍ച്ച കൈവരിക്കാമെന്ന് ബോധ്യമുണ്ട്. അടിയന്തരമായുതും ആവശ്യമായതുമായ പദ്ധതികള്‍ ഏതെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് അതിന് രൂപരേഖ തയാറാക്കിക്കഴിഞ്ഞു. അത് പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ ആവശ്യമാണ്. അവരുടെ സഹായ സഹകരണങ്ങള്‍ ആത്യാവശ്യമാണ്.

ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പദ്ധതികള്‍ സിറ്റിയിലുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അറിവ് പൊതുജനങ്ങള്‍ക്കോ, വ്യവസായിക്കള്‍ക്കോ ഇല്ല. ഈ സിറ്റിയില്‍ മലയാളികള്‍ നിരവധി വ്യവസായ സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഇങ്ങനെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും റോബി ഉറപ്പിച്ചു പറയുന്നു.

ഒരാള്‍ക്ക് എത്രപ്രാവശ്യം വേണമെങ്കിലും മേയറായി തെരഞ്ഞെടുക്കപ്പെടാമെന്നതാണ് മിസോറി സിറ്റിയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് രണ്ടു പ്രാവശ്യമായി നിജപ്പെടുത്തുമെന്ന് റോബിന്‍ പറയുന്നു. സിറ്റി കൗണ്‍സിലില്‍ ഉണ്ടായിരുന്നവേളയില്‍ അതിനൊരു ശ്രമം നടത്തിയെങ്കിലും അത് പരിപൂര്‍ണ്ണ വിജയത്തിലെത്തിയില്ല. മേയറുടെ അധികാരപരിധിയില്‍ക്കൂടി അത് സാധിക്കാമെന്ന് അദ്ദേഹം കരുതുന്നു. ഇങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ അധികാരം ഒരാള്‍ക്ക് കുറെക്കാലം കൈയ്യിലിരിക്കുകയെന്നതില്‍ മാറ്റം ഉണ്ടാക്കാനാകും. അധികാരം കൂടുതല്‍ പേരിലെത്തുകയും കൂടുതല്‍ അവസങ്ങള്‍ പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പേര്‍ക്കുമുണ്ടാകുകയാണ് ലക്ഷ്യം. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവര്‍ക്ക് ഈ തീരുമാനം അത്ര സുഖകരമായിരിക്കുകയില്ലെങ്കിലും അത് ഒരു മാറ്റത്തിന് തുടക്കംകുറിക്കും. അങ്ങനെ ഏറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയാണ് ലക്ഷ്യം.

നന്നെ ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലെത്തിയ റോബിന്റെ സ്കൂള്‍ വിദ്യാഭ്യാസം ചിക്കാഗോയിലായിരുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം ന്യൂയോര്‍ക്കിലും താമസിച്ചശേഷമാണ് ടെക്‌സസിലെ മിസോറി സിറ്റിയില്‍ സ്ഥിരതാമസമാക്കുന്നത്. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഹൂസ്റ്റണിലെ സ്ഥാപകരിലൊരാളായ റോബിന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്.

കോളനി ലേക്ക് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് അംഗമായി പൊതു പ്രവര്‍ത്തനം തുടങ്ങിയ റോബിന്‍ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടര്‍ന്നാണ് മിസോറി സിറ്റിയുടെ ഭരണ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കോട്ടയം ജില്ലയില്‍ കുറുമുള്ളൂര്‍ ഇലക്കാട്ട് ഫിലിപ്പിന്റേയും, ഏലിയാമ്മയുടേയും പുത്രനാണ് റോബിന്‍ ഇലക്കാട്ട്. ഫിസിഷ്യന്‍ അസിസ്റ്റന്റായ റ്റീനയാണ് സഹധര്‍മ്മിണി. ലിയ, കേറ്‌ലിന്‍ എന്നിവരാണ് മക്കള്‍.

മലയാളികള്‍ ഏറെയുള്ള സിയന്ന, റിവര്‍‌സ്റ്റോണ്‍, ലേക്ക്‌ഷോര്‍ഹാര്‍ബര്‍, ലേക്ക് ഒളിമ്പിയ തുടങ്ങിയ സബ് ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് മിസോറി സിറ്റി. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് റോബിന്‍. ആദ്യമായാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റോബിനില്‍ക്കൂടിയാണ് ഒരു മലയാളി ആദ്യമായി ഈ സിറ്റിയില്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മലയാളികളുടെ പൂര്‍ണ്ണ പിന്തുണ ഇതിനോടകം കിട്ടിയത് റോബിന് ആത്മവിശ്വാസം ഉളവാക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ ചിന്താഗതിക്കാരനാണ് റോബിനെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും സഹകരണം ലഭിക്കുന്നുണ്ട്. മിസോറി സിറ്റിയില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല മേയര്‍ തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിനോടകം എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കഴിഞ്ഞു.

കൊറോണയുടെ പിടിയില്‍ നാടമര്‍ന്നപ്പോള്‍ തെരഞ്ഞടുപ്പ് രംഗവും കര്‍ശന നിബന്ധനകളില്‍കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയും മറ്റും സജീവമായിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ നേരില്‍ കാണാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും കഴിയാത്തതില്‍ ദുഖമുണ്ട്. എന്നാലും ഫോണിലൂടെയും സോഷ്യല്‍ മീഡിയയില്‍ക്കൂടിയും അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് റോബിന്‍. വിജയം ഉറപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ട് പോകുമ്പോള്‍ ഏവരുടേയും സഹായ സഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment