മുത്വലാഖിനെതിരെ പോരാടിയ സൈറാ ബാനോ ബിജെപിയിൽ ചേര്‍ന്നു

മുത്വലാഖിനെതിരെ സുപ്രീം കോടതിയിൽ നീണ്ട പോരാട്ടം നടത്തിയ സൈറ ബാനോ ബിജെപിയിൽ ചേർന്നു. ശനിയാഴ്ച സംസ്ഥാന ബിജെപി പ്രസിഡന്റ് ബൻസിധർ ഭഗത്തിന്റെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗറിലെ താമസക്കാരിയായാ 35-കാരി സൈറ ബാനു പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് സൈറയോട് ചോദിച്ചപ്പോൾ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ ബിജെപിയിൽ ചേര്‍ന്നതെന്നും, എന്നാൽ ബിജെപി ടിക്കറ്റ് നൽകിയാൽ നിഷേധിക്കില്ലെന്നും പറഞ്ഞു. ‘എന്റെ പാർട്ടി എന്നോട് പറയുന്നത് ഞാൻ ചെയ്യും’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“നൂറ്റാണ്ടുകൾ പഴക്കമുള്ള കുഴപ്പങ്ങൾ മാറ്റാൻ കഴിവുള്ള അത്തരമൊരു ശക്തയായ സ്ത്രീ പാർട്ടിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കും. സൈറയ്ക്ക് വിജയകരമായ ഭാവി ആശംസിച്ചുകൊണ്ട്, തന്റെ അവകാശങ്ങൾക്കായി പോരാടിയ അതേ ദൃഢനിശ്ചയത്തോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ബിജെപി സംസ്ഥാന പ്രസിഡന്റ് ബന്‍സിധര്‍ ഭഗത് പറഞ്ഞു.

നേരത്തെ ബിജെപിയിൽ ചേരാനുള്ള ആഗ്രഹം സൈറ പലതവണ പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ വൃത്തങ്ങളിലും വിവിധ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ഒരു വശത്ത്, ബിജെപി അവരുടെ പ്രസ്താവനയെ സ്വാഗതം ചെയ്തപ്പോൾ, മറുവശത്ത്, മുസ്ലീം വനിതാ വോട്ടർമാരെ ആകർഷിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് കോൺഗ്രസ് അതിനെ വിശേഷിപ്പിച്ചത്.

ആരാണ് സൈറ ബാനോ

ട്രിപ്പിൾ ത്വലാഖിന്റെ ഭരണഘടനയെയും നിക്കാഹ് ഹലാല ആചാരത്തെയും ചോദ്യം ചെയ്ത് സൈറ ബാനോ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയതോടെ അവര്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അതേസമയം, മുസ്ലീങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ബഹുഭാര്യത്വം നിർത്തലാക്കണമെന്നും അവരുടെ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

ട്രിപ്പിൾ ത്വലാഖ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 പ്രകാരം കാണുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സൈറ അപേക്ഷയിൽ പറഞ്ഞിരുന്നു. കുമൗണ്‍ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ എം.എ. കരസ്ഥമാക്കിയിട്ടുണ്ട്. 2001 ലാണ് അവർ വിവാഹിതയായത്. 2015 ഒക്ടോബർ 10 ന് ഭർത്താവ് വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷം അവര്‍ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment