Flash News

ഇന്ത്യന്‍ സ്കൂള്‍ കമ്മിറ്റിയുടെ കഴിവുകേടും സ്വജനപക്ഷ താല്‍പര്യങ്ങളും ഒരു മഹത് സ്ഥാപനത്തെ നശിപ്പിക്കുന്നു: യു.പി.പി

October 12, 2020 , യു.പി.പി

റിഫാ കാമ്പസ്സിലെ മേൽകൂരയിലെ ചോർച്ച ഇസാ ടൗൺ ക്യാമ്പസിന്റെ മതിലിൽ പിന്നെയും പെയിന്റ് അടിച്ചാൽ തീരുമോ ?

ഇന്ത്യന്‍ സ്കൂളിലെ ഇപ്പോള്‍ കാലാവധി തീരാറായ ഭരണസമിതിയുടെ കഴിവു കേടും ഇച്ഛാശക്തിയില്ലായ്മയും സ്വജനപക്ഷ താല്‍പരൃങ്ങള്‍ക്ക് വേണ്ടിയുള്ള കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമാണ് ഇന്തൃന്‍ സ്കൂളിന്‍റെ ഇന്നത്തെ ശോചനീയാവസ്ഥക്ക് കാരണമെന്ന് യു.പി.പി പത്രകുറിപ്പിലൂടെ ആരോപിച്ചു.

ആറ് വര്‍ഷം സമയമുണ്ടായിട്ടും കമ്മിറ്റിയംഗങ്ങള്‍ തമ്മിലുള്ള തൊഴുത്തില്‍ കുത്തും പടലപിണക്കങ്ങളും ചര്‍ച്ച ചെയ്യാനല്ലാതെ വികസനമെന്ന പേരില്‍ ഒരു മൂത്രപ്പുര പോലും പണിയാനാകാത്തവര്‍ സ്വന്തം അസഹിഷ്ണുത കൊണ്ട് മാത്രമാണ് പ്രതിപക്ഷത്തിന്‍റേയും മുന്‍ കമ്മറ്റിയുടേയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അസത്യ പ്രസ്താവനകളിലൂടെ കുറ്റപ്പെടുത്തി സ്കൂളിനെ സ്വയം അപകീര്‍ത്തിപ്പെടുത്തികൊണ്ടിരിക്കുന്നതെന്ന് യു.പി.പി. ഭാരവാഹികള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്നും കുട്ടികളെ പുറത്താക്കിയതിനെതിരെ യു.പി.പി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളേയും ക്ളാസ്സിലിരുത്തേണ്ടിവന്ന ജാള്യത മറയ്ക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ വിളിച്ചു പറയുകയാണ് ഇപ്പോൾ ഇന്ത്യൻ സ്കൂൾ കമ്മിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്

സാധരണക്കാരായ രക്ഷിതാക്കള്‍ക്ക് ഫീസിളവ് നല്‍കുന്നത് ഇന്ത്യന്‍ സ്കൂളിലെ പുതിയ കാര്യമല്ല. 1990 മുതല്‍ യു.പി.പി. യുടെ സഹചാരികളായിരുന്നവര്‍ തുടങ്ങി വെച്ച മഹത്തായ കാര്യമാണത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അനുമതിയോടെ മെഗാഫെയറുകള്‍ നടത്തി വര്‍ഷം തോറും കിട്ടുന്ന ലക്ഷക്കണക്കിന് ദിനാറുകള്‍ സ്കൂളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനും സ്റ്റാഫുകളുടെ ഉന്നമനത്തിനും വേണ്ടി ഉപയോഗിക്കുകയാണ് പതിവ്.

കൊച്ചുകുട്ടികളെ തെരുവിലിറക്കി പണം പിരിക്കുന്നു എന്ന് പറഞ്ഞ് അന്ന് ഫെയര്‍ നടത്തുന്നതിനെ പരിഹസിച്ചവര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയ മഹാ ഫെയറുകളിലൂടെ അവര്‍ തന്നെ വര്‍ഷംതോറും പുറത്തു വിട്ട കണക്കു പ്രകാരം ലക്ഷക്കണക്കിന് ദിനാര്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടു പോലും ചെറിയ സംഖ്യ ഫീസടക്കാത്തതിന്‍റെ പേരില്‍ പിന്നീട് കുട്ടികളെ ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്ന് പുറത്താക്കിയതിന്‍റേയും അദ്ധ്യാപകര്‍ക്ക് ഇത് വരെ ഓരോ മാസവും പൂര്‍ണ്ണമായും വേതനം നല്‍കാത്തതിന്‍റേയും വസ്തുത എന്താണെന്ന് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.

ട്യൂഷന്‍ ഫീസ് മാത്രം വാങ്ങിയാല്‍ തന്നെ എല്ലാ ജീവനക്കാരുടേയും വേതനം കൊടുക്കാനാകുമെന്നിരിക്കെ ഉപയോഗപ്പെടുത്താത്ത കാരൃങ്ങള്‍ക്ക് പോലും ( ഈ വര്‍ഷം നടക്കാന്‍ സാധൃതയില്ലാത്ത യൂത്ത് ഫെസ്റ്റിവവലിനടക്കം) ഫീസ് വാങ്ങിയിട്ടും ഇല്ലായ്മ പറയാന്‍ മാത്രം എന്ത് സാമ്പത്തിക തിരിമറിയാണ് ബന്ധപ്പെട്ടവര്‍ നടത്തിയിട്ടുള്ളതെന്ന് രക്ഷിതാക്കള്‍ക്ക് അറിയേണ്ടതുണ്ട്.

എല്ലാ വര്‍ഷത്തേയും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാറുള്ള ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ഓരോ വര്‍ഷവും സാമ്പത്തിക ലാഭവും മെച്ചവുമുണ്ടാക്കി എന്ന് വീമ്പ് പറയുന്നവര്‍ രക്ഷിതാക്കള്‍ മുഴുവനും നിങ്ങള്‍ രാത്രി പകലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവരാണെന്ന് കരുതരുത്.

ഫെയര്‍ വഴി സ്വരൂപിച്ച ലക്ഷക്കണക്കിന് ദിനാര്‍ വകയിരുത്തിയതെന്തിനാണെന്ന് രക്ഷിതാക്കള്‍ക്കറിയേണ്ടതുണ്ട്. ഫീസിളവ് നല്‍കുന്ന രക്ഷിതാക്കളുടെ പേര് വിവരങ്ങള്‍ സ്കൂളിന്‍റെ വെബ് സൈറ്റിലെങ്കിലും പ്രസിദ്ധീകരിക്കണമെന്ന കാര്യം ഐ.ടി രംഗത്തെ വിദഗ്ധന്മാരാണെന്ന് സ്വയം കരുതുന്നവരെ ആരെങ്കിലും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതിനകത്ത് നീതിപൂര്‍വ്വമല്ലാത്ത പലതുമുണ്ടെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഫീസ് കൂട്ടില്ലെന്ന് വാഗ്ദാനം നൽകി അധികരത്തിലെത്തിയവർ ചരിത്രത്തിലാദ്യമായി ഒരേ ഭരണകാലയളവില്‍ ട്രാന്‍സ്പോര്‍ട്ടിന്‍റേതടക്കം മൂന്ന് തവണ ഫീസ് കൂട്ടുകയാണുണ്ടായത്.

ഈ കാരണം കൊണ്ടും കോവിഡിന്‍റെ പ്രത്യേക സാഹചര്യം കൊണ്ടുമാണ് സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഇന്ന് താങ്ങാവുന്നതിലേറെ ഫീസ് കുടിശ്ശിഖയാകാനിട വന്നത്.

ഫീസ് അടക്കാന്‍ കഴിയുന്ന പലര്‍ക്കും ഫീസ് എഴുതിത്തള്ളുകയും അവരെ തങ്ങളുടെ വോട്ട് ബാങ്കാക്കി മാറ്റുകയും ചെയ്ത പ്രക്രിയകള്‍ കഴിഞ്ഞ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സ്കൂളില്‍ നടന്നിട്ടുണ്ട്.

അഡ്മിന്‍ ബ്ളോക്ക് മുഴുവന്‍ പലകയടിച്ചു മറച്ചതും ചില രഹസ്യ മീറ്റിംഗുകള്‍ സംഘടിപ്പിച്ചതുമൊക്കെ സ്കൂളില്‍ ഭരണസമിതി നടത്തുന്ന നാടകങ്ങളില്‍ ഒന്നു മാത്രമാണ്.

റിഫാ കാമ്പസ് പണിയാൻ ബഹ്റൈനിലെ പ്രശസ്തമായ ഒരു ബാങ്ക് ലോണ്‍ തന്നിട്ടുള്ളത് രക്ഷിതാക്കില്‍ നിന്നും സ്കൂള്‍ സംഭരിച്ച ബില്‍ഡിംഗ് ലെവി ഫണ്ടും ഓരോ വിദ്യാര്‍ത്ഥിയുടേയും റീഫണ്ടബിള്‍ ഫണ്ടും കണ്ടും പരിശോധിച്ചും തന്നെയാണ് .

ഇന്ത്യന്‍ സ്കൂള്‍ എന്ന മഹാ സ്ഥാപനത്തിന്റെ പുതിയ നിര്‍മ്മിതിക്കായി 2.3 മില്ല്യണ്‍ ദിനാർ ഒരു ബാങ്ക് ലോണായി തന്നത് മഹാ അപരാധമായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ആ ബാങ്കിനെയും, സ്കൂളിനേയും നിരന്തരം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്. ഇങ്ങിനെയുള്ളവര്‍ ഒരിക്കലും സ്കൂളിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല എന്ന് മനസ്സിലാക്കാൻ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും കഴിയും.

ഇന്‍ഫ്രാ സ്ട്രെക്ച്ചര്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മാസംതോറും ഫീസിനത്തില്‍ പിരിച്ചെടുക്കുന്ന അന്‍പതിനായിരത്തോളം ദിനാറില്‍ മുപ്പത്തിയൊന്നായിരം ദിനാര്‍ മാത്രമാണ് ലോണിന്‍റെ തിരിച്ചടവിനായുള്ളത്. ബാക്കി പത്തൊമ്പതിനായിരം ദിനാര്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം എന്ന രീതിയില്‍ വളരെ സുതാര്യമായാണ് ലോണ്‍ എടുക്കുമ്പോൾ തന്നെ അന്നത്തെ കമ്മിറ്റി കാര്യങ്ങള്‍ ക്രമീകരിച്ചത്.

ആദ്യത്തെ മൂന്നു വര്‍ഷം ലോണിന്‍റെ തിരിച്ചടവ് ബാങ്കില്‍ നിന്നും ഒഴിവാക്കിയെടുത്തത് സ്കൂളിന്‍റെ മറ്റു തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ച് ലോണിന്‍റെ തിരിച്ചടവിനുള്ള സുതാരൃതയും സാമ്പത്തിക ഭദ്രതയും ഒരുക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ്.

പിന്നീട് ആ സൗകരൃം ഉപയോഗപ്പെടുത്തിയവര്‍ തന്നെ അതിനെ കുറ്റമായി കാണുമ്പോൾ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വമെങ്കിലും ഓര്‍ക്കുന്നത് മാന്യതയുടെ ഭാഗമാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്.

റിഫ സ്കൂളിന്‍റെ മുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് പണിയുമ്പോൾ വാട്ടര്‍ പ്രൂഫ് ചെയ്തവരെ തിരയുന്നവര്‍ ഈ കഴിഞ്ഞ ആറു വര്‍ഷവും മഞ്ഞും മഴയും പെയ്യുമ്പോൾ വര്‍ഷം തോറും ടെറസ്സില്‍ ചെയ്യേണ്ടുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റ പണികളും ചെയ്തിട്ടിട്ടുണ്ടോ എന്ന് ആദ്യം വൃക്തമാക്കേണ്ടതുണ്ട്. ഈ ഒരു കാര്യം പോലും ശ്രദ്ധിക്കാൻ കഴിയാത്തവര്‍ക്ക് ഇത്രയും വലിയ ഒരു സ്ഥാപനത്തെ തകര്‍ന്നുപോകാതെ എങ്ങിനെ വിജയകരമായി മുന്നോട്ട് നയിക്കാനാവും?

സ്വന്തം ആളുകളെ തൃപ്തിപ്പെടുത്താന്‍ ആയിരക്കണക്കിന് ദിനാര്‍ അനാവശ്യമായി ചെലവിട്ട് ധൂര്‍ത്തടിച്ചവര്‍ ഇപ്പോള്‍ മാത്രം സ്കൂളിന്‍റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മുതലകണ്ണീരൊഴുക്കുന്നതിലെ രാഷ്ട്രീയം ബഹ്റൈനിലെ പൊതു സമൂഹം വിലയിരുത്തുമെന്നും, മുഴുവന്‍ രക്ഷിതാക്കള്‍ മനസ്സിലാക്കുമെന്നും അനില്‍.യുകെ, ഹാരിസ് പഴയങ്ങാടി, ഫ്രാന്‍സിസ് കൈതാരത്ത്, ഹരീഷ് നായര്‍, മോനി ഒടിക്കണ്ടത്തില്‍, ചന്ദ്രബോസ്, റഫീക്ക് അബ്ദുള്ള, ബിജു ജോര്‍ജ്ജ്, പി.എസ്.ആർ തമ്പാൻ, സുരേഷ് സുബ്രമണ്യം, ദീപക് മേനോന്‍, ശ്രീധര്‍ തേറമ്പിൽ, എബി തോമസ്, അന്‍വര്‍ ശൂരനാട്, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, റാഫി, ലത്തീഫ് ആയഞ്ചേരി, നവിന്‍ നമ്പ്യാർ, ജമാല്‍ കുറ്റിക്കാട്ടില്‍, ജോണ്‍ ബോസ്കോ, ഷിജു, ജോര്‍ജ്ജ്, അജി ജോര്‍ജ്ജ്, തോമസ് ഫിലിപ്പ്, സുനില്‍ പിള്ള, മോഹനന്‍ നായര്‍, അബ്ബാസ് സേഠ്, സലീം ഹിഡ്ഡ്, മുഹമ്മദലി, റഊഫ്, അബ്ദുല്‍ സഹീര്‍, ഫിറോസ്ഖാന്‍, നായകം, ഷാജി പൊഴിയൂര്‍, ജോണ്‍ തരകന്‍, പ്രമോദ് മുഹറഖ്, റഫീഖ് മുഹഖ്, ജോണ്‍ ഹെന്റ്രി എന്നിവര്‍ ഇറക്കിയ പത്രകുറിപ്പിലൂടെ യു.പി.പി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top