ഹ്രസ്വ-ദൂര യാത്രക്കാരുടെ തടസ്സരഹിതമായ യാത്രയ്ക്ക് റെയിൽവേ നിർദ്ദേശിച്ച പ്രകാരം ഒരു സബർബൻ ഇടനാഴി സ്ഥാപിക്കുന്നതിലും തിരുവനന്തപുരം-ചെങ്ങന്നൂർ-ഹരിപ്പാട് സെക്ടറില്‍ സബർബൻ റെയിൽ സർവീസ് ആരംഭിക്കുന്നതിലും സംസ്ഥാനം നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന തന്റെ മന്ത്രിസഭയുടെ നിരീക്ഷണം പാടേ അവഗണിച്ച് അര്‍ദ്ധ അതിവേഗ റെയില്‍പാതയ്ക്ക് (സില്‍വര്‍ ലൈന്‍) ഉടന്‍ അംഗീകാരം കിട്ടുമെന്ന സര്‍ക്കാരിന്റെ അവകാശവവാദം കേള്‍ക്കുമ്പോള്‍ അതിശയമാണു തോന്നുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവ് 63,491 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്ന സംസ്ഥാനത്തിന്റെ ട്രഷറിയില്‍ നിന്ന് ഇത്രയും വലിയ തുക എവിടെനിന്നു കണ്ടെത്തും?
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടിവരുന്നത്. ആദ്യം ഉണ്ടായിരുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതി പൊടി തട്ടിയെടുത്ത് രൂപമാറ്റം വരുത്തിയ പദ്ധതിയാണിത്. ഇതിന്റെ ഡിപിആര്‍ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് രൂപീകരിക്കുകയും പാര്‍ട്ടിക്കാരെ കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പോലും പ്രതിഷേധം ഉയരുന്നുണ്ട്.
2013 ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്നനുകള്‍ ആധുനികവത്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവില്‍ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം. റെയില്‍വെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.
വിഎസ് അച്യുതാനന്ദര്‍ സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച കേരള ഹൈസ്പീഡ് റെയില്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുകയും ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1,27,000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിച്ചത്. താങ്ങാനാവാത്ത പദ്ധതി ചെലവും സ്ഥലമെടുപ്പിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പരിഗണിച്ച് മുന്നോട്ടുപോയില്ല. തുടര്‍ന്നാണ് സബര്‍ബന്‍ പദ്ധതിയിലേക്കു തിരിഞ്ഞത്.
അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് കേരളത്തിന് എടുത്താല്‍ പൊങ്ങില്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതി ക്കു പകരം സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്കു തിരിച്ചുപോകുന്നതാകും ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply