Flash News

സ്നേഹത്തിൻ്റെ വർണ്ണ ഭേദങ്ങളാണ് നീനാ പനയ്ക്കലിൻ്റെ ‘കളേഴ്സ് ഓഫ് ലവ്’ : ഫിലഡൽഫിയാ മലയാള സാഹിത്യ വേദി

October 12, 2020 , പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: നീനാ പനയ്ക്കലിൻ്റെ ‘കളേഴ്സ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കി ഫിലഡൽഫിയാ മലയാള സാഹിത്യ വേദി ആസ്വാദന സമ്മേളനം നടത്തി. “സ്നേഹത്തിൻ്റെ വർണ്ണ ഭേദങ്ങൾ ആവിഷ്ക്കരിച്ച ‘കളേഴ്സ് ഓഫ് ലവ്’, പ്രതിപാദ്യം കൊണ്ടും ലളിത ഭാഷാ ശൈലി കൊണ്ടും അമേരിക്കയിലെ മലയാള സാഹിത്യത്തിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത സ്ഥാനം അലങ്കരിക്കുന്നു” എന്ന് പ്രശസ്ത നിരൂപകൻ പ്രൊഫസ്സർ കോശി തലയ്ക്കൽ പ്രസ്താവിച്ചു.

കളേഴ്സ് ഓഫ് ലവ്”അമേരിക്കൻ കുടുംബങ്ങളിലെ ആധുനിക സമസ്യകളെ വിവൃതമാക്കുന്നൂ എന്ന് എഴുത്തുകാരൻ അശോകൻ വേങ്ങശ്ശേരി അഭിപ്രായപ്പെട്ടു. വർണ്ണനാ ഭംഗിയാൽ കഥാകൗതുകത്തിൻ്റെ നിറക്കൂട്ടുകൾ മിഴിവായ് തുടിക്കുന്ന കൃതിയാണ് ‘കളേഴ്സ് ഓഫ് ലവ്’ എന്ന് ചെറുകഥാകാരി ലൈലാ അലക്സ് പറഞ്ഞു. വിവാഹ പ്രായ മാമൂലുകളെ കീഴ്മേൽ മറിക്കുന്ന സന്ദർഭങ്ങളെ ആവിഷ്ക്കരിക്കുവാനും ‘കളേഴ്സ് ഓഫ് ലവ്’ ധൈര്യപ്പെടുന്നുണ്ട്. കളേഴ്സ് ഓഫ് ലവ് എന്ന നോവലിൻ്റെ കഥാ സംഗ്രഹം ജോർജ് ഓലിക്കൽ അവതരിപ്പിച്ചു. പനയ്ക്കലിൻ്റെ ‘കളേഴ്സ് ഓഫ് ലവ്’ എന്ന നോവൽ കനപ്പെട്ട രചനയാണെന്ന് നിസ്സംശയം പറയാനാവുമെന്ന് ജോർജ് ഓലിക്കൽ വ്യക്തമാക്കി. സ്ത്രീത്വത്തിൻ്റെ അമൂല്യ ഭാവമായ മാതൃത്വത്തിൻ്റെ സങ്കീർണ്ണതലങ്ങളെ കേന്ദ്രീകരിച്ചാണ് ‘കളേഴ്സ് ഓഫ് ലവ്’ ചലച്ചിത്രകാവ്യം പോലെയും മ്യൂറൽ ചിത്രങ്ങൾ പോലെയും അനുവാചക ശ്രദ്ധയെ ആവഹിക്കുന്നത് എന്ന് ജോർജ് നടവയൽ ചൂണ്ടിക്കാണിച്ചു. അമേരിക്കൻ ജീവിതത്തിൻ്റെ അടിയൊഴുക്കുകളെ വീക്ഷിക്കുന്ന ഒരു സാമൂഹ്യ മന:ശാസ്ത്ര പഠിതാവിൻ്റെ വിശകലന പടുത്വം നീനാപനയ്ക്കലിൻ്റെ ‘കളേഴ്സ് ഓഫ് ലവിൽ’ തുളുമ്പി ത്രസ്സിക്കുന്നു. അയത്ന ലളിതമായി വായിച്ചു പോകാനാകുന്ന ശൈലിയാണ് നീനാ പനയ്ക്കലിൻ്റെ നോവലിൻ്റെ സവിശേഷത എന്ന് രാജു പടയാറ്റിൽ നിരീക്ഷിച്ചു. സ്നേഹമൂല്യങ്ങളുടെ അപ്രതിരോധ്യതയാണ് ‘കളേഴ്സ് ഓഫ് ലവ്’ എന്ന കൃതിയുടെ അന്തർധാര എന്ന് ജോർജ് കുട്ടി ലൂക്കോസ് പറഞ്ഞു. സാമൂഹ്യ വിമർശനത്തെ അരോചകമാകാതെ നോവലിലൂടെ നീന സാധിക്കുന്നൂ എന്ന് ഫീലിപ്പോസ് ചെറിയാൻ വ്യക്തമാക്കി.

തൻ്റെ ജീവിതവട്ടങ്ങളിൽ, വിശിഷ്യാ ഔദ്യോഗിക രംഗങ്ങളിൽ കണ്ടുമുട്ടിയതോ കേട്ടറിഞ്ഞതോ ആയ വസ്തുതകൾ രചനാ നേരങ്ങളെ പുഷ്ക്കലമാക്കിയിട്ടുണ്ട് എന്ന് നോവലിസ്റ്റ് നീനാ പനയ്ക്കൽ മറുപടി പ്രസംഗത്തിൽ പ്രസ്താവിച്ചു.

‘കളേഴ്സ് ഓഫ് ലവ്’ കഥാനാളി: മുപ്പത്തൊന്നു വയ്സുകാരിയും അതിസുന്ദരിയുമായ കോടീശ്വരി സ്റ്റെഫനിയെ വിവാഹം ചെയ്യുന്ന പതിനെട്ടുകാരനായ റോബർട്. തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്നറിഞ്ഞ ആദമ്പതികൾ ആഫ്രിക്കൻ അമേരിക്കൻ യുവതിയായ ഡോണയുടെ സഹായം തേടുന്നു. റോബർട്ടിൻ്റെ വെളുത്ത ഇരട്ടക്കുട്ടികൾക്ക് ഡോണ ‘വാടക മാതാവാ’കുന്നു. റോബർട്ടിന്, ഡോണയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ സ്റ്റെഫനി സംശയിക്കുന്നു. ഇരട്ട ക്കുട്ടികളുമായി സ്റ്റെഫനി സ്ഥലം വിടുന്നു. തൻ്റെ ഗർഭാശത്തിൽ പിറന്ന കുഞ്ഞുങ്ങളെ ഒരു നോക്കു കാണാന്‍ പോലും കഴിയാഞ്ഞതിൽ ഡോണ ദുഖിക്കുന്നു. തൻ്റെ സംശയം അടിസ്ഥാനരഹിതമായിരുന്നൂ എന്ന് പിൽക്കാലത്ത് സ്റ്റെഫനി തിരിച്ചറിയുന്നു. കുറ്റബോധത്തോടെ സ്റ്റെഫനി ഇരട്ടക്കുട്ടികളുമായി ഡോണയെ കാണാനെത്തുന്നു.

സ്കൂൾ ബുള്ളിയിംഗ്, ആൺ പെൺ വിവാഹ പ്രായാന്തര തിരസ്കാരം, ഓട്ടിസ്സം, വാടക ഗർഭ പാത്രം, ഫെർട്ടിലിറ്റി ക്ളിനിക്ക്, വർണ്ണ വർഗ്ഗ വിവേചനങ്ങൾ എന്നിങ്ങനെ പ്രീ ഡിജിറ്റൽ കാലഘട്ടത്തിലെ അമേരിക്കൻ സാമൂഹ്യ പരിപ്രേക്ഷ്യങ്ങൾ നീന നോവലിൻ്റെ കഥാരേഖയിൽ കോർത്തിടുന്നുണ്ട്.

ഫിലഡൽഫിയാ മലയാള സാഹിത്യ വേദി പ്രസിഡൻ്റ് പ്രൊഫസ്സർ കോശി തലയ്ക്കൽ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി ജോർജ് നടവയൽ സ്വാഗതവും ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ നന്ദിയും പറഞ്ഞു.

നീനാ പനയ്ക്കൽ:തിരുവനന്തപുരത്തു പേട്ടയിൽ ജനിച്ച നീനാ പനയ്ക്കൽ തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നും ബിരുദം നേടി. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്ത്രുന്നു.1981ൽ അമേരിക്കയിൽ വന്നു. ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഫിലഡൽഫിയയിലെ റിസേർച്ച് വിഭാഗത്തിൽ പാർട് ടൈം സീനിയർ റിസേർച്ച് ഓഫീസറായി ജോലി ചെയ്തു. ആദ്യത്തെ നോവലായ ‘സ്വപ്നാടനം’ ‘ ‘സമ്മർ ഇൻ അമേരിക്കാ’ എന്ന പേരിൽ കൈരളി ടി വി, സീരിയൽ ആക്കി. ‘ഇലത്തുമ്പിലെ തുഷാരബിന്ദുവായി’, ‘മല്ലിക’, ‘നിറമിഴികൾ നീല മിഴികൾ’ എന്നീ നോവലുകളും, ‘സന്മനസ്സുള്ളവർക്ക് സമാധാനം”,‘ഒരു വിഷാദ ഗാനം പോലെ’, ‘മഴയുടെ സംഗീതം’ എന്നീ ചെറുകഥാ സമാഹാരങ്ങളും നീനാ പനയ്ക്കൽ രചിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top