Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 15) പുനര്‍ജ്ജന്മം

October 12, 2020 , ജയശങ്കര്‍ പിള്ള

നിലാവ് അസ്തമിച്ചു കിളികൾ ഉണരുന്ന നേരത്തു ഏതോ സ്വപ്നത്തിൽ നിന്നെന്നപോലെ അമ്പിളി ഞെട്ടി ഉണർന്നു. താൻ എവിടെയാണെന്നുള്ള സ്വബോധത്തിലേക്ക് തിരിച്ചെത്തുമ്പോൾ തന്നെ ചുറ്റിയിരിക്കുന്ന കൈകളിൽ ഒരു സുരക്ഷിതത്വമാണവൾക്കു ആദ്യം തോന്നിയത്. അൽപനേരത്തെ ആ കരുതൽ കുറ്റബോധത്തിലേക്ക് അവളെ നയിച്ചു. തന്നെ പുണർന്നിരിക്കുന്ന കൈകൾ പതിയെ എടുത്തു മാറ്റി അവൾ കമ്പിളിയ്ക്കുള്ളിൽ നിന്നും പുറത്തു കടന്നു. അഴിഞ്ഞ മുടി മാടിക്കെട്ടി, ഒരു കൊച്ചു കുട്ടിയെപ്പോലെ നിശബ്ദമായി ഉറങ്ങുന്ന ദേവനെ നോക്കി അവൾ കട്ടിലിൽ ഇരുന്നു. അവൾ ആ കിടപ്പു കുറച്ചു നേരം അങ്ങിനെ നോക്കി ഇരുന്നു.

കൈവിട്ടു പോയതു എന്തോ തിരിച്ചു കിട്ടി എന്നതിനേക്കാൾ താനൊരു അപരാധം ചെയ്തു എന്ന് അവൾക്കു തോന്നി. എന്താണ് സംഭവിച്ചത് എന്ന് അവൾക്കു തന്നെ നിശ്ചയം ഇല്ല. അവൾ ഇരുകൈകളും മുട്ടിൽ ഊന്നി താടിയ്ക്കു കൈകൊടുത്തിരുന്നു. തെറ്റുകളുടെ ഒരു മഹാ പർവതം പോലെ അവളുടെ മനസ്സു വിങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ദേവന്റെ നെറ്റിയിൽ അവൾ മെല്ലെ തൊട്ടു നോക്കി. പനി വിട്ടു മാറിയിരിക്കുന്നു. വലതു കണ്ണിനു താഴെയുള്ള തുന്നിക്കുത്തിന്റെ കലകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഏട്ടൻ എത്ര ശാന്തമായി ഉറങ്ങുന്നു. ഇത്രയും ശാന്തമായ ഒരു മനുഷ്യന് ഇന്നലെ എങ്ങിനെ രൗദ്ര ഭാവം കൈവന്നു എന്ന് അവൾ ആലോചിച്ചു. എന്തായിരിക്കും ഏട്ടനു ഇന്നലെ സംഭവിച്ചിരിക്കുക.

അവൾ മുറി വിട്ടു പുറത്തേക്ക് പോകുമ്പോഴും ദേവൻ നല്ല ഉറക്കത്തിലാണ്. അമ്മയുടെ മുറിയിൽ കയറി പുതപ്പു വലിച്ചു നേരെ ഇട്ടു അവൾ ചായ ഉണ്ടാക്കി സ്വീകരണ മുറിയിലെ സോഫയിൽ വന്നിരുന്നു. തനിയ്ക്ക് അവകാശം ഇല്ലാത്തതു എന്തോ തട്ടി എടുത്തു എന്ന തോന്നൽ അവളിൽ ഒരു വിങ്ങലായി, ഇനി ഞാൻ എങ്ങിനെ ദേവന്റെ മുഖത്ത് നോക്കും? ഒരിയ്ക്കൽ വേണ്ട എന്ന് പലവട്ടം പറഞ്ഞു തള്ളി കളഞ്ഞ ഒന്നിനെ അയാളുടെ അനുവാദം പോലും ഇല്ലാതെ താൻ തട്ടി എടുത്തത് പോലെ അവൾക്കു തോന്നി.

തന്റെ ഒരു മറുപടിക്കായി ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ ഈ വീട്ടു മുറ്റത്തു കയറി ഇറങ്ങിയിട്ടും മനസ്സിൽ സൂക്ഷിച്ച ഇഷ്ടം ആർക്കു വേണ്ടിയാണ് താൻ മാറ്റി വച്ചതു? അവൾക്കു കുറ്റബോധം തോന്നി. പേരിനു പിറകിലും മുന്നിലും അക്ഷരങ്ങൾ തീർക്കുന്ന ഡിഗ്രികളേക്കാൾ വലുപ്പം ഉണ്ട് മനുഷ്യരുടെ മനസ്സുകൾക്ക് എന്ന് വെറും ചുരുങ്ങിയ സമയം കൊണ്ട് ദൈവം തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു കഴിഞ്ഞു. തന്റെ അറിവില്ലായ്മയോ, തെറ്റിദ്ധാരണകളോ, കടുംപിടുത്തമോ ആണ് തനിക്ക് നഷ്ടങ്ങളുടെ കണക്കു പുസ്തകം മാത്രം ബാക്കി ആക്കിയത്. താൻ ദേവന്റെ മുൻപിൽ സ്വയം അടിയറവു പറഞ്ഞിരിക്കുന്നു. അമ്പിളിയ്ക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.

കോളേജിൽ പഠിക്കുന്ന സമയത്തു കാന്റീനിനു അടുത്തുള്ള ഇടുംച്ചക്ക പ്ലാവിന്റെ ചുവട്ടിൽ നിന്നും കലാലയത്തിലേക്ക് തിരിച്ചു വരുന്ന ദേവന്റെ ചിത്രം അവളിൽ ഓടിയെത്തി.

ദേവൻ അടുത്ത് വന്നപ്പോഴേ, പലപ്പോഴായി മനസ്സിൽ തോന്നിയ ദേഷ്യം ഇരച്ചു പൊന്തിയ ദിവസം.

“ബസ്സ് സ്റ്റോപ്പിലും, ക്‌ളാസ് മുറികളിലും മറ്റു ഒരുത്തിയും ആയി കൊഞ്ചി കുഴഞ്ഞിട്ടു വന്നിരിക്കുന്നു. താനിതൊന്നും കാണുന്നില്ല എന്നാണോ?”

“ഒന്ന് പോ പെണ്ണെ നിന്റെ പരിഭവം, അവൾ എന്റെ ക്‌ളാസ് മേറ്റ് ആണ്. അല്ലാതെ നീ കാണുന്നത് പോലെ..”

“ആണ്, ആണ് .. എല്ലാം എനിയ്ക്കറിയാം. ഇവിടെ ഒരുത്തി, വീട്ടിൽ ജാനകി, ഞാൻ വെറും നേരം പോക്കും.”

അമ്പിളി പുസ്തകവും എടുത്തു പുറത്തേയ്ക്കു പോയി.

“നിത്യേ..നിത്യേ”

ദേവൻ പിന്നിൽ നിന്നും വിളിച്ചിട്ടും അവൾ തിരിഞ്ഞു പോലും നോക്കിയില്ല. മറ്റു കുട്ടികളുടെ മുൻപിൽ ദേവൻ ചുരുങ്ങി ഇല്ലാതെ ആയതു പോലെ തോന്നി. അരുകിൽ കിടന്ന ഡെസ്ക് ഉയർത്തി താഴേയ്ക്കു അടിച്ചു ദേവൻ ക്‌ളാസ് മുറി വിട്ടു ഇറങ്ങി പോയി. ദേഷ്യവും, നിരാശയും ഒപ്പം നിസ്സഹായതയും അവനെ തളർത്തി.

പിറ്റേന്ന് രാവിലെ പതിവ് ബസ്സിൽ ദേവൻ എത്തിയിരുന്നില്ല. അമ്പിളി കലാലയത്തിനു മുൻപിൽ ബസ്സിറങ്ങുമ്പോൾ ദേവനും കുറച്ചു കൂട്ടുകാരും കൂട്ടം കൂടി നില്‍ക്കുന്നു.

“ഇന്ന് ക്ലസ്സില്ല സമരം ആണ്. നീ വേഗം വീട്ടിലേയ്ക്കു പൊയ്ക്കോളൂ.”

ദേവന്റെ ശബ്ദം കനം ഉള്ളതായി അവൾക്കു തോന്നി.

ഒന്നും മിണ്ടാതെ അവൾ ക്ലാസ്സിലേക്ക് പോയി. കോളേജിൽ അവിടവിടെ ആയി കുട്ടികൾ കൂട്ടം കൂടി അടക്കം പറയുന്നു. എന്താണ് സംഭവിച്ചത് എന്ന് അവൾക്കു മനസ്സിലായില്ല. ആദ്യ പീരിയഡ് ബോട്ടണിയുടെ പ്രാക്ടിക്കൽ ആണ്. ക്‌ളാസിൽ ഇരുന്നാൽ കോളജിനു എതിരെ ഉള്ള സ്റ്റേഷനറി കടയുടെ വരാന്തയിൽ ദേവൻ കൂട്ടുകാരുമായി നില്‍ക്കുന്നത് കാണാം. തനിക്ക് പ്രാക്ടിക്കൽ ഉള്ള ദിവസങ്ങൾ ഇത് സ്ഥിരം പതിവാണ്.

കൂട്ടുകാർ പറഞ്ഞാണ് അറിയുന്നത് ദേവന്റെ കൂട്ടുകാരിൽ ചിലരെ പാർട്ടിക്കാർ തലേന്ന് മർദ്ദിച്ചു എന്ന്. ദേവനും കുറച്ചു കൂട്ടുകാരും യൂണിയനിൽ നിന്ന് വിട്ടു പുതിയ ആശയങ്ങൾ പ്രചരിപ്പിച്ചതു മൂലം ഇന്നത്തെ സമരത്തിൽ ദേവന്റെ യൂണിയൻകാർ സമ്മതിക്കുന്നില്ലത്രേ. ദേശീയ വാദികളുടെ കൂടെ കൂറ് മാറിയവർ ആണത്രേ ഏട്ടനും കൂട്ടുകാരും. ദേവന്റെ ഈ മാറ്റവും, കൂട്ടുകെട്ടും അമ്പിളിയും പലപ്പോഴായി ശ്രദ്ധിച്ചിട്ടുണ്ട്. എരുത്തിലിന് പിന്നിലെ പത്തായപുരയിൽ പോങ്ങിന്റെ (അതിരുകളിൽ വളരുന്ന മരം) വടികൾ ചെത്തി മിനുക്കി വച്ചിരിയ്ക്കുന്നതും. തടി മില്ലിലെ പഴയ അറക്കവാൾ ഉറുമി പോലെ ചുറ്റി വച്ചിരിക്കുന്നതും എത്രയോ കണ്ടിരിക്കുന്നു. പത്തായപ്പുരയിൽ ഇടയ്ക്കു ഏട്ടന് ഒപ്പം കയറിയപ്പോൾ അതെടുത്തതിന് കൈ പിടിച്ചു ഞെരിച്ചതും, കുപ്പിവളകൾ ഉടഞ്ഞു ചോരപൊടിഞ്ഞതും അവൾ ഓർത്തു.

പുറത്തുള്ള ഒച്ചപ്പാടുകൾ കേട്ട് ലാബ് അറ്റൻഡർ വാതിലുകളും, ജനലുകളും അകത്തുനിന്നു വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടാണ് അമ്പിളിയും കൂട്ടുകാരും പുറത്തേക്ക് നോക്കിയത്. വെളുത്ത കൊടി ഏന്തിയ കുറച്ചു കുട്ടികൾ ഇങ്കുലാബ് വിളിച്ചു കടയിലേക്ക് ഇരച്ചു കയറി. ദേവനെയും കൂട്ടുകാരൻ മനുവും ആയിരുന്നു അവരുടെ ലക്ഷ്യം. കൈയ്യിൽ ഉയർത്തി പിടിച്ച വാളും ആയി ചാവേർ കൂട്ടത്തിലേക്കു ചാടുന്ന ദേവനെ അവൾ പാതി അടഞ്ഞ ജനൽ പാളികളിലൂടെ കണ്ടു. ക്‌ളാസ്‌ മുറിയിലെ കുട്ടികൾ ആർത്തു കരഞ്ഞു. കാമ്പസിൽ നിറഞ്ഞു നിന്ന ശബ്ദകോലാഹലങ്ങൾ, വാതിൽ പാളികളിലും, ജനൽ പാളികളിലും വന്നടിയ്ക്കുന്ന കരിങ്കൽ ചീളുകൾ. മണിക്കൂറുകൾ കഴിഞ്ഞു കോളേജിനു ഒരാഴ്ച അവധി നൽകി എന്ന അറിയിപ്പോട് കൂടി ലാബിന്റെ വാതിൽ തുറക്കുമ്പോൾ റോഡും പരിസരവും, കരിങ്കൽ ചീളുകൾ, ദണ്ഡുകൾ, ചോരപ്പാടുകൾ. പോലീസ് വാഹനങ്ങൾ. എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല. ആദ്യമായി താൻ ഏട്ടനെ വെറുത്ത ദിവസം. ഏട്ടനാണ് ഇതിനെല്ലാം കാരണം എന്ന് വിശ്വസിച്ച ദിവസം.

ഒരാഴ്ച കഴിഞ്ഞു കോളേജ് തുറന്നിട്ടും ദേവനെ കാണുന്നെ ഇല്ല. ഒരാഴ്ചകൂടി കഴിഞ്ഞാൽ പരീക്ഷയ്ക്കായി കോളേജ് അടയ്ക്കും.

കൂട്ടുകാരി ഷഹ്‌നയുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു ഏട്ടനെ കാണുവാൻ വീട്ടിൽ ചെന്നപ്പോൾ അവിടെയും ഇല്ല. പൂമുഖത്തു തന്നെ അമ്മാവൻ ഇരിക്കുന്നു.

“ങ്ങാ അമ്പിളിയോ,എന്താ മോളെ. ടീച്ചർ അപ്പുറത്തു ഉണ്ട്.”

അമ്പിളിയെ കണ്ടിട്ടും കാണാത്തതു പോലെ ടീച്ചർ ഓരോന്നു ചെയ്യുന്നു.

“ടീച്ചറാന്റി…”

അമ്പിളിയുടെ വിളി കേട്ട് സരസ്വതി തിരിഞ്ഞു നിന്ന്. കണ്ണുകൾ നിറഞ്ഞിരിക്കുന്നു.

“എന്താണ് കൊച്ചെ ഇങ്ങോട്ടൊക്കെ. നിനക്കെങ്കിലും ഒന്ന് പറയരുതായിരുന്നോ? ഇവനൊക്കെ പഠിക്കാനെന്നും പറഞ്ഞു പോകുന്നത് ഇതിനാണോ? നിനക്കെങ്കിലും..”

“ആന്റീ..ഏട്ടൻ ?!”

“ഏട്ടൻ,.. അങ്ങിനെ ഒരുത്തൻ ഇവിടില്ല. ഇന്നോടെ നിര്‍ത്തിക്കോണം ഇതൊക്കെ. ഏട്ടൻ ഏതെങ്കിലും ആളൊഴിഞ്ഞ അമ്പലപ്പറമ്പിൽ കാണും. കബഡി കളിച്ചോണ്ടു. അവനിവിടെ ഇല്ല. ഇനി തിരക്കുകയും വേണ്ട.”

“ഞാൻ ഒരു ബുക്ക് വാങ്ങാൻ വേണ്ടി..”

“ദാ ബുക്ക് ഒക്കെ ദാ അവിടെ…”

എരുത്തിലിന് പിന്നിലെ മുറിയുടെ വാതിൽ ടീച്ചർ തുറന്നു കൊടുത്തു.

കയറു വിരിഞ്ഞ കട്ടിലിൽ ദേവന്റെ ഡ്രസ്സുകളും, ബുക്കുകളും ചിതറി കിടക്കുന്നു. ഏട്ടനിപ്പോൾ ഇവിടെ ആണോ കിടക്കുന്നതു? എന്താണ് സംഭവിച്ചത്? കരഞ്ഞു കലങ്ങിയ കണ്ണുമായി പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും ടീച്ചർ വിളിച്ചു പറഞ്ഞു…

“മോളവനെ തിരക്കി ഇനി ഇങ്ങോട്ടു വരേണ്ട. അവനിവിടെ ഇല്ല.”

നടന്നു ഗേറ്റിനടുത്തു എത്തുമ്പോൾ പരമേട്ടനെ കണ്ടു.

“അമ്പിളി കൊച്ചെ .. ദേവനെ അന്വേഷിച്ച് പല പാർട്ടിക്കാരും ഇവിടെ കയറി ഇറങ്ങുന്നുണ്ട്. കൊച്ചിനി ഇങ്ങോട്ടു വരേണ്ട. ദേവനിവിടെ ഇല്ല, ദേശത്തുള്ള ഏതോ കൂട്ടുകാരുടെ കൂടെയാണ്. ആശുപത്രിയിൽ നിന്നും അവർ കൂട്ടി കൊണ്ട് പോയി.”

“പരമേട്ടാ .. ഏട്ടന് എന്താ പറ്റിയെ?”

“കൊച്ചെ.. വരാനുള്ളത് വന്നു. മുഖത്തും, കാലിനും സ്റ്റിച്ചു ഉണ്ട്. അത്രയുമേ എനിയ്ക്കറിയൂ. എന്നെ വരെ ഇവിടെ കുടുംബത്തു കയറ്റുന്നില്ല. കൊച്ചു പൊയ്ക്കോ..”

ദേവനെ പിന്നീട് കോളേജിലേക്ക് കണ്ടിട്ടേ ഇല്ല. ഫൈനൽ പരീക്ഷകഴിഞ്ഞു ദേവന്റെ കൂട്ടുകാർ എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. പാർട്ടിക്കാർ വിലക്ക് ഏർപ്പെടുത്തിയത് കൊണ്ട് സെന്റർ മാറ്റി പരീക്ഷ എഴുതിയ ഏട്ടൻ ഒരിയ്ക്കൽ പോലും തന്നെ തേടി വന്നില്ല.

പിന്നീട് താൻ എന്നാണ് ഏട്ടനെ കാണുന്നത്?

അടുത്ത വര്‍ഷം കോളേജ് ജൂബിലി ആഘോഷത്തിനു പൂർവ്വ വിദ്യാർത്ഥികളുടെ സമ്മേളനത്തിന് എത്തിയ ദേവനെ കണ്ടു അവൾ ഓടി ചെന്ന് തിരക്കി.

“ദേവേട്ടാ .. എപ്പോഴാ വന്നത്?! ഏട്ടനെവിടെയാണ് ഇപ്പോൾ ?”

മിഠായി കുന്നിലെ പാലമരത്തിന്റെ തണലിൽ ഇരുന്നു ഒരു വർഷത്തെ അനുഭവങ്ങൾ പറയുമ്പോൾ, ദേവന്റെ കണ്ണിൽ പ്രണയത്തിന്റെ കണിക അമ്പിളി കണ്ടില്ല. ആരോടൊക്കെയോ ഉള്ള വെറുപ്പ്, ദേഷ്യം, പക.

തലയോലപറമ്പിലെ സായാന ഹോട്ടലിൽ ചായയുടെയും, പഴമ്പോളിയുടെയും രുചി നുകരുമ്പോൾ അമ്പിളി തിരക്കി.

“ഏട്ടനെപ്പോഴാ വീട്ടിലേക്ക് വരിക. എത്ര നാളായി അങ്ങോടൊക്കെ വന്നിട്ട്.”

“നീ അല്ലേ ഇപ്പോൾ വരാതിരിക്കുന്നത്. അല്ലാതെ ഞാൻ ആണോ?”

“ഏട്ടൻ വീട്ടിൽ കാണുമോ ?”

“ഇല്ല നാളെ പോകും. ഞാൻ അങ്ങോട്ട് വരാം.”

“ഇപ്പൊ കാലിനു വേദന ഉണ്ടോ?” മുഖത്തെ മുറിപ്പാടുകൾ ഉണങ്ങിയത് നോക്കി അവൾ തിരക്കി.

“ഞാൻ ഓക്കേ ആണ്. നീ വീട്ടിൽ വരുമ്പോൾ ഇനി എരിത്തിലിലേക്ക് വരേണ്ട. പിന്നിലെ ചായ്‌പിൽ ആണ് ഞാനിപ്പോൾ.”

“ങ്ങും …മേലിൽ അവിടെ കയറരുത് എന്നാണ് ടീച്ചറാന്റി പറഞ്ഞിട്ടൂള്ളതു .. ഞാൻ പിന്നെ എങ്ങിനെ വരാനാ..”

“സാരമില്ല .. എല്ലാം ശരിയാകും”

“ങ്ങും …”

ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ദേവന്റെ ഇടതുകാലിലെ വേദന അവനെ തളർത്തുന്നതായി അവൾക്കു തോന്നി.

“അമ്പിളീ .. അമ്പിളീ..”

ദേവന്റെ വിളികേട്ടു ഫ്രോക്ക് വലിച്ചു നേരെ ഇട്ടു അമ്പിളി ഞെട്ടി എഴുന്നേറ്റു.

“എന്താ ഇത് എത്ര തവണ വിളിച്ചു. എന്ത് പറ്റി, നീ കരയുന്നോ? എന്താ ….എന്തു പറ്റി ?”

“ഒന്നുമില്ല. ഞാൻ വെറുതെ ഓരോന്നു ഓർത്തു.” ചമ്മൽ മറയ്ക്കാൻ പാട് പെട്ട് അവൾ പറഞ്ഞു.

“അയ്യേ.. ഇതെന്താണ് ഇന്ന് പൂക്കളും, ചായയും ഒന്നുമില്ലേ? നിനക്കെന്താണ് സുഖം ഇല്ലേ?”

“ഏട്ടന്റെ പനി മാറിയോ ദേവന്റെ നെറ്റിയിൽ കൈചേർത്തു വച്ച് അവൾ തിരക്കി”

“പനിയോ? എനിയ്ക്കോ? നിനക്കെന്താ പറ്റിയെ? വല്ല സ്വപ്നവും കണ്ടോ?”

അവൾ ആലോചികുകയായിരുന്നു. ഈ ഏട്ടൻ എന്താണ് അഭിനയികുകയാണോ? ഇന്നലെ പനിച്ചു വിറച്ചതു ഒന്നും ഓർമ്മയില്ലേ?” അവൾ ആകെ കുഴഞ്ഞു.

ചായ എടുക്കാൻ പോയ അമ്പിളിയുടെ പിറകെ ദേവനും അടുക്കളയിലേയ്ക്ക് പോയി.

പതിവിലും വിപരീതമായി അടുക്കള അലങ്കോലപ്പെട്ടു കിടക്കുന്നു. സിങ്കിൽ തലേന്നത്തെ പാത്രങ്ങൾ കഴുകുവാൻ ആയി കിടക്കുന്നു. അമ്പിളി ചായ തയ്യാറാക്കുമ്പോൾ ദേവൻ ടാപ്പ് തുറന്നു പാത്രങ്ങൾ കഴുകുവാൻ തുടങ്ങി.

“അയ്യോ ഏട്ടനെന്താ ഈ കാട്ടുന്നെ. അതൊക്കെ ഞാൻ ചെയ്തോളാം.”

“സാരമില്ല കൊച്ചെ ഇതൊക്കെ ഞാൻ സ്ഥിരം ചെയ്യുന്നതല്ലേ…”

“വേണ്ട ..വേണ്ട അതൊക്കെ അവിടെ അമേരിക്കയില്‍”

അവൾ ദേവനെ തടയുവാൻ ശ്രമിച്ചു.

“അവിടെ മാലിനിയാണ് പാചകം, ഈ വക സഹായങ്ങൾ ഒക്കെ എന്റെ വക ആണ്.”

“അത് അവിടെ .. കേട്ടോ..”

“ഇവിടെ നിനക്കാണല്ലോ പാചകം.?!, ഇതൊക്കെ ഞാൻ ചെയ്തു കൊള്ളാം.”

“എന്നാലും,.. വേണ്ട … ഞാൻ തന്നെ ചെയ്തുകൊള്ളാം”

“എന്തേ … ?”

ചൂട് ചായ ഊതി കുടിച്ചുകൊണ്ട് ദേവൻ തിരക്കി. “ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

അമ്പിളിയുടെ നെഞ്ചിൽ ഒരു ഇടിവെട്ടേറ്റതു പോലെ തോന്നി. നിന്ന നില്പിൽ ഭൂമിപിളരുന്നത് പോലെ. ഇന്നലത്തെ കാര്യം ആയിരിക്കുമോ? എന്റെ ഭഗവതീ..എന്തായിരിക്കും ചോദിക്കുക.?!

“ഹും ..എന്താ.” ജാള്യത കൊണ്ട് അമ്പിളി ചൂളിപ്പോയി.

“എന്ത് ചോദ്യമായാലും ആദ്യം കുളിച്ചിട്ടു വന്നു ഇന്നലെ നേദിച്ചു കിട്ടിയ ചരട് കെട്ടിയിട്ടു മാത്രം.”

“എനിക്കും ചരട് കെട്ടുന്ന കാര്യമാണ് ചോദിക്കാനുള്ളത്. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു. നിനക്ക് ഒരു കൂട്ട് വേണ്ടേ? അമ്മയുടെ വലിയ ആഗ്രഹം ആണത്. നീ ഇങ്ങനെ ഒറ്റയ്ക്ക് എത്രകാലം. ഒരു കൂട്ടും സഹായവും ഒക്കെ വേണ്ടേ?”

“അമ്മ ഉണർന്നു കാണും. ഞാൻ പോയി നോക്കട്ടെ. പിന്നെയെ പാത്രങ്ങൾ കഴുകി നിൽക്കാതെ പോയി കുളിച്ചു തയ്യാർ ആയി വായോ. പതിനൊന്നു മണിക്ക് എവിടെയോ പോകാനില്ലെ?”

അവൾ വിഷയത്തിൽ നിന്നും തെന്നിമാറി അമ്മയുടെ മുറിയിലേയ്ക്കു പോയി. അവളുടെ കാലുകളെ പിന്തുടർന്ന് കുറിഞ്ഞി പൂച്ചയും.

ജയദേവൻ മുകളിൽ പോയി കുളി കഴിഞ്ഞു താഴേക്ക് വരുമ്പോൾ നിലവിളക്കിനു അരികിലായി തലേന്ന് തിരുമേനി നൽകിയ പ്രസാദവും, ഒരു ഇലയിൽ പൊതിഞ്ഞ ചുവന്ന ചരടും. താഴെ കുളിമുറിയിൽ നിന്നും ഷവറിന്റെ ശബ്ദം. നിലവിളക്കു കൊളുത്തി പൂജിച്ച ചരടും എടുത്തു ദേവൻ ടീച്ചറിന്റെ മുറിയിലേയ്ക്കു പോയി. ടീച്ചർ കുളിച്ചു ഭസ്മകുറിയിട്ടു കട്ടിലിൽ ചാരി ഇരിക്കുന്നു.

“ങ്ങ .. മോൻ എഴുന്നേറ്റോ? മോൻ കാപ്പി കുടിച്ചോ? എങ്ങോട്ടാ രാവിലെ ഡ്രസ്സ് ഒക്കെ മാറി?”

“കുറച്ചു ഇടത്തു പോകാനുണ്ടമ്മേ,..”

ദേവനറിയാതെ വീണ ‘അമ്മ’ എന്ന വാക്കു രണ്ടു പേരെയും നിശ്ശബ്ദരാക്കി.

“മോനടുത്തുവാ ..ഇതെന്താണ്?” കൈയ്യിലെ പൊതി നോക്കി ടീച്ചർ തിരക്കി .

ദേവൻ അല്പം ചന്ദനമെടുത്തു ടീച്ചറിന്റെ നെറ്റിയിൽ തൊടുവിച്ചു. ടീച്ചർ പാട് പെട്ട് എഴുന്നേറ്റിരുന്നു.

“അമ്മ ഇതൊന്നു എന്റെ കൈയ്യിൽ കെട്ടി തരുമോ..” ചരട് നീട്ടി കൊണ്ട് ദേവൻ ചോദിച്ചു.

നിറഞ്ഞ മിഴികളോടെ നന്ദിനി ടീച്ചർ മഹാദേവന്റെ തിരുസന്നിധിയിൽ നിന്നും കിട്ടിയ ചരട് ദേവന്റെ കൈയ്യിൽ കെട്ടി കൊടുത്തു. ദേവനെ ആശ്ലേഷിച്ചു ചേർത്ത് നിറുത്തി..

“മോനെ…” ടീച്ചർ വിങ്ങി പൊട്ടി. ദേവനും. പതിറ്റാണ്ടുകൾക്ക് ശേഷം അമ്മയുടെ കരുതലും, സ്നേഹവും ദേവന് അനുഭവപ്പെട്ടു.

“എന്റെ മോന് ഒരു കുഴപ്പവും വരില്ല. ഭഗവാൻ കാത്തു രക്ഷിക്കും”

കുളികഴിഞ്ഞു ഈറനുടുത്തു ഇറങ്ങി വന്ന അമ്പിളിയെ ഈ കാഴ്ച അമ്പരിപ്പിച്ചു. അമ്മയ്ക്ക് ഏട്ടനോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ? എന്നിട്ടാണോ അന്ന് അങ്ങിനെ ഒക്കെ. മോനെ പോലെ ആയിരുന്നു എങ്കിൽ പിന്നെ അന്ന് എന്തിനാണ് അമ്മ ഏട്ടനെ അകറ്റി നിറുത്തിയത്. താൻ എന്തിനാണ് സ്വയം അകന്നു മാറിയത്?

പ്രകടിപ്പിക്കാത്ത സ്നേഹത്തിന്റെ ദുരന്ത പ്രതീകം പോലെ അവൾ നിന്ന് ഉരുകി.

ഒരു പുനർജ്ജന്മം കാത്തു കഴിയുന്ന ശിലപോലെ അവൾ തേങ്ങി…

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top