Flash News

ലൈഫ് മിഷനെതിരെയുള്ള സിബിഐ അന്വേഷണത്തിന് താത്ക്കാലിക സ്റ്റേ, മറ്റ് പ്രതികൾക്കെതിരെ സിബിഐക്ക് അന്വേഷണം തുടരാം

October 13, 2020

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതി അഴിമതിക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിനെ അടിസ്ഥാനമാക്കി ലൈഫ് മിഷനെതിരായ തുടർ നടപടികളെല്ലാം കേരള ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. തനിക്കെതിരായ എഫ്‌ഐ‌ആർ സ്റ്റേ ചെയ്യുന്നതിന് ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് യൂണിറ്റാക്കിന്റെ മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പന്റെ അപേക്ഷ കോടതി തള്ളി.

കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒ, ലൈഫ് മിഷൻ, യൂണിറ്റാക്കിലെ സന്തോഷ് ഈപ്പൻ എംഡി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എഫ്‌സി‌ആർ നിയമത്തിലെ 4 (സി) പ്രകാരമുള്ള അപവാദം തനിക്ക് ബാധകമാകുമെന്ന എംഡി യൂണിറ്റാക്കിന്റെ വാദം നിരസിക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. ഒരു കരാർ പ്രകാരം നിർമ്മാണ ജോലികൾ ഏൽപ്പിക്കുന്നത് ബിൽഡറിന് ഒരു ഏജന്റിന്റെ നില നൽകില്ല.

കേസിൽ അന്വേഷണം നടത്താൻ യാതൊരു തടസ്സവുമില്ലെന്ന് സിബിഐയുടെ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ പറഞ്ഞു. മിഷന്റെ സിഇഒയ്‌ക്കെതിരായ കേസ് കോടതി സ്റ്റേ ചെയ്തു. ഇത് അന്വേഷണത്തിന് തടസ്സമാകില്ല. എഫ്‌ഐആർ റദ്ദാക്കേണ്ടതില്ലെന്നും വിജ്ഞാപനങ്ങൾ പ്രകാരം അന്വേഷണം നടത്താനുള്ള ഏക അധികാരം സിബിഐയാണെന്നും കോടതി വ്യക്തമാക്കി. കേസിൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ നിയന്ത്രണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് കോൺഗ്രസും അനിൽ അക്കരയും മുന്നോട്ട് വെച്ച വാദങ്ങൾ ?

വടക്കാഞ്ചേരി സർക്കാർ ഭൂമിയിൽ പ്രളയ ബാധിതർക്കായി ലൈഫ് മിഷൻ നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ നിർമ്മാണ കരാറിൽ അഴിമതി നടന്നിട്ടുണ്ട്. യുഎഇ സന്നദ്ധ സംഘടനയുമായി സർക്കാർ ഏജൻസിയായ ലൈഫ്മിഷൻ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണ കരാർ യൂണിടാക് എന്ന കമ്പനിക്ക് നൽകുന്നതിനായി സ്വപ്ന സുരേഷ് അന്നത്തെ ലൈഫ് മിഷൻ സിഇഒ ആയിരുന്ന ശിവശങ്കറുമായി ചേർന്ന് കമ്മീഷൻ കൈപ്പട്ടിയിട്ടുണ്ട്.

ഈ വിഷയത്തിൽ അന്താരാഷ്ട്ര സംഘടന, സർക്കാർ ഏജൻസി, മുതിർന്ന ഉദ്യോഗസ്ഥർ യുഎഇ നയതന്ത്ര കാര്യാലയം, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവരൊക്കെ ഉൾപ്പെട്ടിരിക്കുന്നതിനാൽ, വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ ) പരിധിയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലും നിയമപരമായും, നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിനും സിബിഐ അന്വേഷണം വേണം. ഈ ആവശ്യങ്ങളാണ് ഹൈക്കോടതിയുടെ മുമ്പാകെ കോൺഗ്രസ് ഉന്നയിച്ചത്.

സർക്കാറിന്റെ വാദം

1) സിബിഐ അന്വേഷണം പിൻവലിക്കണം.

2) സിബിഐ സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണം.

3) അന്വേഷണത്തിന്റെ പരിധിയിൽ നിന്നും ലൈഫ് മിഷനെയും,, സിഇഒ ആയ യു വി ജോസിനെയും, കരാറുകാരനായ യൂണിടാക്കിനെയും മാറ്റിനിർത്തണം.

സർക്കാരിന്റെ ന്യായീകരണങ്ങള്‍

1) സംസ്ഥാന അതിർത്തിക്കുള്ളിൽ നടന്ന ഈ കേസിൽ സിബിഐക്ക് നേരിട്ട് അന്വേഷിക്കാൻ സാധിച്ചത് ഇതിൽ എഫ്സിആർഎ നിയമലംഘനം നടന്നിട്ടുണ്ട് എന്നതിന്റെ പേരിലാണ് ( എഫ്.സി.ആർ.എ സെക്ഷൻ 43 നൽകുന്ന സവിശേഷ അവകാശം). എന്നാൽ ഇവിടെ കരാർ ഒപ്പു വെച്ചിരിക്കുന്നത് യൂണിടാക് എന്ന ബിൽഡറും ,റെഡ്ക്രസെന്റ് എന്ന യുഎഇ സന്നദ്ധ സംഘടനയും തമ്മിലാണ്. അതിനാൽ, ലൈഫ് മിഷൻ ഇതിൽ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ കേസിൽ ലൈഫ്മിഷനെ എഫ്സിആർഎ ചട്ടങ്ങളുടെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കില്ല.അതുകൊണ്ട് ലൈഫ് മിഷൻ, അതിന്റെ സിഇഒ എന്നിവർ സിബിഐയുടെ അന്വേഷണ പരിധിയിൽ വരുന്നില്ല.അതുകൊണ്ട് ലൈഫ് മിഷൻ എതിരേ അന്വേഷണം നടത്താൻ സിബിഐക്ക് സാങ്കേതികമായി അനുമതിയില്ല.

2) ഡൽഹി സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റ് അനുസരിച്ച് ഒന്നുകിൽ ഹൈക്കോടതി ഉത്തരവിലൂടെ, അല്ലെങ്കിൽ അതേ ആക്ടിലെ സെക്ഷൻ 6 അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി മാത്രമേ സംസ്ഥാന അതിർത്തിക്കുള്ളിൽ നടക്കുന്ന മറ്റു കേസുകളിൽ സിബിഐ അന്വേഷണം സാധ്യമാവുകയുള്ളൂ. വിദേശ സംഭാവന നിയന്ത്രണ നിയമം ( എഫ് സി ആർ എ ) നിലനിൽക്കാത്തതിനാൽ അന്വേഷണത്തിനു സിബിഐ സർക്കാരിന്റെ മുൻ‌കൂർ അനുമതി തേടണ്ടതാണ്.

.3) യൂണിടാക് എന്ന സ്ഥാപനം തങ്ങളെ ഏൽപ്പിച്ച നിർമ്മാണ കരാറിന്റെ നിർവഹണത്തിന് ആവശ്യമായ പണമാണ് വിദേശ ഏജൻസിയിൽ നിന്ന് കൈപ്പറ്റിയത്. അത്തരമൊരു നിർമ്മാണം നടത്തുന്നതിന് വിദേശ ഏജൻസിക്ക് സർക്കാരിൻറെ അനുമതി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എഫ്സിആർഎ യുടെ സെക്ഷൻ നാല് (4) സി നൽകുന്ന ആനുകൂല്യം യൂണിടാക്കിന് ലഭിക്കും.അതിനാൽ അവർക്കെതിരെ എഫ്സിആർഎ നിയമലംഘനത്തിന്റെ പേരിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ നിലനിൽക്കില്ല, അതിനാൽ എഫ്ഐആർ റദ്ദാക്കണം.

ഹൈക്കോടതിയുടെ പ്രസക്തമായ കണ്ടെത്തൽ

1) ലൈഫ് മിഷൻ നേരിട്ട് വിദേശ സഹായം കൈ പറ്റിയിട്ടില്ല എന്ന് സർക്കാർ വാദത്തെ കോടതി തത്ത്വത്തിൽ അംഗീകരിച്ചു.

(ഇത് സാങ്കേതികം മാത്രമാണ് മറിച്ചുള്ള തെളിവുകൾ തുടർവാദങ്ങളുടെ സമയത്ത് ലഭ്യമായാൽ ഇത് നിലനിൽക്കില്ല.)

2) ലൈഫ് മിഷൻ അല്ല പണം വാങ്ങിയത് എന്നുള്ള സർക്കാർ വാദം അംഗീകരിച്ചതിനാലാണ് എഫ് സി ആർ എ സെക്ഷൻ മൂന്ന് (1) സി യുടെ പരിധിയിൽ നിന്നും ലൈഫ്മിഷനെ മാറ്റിനിർത്താം എന്നാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

3)ലൈഫ് മിഷൻ നേരിട്ട് പണം കൈ പറ്റാത്തതിനാൽ സിഇഒ ആയ തന്നെയും ലൈഫ് മിഷനെയും പ്രതി ചേർക്കുന്നത് തടയണമെന്ന യു വി ജോസിന്റെ ആവശ്യം കോടതി ഭാഗികമായി അംഗീകരിച്ചു. അത്കൊണ്ട്

കൂടുതൽ വാദം കേൾക്കുന്നതുവരെ സിഇഒ യെയും ലൈഫ്മിഷനെയും പ്രതി ചേർക്കുന്നതിൽ നിന്നും കോടതി രണ്ടുമാസത്തേക്ക് (വിലക്ക് താത്കാലികമാണ് ) സിബിഐയെ വിലക്കി.

( പ്രതി ചേർക്കുന്നതിൽ നിന്നുമാത്രമാണ് വിലക്കിയിരിക്കുന്നത് അന്വേഷിക്കാം, മൊഴിയെടുക്കാം,തെളിവ് ശേഖരിക്കാം കൂടുതൽ തെളിവുകൾ ലഭ്യമായാൽ കോടതിയുടെ അനുവാദത്തോടെ പ്രതി ചേർക്കുകയും ആവാം)

4) സർക്കാരിന്റെ അടുത്ത വാദമായ യൂണിടാക് എഫ്സിആർഎ നിയമത്തിലെ സെക്ഷൻ നാല് (സി) യുടെ പരിധിയിൽ വരുന്നു ‘ഏജന്റ് ‘ ആണ് എന്ന വാദം കോടതി പൂർണമായും തള്ളിക്കളഞ്ഞു.

അതുകൊണ്ടുതന്നെ സന്തോഷ് ഈപ്പനെതിരെ എഫ്സിആർഎ നിയമലംഘനം,അഴിമതി എന്നിവയുൾപ്പെടെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരമുള്ള എല്ലാ കേസുകളും നിലനിൽക്കുമെന്നും, അതിൽ സിബിഐ ക്ക് തടസ്സങ്ങൾ ഒന്നുമില്ലാതെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സർക്കാരിന്റെ വിജയം ആണോ?

തീർച്ചയായും അല്ല കാരണം, സിബിഐയുടെ അന്വേഷണത്തിൽ നിന്ന് രണ്ടുമാസത്തേക്ക് ലൈഫ് മിഷനെയും, സിഇഒ യു.വി ജോസിനെയും പ്രതി ചേർക്കുന്നതിന് മാത്രമാണ് സ്റ്റേ. അതായത് അന്വേഷണം മുടക്കമില്ലാതെ തുടരും.

2) ഇവർ പ്രതികളാണ് എന്ന നിലയിൽ സിബിഐ നിലവിലെ എഫ് ഐ ആറിൽ പറഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണം നടത്തുമ്പോൾ ഇവർ കൂടി പ്രതികളോ, സാക്ഷികളോ ആകാമെന്നാണ് സിബിഐ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തങ്ങളുടെ നിലവിലെ എഫ്ഐആർ റദ്ദാക്കരുത് എന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.

വിദേശത്തുനിന്ന് പണം സ്വീകരിച്ചശേഷം താൻ അത് സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർക്ക് കമ്മീഷനായി നൽകി എന്ന് യുണിടാക് എം.ഡി സന്തോഷ് ഇപ്പൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. സിബിഐ നടത്തുന്ന അന്വേഷണത്തിൽ ആ പണം ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്കോ, സർക്കാരിലെ ഉദ്യോഗസ്ഥർക്കോ, മന്ത്രി സഭയിലെയോ ഉന്നതർക്കോ ലഭിച്ചു എന്ന് തെളിഞ്ഞാൽ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ വീണ്ടും എഫ്സിആർഎ നിയമത്തിന് പരിധിയിലേക്ക് മടങ്ങിവരും. അതായത് നിലവിലുള്ള സാഹചര്യത്തിൽ സിപിഎമ്മിനോ, സർക്കാരിനോ ആശ്വസിക്കാൻ തക്കതായ യാതൊന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top