Flash News

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സം‌വിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്

October 13, 2020

കേരള സ്റ്റേറ്റ് ഫിലിം അവാർഡിലെ സമീപകാല പ്രവണതയ്ക്ക് അനുസൃതമായി സ്വതന്ത്ര സിനിമ തിളങ്ങുന്നുവെന്നതിന് തെളിവാണ് അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. റഹ്‌മാൻ സഹോദരന്മാർ (ഷിനോസ് റഹ്മാനും സജാസ് റഹ്മാനും) സംവിധാനം ചെയ്ത ‘വസന്തി.’ ഒരു സ്ത്രീയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള കഥയാണ് വാസന്തിയിലൂടെ വരച്ചു കാട്ടുന്നത്. മികച്ച നടി കനി കുസൃതി. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലനാണ് ചൊവ്വാഴ്ച അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മൂന്ന് വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടുന്നത്.
‘ആൻഡ്രോയ്ഡ്’ കുഞ്ഞപ്പൻ, ‘വികൃതി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജിന് പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായത്.

‘ജെല്ലിക്കെട്ടി’ലൂടെ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ മികച്ച സ്വഭാവ നടനായും വാസന്തിയിലെ അഭിനയത്തിന് സ്വാസികയെ സ്വഭാവ നടിയായും തിരഞ്ഞെടുത്തു.

മനോജ്‌ കാന സംധിധാനം ചെയ്‌ത കെഞ്ചിറയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. മികച്ച തിരക്കഥാകൃത്ത്: റഹ്മാന്‍ ബ്രദേഴ്‌സ്. മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍), നജീം അർഷാദാണ് മികച്ച ഗായകൻ (കെട്ടിയോളാണെൻ്റെ മാലാഖ), ഗായിക: മധുശ്രീ നാരായണൻ (കോളാമ്പി). മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്). കുട്ടികളുടെ ചിത്രം: നാനി. ബാലതാരം (ആണ്‍): ബാസുദേവ്, ബാലതാരം (പെണ്‍): കാതറിന്‍.

ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌‌ക്).

പ്രതാപ് വി നായരാണ് മികച്ച ഛായാഗ്രാഹകന്‍.

നടന്‍ വിനീത് രാധാകൃഷ്ണന്‍ ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി. മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി. മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്ന ബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള പുരസ്‌കാരം നേടി. മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം (ബിപിന്‍ ചന്ദ്രന്‍). പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം.

സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

119 സിനിമകളാണ് അവാര്‍ഡിന്റെ പരിഗണനയ്ക്കായി എത്തിയത്. ഇതില്‍ അഞ്ചെണ്ണം കുട്ടികള്‍ക്കായുള്ള ചിത്രങ്ങളാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ്. ഇത് ചലച്ചിത്രമേഖലയ്ക്ക് വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്നാണ് മന്ത്രി പറഞ്ഞു. 71 സിനിമകളാണ് നവാഗത സംവിധിയാകരുടേതായി പുരസ്‌കാരത്തിന്റെ പരിഗണനയ്ക്കായി വന്നത്.

മലയാള സിനിമ മറന്ന ആദ്യ ദളിത് നായിക റോസിയ്ക്ക് അവാർഡ് സമർപ്പിക്കുന്നു, കനി കുസൃതി

സംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതിനു പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി.സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്.

മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തന്റെ അവാർഡ് സമർപ്പിക്കുന്നു എന്ന് കനി പറഞ്ഞു.എല്ലാവരും പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവാർഡ് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.അവസരങ്ങൾ എല്ലാവർക്കും എല്ലാതരത്തിലും കിട്ടാറില്ല,നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പർകാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടിൽ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം.ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോൾ ജാതീയപരമായി ആ ഡിസ്‌ക്രിമിനേഷൻ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്.ആളുകൾക്ക് അവസരം കിട്ടുന്നില്ല എന്ന് കനി പറഞ്ഞു.

അതിനാൽ തന്നെ മാറ്റി നിർത്തപ്പെട്ടവർക്കാണ് ഈ അവാർഡ് സമർപ്പിക്കേണ്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്നും കനി പറഞ്ഞു.സിനിമയായാലും നാടകമായാലും തനിക്ക് ഒരു പോലെയാണെന്നും ഒരു നടിയായി അറിയപ്പെടാനാണ് താൻ കൂടുതലും താൽപ്പര്യപ്പെടുന്നതെന്നും നടി കൂട്ടിച്ചേർത്തു.

സന്തോഷം, ഉത്തരവാദിത്വം കൂടി, രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു: സുരാജ് വെഞ്ഞാറമൂട്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ സുരാജ് വെഞ്ഞറാമൂട്. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് അവാർഡിന് അർഹനായത്. രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, അത് പ്രേക്ഷകർ സ്വീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സുരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പുരസ്‌ക്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങളും സുരാജ് അറിയിച്ചു. കോവിഡ് കാലം മാറി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രേക്ഷകർ സിനിമ കാണാനെത്തുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് എന്നും താരം പറഞ്ഞു. നിലവിൽ ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ് സുരാജ്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം രതീഷ് പൊതുവാൾ നേടി. സൗബിൻ ഷാഹിർ, സൂരജ്, മാല പാർവതി, മേഘ മാത്യു തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചത്.

നവാഗത സംവിധായകനായ എം.സി. ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് വികൃതി. കൊച്ചി മെട്രോയിൽ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരിൽ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എൽദോയുടെ കഥയാണ് ചിത്രം പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top