Flash News

ചൊക്ളി (നോവല്‍ 16 & 17): എച്‌മുക്കുട്ടി

October 13, 2020

പൊഴമ്പള്ളത്തെ ഒര് നാലേക്ക്ര ബൂമീണ് താമര ബസ്സാര് വേടിച്ചത്.

വെളിച്ചെണ്ണ സാമീരെ സലം. സാമി പടോലങ്ങ പോലേം അമ്മ്യാര് ചക്കക്കുരു പോലേം ആര്ന്നു. മക്കളാണെങ്കേ ഒരെണ്ണം അരക്ക് കീഴ്പ്പട്ട് പടോലങ്ങ പോലെ മേപ്പട്ട് ചക്കക്കുരു പോലേ. മറ്റോൻ കീപ്പട്ട് ചക്കക്കുരു പോലേ.മേപ്പട്ട് പടോലങ്ങ പോലേ… നല്ല ചേര്ച്ച..

വെളിച്ചെണ്ണ സാമി ഒര് പണീട്ക്കില്ല. വെറ്തേ ഇര്ന്ന് ത് ന്നാൻ നാണല്യാത്ത സാമീന്നാണ് ദേവുഅമ്മ ആട്ട് ണത്. പണീട്ക്കാൻ മടീണ്. അങ്ങന്യാ ആ പേരന്നെ വന്നത്. അമ്മ്യാര് മക്കളേം വെച്ച് തോറ്റ് തൊപ്പീട്ട്..അദാണ് ബൂമി വിറ്റ് മദ്രാസീപ്പോവാന്ന് വെച്ചേ..അമ്മ്യാര്ടെ ആങ്ങളീണ്ട് അവടെ..

താമര ബസ്സാര് സലം കച്ചോടാക്കി. തെങ്ങുമ്പറമ്പാക്കാൻ തീര്മാനിച്ചു. പണിക്കാര് എമ്പാടും വേണം. രാമേട്ടന് അന്നേര്ത്താണ് ചൊക്ളീൻറെ കാര്യം ഓർമ്മേല് വന്നത്.

അങ്ങനെ കൈയ്യോട്ട് പണി ശര്യായി..

അതറിഞ്ഞ ദേവുഅമ്മ ഒര് കോമരായി തുള്ളി..തൊള്ളേത്തോന്നീതൊക്കീം പറ്ഞ്ഞു. ചൂടും വെള്ളം എട്ത്ത് മേത്തേക്കൊഴിച്ച്..

ഒട്ക്കം രാമേട്ടൻ രണ്ട് ഒച്ചീട്ത്തപ്പളാണ് ദേവുഅമ്മ പ് രാക്ക് നിർത്തീത്..

ചൊക്ളിക്ക് മൻസ്സിലായീ..മനിഷ്യമ്മാര് അങ്ങനേണ്. അപ്പാപ്പള് അങ്ങട്ട് കിട്ടണതേ ഓർമ്മേണ്ടാവൊള്ളോ..

കൈയ്യോട്ട് പണി എള്പ്പല്ല.. കൈ പൊള്ളച്ച് വെന്ത് നീറി.. എന്നാലും തോറ്റ് ല്യ. കണ്ണടച്ച് അങ്ങട്ട് കൊത്തിക്കിളച്ച് പണ്തു. രാമേട്ടൻ ണ്ടല്ലോ ഒര് ബലത്ത് ന്…

താമര ബസ്സാര് ന്ന് പറഞ്ഞാ ഒര് ചേട്ത്താരും ചേട്ടനും മാത്രേള്ളൂ. മക്ക് ള് കേനടേല് ആണ്ന്ന്. എബ്ട്യാവോ ഈ കേനട..

തെങ്ങുമ്പറമ്പില് അവര് ഒര് വീടും പണീയണ്ട്. അതിൻറെ പണീം തൊടങ്ങീ. തെരക്കന്നെ തെരക്ക്.

ചേട്ത്താരും ചേട്ടനും പിര്പിര്ന്ന് തനി കൂറോള്ടെ പോല്യാണ്. പണിക്കാര്ടെ അട്ത്ത് ദൂസത്ത് ല് പലവട്ടം വന്ന് നോക്കി ‘വേഗാവട്ടടാ..നേരം കളയല്ലെടാ..പോരട്ടേ..പണിങ്ങ്ട് പോരട്ടേ..’ എന്നങ്ങട്ട് പറയ്യും.. എന്നും ഉച്ചക്ക് കൊള്ളിക്കെഴങ്ങ് പുഴ്ങ്ങീതും കട്ടങ്കാപ്പീം തരും. ഞാറാഴ്ച ഉച്ചക്ക് ചോറും പോത്തെറച്ചിക്കൂട്ടാനും തരും. ചേട്ത്താര് തന്നേണ് വെളമ്പല്..

രവ്യേട്ടന് ദേവുഅമ്മ കഞ്ഞീം കൂട്ടാനും മൊടക്കീല്യാ.. അത് സമാധാനായി..രവ്യേട്ടന് ഒന്നും വേണ്ടേനീം.. ഒര് ഇത്ത് രി വല്ലോം ത് ന്നും. പച്ചൊള്ളോം ബീഡീം മതി. എദ് നേരോം വയറും പൊത്തിപ്പിടിച്ച് ആ പാറേമ്മേ കെട്ക്കും.. ആവത്ള്ളപ്പോ എണീറ്റ്ട്ട് എടവഴീരേ അരൂത്ത് പറ്റണോടത്തൊക്കെ ഇത്തിരീശ്ശേ ഓരോന്ന് കുത്തീട്ട് മൊളപ്പിച്ച് ടും.

മറിയപ്പാറ അങ്ങാടീല് ന്ന് പൊഴമ്പള്ളത്തെക്ക് ഇത്തിരി വഴീണ്ട് നട്ക്കാൻ.. വൈന്നാരം പണീന്ന് വന്ന് ദേവുഅമ്മേടെവടെ വല്ലോം ത് ന്നലാര്ന്നു. അവര് മോറ് കേറ്റിപ്പിട്ക്ക്ല് ഇപ്പോ നിറ്ത്തി. കാശ് കൊടത്ത് തൊടങ്ങീപ്പോ മോറ് ശെര്യായി.

പഴനീം അവൻറെ തള്ളേം പണിയണ്ട് ദേവുഅമ്മേടെ അട്ത്ത്..

പൊഴമ്പള്ളത്ത് പണിക്കാര് വന്നപ്പോ അവടീം ചായേം കടീം ഊണും കിട്ട്യൊടങ്ങി. ഒര് അമ്മാമ്മേം മോനും കൂടീണ് ത് ന്നാൻ ണ്ടാക്കല്. അത് അവര്ക്ക് നന്നായി. നല്ല ചെലവേര്ന്ന്..

മീങ്കൂട്ടാൻ ണ്ടാവും ദൂസോം… പൊഴേന്ന് ആ അമ്മാമ്മടേ മോൻ ദാസൻ മീമ്പടിക്കണ കണ്ട് ട്ട് ചെറ്മൻ ചെക്കു ഒച്ചീം വിളീം ണ്ടാക്കീ.. അമ്മാമ്മ മിട്ക്കായിറ്റ് ചെക്കൂൻറെ മീൻ വേടിച്ച് ഒക്ക്യങ്ങട്ട് ശര്യാക്കി..ചെക്കൂനും സുഗായി അദ്. വെളിച്ചാമ്പോ കിട്ട്ണ മീൻ അമ്മാമ്മ്യാ വേടിക്കും.

പൊഴമ്പള്ളത്തെ പറമ്പ് അങ്ങട് തെളിഞ്ഞ്..കൊത്തും കെളേം വളോം നോട്ടോം ഒക്ക്യായ്പ്പോ പഴേ തെങ്ങോളും പുത്യേ തെങ്ങോളും അങ്ങട്ട് നന്നായി.. താമര ചേട്ത്താര്ക്ക് പറമ്പ് ങ്ങനെ പച്ചച്ച് കാണ്ണണം. മൊയ്തീൻക്കേടെ പെങ്ങളാ ആ കാര്യത്ത് ല് ചേട്ത്താര്. എബടെ പോയ്യാലും കൊർച്ച് ചെട്യോളും വിത്തോളും കൊണ്ട് രായി..നട്ട് മൊളപ്പിക്ക് ലായി.. നോക്കി വല്താക്ക് ലായി. ചേട്ത്താര്ടെ പറ്മ്പില് കാണാമ്പറ്റാത്ത മരോം ചെടീം പൂവ്വും കായേം ഒന്നുല്ല ഇയ്യ് ലോകത്ത് ല്.

ഒക്കെങ്ങനെ ഒര് തൊയിരത്തിന് പൊവ്വേര്ന്ന്..

അപ്പളാണ് കെട്ക്കണ പാറ പൊളിക്കാൻ വല്യവഴീണ്ടാക്കണോര് വന്ന്ത്. വല്യ വഴി വരാണ്.. എർണ്ണാകൊളത്തില്ക്കും തൃശ്ശൂരിൽക്കും അവ്ട്ന്ന് പാൽക്കാട്ടില്ക്കും പോവ്വാൻണ്..വല്യ വഴീണ്..സലം അപ്പ്ടി സർക്കാരിൻേറണ്..ചൊക്ളീനോട് പാറേമ്മ്ന്ന് എറങ്ങി ഓടിയോളാൻ പറ്ഞ്ഞ് വഴിക്കാര്..

പഴേ കലോം അയേം തുണീം സഞ്ചീം ഒക്കെങ്ങട് എടവഴീല്ക്ക് എട്ത്തിട്ട്…പാറോള് തമരോണ്ടാ പൊളിച്ചു. രവ്യേട്ടൻറെ ചെട്യോളും പൂക്കളും ചതഞ്ഞരഞ്ഞ് എടവഴീല്ക്ക് മണ്ണും പാറപ്പൊടീം പരന്നു..

പാറ പൊളിഞ്ഞ് പൊടിയാവണ കണ്ടപ്പോ എല്ലാരും പറഞ്ഞൊടങ്ങി. ‘പോട്ടേരാ ചൊക്ള്യേ..നാട്ട് ല് നല്ല സെമൻറിട്ട വഴി വരട്ടേ. ഹൈ റോട് ന്ന് പറ്ഞ്ഞാ ചില്ലറ്യാണോ.. മിൻറ്റോണ്ട് എത്താം എർണ്ണാകൊളത്തില്ക്കും പാൽക്കാട്ടില്ക്കും. ആ പാറ നിൻറെ തറവാടൊന്നല്ലല്ലോ..അയ്യ്യോ..പാമേന്ന് ങ്ങനെ ഓളീടാൻ..’

ചൊക്ളീരെ മനസ്സൊറച്ച്ണ്ടാര്ന്ന്ല്ല. പറമ്പില് കൊത്തിക്കെളച്ച് പണീട്ത്ത് ദേഹം ഒറച്ച്. അവനൊര് ആണായീ.. പതിനെട്ടോ ഇര് വതോ ആയിണ്ടാവേരിക്കും വയസ്സ്.. പക്ഷേ, മൻസ്സിന് അത്ര ബലായിണ്ടാര്ന്നില്ല..

എത്ര്യായാലും വൈന്നാരം വൈന്നാരം ചെന്ന് കെട്ന്നോർന്ന സ്തലല്ലേ ..രവ്യേട്ടൻ കൊക്കിക്കൊരച്ച് ട്ടാണ്ച്ചാലും അവന് ഇമ്മിണി കതോള് പറ്ഞ്ഞ് കൊട്ത്തേര്ന്ന സ്തലം. കയിഞ്ഞ രണ്ടു മൂന്നു കൊല്ലായി മഴേത്തും വെയ്ലത്തും മഞ്ഞത്തും അവടന്നേ കെടക്കണു. ദേശവെളക്കോളും കോടംകര പള്ളിപ്പെര്ന്നാളോളും ഒക്കെ അവ്ടന്നെ കൂടി. തൃശ്ശൂര് പൂരത്തിൻറെ വെടിക്കെട്ട്‌ കാണായെണീച്ചിര്ന്നു. ..ചെട്ടിച്ച്യോളും കൊശത്തിയോളും ചെലപ്പളൊക്കെ വല്ല്തും പൊരിച്ചതോ വറ്ത്തതോ തന്നു.. അദൊക്കേ എന്തിറ്റാച്ചാലും പൊളിച്ച് ചെറ്താക്കിക്കൊട്ത്താ രവ്യേട്ടൻ തിന്നും…ഇന്നട്ടാ ചൊക്ളി തിന്ന് ല്.

ദേവുഅമ്മ അതറീഞ്ഞൂസം തൊള്ളയിട്ടു. ‘അത് പെര്ച്ചാഴീണ്, കാക്കേണ്, എലീണ്…നീയ്യ് തിന്നാലും ഒര് വാരര് ക്ക് കൊടക്കാമ്പാടോ?പാവം കിട്ടൂടാ ചണ്ണക്കാലാ’ന്നൊക്കെ ഒച്ചേടുത്തു. ഗോപാലേട്ടനും അദുമ്പറഞ്ഞ് തൊള്ളപൊളിച്ചപ്പളാണ് അന്തോണിമാപ്ള പറഞ്ഞേ..’ വാരര് മാര്ക്കും നായമ്മാര്ക്കും കൊണ്ടോയി നോക്ക്യൂടേ ആ പാവത്ത്നെ..അദികോന്നും വേണ്ട്യരില്ല നോക്കല്. പൊല്ലീസാര് കുത്തിച്ചതച്ച്ണ്ട്.. നല്ലോണം.’

അപ്പോ പിന്നാരും മിണ്ടീല്ല.

പാറപൊളിഞ്ഞ് വീണപ്പോ ചൊക്ളീരേ നെഞ്ചങ്ങട്ട് കത്തി. എല്ലാരുക്കും ആ പാറേങ്ങട് പോട്ടേന്നാണ് ..അതങ്ങനേണ്. വീട്ണ്ടായ്യാലേ അത് പൊളിക്കുമ്പൊ മനിഷേര്ക്ക് സങ്കടം വരുള്ളൂന്നാ എല്ലാര്ക്കും വിജാരം. വീടില്ലാത്തോര്ക്ക് എന്നും ഇരിക്കണേടോം കെടക്കണേടോം വീടന്നെയാ.. അവര്ക്കും മറക്കാമ്പറ്റാത്ത കാര്യങ്ങള് അവ്ടെ ഇണ്ടായിണ്ടാവ് ല്ലേ..

രവ്യേട്ടന് എങ്ങന്യാവോ വാര്യത്തേ ആ വീട് മറക്കാമ്പറ്റ്യേ..പാവം..

ചൊക്ളി നെലോളിച്ചു.. അവന് ദണ്ണം സയിക്കാൻ പറ്റീല്ല്യാ.. രവ്യേട്ടന് എല്ലാം കൂടി ഒര്മിച്ചായിപ്പോ പിന്നേം ദണ്ണെളക്കായി.

ആ രാമേന്ദ്രൻ സാമി ഡോട്ടറ് മൂന്നാല് തവണ ആസ്പത്ത്രീല് വിളിച്ചു രവ്യേട്ടന് മര്ന്ന് കൊടത്തതാണ്. ഇന്നാലും ഒന്നുങ്ങട്ട് മുഴോനും മാറണില്ല്യ. വയറുവേനേം നെഞ്ചുവേനേം ദണ്ണെളക്കോം ഒക്കെ

‘ഒന്നിര്ട്ടി വെളുത്ത്പ്പോ ആരുല്യാത്തോനായതല്ലേടാ ഞാന് ‘ന്നാണ് ചെലപ്പളൊക്കെ രവ്യേട്ടൻ പറയ്യാ..

‘എന്റൊപ്പം ദണ്ണെളക്കെങ്കിലും ഇരിക്കട്ടെ..അതിന് മരുന്നും മന്ത്രോം ഒന്നും വേണ്ടാ’ ന്നും പറേം.

ചൊക്ളിക്ക് വെഷമാവും അപ്പോ.. ‘ഞാല്ല്യേ രവ്യേട്ടാ’ന്ന് ഒരൂസം ചോയിച്ചപ്പോ രവ്യേട്ടൻ മുറുക്കനെ കെട്ട്യങ്ങട്ട് പിടിച്ചു.. ആരും അങ്ങ്നെ പിടിച്ച്ട്ടില്ല..ഇത് വരെ…അത് ഒര് വല്യ തൊയിരാര്ന്നു..സമാധാനാര്ന്നു. അപ്പളും കരച്ചല് വന്നു.

അന്തോണി മാപ്ളേം രാമേട്ടനും കൂട്യാണ് താമര ചേട്ത്താരോട് പാറ പൊളിച്ച കാര്യം പറഞ്ഞത്. ആ പാറ കൊറഞ്ഞ വെലക്ക് കിട്ടോന്ന് ചേട്ത്താര് ചോയിച്ചപ്പോ രാമേട്ടന് മതീംകൊതീം തീര്ന്നു. അന്തോണിമാപ്ളക്ക് കഷ്ടപ്പാട് കൂട്തലാ. രാമേട്ടൻറന്തി പാർട്ടീരെ ബലോം തൃശ്ശൂര് മാങ്ങേം തേങ്ങേം അടയ്ക്കേം ചക്കേം കച്ചോടോം ഒന്ന്ല്ല്യാ. അതോണ്ട് എള്പത്തില് മതീം കൊതീം വര്ല്ല.

മാപ്ള പിന്നേം കിയിഞ്ഞ് കീഴ്പെട്ട് ചോയിച്ചു..

ചൊക്ളീനെ പറമ്പില് ഒരു ചാച്ചെറക്കി വെച്ച് കെട്ക്കാൻ സമ്മേക്ക്യോന്ന്..

ചേട്ത്താര് കൊറേനേരം ആലോയ്ക്കണ മാതിരി നിന്ന്ട്ട് സമ്മേയ്ച്ചു.

അന്തോണിമാപ്ളക്ക് സന്തോഷായി. ചൊക്ളി വല്ലാണ്ട് കഷ്ടപ്പെടണത്‌ എത്ര്യായ്യാലും മാപ്ള ക്കങ്ങട്ട് സയിക്കാൻ പറ്റ്ണില്ല. എന്താവോ അങ്ങനെ ഒരു വെഷമാവും അവൻറെ കാര്യത്തില്.. സൊന്തം കഷ്ടപ്പാടും വെഷമോം കൊറവായിട്ടല്ല.. തൃസ്സക്കുട്ടീം ആറേഴു ക്ടാങ്ങളും ചെറ്യോര് പീടിയേയായിട്ട് കഴീണ പങ്കപ്പാട് മാപ്ളക്കന്നേ അറിഞ്ഞോടൂ…

ഇന്നാലും ചണ്ണക്കാലൻ ചൊക്ളി അന്തോണി മാപ്ളേരെ ഒര് വെഷമാണ്.

രാമേട്ടൻ അപ്പളാണ് വായ തൊറന്ന് രവീണ്ട് കൂടേന്ന് ചേട്ത്താരോട് പറഞ്ഞേ..

ചേട്ത്താര് ആകെനേയങ്ങട്ട് വെറക്കാൻ തൊടങ്ങി..

നക്സലേറ്റിങ്ങളെ പൊല്ലീസാര് വെടിവെച്ച് കൊല്ലാത്തെന്താന്നാ അവര്ടെ ചോദ്യം. മനുഷേര് കഷ്ടപ്പെട്ട് നാല്കാശ്ണ്ടാക്കിയ അപ്പോ അവരെ കൊല്ലലല്ലേ നക്സലേറ്റിങ്ങൾടെ പണി..ആ നക്സലേറ്റിനെ കുടുമ്മത്തില് കേറ്റാമ്പറ്റ്ല്യാ. മക്കള്ക്ക് കേനടേല് തൊയിരത്തിന് കഴിയാമ്പറ്റാണ്ടാവും. തെണ്ടിത്തിരിഞ്ഞ് വന്ന ചണ്ണക്കാലൻറെ പോല്യല്ല, നക്സലേറ്റ്.. ചേട്ത്താരും ചേട്ടനും കർത്താവീശോമിശിഹാക്ക് കീയ്പ്പെട്ട് പള്ളീപ്പോണ സത്യക്രിസ്റ്റ്യാനിയോളാ. മാർക്കിസ്റ്റിങ്ങളും നക്സലേറ്റിങ്ങളും ഒന്നും കുടുമ്മത്ത് പറ്റ്ല്യാ..

അന്തോണി മാപ്ളേരെ വായേല് ഒര് തെറീണ് വന്ന്ത്.

രാമേട്ടനും മാപ്പളേം മടങ്ങിപ്പോന്നു.

ആലൂര്ക്കാര്ക്ക് മാർക്കിസം അത്ര ഇഷ്ടല്ല.. എപ്പളും കോങ്കരസ്സാ അവടെ ജയിക്കല്. നെയമസബേല്ക്കായാലും ലോകസബേല്ക്കായാലും.. പിന്നെ ഈ യാദീം മദോം പറേലും ഇണ്ട്. യാദീം മദോം പറേണോര്ക്ക് തമ്മാമ്മില് ഇഷ്ടന്ന്യാണ്. അത് പറയാത്തോരെ അവര്ക്ക് കാണ്ണണതന്നെ വെറുപ്പൂം വിരോധോം ണ്..

എടക്ക് താറാമൊട്ട പുഴുങ്ങിയരണ കൊശത്തീണ് അവളടെ ചായിപ്പ് ല് കെടന്നോളാൻ പറഞ്ഞേ.

ചൊക്ളി അപ്പ്യന്നെ സമ്മേയ്ച്ചു.

ആവതില്ലാത്ത രവ്യേട്ടനേം കൊണ്ട് കൊശോമ്മാര്ടെ കൂട്ടത്തില്ക്ക് ചെല്ലുമ്പോ മറിയപ്പാറ അങ്ങാടീലുള്ളോര് കണ്ണും മിയിച്ച് നിക്കണ്ട്ന്ന് ചൊക്ളിക്ക് അറിയിണ്ടേര്ന്നു.

അന്ന് വൈന്നാരായപ്പോ പേർഷ്യേന്ന് നസീർക്ക വന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top