Flash News

ചൊക്ളി (നോവല്‍ – 18)

October 16, 2020 , എച്മുക്കുട്ടി

മൊയ്തീൻക്കേടെ വീട്ടില് പെര്ന്നാളായി..അപ്പത്തന്നെ…മറിയംബി ആദിക്ക് ഒരു ചിറ്യാ ചിറിച്ചു.. പിന്നെ മോനെ കെട്ടിപ്പിടിച്ച് ഒറക്കൊറക്കെ നെലോളിച്ചു..മൊയ്തീൻ ക്കേം കരയന്നെയാരുന്നു.

നസീറിക്ക ങ്ങനെ ചോന്ന് മിന്നണ്ടാര്ന്നു. നല്ല ഒരു മണോം..പിന്നേം പിന്നേം വലിച്ച് മൂക്കീക്കോടേ കേറ്റാമ്പൂതിയാവണ നല്ല ഒര് മണം. ഇക്കീട്ടേര്ന്ന കുപ്പായോം ആലൂര് ദേശത്തന്നെ ആര്ക്കും ഇല്യാത്തദ്.

എല്ലാരും ഒര് പേർഷക്കാരനെ അത്തറ അട്ത്ത് കാണ്ണണത് അപ്പളാണ്.

പിന്നങ്ങട്ട് എല്ലാ ദൂസോം ദേശവെളക്ക് പോല്യായി മറിയപ്പാറേല്.

മൊയ്തീൻക്കേടെ വീട്ട്ന്ന് എപ്പളും പെട്ടിപ്പാട്ട് കേക്കും. പിന്നെ എറ്ച്ചീം മീനും മൊരിയണൻറേ മണം. ചെറ്മൻ ചെക്കൂന് കോളാര്ന്നു. പറേണതിലും ഇത്തിരി കാശ് കൂടുതൽ കൊട്ത്ത് നസീറിക്ക മീൻ വേടിക്കും. ആലൂര്പ്പൊഴേലേ മീനാണ് മീന് ന്നാ നസീറിക്ക പറേണത്. ആ മീനോണ്ട് ഇക്കേരേ ഉമ്മ വെക്കണ മീങ്കൂട്ടാനാണ് മീങ്കൂട്ടാൻ..

വീട് കൊറ്ച്ച് ചെത്തിത്തേച്ച് പിന്നെ അങ്ങട്ട് വെള്ള വല്ച്ച് ആകനെ ചെമ്മാന്ത്രാക്കി.

നസീറിക്ക വന്നോണം വന്ന് രണ്ട് പെങ്ങമ്മാരേം ഞിക്കായ് കയിപ്പിച്ചു. രണ്ട് ചെക്കമ്മാരും പേർഷക്കാരന്നേ. ബിരാണീന്ന് പറേണ മഞ്ഞച്ചചോറും എറച്ചീം കശ്നണ്ടീം ഒക്കെ ആര്ന്ന് ഞിക്കായ് വിര്ന്ന് ന്. ചൊക്ളി ക്കും കിട്ടി വയറ് നെറഞ്ഞ് പൊട്ടണ വരെ ബിരാണി.

മൊയ്തീൻക്ക അങ്ങട്ട് തെളിഞ്ഞ്..ചോന്ന് ..മറിയം ബീം ചിറിച്ചു സന്തോഷായീ.. മിന്നണ്ടാര്ന്നു. ചൊക്ളിക്ക് ഒര് ബന്യൻ മറിയംബി കൊട്ത്തു. വല്താണ് ..ഇന്നാലും മണള്ള ഒരു ബന്യനാര്ന്ന്.

ഗോപാലേട്ടൻറെ കടമുറി നസീറിക്ക ചോയിച്ചൂന്നും അമ്പലത്ത് ല് മാലകെട്ടണ വാരസ്യാര്ടെ പറമ്പ് ചോയിച്ചൂന്നും അങ്ങനേ ഇന്തുക്കള്ടെ കടമുറീം പറമ്പും മേത്തന് തര്‌‌ല്ല്യാന്ന് ബാലേന്ദ്രൻ പറഞ്ഞൂന്നും ചേട്ത്താര് പണിക്കാര്ക്ക് വെളമ്പി..

ചൊക്ളിക്ക് അത് അവര്ടെ ഒര് കള്ളത്തരാന്ന് തോന്നീത്..

മൊയ്തീൻക്ക ആദിക്ക് ഇന്തുക്കള്ടെ സലാണ് വേടിച്ചത്. അപ്പ വേടിക്കാമ്പറ്റണത് ഇപ്പ ന്താ പറ്റ്‌ല്ലേ…

ന്തായാലും നസീറിക്ക പോണേന് മുപ്പാടന്നെ രണ്ട് കടമുറി അച്ചാരം കൊട്ത്ത് നിശ്ചേച്ചു.. ഗോപാലേട്ടൻറേം ദേവുഅമ്മേടേം… കാശു മുഴോൻ കൊട്ക്കുമ്പളേ അവര് രണ്ടാളും അവടന്ന് എറങ്ങണ്ടൂ.. അത് വരെ അവരന്നെ കടേല്..

ദേവുഅമ്മ പോവ്വാന്നറിഞ്ഞപ്പൊ ചൊക്ളി മാത്രല്ല..രവ്യേട്ടനും വന്നൂ സങ്കടോം നെലോളീം.. കൊശോമ്മാര് ടെ അവട്യായേപ്പിന്നെ രവ്യേട്ടൻ പ്രാഞ്ചിപ്രാഞ്ചി നടന്ന് വല്ലപ്പളും ദേവുഅമ്മേടെ കടേലിക്ക് വരും. കണ്ടാ മതീ, അപ്പളന്നേ ദേവുഅമ്മ ചായേം കടീം കൊടക്കും.. ഊണിൻറെ നേരാണെങ്കീ അത്.. രവ്യേട്ടനു ത് ന്നാൻ കൊടത്തൂ കൊടത്തൂന്ന് ദേവുഅമ്മ ആരോടും പറഞ്ഞ് നടക്കൂം ല്യാ..

കാശ് ഇനീം കൊടക്കാൻണ്ട് ല്ലോ നസീറിക്ക. അത് വേടിക്കുമ്പളല്ലേ.. അയിന് ഇഞ്ഞീം ദൂസണ്ടല്ലോ..

നസീറിക്ക പോണ ദൂസാണ് നവാസിക്കേം പൂവ്വാന്ന് ചൊക്ളി അറിഞ്ഞത്..അതങ്ങനേണ്.. മൂത്തോൻ നന്നായ്യാ ബാക്കിള്ളോരും നന്നാവുംന്നാണ് അന്തോണി മാപ്ള പറഞ്ഞത്. നല്ല കുടുമ്മസിനേഹ്ത്ത്ല് മക്കളെ വളത്തണന്ന് മാത്തറം. അയിന് മൊയ്തീനിക്കേ കണ്ടു പടിക്കണം. ചെരട്ടേം തവീം പൊലേള്ള ക്ടാങ്ങളേം കൂട്ടിപ്പിടിച്ച് നയിച്ചു ത് ന്നു മാനമ്മര്യാദക്ക് ജീവിച്ചു. അത് ദൈവം കണ്ടറിഞ്ഞ് വേണ്ട തൊക്കീം ചീതു.. നാല് മക്കള്ക്കും മേലാക്കായി.. ഇഞ്ഞീപ്പോ താഴേള്ള മൂന്നാളേം മൂത്തോര് നോക്കും..

ചൊക്ളിക്ക് വെസനം തോന്നി.. സാര്‌ല്ലാ… വേറാരൂല്ലേങ്ക് ലും കൊക്കിക്കൊരക്ക് ണ്ടേലും രവ്യേട്ടൻണ്ടല്ലോ ചേട്ടാന്ന് വിളിക്കാൻന്ന് ഒടൂല് വിചാര് ച്ചു.

എല്ലാരുണ്ടായാലും നമ്മക്കൊക്കെ ആരൂല്യാണ്ടാവാൻ പൊല്ലീസോ സർക്കാരോ കാറ്റോ മഴ്യോ ഇഞ്ഞി ഇതൊന്നല്ലെങ്കി ഒര് പന്യോ മതീന്നാണ് പപ്പിനി പറേണത്. പപ്പിനിയോട് ഒന്നും പറയ്യാൻ പറ്റ്‌‌ല്ല. മടക്കമ്പറേമ്പോ അവള് തൊള്ളേലടിക്കണ മറോട്യാ തരാ… അതും ല്ല പപ്പിനീരെ വീട്ട്ൻറെ ചായിപ്പ്ലാണ് പാറ പൊളിച്ചപ്പിന്നെ കെടക്കണത്.. ഇര് വത്തഞ്ച് റുപ്പ്യ വേടിക്കണ്ട് പപ്പിനി..

അവള് ഒര് നാക്ക്കാര്യാണ്..അതോണ്ട് വല്ലതും തേങ്ങ മാങ്ങാന്ന് പറഞ്ഞ് എടങ്ങേറാക്ക്യാ…

മിണ്ടാണ്ട് ഇര്ന്നാ മതീല്ലോ..

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top