Flash News

സൂഫിസം (Sufism) ഭാഗം 21

October 14, 2020 , ബിന്ദു ചാന്ദിനി

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിലാണ് അമേരിക്ക ഒരു സാമ്രാജ്യശക്തിയായി ഉയർന്നു വന്നത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള അവസരം അമേരിക്കക്കു നൽകി. യുദ്ധാനന്തരം ഒരു വൻ സാമ്പത്തിക ശക്തിയായി ഉയർന്നുവന്ന അമേരിക്ക ലോകമേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനു വേണ്ടി അതു പല തന്ത്രങ്ങളുമാവിഷ്കരിച്ചു. സൈനീക – സാമ്പത്തിക സഹായത്തിലൂടെ മുതലാളിത്ത രാജ്യങ്ങളെ ഒപ്പം നിർത്തുകയും സൈനീക കൂട്ടുകെട്ടുകൾ രൂപീകരിക്കുകയും ചെയ്തു. ചാരസംഘടനയായ CIA യെ ഉപയോഗപ്പെടുത്തികൊണ്ട് അട്ടിമറി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തി . സോഷ്യലിസ്റ്റു ഗവൺമെൻ്റുകളെ അട്ടിമറിച്ചു . മാധ്യമങ്ങളെ സമർത്ഥമായി പ്രയോജനപ്പെടുത്തി . ഐക്യരാഷ്ട്രസഭയെ ധിക്കരിക്കുകയും അമേരിക്കയുടെ ഉപകരണമാക്കുകയും ചെയ്തു . കമ്മ്യൂണിസത്തെ ഒതുക്കി നിർത്തുകയെന്ന പേരിൽ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളുടേയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ചെയ്തു.

അമേരിക്കൻ സാമ്രാജ്യത്വത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്നാമതായി ലോകാധിപത്യം സ്ഥാപിക്കാനും ലോക പോലീസുകാരനായി ചമയാനും അതു പരിശ്രമിക്കുന്നു. ഇതിനുവേണ്ടി സൈനീക ഇടപെടൽപോലും നടത്താൻ ആ രാജ്യം മടികാണിക്കുന്നില്ല. രണ്ടാമതായി, അവികസിത രാജ്യങ്ങളുടെ മേൽ സാമ്പത്തിക മേധാവിത്വം സ്ഥാപിച്ച് അവരുടെ വിഭവങ്ങൾ കൈക്കലാക്കാനും അവരെ തങ്ങളുടെ ചൊല്പടിക്കു നിർത്താനും അതു ശ്രമിക്കുന്നു. ബഹുരാഷ്ട്രകുത്തകകളുടെ താല്പര്യങ്ങൾക്കാണ് അമേരിക്ക മുൻതൂക്കം നൽകുന്നത്. ആയുധ വ്യാപാരമുൾപ്പെടെയുള്ള എല്ലാ മാർഗ്ഗങ്ങളും വിഭവ സമാഹരണത്തിനായി അതു ഉപയോഗപ്പെടുത്തുന്നു. ചുരുക്കത്തിൽ രാഷ്ട്രീയ സാമ്പത്തിക മേധാവിത്വമാണ് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ മുഖമുദ്ര.

അമേരിക്കൻ സാമ്രാജ്യത്വത്തിനു എന്നും വിലങ്ങുതടിയായി നിന്നത് സോവിയറ്റു യൂണിയനായിരുന്നു. അതിനാൽ കമ്മ്യൂണിസത്തെ തകർക്കുകയെന്നത് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യമായി തീർന്നു. യുദ്ധാനന്തര കാലഘട്ടത്തിൽ ചൈന, കൊറിയ, വിയറ്റ്നാം, ബംഗ്ലാദേശ്, അങ്കോള, മൊസാംബിക്, സൊമാലിയ, നിക്ക്വരാഗ്വ, ഗ്രനേഡ, ചിലി, പനാമ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ അമേരിക്ക ഇടപെടുകയുണ്ടായി. സാമ്രാജ്യത്വ താല്പര്യങ്ങളാണ് ഇതിനു പുറകിൽ ഉണ്ടായിരുന്നത്.

1980കളിൽ പ്രസിഡൻ്റ് റീഗൻ കൊണ്ടുവന്ന നക്ഷത്രയുദ്ധ പദ്ധതി (star war programനe ) ആയുധ പന്തയത്തിന് ആക്കം കൂട്ടുകയുണ്ടായി. ലോകസമാധാനത്തിന് അത് വൻ ഭീഷണി ഉയർത്തുകയും ചെയ്തു. ശീതസമരം അവസാനിച്ചതോടെ അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങൾക്ക് പച്ചപിടിക്കാനുള്ള അവസരങ്ങൾ വർദ്ധിച്ചു. ‘ഭീകരവാദം’ അമർച്ച ചെയ്യാനെന്ന പേരിൽ അവർ പല രാജ്യങ്ങളിലും ഇടപെടാൻ തുടങ്ങി. അതേസമയം ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന മനുഷ്യകുരുതിക്ക് അമേരിക്ക കലവറയില്ലാത്ത പിന്തുണ നൽകുകയും ചെയ്തു.

പശ്ചിമേഷ്യയിലെ എണ്ണക്കിണറുകളിൽ കണ്ണുവെച്ചിരുന്ന അമേരിക്കയ്ക്ക് സദ്ദാം ഹുസൈൻ ഒരു തടസ്സമായപ്പോഴാണ് അദ്ദേഹം അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്.1990 ൽ സദ്ദാം ഹുസൈൻ കുവൈറ്റ് പിടിച്ചെടുത്തപ്പോൾ ഇറാക്കിൽ ഇടപെടാനുള്ള സുവർണ്ണാവസരം അമേരിക്കക്കു കിട്ടി. 1991 ൽ അമേരിക്ക മറ്റു രാജ്യങ്ങളുടെ പിന്തുണയോടെ ഇറാക്ക് ആക്രമിച്ചു. ഐക്യരാഷ്ട്രസഭയുടെ ബാനറിൽ നടന്ന ഈ യുദ്ധം യഥാർത്ഥത്തിൽ അമേരിക്കൻ യുദ്ധം തന്നെയായിരുന്നു.

2001 സെപ്തംബർ 11 ന് വേൾഡ് ട്രേഡ് സെൻ്ററിലും പെൻറഗണിന് നേരെയും താലിബാൻ വിഘടനവാദികൾ ആക്രമണം നടത്തിയപ്പോൾ അഫ്ഗാനിസ്ഥാനിൽ ഇടപെടാനുള്ള അവസരം അമേരിക്കക്കു ലഭിച്ചു. ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് പ്രസിഡൻ്റ് ബുഷ് അഫ്ഗാനിസ്ഥാൻ ആക്രമിക്കുകയും ഒരു പാവ ഗവൺമെൻ്റിനെ അവിടെ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ പെൻ്റഗൺ സംഭവത്തിനു മുമ്പേ അഫ്ഗാനിസ്ഥാനെ ആക്രമിക്കാൻ അമേരിക്ക പദ്ധതിയിട്ടിരുന്നുവെന്ന് പറയപ്പെടുന്നു.

സെപ്തംബർ 11 ലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക ‘മുൻകൂർ തിരിച്ചടി’ (Pre Emptive strike ) എന്നൊരു സിദ്ധാന്തം മുന്നോട്ടു വെച്ചു. ഈ സിദ്ധാന്തപ്രകാരം ഏതെങ്കിലുമൊരു രാജ്യം ഭീകരന്മാരെ സംരക്ഷിക്കുകയോ അമേരിക്കയുടെ താല്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്താൽ ഒരു സുരക്ഷിത നടപടിയെന്ന നിലയിൽ ആ രാജ്യത്തെ അമേരിക്ക ആക്രമിക്കുന്നതായിരിക്കും. ഈ സിദ്ധാന്തത്തിൻ്റെ മറവിലാണ് 2003 മാർച്ചിൽ അമേരിക്ക ഇറാഖിനെ ആക്രമിച്ചത്. ഇറാഖ് മാരകായുധങ്ങൾ കൈവശം വെച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

തങ്ങളുടെ സാമ്രാജ്യത്വമോഹങ്ങൾ സാക്ഷാത്കരിക്കുന്നതിനു വേണ്ടി അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ ഒരുക്കൂട്ടികൊണ്ടിരിക്കയാണ്. സിറിയ, ഉത്തര കൊറിയ, ഇറാൻ, ലിബിയ ജോർദ്ദാൻ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ അടുത്ത ഉന്നം.

സിറിയ

തുർക്കിയിലെ വനിത ഫോട്ടോഗ്രാഫറായ നിലൂഫർ ഡെമിർ പുറത്തുവിട്ട, തുർക്കി കടൽത്തീരത്തെ മണലിൽ മുഖം പുഴ്ത്തിക്കിടന്ന അയ്ലൻ കുർദ്ദി എന്ന പിഞ്ചുബാലന്റെ ജീവനറ്റ ചിത്രത്തിലൂടെയാണ് സിറിയൻ ജനതയുടെ പലായനത്തിന്റെ ദുരിതം ലോകത്തിനു ബോധ്യപ്പെടുന്നത്. അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോടു വിളിച്ചു പറഞ്ഞ അയ്ലന്റെ മരണം ലോകവ്യാപകമായി പ്രതിഷേധം അലയടിച്ചതോടെ യൂറോപ്യൻ രാജ്യങ്ങൾ സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായി. മുല്ലപ്പൂ വിപ്ലവം കണ്ട് രാഷ്ട്രീയ ജനാധിപത്യം കൊതിച്ച് 2011 മാർച്ചിൽ തെരുവിലിറങ്ങിയ ഒരു ജനതയെയാണ് അന്തർദേശീയ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഇപ്പോഴും കൊന്നൊടുക്കി കൊണ്ടിരിക്കുന്നത്. 2010 ൽ ടുണിഷ്യയിൽ പൊട്ടിപുറപ്പെട്ട അറബ് വസന്തത്തിന്റെ പാത പിന്തുടർന്ന് സിറിയയിലെ വിദ്യാർത്ഥികൾ തുടക്കം കുറിച്ച പ്രക്ഷോഭം ഇന്ന് പൗരന്മാരിൽ 40 ലക്ഷം പേർ അഭയാർത്ഥികളായി രാജ്യത്തിന് പുറത്താണ്. 65 ലക്ഷം പേർ രാജ്യത്തിനകത്ത് തന്നെ അഭയം തേടി. 570000 ലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഭക്ഷണവും മരുന്നും നൽകുന്ന പല സംഘടനകളും ജനങ്ങളെ ചൂഷണം ചെയ്യുന്നു. മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകണമെങ്കിൽ ചില രക്ഷാപ്രവർത്തകരുടെ ഇംഗിതങ്ങൾക്ക് അമ്മമാർ വഴങ്ങണമെന്ന വാർത്തവരെ സിറിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

സിറിയ

സിറിയൻ ഭരണാധികാരിയായ ബാഷർ അൽ അസദിന്റെ ഭരണത്തിൽ അസംതൃപ്തരായ ഒരു വിഭാഗം ആളുകൾ ചേർന്ന് രൂപീകരിച്ച ഫ്രീ സിറിയൻ ആർമി വിദ്യാർത്ഥി പ്രക്ഷോഭം ഏറ്റടുത്തത്തോടെ അതിന്റെ സ്വഭാവം മാറി. ഫ്രീ സിറിയൻ ആർമിയെ സഹായിക്കാൻ എന്ന വ്യജേനയാണ് അമേരിക്ക സിറിയയിലേക്ക് എത്തുന്നത്. സർക്കാർ വിരുദ്ധ പോരാട്ടങ്ങൾക്ക് ജനങ്ങളെ ആയുധം നല്കി സഹായിക്കലായിരുന്നു മുഖ്യലക്ഷ്യം. യഥാർത്ഥത്തിൽ റഷ്യൻ പിന്തുണയുള്ള ഭരണകൂടത്തെ താഴെയിറക്കുകയെന്നതാണ് ലക്ഷ്യം. അറബ് ദേശീയതയും സോഷ്യലിസ്റ്റ് ആശയങ്ങളും സ്വതന്ത്ര നിലപാടും മതേതരത്വവുമുള്ള രാജ്യമാണ് സിറിയ. റഷ്യ അസദിന് സൈനീക പിന്തുണ നൽകി. അങ്ങനെ സിറിയൻ യുദ്ധത്തിന് അമേരിക്കയും റഷ്യയും തമ്മിലുള്ള പോരാട്ടമെന്ന മാനം കൈവന്നു. പോരാട്ടം കനത്തത്തോടെ ഷിയ ഭൂരിപക്ഷ രാജ്യങ്ങളായ ഇറാനും, ഇറാക്കും അസദിനോടൊപ്പം നിലയുറച്ചു. ലെബനൻ ആസ്ഥാനമായ ഹിസ്ബുള്ള പോരാളികൾ അസദിന്റെ സംരക്ഷകരായി വന്നത്തോടെ ഇസ്രയേലിൽ നിന്ന് സിറിയയിലേക്ക് വ്യോമാക്രമണം ആരംഭിച്ചു. തുർക്കി, ഖത്തർ, സൗദി അറേബ്യ എന്നി സുന്നി രാജ്യങ്ങൾ അമേരിക്കയുടെ കൂടെ ചേർന്ന് സർക്കാർ വിരുദ്ധ ഫ്രീ സിറിയൻ ആർമിക്കൊപ്പമായി . സിറിയ , തുർക്കി , ഇറാഖ് എന്നിവടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കുർദ്ദിഷ് ഭാഷ സംസാരിക്കുന്ന ജനവംശമാണ് കുർദുകൾ . അതൊരു മതവിഭാഗമല്ല. ഭൂരിപക്ഷവും സുന്നികളാണ് എങ്കിലും ഷിയ , ക്രിസ്ത്യൻ , യസീദി , യർസാൻ . സൊറോസ്ട്രിയൻ വിഭാഗങ്ങളുമുണ്ട് . കുർദ്ദിസ്ഥാനെന്ന ആവശ്യം കാലങ്ങളായി അവർ ഉന്നയിക്കുന്നുണ്ട് . മതേതര സോഷ്യലിസ്റ്റുകളായ ഇവർ അസദിനെ പിന്തുണച്ചു . കുർദികൾ തങ്ങൾക്കെതിരെ തിരിയുമോ എന്ന ഭയത്തിൽ തുർക്കി സിറിയയിലെ കുർദ്ദിഷ് മേഖലയിൽ വ്യോമാക്രമണം നടത്തി കൊണ്ടിരുന്നു . തിരിച്ച് കുർദുകൾ വിമാനങ്ങൾ വെടിവെച്ചു വീഴുത്തുകയും പതിവായി . സിറിയൻ കലാപമാണ് ലോകം കണ്ടതിൽ വച്ചേറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐ എസിന്റെ വളർച്ചയ്ക്കും കാരണമായത് . ഇറാഖിൽ തുടക്കം കുറിച്ച ഐ എസ് കൂടുതൽ അധികാരം സ്ഥാപിച്ച് ജിഹാദികളുടെ രാജ്യം യാഥാർത്ഥ്യമാക്കുകയായിരുന്നു ലക്ഷ്യം . ലോകമെമ്പാടും നിന്നും ആളുകളെ റിക്രൂട്ട് ചെയ്തു സംഘടന സിറിയയിലെത്തിച്ചു . വിമതർ എന്ന് പാശ്ചാത്യ രാജ്യങ്ങൾ വിളിക്കുന്ന ഫ്രീ ആർമിക്ക് അമേരിക്ക , അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ സൈനീക സഖ്യം , സൗദി അറേബ്യ , തുർക്കി എന്നിവയുടെ പിന്തുണയുണ്ട് . സൈനീകാക്രമണങ്ങൾക്കൊപ്പം അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങി തെറ്റായ പ്രചരണത്തിലൂടെയും സിറിയൻ സർക്കാറിനെതിരെ മാധ്യമയുദ്ധവും നടക്കുന്നു . അലപ്പോ പോലെയുള്ള പല തന്ത്രപ്രധാന നഗരങ്ങളും തകർക്കപ്പെട്ടു .

യുദ്ധം തുടങ്ങിയത് മുതൽ ഇന്ന് വരെ ഈ രക്തചൊരിച്ചൽ എന്തിനാണെന്നറിയാത്തവരാണ് സിറിയയിലെ ജനങ്ങൾ . യുദ്ധകെടുതിയുടെ ദുരന്തങ്ങൾ അനുഭവിക്കുന്നത് അവരാണ് . ബോംബാക്രമണത്തിലും രാസായുധ പ്രയോഗത്തിലും ഇല്ലാതാവുന്നതിൽ കൂടുതൽ ആളുകൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു .

പലസ്തീൻ ഭൂപദേശത്തെ ഇസ്രയേലിന്റെ കൈയ്യേറ്റങ്ങൾ

അമേരിക്കയും ഇസ്രയേലും റഷ്യയും യുദ്ധത്തിന് ഇടക്ക് അവരുടെ ആയുധ കച്ചവടങ്ങൾ പൊടിപൊടിക്കുമ്പോൾ അമേരിക്കയെ ഭയന്ന് അറബ് രാജ്യങ്ങളും , വിമതരും , അമേരിക്കൻ പണം കൈപറ്റിയ ഇസ്ലാമിലെ വിവിധ തീവ്രവാദി സംഘങ്ങളും സിറിയക്കെതിരായി നടത്തുന്ന ജിഹാദിന്റെ ഫലമായി പിഞ്ചുമക്കളുടെ കബദ്ധങ്ങൾ നിറയുന്ന നാടായി മാറി സിറിയ . ലോകത്തേറ്റവും സജീവമായ ആയുധ വിപണികളിലൊന്നാണ് സിറിയ . വിമതർക്കായാലും സൈന്യത്തിനായാലും തീവ്രവാദ സംഘടനകൾക്കായാലും സിറിയൻ മണ്ണിൽ പരസ്പരം പോരടിക്കുന്ന ലോക രാജ്യങ്ങൾക്കായാലും ആയുധങ്ങൾ കൂടിയെ തീരു . അങ്ങനെ നോക്കിയാൽ യുദ്ധം ആർക്കുവേണ്ടിയാണ് ? യുദ്ധം അവസാനിക്കാതിയിരിക്കാൻ ആരാണ് ആഗ്രഹിക്കുന്നത് ?

ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അഭയാർത്ഥികളാണ് . ഇവയൊന്നും സ്വയം ഉണ്ടായതല്ല ; മറിച്ച് പാശ്ചാത്യ ശക്തികളുടെ യുദ്ധകൊതിയും വെട്ടിപിടിക്കൽ തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച ഭയാനകതയുടെ ദുരന്തസംഭവങ്ങളാണ് . അഭയാർത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് അമേരിക്കയും യൂറോപ്പും . ‘ വിതച്ചതേ കൊയ്യൂ ‘ . ഇത്രയധികം അഭയാർത്ഥികൾ മധ്യപൗരസ്ത്യദേശത്ത് നിന്നും ഒഴുകുന്നത് പാശ്ചാത്യനാടുകൾ ഇവിടങ്ങളിൽ നടത്തുന്ന ആക്രമണം മൂലമാണെന്ന് യു.എൻ. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .

അമേരിക്കയും , അറബ് സഖ്യങ്ങളും , വിമതരും , അമേരിക്കൻ പണം കൈപറ്റി ഇസ്ലാമിന്റെ സംരക്ഷകരായി സ്വയം ചമയുന്ന വെറും ചാവേറുകളായ മതമൗലികതീവ്രവാദി സംഘങ്ങളും ചേർന്ന് ഒരു രാഷ്ട്രത്തെയാണ് ഇല്ലാതാക്കുന്നത് . ശീതസമരം അവസാനിച്ചതോടെ ആയുധവിൽപനക്ക് വേണ്ടി അമേരിക്ക ഖുർആനിലെ ‘ജിഹാദ് ‘എന്ന ആശയത്തെ വാണിജ്യവൽക്കരിച്ചതിന്റെ ഫലമാണ് ഇസ്ലാമിക തീവ്രവാദം . പരലോകത്തെ സുബർക്കം ലക്ഷ്യം വെച്ച് ജീവിക്കുന്ന മുസ്ലീംങ്ങളെ ഈ കെണിയിൽപെടുത്താൻ അമേരിക്കക്ക് അധികസമയം വേണ്ടിവന്നില്ല.

ഇസ്ലാമിലെ പ്രതിസന്ധി

ഇന്ന് മുസ്ലീം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭീകരവാദവും തീവ്രവാദവുമാണ് . മതഭീകരവാദം , മതകീയ ലേബലിലെ തീവ്രവാദം എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഭീകവാദ പ്രവർത്തനങ്ങളാണ് മുസ്ലീം ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് . മുസ്ലീംങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ഹിംസാത്മകമായി നേരിടുന്ന രീതിയാണ് മതതീവ്രവാദം . ലോകത്ത് നടക്കുന്ന ഭീകരവാദ തീവ്രവാദ പ്രവർത്തനങ്ങളെ ഇസ്ലാമിക്‌ലേബലിൽ പ്രചരിക്കുന്ന ഒരു അനാരോഗ്യ പ്രവണത ഇന്ന് സമൂഹത്തിൽ ഏറി വന്നിട്ടുണ്ട് . ഒരു ഭാഗത്ത് മുസ്ലീം സമൂഹം മികച്ച പുരോഗതി കൈവരിക്കുമ്പോൾ മറുഭാഗത്ത് അതി സങ്കീർണ്ണമായ പല പ്രതിസന്ധികളും നേരിട്ടു കൊണ്ടിരിക്കുന്ന ദുരന്ത കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . മുസ്ലീംങ്ങളുടെ പിടിപ്പുകേടു കൊണ്ടും ബാഹ്യ ശക്തികളുടെ ഇടപെടലിനാലോ ഉണ്ടായി തീർന്നിരിക്കുന്ന പ്രതിസന്ധികൾ മുസ്ലീം സമൂഹത്തിന്റെ സൽപ്പേരിന് തന്നെ കളങ്കമേൽപ്പിച്ചിരിക്കുന്നു .

മുസ്ലീംങ്ങളുടെ അകാലചരമമടയലും അറബ് ലോകത്തെ എണ്ണക്കിണറുകളും ലക്ഷ്യമിട്ട് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ പടച്ച് വിട്ട ബിൻ ലാദന്മാരും മുല്ല ഉമറുമാരും ബാഗ്ദാദിമാരും അറബ് ലോകത്ത് നിരന്തരം സംഘർഷങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വാസ്ഥവത്തിൽ തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകളെ പൂവണിയിക്കാൻ സാമ്രാജ്യത്വവാദികൾ ഒരുക്കിയ പദ്ധതിക്ക് മുസ്ലീംങ്ങളെ തന്നെ ഉപയോഗിക്കുന്ന രീതി വൻവിജയമായി തീർന്നിട്ടുണ്ടെന്ന് പറയാതെ വയ്യ. പല അറബ് പ്രദേശങ്ങളിലും മുസ്ലീംങ്ങൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പരസ്പരം പോരടിച്ചു കൊണ്ടിരിക്കുമ്പോൾ സാമ്രാജ്യത്വ ശക്തികളുടെ ആഗ്രഹം പോലെ ഇസ്ലാമിന്റെ പേര് കളങ്കപ്പെടുന്നതോടൊപ്പം മുസ്ലീംങ്ങളുടെ നാശവും സമ്പൂർണമായി കൊണ്ടിരിക്കുകയാണ് .

ലോക ജനസംഖ്യയിൽ ഇരുപത്തിനാലു ശതമാനം വരുന്ന മുസ്ലീംങ്ങൾ 49 ഔദ്യോഗിക ഇസ്ലാമിക രാഷ്ട്രങ്ങളിൽ അധിവസിക്കുന്നവരാണ് ബാക്കിയുള്ളവർ വിവിധ രാഷ്ട്രങ്ങളിൽ ന്യൂനപക്ഷ വിഭാഗമായി കഴിഞ്ഞുകൂടുന്നവരുമാണ് . ഇങ്ങനെ പല രാഷ്ട്രങ്ങളിലും ന്യൂനപക്ഷ വിഭാഗമായി കഴിയുന്ന മുസ്ലീംങ്ങൾ അടുത്ത കാലത്തായി പല മനുഷ്യാവകാശലംഘനങ്ങളും വംശീയ ഉന്മൂലനങ്ങളും നേരിട്ടു കൊണ്ടിരിക്കുകയാണ് . ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മ്യാൻമറിലെ റോഹിഗ്യൻ മുസ്ലിംങ്ങൾ .

ആഗോള മുസ്ലീം ലോകം ഇന്ന് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഇസ്ലാമോഫോബിയ . ഇസ്ലാമിന്റെ വളർച്ചയിൽ അസൂയപൂണ്ട ഒരു പറ്റം ഇസ്ലാം വിരോധ സംഘങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് . ഇസ്ലാമിനെ മറ്റുളളവർക്കു മുമ്പിൽ ഭീകരസ്വത്ത്വമായി അവതരിപ്പിച്ച് സാധാരണക്കാരെ ഇസ്ലാമിൽ നിന്നും അകറ്റാനുള്ള പൊറാട്ടു നാടകങ്ങളാണ് ഇസ്ലാം വിരുദ്ധ സംഘങ്ങൾ നടത്തുന്നത് . അവരുടെ പ്രവർത്തനങ്ങൾ മാനവ സൂഹത്തിൽ വലിയ തോതിലുള്ള സ്വാധീനം ഉണ്ടാക്കി കഴിഞ്ഞുയെന്നത് ഒരു ദു:ഖസത്യമാണ് .

പരിഹാര മാർഗ്ഗങ്ങൾ

ഇസ്ലാം ഒരു കടലു പോലെയാണ് അതിൽ നിരവധി വിഭാഗങ്ങളുണ്ട് . എല്ലാ വിഭാഗങ്ങളും പരസ്പരം അംഗീകരിച്ചു കൊണ്ട് ഇസ്ലാമിക സാഹോദര്യം വീണ്ടെടുക്കുക .

നിർബന്ധിത മതപരിവർത്തനങ്ങളോ അടിച്ചമർത്തലുകളോ മുസ്ലീം ഖിലാഫത്തുകളുടെയോ സുൽത്താന്മാരുടെയോ കിഴിലോ ആർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല . നിർബന്ധിത സൈനീക സേവനവും മുസ്ലീം പൗരന്മാർ നൽകേണ്ടിയിരുന്ന സക്കാത്ത് എന്ന നികുതിയും അമുസ്ലീംങ്ങൾക്ക് ഒഴിവാക്കിയിരുന്നു . യുദ്ധത്തിൽ പങ്കെടുക്കേണ്ടതില്ല എന്നുള്ള പ്രത്യേക സൗകര്യം അനുഭവിച്ചിരുന്ന അമുസ്ലീംങ്ങൾ ജസിയ നൽകാൻ ബാധ്യസ്ഥരായി . സ്ത്രികൾ , കുട്ടികൾ , യാചകന്മാർ, സന്യാസിമാർ . രോഗികൾ . കർഷകർ , സൈനീകർ എന്നിവർ ഈ നികുതി നൽകേണ്ടിയിരുന്നില്ല .

പലസ്തീൻ ഭൂപ്രദേശത്ത് രാജ്യാന്തര നിയമവ്യവസ്ഥക്ക് അനുസൃതമായേ സമാധാനം സാധ്യമാകൂ . മനുഷ്യാവകാശങ്ങളും രാജ്യാന്തര നിയമങ്ങളും ലംഘിച്ചുകൊണ്ട് അധിനിവേശ മേഖലയിൽ ഇസ്രയേലിന്റെ നിയമവിരുദ്ധ ഇടപെടലുകൾ പലസ്തീൻ ജനതയെ കുടുതൽ പ്രയാസപ്പെടുത്തുന്നു . പലസ്തീൻ ജനതയ്ക്ക് അവരുടെ രാഷ്ട്രീയമായ എല്ലാ അവകാശങ്ങളും അനുവദിച്ചു നൽകാൻ യു എൻ പ്രമേയം നടപ്പിലാക്കേണ്ടതുണ്ട് . പതിറ്റാണ്ടുകളായി നടക്കുന്ന അധിനിവേശ യുദ്ധങ്ങൾക്കും കലാപങ്ങൾക്കും അറുതി വേണം . സമാധാനം ഇരുകൂട്ടർക്കും ആവശ്യമാണ് . പലസ്തീനിലെ കുഞ്ഞുങ്ങളോട് അമേരിക്കയുടെ മനുഷ്യത്വപരമായ ഇടപെടലുകൾ ലോകം പ്രതീക്ഷിക്കുന്നു . സ്വതന്ത്ര പലസ്തീൻ ആഗോള മുസ്ലിംങ്ങളുടെ സ്വപ്നമാണ് .

ഖുർആൻ മാത്രമാണ് ഇസ്ലാമിന്റെ പ്രമാണികഗ്രന്ഥം . ഖുർആൻ തത്വങ്ങൾ യുക്തിചിന്തക്കനുസൃതമായി വ്യാഖ്യാനിക്കുകയും ചെയ്യുക ചലനാത്മകവും കർമ്മനിരതവുമായ ജീവിതം നയിക്കാൻ ഇഹലോകജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽക്കുക .

മത – സാമൂഹ്യ ജീവിതം അഭിവൃദ്ധിപ്പെടണമെങ്കിൽ പാശ്ചാത്യ വിദ്യാഭ്യാസം അനുപേക്ഷണീയമാണ് . ആൺ പെൺ വ്യത്യാസമില്ലാതെ മികച്ച ആധുനിക വിദ്യാഭ്യാസം നൽകുക .

മതഭ്രാന്തിനേയും സങ്കുചിത മനസ്ഥിതിയേയും അപലപിക്കുകയും വിശാലവീക്ഷണവും സഹിഷ്ണതയും പരിശീലിക്കുക . മതതീവ്രവാദ സംഘടനകളെ തള്ളികളയുകയും ചെയ്യുക.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് ( OIC ) തീവ്രവാദത്തിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക . പശ്ചിമേഷ്യയിലെ തൊഴിലില്ലായ്മ പരിഹരിക്കുക , ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക . സ്വതന്ത്രചിന്ത വളരാത്തേടത്തോളം കാലം പരിഷ്കൃത ജീവിതം സാദ്ധ്യമല്ല. മറ്റു മതങ്ങളിൽപ്പെട്ടവരുടെ വിശ്വാസങ്ങളെ മാനിക്കപ്പെടണം . ബഹുസ്വരത നിലനിൽക്കുന്ന പൊതുസമൂഹവുമായി ഇണങ്ങി ജീവിക്കുക .

ജനാധിപത്യം , കമ്മ്യൂണിസം , രാജഭരണം തുടങ്ങിയ ഭരണസമ്പ്രദായങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ ജീവിക്കുന്ന മുസ്ലീംങ്ങൾ അതാത് ഭരണ സമ്പ്രദായവുമായി പൊരുത്തപ്പെട്ടു പോകുക . പിറന്ന മണ്ണ് നഷ്ടപ്പെടാതെ കാത്തുകൊള്ളുക .

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം അവസാനിപ്പിക്കുക . അഫ്ഗാനിസ്ഥാനിലെയും സിറിയയിലേയും ജനങ്ങളുടെ ദുരിതത്തിന് കാരണങ്ങളിലൊന്ന് മുസ്ലീംങ്ങളുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് .

നിലനിൽക്കുന്ന സർക്കാറുകളെ അട്ടിമറിക്കാൻ ശ്രമിക്കരുത് . ലോകത്തിലെ മിക്ക ഭരണാധികാരികളും അഴിമതിയും സ്വജനപക്ഷപതവും നിറഞ്ഞ ഭരണമാണ് കാഴ്ചവെക്കുന്നത് . ഭരിക്കാൻ ഒരു സർക്കാർ ഉണ്ടാവുക എന്നത് തന്നെ ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹം . നിലനിൽക്കുന്ന സർക്കാറുകളെ അട്ടിമറിച്ചതിന്റെ ഫലമാണ് അഫ്ഗാനിസ്ഥാനിലും ഈജിപ്ത്തിലും ഇറാഖിലും സിറിയയിലും അനുഭവിക്കുന്നത് .

ഇസ്ലാമിക തീവ്രവാദത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം അമേരിക്കയുടെ ചുമലിൽ കെട്ടിവെക്കരുത് . മതത്തിനകത്ത് തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങൾ മതതീവ്രവാദത്തിന് വഴിവെച്ചിട്ടുണ്ട് .

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നെന്ന നിലയിലും സാമ്പത്തിക വൻശക്തി എന്ന നിലയിലും അമേരിക്കയുടെ സ്ഥാനം നിർണ്ണായകമാണ് . എത്രയോ മുസ്ലീംങ്ങൾ അമേരിക്കയിൽ മികച്ച നിലയിൽ ജീവിക്കുന്നു . എല്ലാ നൂറ്റാണ്ടുകളും അമേരിക്കൻ നൂറ്റാണ്ടുകളാവാൻ സ്വപ്നം കാണുന്ന അച്ചടക്കമുള്ള ദേശസ്നേഹികളായ ഒരു ജനത ജീവിക്കുന്ന രാജ്യമാണ് അമേരിക്ക . ശക്തമായ ജനാധിപത്യ വ്യവസ്ഥിതി . കഴിവുള്ള ആരെയും സ്വീകരിക്കും . അമേരിക്കയെ ഭയന്നാണ് ലോകത്ത് പല തീവ്രവാദി സംഘടനകളും ലോകത്ത് ആക്രമണങ്ങൾ നടത്താത്തത് . പല രാജ്യങ്ങളും തങ്ങളെക്കാളും ശക്തി കുറഞ്ഞ രാജ്യങ്ങളെ ആക്രമിക്കാത്തത് അമേരിക്കയോടുള്ള ഭയംകൊണ്ടാണ് . പല രാജ്യങ്ങളും സ്വന്തം രാജ്യത്തെ പൗരന്മാരോടു അതിരുകടന്ന നെറികേടുകൾ കാണിക്കാത്തതും അമേരിക്കയെ ഭയപ്പെടുന്നതു കൊണ്ടാണ് . എല്ലാ രാജ്യങ്ങൾക്കും സാമ്പത്തിക സൈനീക സഹായങ്ങൾ നൽകുന്നു . അമേരിക്ക ലോകത്തിലെ ഏറ്റവും മികച്ച സൈനീക ശക്തിയാണ് . അമേരിക്കയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി നാറ്റോ സൈനീകസഖ്യവും ഉണ്ട് .

എ.ഡി.612 ൽ മുഹമ്മദ് നബി അറേബ്യയിൽ മത പ്രബോധനം ആരംഭിച്ചത് മുതൽ , പ്രവാചകനെത്തുടർന്ന് ഇസ്ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരികളായ അബൂബക്കർ , ഉമ്മർ , ഉസ്മാൻ , അലി എന്നീ സച്ചരിതരായ നാലു ഖലീഫമാർ , പിന്നീട് 90 വർഷം നീണ്ടു നിന്ന ഉമയ്യദു ഭരണവും കടന്ന് അബ്ബാസിദ് കാലമെത്തുമ്പോൾ വിപുലമായ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ജനസംഖ്യയിൽ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് മുസ്ലീം ജനസംഖ്യ . ഒരു മതമെന്ന നിലക്കും സാംസ്കാരിക പദ്ധതി എന്ന നിലക്കും മറ്റു മതങ്ങളിൽ നിന്നു വേർതിരിക്കപ്പെട്ട ഇസ്ലാമിന്റെ വ്യക്തിത്വം കൂറെക്കൂടി ഉയർന്നു നിന്നു . ഇതോടെ മതപരിവർത്തനം കൂടുതൽ അർത്ഥവത്തായി . അടിമകൾക്കുപോലും സുൽത്താനാവാൻ സാധിക്കുന്ന മതമായതു കൊണ്ട് മദ്ധ്യേഷ്യയിലെ നിരവധി ഗോത്രങ്ങൾ കൂട്ടത്തോടെ ഇസ്ലാം വിശ്വാസം സ്വീകരിച്ചു . വാളുകൊണ്ടല്ല മറിച്ച് സൂഫികളുടെ സാംസ്കാരിക വിപ്ലവത്തിലൂടെയാണ് ഇസ്ലാം വളർന്നത് . നിർബന്ധിത മതപരിവർത്തനം ഇസ്ലാമിന്റെ ലക്ഷ്യമല്ല . എണ്ണൂറ് വർഷത്തോളം മുസ്ലീം ഭരണത്തിൽ കഴിഞ്ഞ ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമല്ല .

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top