Flash News

സൂഫിസം (Sufism) ഭാഗം 22

October 22, 2020 , ബിന്ദു ചാന്ദിനി

ഇന്ത്യൻ മുസ്ലീംങ്ങളുടെ പ്രശ്നങ്ങൾ

കശ്മീർ പ്രശ്നം

നാം കാണുന്ന ഇന്ത്യയുടെ ഭൂപടത്തിലുളള കശ്മീരിന്റെ വടക്ക് പാക്കിസ്ഥാന്റെയും കിഴക്ക് ചൈനയുടെയും ഭൂപ്രദേശമാണ്. ഇന്ത്യൻ അധീനതയിലുളള കശ്മീരിൽ, ലഡാക്ക് മേഖലയിൽ ബുദ്ധമതക്കാരും ജമ്മുവിൽ ഹിന്ദുക്കളും മറ്റു ഭാഗങ്ങളിൽ സൂഫി പാരമ്പര്യമുളള മുസ്ലീങ്ങളുമാണ് ജീവിക്കുന്നത്. കശ്മീർ പ്രശ്നം രൂക്ഷമായി നിലനിൽക്കുന്നത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ്.

സുരക്ഷിതമായ ഇടത്തിലല്ല കശ്മീർ സ്ഥിതി ചെയ്യുന്നത്. കശ്മീരിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ട് അതിർത്തി രാജ്യങ്ങളിൽ നിന്നുളള ആക്രമണങ്ങളും, അതിർത്തിയിലെ പ്രശ്നങ്ങളും ഒരുപോലെ അവർ സഹിക്കേണ്ടി വരുന്നു. പലപ്പോഴും ഭരണ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും കശ്മീരിനെ ഒരു തന്ത്രമായും ഇന്ത്യയും പാക്കിസ്ഥാനും ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ ആഭ്യന്തരവും വൈദേശീകവുമായ നിരവധി ചൂഷണങ്ങൾക്ക് വിധേയരായാണ് കശ്മീർ ജനത ജീവിച്ച് പോകുന്നത്.

ഒരിക്കൽ ഭൂമിയിലെ സ്വർഗമായിരുന്നു കശ്മീർ. കശ്മീർ എന്ന് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്നത് മഞ്ഞും, കുങ്കുമപൂവും, തുലിപ് പൂക്കളും, ഹൗസ്ബോട്ടുകളും, ആപ്പിളും, പഷ്മിന ഷാളുകളും ആയിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയോ? രാഷ്ട്രീയ കരുനീക്കങ്ങളും നയതന്ത വീഴ്ചകൾ കൊണ്ടും താഴ് വരയെ യുദ്ധക്കളമാക്കി.

കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷങ്ങളായി (1987-88 മുതൽ) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാഗമായ കശ്മീരിൽ പ്രശ്നങ്ങൾ ആരംഭിച്ചിട്ട്. മാറി വരുന്ന സർക്കാറുകൾ കശ്മീർ നയത്തിൽ സ്ഥിരമായ പരിഹാരമാർഗ്ഗം സ്വീകരിച്ചില്ല. സംസ്ഥാനങ്ങളുടെ സംയോജന കാലത്ത് മതമാണ് അവരുടെ മനസ്സിനെ ഭരിച്ചിരുന്നെങ്കിൽ കശ്മീർ ഒരിക്കലും ഇന്ത്യയുടെ കൂടെ നിൽക്കുമായിരുന്നില്ല. മറ്റു നാട്ടുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്ന വ്യവസ്ഥയിലാണ് കശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചത്.

മറ്റു രാജ്യങ്ങളുമായി അതിർത്തി പങ്കിടൽ, ദുർഘടമായ മലനിരകൾ, കുറഞ്ഞ ജനസാന്ദ്രത, കുറഞ്ഞ വരുമാനം, സാമൂഹികമായ പിന്നോക്കാവസ്ഥ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടാണ് ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്നത്. ഇന്ത്യയിൽ പ്രത്യേക പദവി ലഭിച്ച സംസ്ഥാനങ്ങളാണ് ജമ്മു കശ്മീർ, സിക്കിം, അസം, മണിപൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം തുടങ്ങിയവ. പ്രത്യേക പദവി ലഭിച്ച സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഫണ്ടും, നികുതിയിളവുകളും ലഭിക്കും. പ്രത്യേക പദവിയുള്ള പല സംസ്ഥാനങ്ങളും ഇന്ത്യയിൽ നിന്നു സ്വാതന്ത്ര്യം നേടുന്നതിന് ഇന്ത്യാ വിരുദ്ധ കലാപങ്ങൾ നടത്തികൊണ്ടിരിക്കുന്നു. ഇത്തരം സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ സൈന്യത്തിന് പ്രത്യേക അധികാരം അഥവ ആഫ്സപ (armed force special powers act ) നൽകിയിട്ടുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകാമെന്ന വ്യവസ്ഥയിലാണ് അവർ ഇന്ത്യൻ യൂണിയനിൽ ലയിച്ചത്. അത്തരത്തിലുള്ള ഒരു സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുമ്പോൾ ഭരണഘടനപരമായ പല കടമ്പകളും കടന്നുപോകേണ്ടതുണ്ട്. കശ്മീർ ജനതയോടോ, ജനപ്രതിനിധികളോടോ അനുവാദം ചോദിക്കാതെയാണ് കശ്മീരിനെ രണ്ടായി തിരിച്ചത്. ഇന്ത്യൻ അതിർത്തിക്ക് അകത്തുള്ള ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെങ്കിലും, കശ്മീർ പ്രശ്നത്തിൽ യു.എൻ. മേൽനോട്ടം എപ്പോഴും ഉണ്ടായിരിക്കും.

പതിറ്റാണ്ടുകൾക്കു മുമ്പ് കശ്മീരി പണ്ഡിറ്റുകളെ മുന്നിൽ നിർത്തി രാഷ്ട്രീയം കളിച്ചതിന്റെ ഫലമാണ് ഇന്നു അനുഭവിക്കുന്നത്. അമർനാഥ് ഗുഹാ ക്ഷേത്രത്തിലേക്ക് തോളിലേറ്റിയും, റിക്ഷകളിലായും തീർത്ഥാടകരെ കൊണ്ടുപോയ മുസ്ലീംങ്ങളെ പണ്ഡിറ്റുകൾ കൂട്ടക്കൊല ചെയ്തത്തോടെയാണ് ഇന്നത്തെ കശ്മീർ പ്രശ്നത്തിന് തുടക്കം കുറിച്ചത്. ഇത് പണ്ഡിറ്റുകളും കശ്മീരി മുസ്ലീംങ്ങളും തമ്മിലുള്ള വർഗ്ഗീയ കലാപത്തിൽ എത്തിച്ചു. തുടർന്ന് ഒരു വിഭാഗം മുസ്ലീംങ്ങൾ തീവ്രവാദത്തിലേക്ക് തിരിഞ്ഞു. ചില രാഷ്ട്രീയ പാർട്ടികൾ പണ്ഡിറ്റുകളെ ഡൽഹിയിലേക്ക് നിർബന്ധിച്ചു കൊണ്ടുപോയി. പണ്ഡിറ്റുകളോടു ജമ്മു വിട്ട് പോകരുതെന്ന് കശ്മീരി മുസ്ലീംങ്ങൾ അപേക്ഷിച്ചെങ്കിലും വലിയ സ്ഥാനമോഹികളായ അവർ അതിനു തയ്യാറായില്ല. പണ്ഡിറ്റുകൾ ജമ്മു വിട്ടു പോയാൽ പ്രത്യേക പദവി എടുത്തുകളയുമെന്ന് മുസ്ലീംങ്ങൾ ഭയന്നിരുന്നു. ഡൽഹിയിൽ എത്തിയ പണ്ഡിറ്റുകൾ വർഷങ്ങളോളം ടെന്റുകളിൽ കഴിയേണ്ടി വന്നിട്ടുണ്ട്. കാലാന്തരത്തിൽ അവർ അതിജീവനത്തിന്റെ ഫലമായി ഡൽഹിയിലെ മുഖ്യധാര ജീവിതത്തിന്റെ ഭാഗമായി തീർന്നു.

പ്രകൃതി സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശമാണെങ്കിലും ദേശീയ തലസ്ഥാനമായ ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു അവികസിത മേഖലയാണ് കശ്മീർ. പതിറ്റാണ്ടുകളായി ഡല്‍ഹിയിലെ സുഖസൗകര്യങ്ങൾ അനുഭവിച്ചു കഴിഞ്ഞ കശ്മീരി പണ്ഡിററുകളിൽ ഭൂരിഭാഗത്തിനും കശ്മീരിലേക്ക് വരാൻ താത്പര്യമില്ല. പ്രത്യേക പദവിയുള്ള സംസ്ഥാനമായത് കൊണ്ടു കശ്മീരിലെ ഭൂമി വില്‍ക്കാന്‍ സാധിക്കില്ല. പണ്ടുമുതലെ കശ്മീരിലെ ഭൂമിയിൽ കണ്ണുവെച്ച ഇന്ത്യയിലെ ശതകോടീശ്വരന്മാരും രാഷട്രീയക്കാരും പണ്ഡിറ്റുകളെ മുന്നിൽ നിർത്തി കളിച്ചതിന്റെ ഭാഗമാണ് പ്രത്യേക പദവിയായ 370 ഉം 35 (A) യും 2019 ആഗസ്റ്റ് 5 ന് എടുത്തു കളഞ്ഞത്.

രാജ്യം നിർമിക്കുന്ന നിയമങ്ങളുടെ അനന്തരഫലം അനുഭവിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങൾ എല്ലായ്പ്പോഴും നിയമം അനുസരിക്കുന്നവരല്ല. ചിലപ്പോൾ അവർ നിയമത്തെ ചെറുക്കുന്നവരുമാണ്. ആ ചെറുത്തുനില്പിന് ശരിയെന്നു വിശ്വസിക്കുന്ന എല്ലാ മാർഗങ്ങളും അവർ തേടിയെന്നും വരും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലധികമായി പൈത്യകമായി ലഭിച്ച സ്വന്തം ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടങ്ങളാണ് കശ്മീരി മുസ്ലീംങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. ഒരുപക്ഷെ മറ്റു പോരാട്ടങ്ങളിൽ നിന്ന് കശ്മീർ പോരാട്ടത്തെ വ്യത്യസ്ഥമാക്കുന്നത് സ്ത്രീകളും കുട്ടികളും വൻതോതിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു എന്നതു കൊണ്ടായിരിക്കും. ജനകീയ പ്രക്ഷോഭങ്ങളെ തീവ്രവാദമായി ചിത്രീകരിച്ച് പെല്ലറ്റ് ഗൺ പോലെയുള്ള ആയുധങ്ങളുമായി ക്രൂരമായി അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത്.

കശ്മീരിലും ശതകോടീശ്വന്മാരുടെ റിസോട്ടുകളും, പാർക്കുകളും, ഖനനവും, തോട്ട വ്യവസായങ്ങളും കൊണ്ടു നിറയും. അവർ ഭൂമി വൻതോതിൽ കൈയ്യടക്കുകയും പ്രകൃതിയെ ചൂഷണം ചെയ്യുകയും ചെയ്യും. പ്രാദേശിക ജനത ഭൂരഹിതരായി തീരും. എതിർക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തപ്പെടും.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് കശ്മീർ ജനതയെ ചില ഉദ്യോഗസ്ഥന്മാർ ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചും ഉപയോഗിക്കുന്നു.
പതിറ്റാണ്ടുകളായി തീവ്രവാദികൾ എന്ന് മുദ്രകുത്തിയ ഒരു ജനത സത്യം വിളിച്ചു പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന അഹങ്കാരമാണ് ഇത്തരത്തിലുള്ള രാജ്യദ്രോഹത്തിന് കശ്മീരികളെ ഉപയോഗിക്കുന്നത്. ഇത് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ ഇനിയും കശ്മീരികളെ ഉപയോഗിച്ചുകൊണ്ടുള്ള തീവ്രവാദ ആക്രമണങ്ങൾ കാണേണ്ടി വരും.

പൗരത്വ ഭേദഗതി ബില്ലും ഷാഹീൻ ബാഗും

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികൾ തുടങ്ങിയ പ്രതിഷേധം രാജ്യം ഏറ്റെടുത്തോടെ സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി തീർന്നു. മുസ്ലീം സമുദായം നൂറ്റാണ്ടുകളായി ജീവിച്ചു പോരുന്ന സ്വന്തം മണ്ണിൽ നിന്ന് അന്യവൽക്കരിക്കാൻ വേണ്ടി കൊണ്ടുവന്ന ഭരണഘടന വിരുദ്ധ ബില്ലിന് എതിരെ രാജ്യം ഒറ്റക്കെട്ടായി തെരുവിലിറങ്ങി. ഇന്ത്യൻ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാൻ മതഭേദമെന്യ ജനങ്ങൾ ജാഗ്രതയോടെ തെരുവിൽ പ്രതിരോധിക്കുമ്പോൾ അവർക്കെതിരെ പോലീസിനെ അഴിച്ച് വിട്ട് നരനായാട്ട് നടത്തി.

ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാൻ രാപകില്ലാതെ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയാണ് അനുസ്മരിപ്പിച്ചിത്. എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ അഹിംസയിൽ അധിഷ്ഠിതമായി, അന്തസ്സോടെയും അഭിമാനത്തോടെയും മനുഷ്യരായി ജീവിക്കാനും ഏവർക്കും തുല്യ നീതി തുല്യ പരിഗണന തുല്യ സ്ഥാനം നൽക്കുന്ന ബാബ സാഹിബ് അംബേദ്ക്കറുടെ നേതൃത്വത്തിൽ രചിച്ച ലോകത്തിലെ ഏററവും മികച്ച ഭരണഘടനയെ ഹൃദയത്തോട് ചേർത്ത് പിടിച്ചും, വിശ്വമാനവീകത ലോകത്തെ പഠിപ്പിച്ച രബീന്ദ്രനാഥ് ടാഗോറിന്റെ ദേശീയ ഗാനമായ ജന ഗണ മന പാടിയും, നെഹ്റുവിന്റെ ജനാധിപത്യ ഇന്ത്യയിൽ നിലനിൽപ്പിന് വേണ്ടി ഐതിഹാസിക സമരം നയിച്ച ഡൽഹിയിലെ ഷാഹീൻ ബാഗിലെ പെൺകൂട്ടായ്മ.

ഷാഹീൻ ബാഗ് ലോക ചരിത്രത്തിലെ ഏറ്റവും ഹൃദ്യമായ സ്ത്രീ മുന്നേറ്റത്തിന്റെ ഇടം. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ജനകീയ സ്ത്രീമുന്നേറ്റമാണ് ഷാഹീൻ ബാഗിലെ പ്രതിഷേധം.

ലോകശ്രദ്ധ ആകർഷിച്ച ഡൽഹിയിലെ ഷാഹീൻ ബാഗിൽ മുസ്ലീം വനിതാ കൂട്ടായ്മ തുല്യ നീതിക്ക് വേണ്ടി നടത്തുന്ന പ്രതിഷേധം വിശ്വചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർക്കേണ്ട ആദ്യത്തെ രാഷ്ട്രീയ സാമൂഹ്യ പെൺപോരാട്ടമാണ്. ഈ സമരത്തിന്റെ ഏറ്റവും വലിയ ശക്തി ഇതര മതസ്ഥരും രാഷ്ട്രീയ പാർട്ടികളും നൽകുന്ന പിന്തുണയാണ്.

നാളെയുടെ പെൺചരിത്രം ഇന്നത്തെ പെണ്ണൊരുമ രചിക്കുന്നു

അന്തസ്സോടെയും അഭിമാനത്തോടെയും മനുഷ്യരായി പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടി ഡൽഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ തൊണ്ണുറ് വയസ്സിനു മുകളിലുള്ള സ്ത്രീകൾ വരെ ഷാഹീൻബാഗിലെ ടെൻറ്റുകളിൽ കഴിഞ്ഞു. അവർക്ക് വേണ്ടി അന്നം നൽകിയും, കാവലായും, കരുതലായും, മുദ്രാവാക്യം വിളിച്ചും, ഐക്യദാർഢ്യം പ്രഖ്യാപിച്ചും എല്ലാ സഹോദരമതസ്ഥരും.

നൂറ്റാണ്ടുകളായി ഭാരത മണ്ണിൽ ജീവിച്ചു പോരുന്ന മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കുന്നതു വരെ തുടരേണ്ട പ്രതിഷേധ സമരം രാജ്യത്തെ കോവിഡ് ചട്ടം പാലിച്ച് തൽക്കാലം നിർത്തിവെച്ചു. ചരിത്രകാരനും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമായ പ്രൊഫ. രാജ്മോഹൻ ഗാന്ധി ഡൽഹിയിലെ ഷാഹീൻ ബാഗിലെ പ്രതിഷേധത്തെ പ്രശംസിച്ചു: “ഇന്ത്യയിൽ ഇന്നത്തെ പ്രചോദനം നൽകുന്നത് ഷാഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകളാണ്, രാഷ്ട്രീയ നേതാക്കളോ ചരിത്രകാരന്മാരോ പണ്ഡിതരോ അല്ല.”

2020 ലെ ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തികളുടെ പട്ടികയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹി ഷാഹീൻബാഗിലെ സമരനായിക 82 കഴിഞ്ഞ ബിൽക്കീസ് ദാദി ഇടം പിടിച്ചത് ചരിത്രമാവുന്നു.

ഇബ്നു അറബി

സൂഫികളുടെ ജ്ഞാനഗുരുവായ ഇബ്നു അറബി (1165-1240) മുസ്ലീം തത്ത്വചിന്തകരിൽ മഹാനായ വ്യക്തിയായി കണക്കാക്കാം. സ്പെയിനിലെ മുർസിയായിൽ ഒരു പണ്ഡിത കുടുംബത്തിൽ ജനിച്ച അദ്ദേഹം മിസ്റ്റിക്, ദൈവശാസ്ത്രജ്ഞൻ, കവി, തത്ത്വചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്. വിജ്ഞാന സമ്പാദനത്തിനായി അദ്ദേഹം യാത്രതിരിച്ചു. ബാഗ്ദാദ്, മക്ക, ഡമാസ്ക്കസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഒടുവിൽ ഡമാസ്ക്കസിൽ സ്ഥിരതാമസമാക്കുകയും അവിടെവച്ചു അന്തരിക്കുകയും ചെയ്തു. ഖുർആൻ വ്യാഖ്യാനം, ചരിത്രം, സൂഫിസം എന്നീ വിഷയങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ ഇബ്നു അറബി രചിച്ചിട്ടുണ്ട്. സുഹ്റവർദ്ദി സൂഫിയായ അദ്ദേഹത്തിന്റെ കൃതികൾ ഇസ്ലാമിക ശാസ്ത്രത്തിന്റെ മുഴുവൻ ഭാഗവും ഉൾക്കൊള്ളുന്നു. മൂന്നുറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അവയിൽ പ്രധാനപ്പെട്ടത്

1. ഫുതൂഹാത്തുൽ മക്കിയ:
അധ്യാത്മദർശനശാസ്ത്രത്തിന്റെ (mystical science) പൂർണ സമ്പ്രദായം ഉൾക്കൊള്ളുന്ന അഞ്ഞൂറ്ററുപത് അദ്ധ്യായങ്ങളുള്ള ഒരു വൻ ഗ്രന്ഥമാണ് ഇത്.

2. ഫുസ്വൂസ്വുൽ ഹികം ഫീ ഖുസ്വൂസ്വീൽ കലിം
ഇരുപത്തിയേഴ് അദ്ധ്യായങ്ങളുള്ള ചെറിയ ഗ്രന്ഥം. പ്രവാചകന്മാരുടെ പേരാണ് ഓരോ അദ്ധ്യായത്തിനും നൽകിയിരിക്കുന്നത്.

3. ടാർജുമാൻ അൽ അശ്വക്
പ്രണയ കവിതയുടെ ഹ്രസ്വ ശേഖരം. ദൈവമല്ലാതെ മറ്റെല്ലാം നിരന്തരമായ മാറ്റത്തിന് വിധേയമാകുന്നു എന്ന ആശയമാണ് ഇബ്നു അറബിയുടെ ചിന്തയുടെ അടിസ്ഥാനതത്വം.

ഇസ്ലാമിക കർമ്മശാസ്ത്ര സ്കൂളുകളിലൊന്നിലും താൻ അന്ധമായി പിന്തുടരുന്നില്ലെന്ന് ഒന്നിലധികം സന്ദർഭങ്ങളിൽ ഇബ്നു അറബി പ്രസ്താവിച്ചിട്ടുണ്ട്.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top