കേരള കോൺഗ്രസ് ആത്മപരിശോധന നടത്തണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കമ്മ്യുണിസ്റ്റ് – കോൺഗ്രസ് പാർട്ടികളുടെ ദുഷ്ചെയ്തികൾക്കെതിരെ 1964 ൽ രൂപം കൊണ്ട കേരള കോൺഗ്രസ്, ഇനിയും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പിന്നാലെ പോയി രാഷ്ട്രീയ ഭാവി നശിപ്പിക്കേണ്ടതുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

ജോസ് കെ മാണിയും പി ജെ ജോസഫും ഒരു രാഷ്ട്രീയ പുനർ വിചിന്തനത്തിന് തയ്യാറാകേണ്ട സമയമാണിത്. 1957 ലെ കമ്മ്യുണിസ്റ്റ് ഭരണത്തിന്റെയും പിന്നീട് വന്ന കോൺഗ്രസ് ഭരണത്തിന്റെയും കയ്പ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചാണ് 1964 ൽ കേരള കോൺഗ്രസ് രൂപീകൃതമായത്.

“ശക്തമായ കേന്ദ്രവും സംതൃപ്തമായ കേരളവും” എന്നതായിരുന്നു കേരള കോൺഗ്രസിന്റെ അന്നത്തെ പ്രഖ്യാപിത മുദ്രാവാക്യം. ശക്തമായ കേന്ദ്രം പ്രദാനം ചെയ്യാൻ കോൺഗ്രസിനോ സംതൃപ്തമായ സംസ്ഥാന ഭരണം കാഴ്ചവെക്കാൻ സിപിഎമ്മിനോ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ, കേരള കോൺഗ്രസ് ദേശീയ – സംസ്ഥാന രാഷ്ട്രീയത്തിന്റെ ചുവരെഴുത്ത് മനസിലാക്കി പുത്തൻ പരീക്ഷണത്തിന് തയ്യാറാകണം.

യുഡിഎഫിനേയും എൽഡിഎഫിനേയും മാറി മാറി ആശ്ലേഷിച്ചിട്ടുള്ള കേരള കോൺഗ്രസിന് രണ്ടു മുന്നണിയിൽ നിന്നും എന്നും ആട്ടും തൊഴിയും മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് പിളർപ്പിന്റെയും തളർച്ചയുടെയും കൂറുമാറലിന്റേയും ഊരാക്കുടുക്കിൽ കിടന്ന് എക്കാലവും കേരള കോൺഗ്രസിന് നട്ടം തിരിയേണ്ടി വന്നത്.

എൽഡിഎഫും യുഡിഎഫും കാലാകാലങ്ങളായി കേരള കോൺഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന യാഥാർത്ഥ്യം സ്വതന്ത്രമായി ചിന്തിക്കുന്ന കേരള കോൺഗ്രസുകാരെങ്കിലും തിരിച്ചറിയണം. എല്ലാ കേരള കോൺഗ്രസുകാരേയും ഒന്നിപ്പിക്കാൻ കെഎം മാണി 2018 ഓഗസ്റ്റ് 1 ന് കൂടിയ പാർട്ടിയുടെ ജന്മദിന വാർഷിക സമ്മേളനത്തിൽ ആഹ്വാനം നൽകുകയും പിസി തോമസിനെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്.

ദേശീയ രാഷ്ട്രീയത്തോടൊപ്പം ചുവടുറപ്പിച്ചുകൊണ്ട് ഒരു പുത്തൻ രാഷ്ട്രീയ ശക്തിയായി കേരള കോൺഗ്രസിനെ വളർത്തണമെന്ന ആഗ്രഹമായിരുന്നു ആ നീക്കത്തിന് പിന്നിൽ. പക്ഷേ, യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ചതിക്കുഴികളിൽ നിന്നും ഒരിക്കലും കരകയറാനാവാത്തവിധം അവരിലേതെങ്കിലും മുന്നണിയുടെ പാളയത്തിൽ ബന്ധിതമാവാനായിരുന്നു കേരള കോൺഗ്രസിന്റെ വിധി.

ഈ കൂറുമാറ്റത്തിന്റെയും പിളർപ്പിന്റെയും കയ്പ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ച് പുതിയൊരു മുന്നണി രാഷ്ട്രീയ കക്ഷി ബന്ധ രചനയ്ക്ക് സ്വതന്ത്രമായി ചിന്തിക്കുന്ന കേരള കോൺഗ്രസ് നേതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Related News

Leave a Comment