Flash News

ലാവ്‌ലിന്‍ കേസ്: വിശദമായ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ

October 15, 2020

ന്യൂഡൽഹി: ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നിർണായക നീക്കം. ഒക്ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ രണ്ട് കോടതികൾ വെറുതെ വിട്ട കേസാണെന്നും ശക്തമായ തെളിവുകൾ ഹാജരാക്കണമെന്നും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സി.ബി.ഐ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണിക്കുന്നത്. 2017 ഒക്ടോബറിലാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നാണ് കേസ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ചിലേക്ക് മാറ്റിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്തിമ വാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണിച്ചത്.

മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ ഒന്നാം പ്രതിയും, മുന്‍ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എട്ടാം പ്രതിയുമായ കേസിന്റെ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐയുടെ ഹർജി. വ്യക്തമായ തെളിവുണ്ടായിട്ടും അംഗീകരിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നാണ് സി.ബി.ഐയുടെ വാദം. പിണറായി വിജയൻ വിചാരണ നേരിടേണ്ടതുണ്ടോ എന്നതിൽ അന്തിമ തീർപ്പാണ് സുപ്രീംകോടതിയിൽ നിന്ന് വരേണ്ടത്.

ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നാണ് കേസ്. കേരളത്തിൽ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഏറെ നിർണായകമാണ് ഈ വിധി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top