Flash News

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്ക്; ചെലവു ചുരുക്കല്‍ പദ്ധതി കാറ്റില്‍ പറത്തി ഉദ്യോഗസ്ഥര്‍

October 16, 2020

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ചെലവു ചുരുക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി സ്ഥിരമായി വാർത്ത സമ്മേളനങ്ങളിൽ പറയുന്നത്. എന്നാൽ സർക്കാരിൻറെ ധൂർത്തിനും അനാവശ്യ ചെലവുകൾക്കും യാതൊരു കുറവുമില്ല.

ഗവണ്മെന്റ് വക കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണീച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നിവ അനുവതിക്കുന്നതല്ല എന്നാണ് കഴിഞ്ഞ മാസം 16ന് ചേർന്ന് മന്ത്രിസഭാ യോഗം ചെലവു ചുരുക്കുന്നതിന് വേണ്ടി സ്വീകരിച്ച് അടിയന്തര നടപടികളിലെ പരമപ്രധാനമായ തീരുമാനം. ഈ തീരുമാനം എടുത്തതിൻറെ മഷി ഉണങ്ങുന്നതിന് മുമ്പ് തന്നെ സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതും പുതിയ ഫർണീച്ചർ വാങ്ങുന്നതും പതിവാണ്. ചെലവു ചുരുക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം വന്ന് പിറ്റേ ആഴ്ച്ച തന്നെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് രണ്ട് ലക്ഷം രൂപയുടെ ഫർണീച്ചർ വാങ്ങാൻ ചീഫ് സെക്രട്ടറി തന്നെ ഉത്തരവിട്ടതും വിവാദത്തിന് ഇടയാക്കിയിരുന്നു. തൊട്ട് പിന്നാലെ വിവിധ വകുപ്പുകളിൽ മോടി പിടിപ്പിക്കലും പുതിയ ഫർണീച്ചർ വാങ്ങലും മുറതെറ്റാതെ നടക്കുന്നു.

സംസ്ഥാന വനിതാ കമ്മീഷനെ പുതിയ ഓഫീസ് കെട്ടിടം മോടിപിടിപ്പിക്കുന്നതിന് ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഓഫീസിൻറെ ഇന്റീരിയർ വർക്കുകൾ ചെയ്യാൻ 75 ലക്ഷം രൂപ അനുവദിച്ച് കൊണ്ട് ഈ മാസം അഞ്ചിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിന് പിന്നാലെ വിജിലൻസിൻറെ ഓഫീസ് നവീകരിക്കുന്നതിനും പുതിയ ഫർണീച്ചറുകൾ വാങ്ങുന്നതിനും 70 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് എഴുതിയിരുന്നു. ഈ തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി കൊണ്ട് ഈ മാസം 14ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി സഭ എടുത്ത ചെലവു ചുരുക്കൽ തീരുമാനങ്ങൾ സർക്കാർ വകുപ്പുകൾ തന്നെ അട്ടിമറിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. മന്ത്രിസഭ അംഗീകരിച്ച തീരുമാനങ്ങൾ പോലും ഫലപ്രദമായി നടപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ല എന്നതിൻറെ ഉത്തമ ഉദാഹരണങ്ങളാണ് സർക്കാർ വകുപ്പുകളിലെ ഇത്തരം ആഡംബരങ്ങളും ധൂർത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top