Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 16) : ജയശങ്കര്‍ പിള്ള

October 16, 2020

ഈറന്‍ മിഴികള്‍
ഈറൻ മാറി പുറത്തു പോകുവാൻ ഒരുങ്ങുമ്പോൾ അവൾ ചിന്താവിവശയായിരുന്നു. ഏട്ടൻ പറയുന്നത് ഒന്നും ശരിക്കും മനസ്സിലാകുന്നില്ല. എന്തോ മനസ്സിൽ വച്ച് പറയുന്നത് പോലെ. ചരട് കെട്ടുന്ന കാര്യം ആണ് പറയുവാൻ ഉള്ളത് എന്ന് പറഞ്ഞത് എന്തിനെ ഉദ്ദേശിച്ചായിരുന്നു. ഇന്നലെ പനിച്ചു കിടന്നപ്പോൾ താൻ അടുത്ത് ചേർന്ന് കിടന്നതു അറിഞ്ഞില്ലായിരുന്നോ? അതോ എല്ലാം അറിഞ്ഞിട്ടും അറിയാത്ത ഭാവം ആണോ?

അലമാരയിൽ നിന്നും പല നിറങ്ങളിൽ ഉള്ള സാരികളും, ചൂരിദാറുകളും അമ്പിളി എടുത്തു ദേഹത്ത് ചേർത്ത് വച്ച് നോക്കി. ഒന്നും അവൾക്കു മനസ്സിൽ പിടിക്കുന്നില്ല. അവൾ ആലോചിച്ചു തനിയ്‌ക്കെന്താണ് പറ്റിയത്?

“അമ്പിളീ ..അമ്പിളീ ..നേരം 10 മണി ആകുന്നു. നമുക്ക് ഇറങ്ങിയാലോ” ഏറെ നേരമായിട്ടും അമ്പിളിയെ താഴേയ്ക്ക് കാണാഞ്ഞു ദേവൻ വിളിച്ചു

“ദാ ..വരണൂ ”

ടീച്ചറമ്മയ്ക്കു ഒപ്പം ഇരുന്നു പ്രാതൽ കഴിച്ചുകൊണ്ടിരുന്ന ദേവന്റെ മുന്നിലേക്ക് മെറൂണും, റോസും കോമ്പിനേഷനിൽ ഉള്ള ചൂരിദാർ അണിഞ്ഞ അമ്പിളി കടന്നു വന്നു.

കരിമഷി എഴുതിയ നീണ്ട മിഴികളും, കാതിൽ തൂങ്ങിയാടുന്ന തൂക്കനും, തിളങ്ങുന്ന വെള്ളാരം കല്ലുവച്ച മൂക്കുത്തിയും.
ഇറങ്ങാനുള്ള തിടുക്കത്തിൽ നിന്ന് കൊണ്ട് പ്രാതൽ കഴിക്കുന്ന അവളുടെ കാതിലെ തൂക്കനുകൾ കുലുങ്ങി ചിരിച്ചു. നാല്പതു പിന്നിട്ട അവളുടെ ചെറുപ്പം ദേവനെ വല്ലാതെ ആകർഷിച്ചു. ഇന്നും പെണ്ണിന്റെ മുഖത്ത് നിന്ന് കുസൃതി മാഞ്ഞിട്ടില്ല.

“അല്ലാ … ഞാനിതാ റെഡി പോകണ്ടായോ?..”

വാഷ് ബിസിനടുത്തെ കണ്ണാടിയിലൂടെ അമ്പിളിയെ തന്നെ നോക്കി നിന്ന ദേവന്‍ വെട്ടിതിരിഞ്ഞു.

“ശരി പോയേക്കാം”

അമ്മയ്ക്ക് ഉച്ചത്തേയ്ക്കു വേണ്ട ഭക്ഷണവും മരുന്നും എടുത്തു വച്ച് അമ്പിളി പുറത്തേക്കിറങ്ങി.

“അമ്മാ പടിഞ്ഞാറ്റേലെ കല്യാണി അമ്മയോട് വരാൻ പറഞ്ഞിട്ടുണ്ട്. എന്ത് ആവശ്യം ഉണ്ടേലും എന്റെ ഫോണിൽ വിളിയ്ക്കണേ …”

അമ്പിളി ക്ലിനിക്കിൽ പോകുമ്പോൾ കല്യാണിയാണ് ടീച്ചറിന്റെ കാര്യങ്ങൾ നോക്കുന്നത്.

“എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാതെ എങ്ങനാ പോകുന്നത്. പോർച്ചിൽ നിന്നും വണ്ടി ഇറക്കുന്നതിനു മുൻപായി അവൾ പറഞ്ഞു.

“ആദ്യം നീ വണ്ടി ഒന്ന് സ്റ്റാർട്ട് ആക്കു .. എന്നിട്ടു പറയാം.”

കാർ റോഡിൽ നിറുത്തി ഗേറ്റു ഭദ്രമായി അടച്ചു തിരികെ വന്നു അവൾ വീണ്ടു തിരക്കി.

“എങ്ങടാണ് പോകണ്ടെത്?”

“നമുക്ക് അങ്ങ് ദൂരെ ദൂരെ വരെ പോയാലോ?”

” അയ്യോടാ .. ആഗ്രഹം കൊള്ളാലോ ..ദൂരെന്നു പറഞ്ഞാൽ എങ്ങാടാണ് മാഷേ..ചേച്ചിടെ അടുത്തേയ്ക്കാണോ …” അവൾ അത് പറഞ്ഞു കുലുങ്ങിച്ചിരിച്ചു.

“നീ വണ്ടി എടുക്കൂ.. ആദ്യം തേവരെ തൊഴുത്തിട്ടു പോകാം ..എന്തേ..”

“ങ്ങാ ..എനിക്കറിയാം മാലിനിയേച്ചിയെ കാണാഞ്ഞിട്ട് ഉറക്കം വരണില്ലാലെ”

പറഞ്ഞു തീർന്നതും ദേവന്റെ ഫോൺ റിംഗ് ചെയ്യുവാൻ തുടങ്ങി. ഓ ..പരമൻ ആണ്. എന്താണാവോ രാവിലെ?

“ദേവാ, ഞാൻ വണ്ടിയുമായി വരണോ? എവിടേക്കെങ്കിലും യാത്ര ഉണ്ടോ?”

“വേണ്ട വേണ്ട, ഞങ്ങൾക്കു ഒരിടംവരെ പോകുവാൻ ഉണ്ട് ദാ ..ഇറങ്ങിക്കഴിഞ്ഞു”

“ഇവിടെ പറമ്പിൽ ബംഗാളികളെ പണിക്കു നിറുത്തിയിട്ടുണ്ട്. ഇത്രടം വരെ ഒന്ന് വന്നിട്ട് പൊയ്ക്കോളൂ. പഞ്ചായത്തു പ്രസിഡന്റ് വരാം എന്ന് പറഞ്ഞിട്ടുണ്ട്”

“പരമൂസേ, പണികൾ തീർത്തോളൂട്ടോ, ഉച്ചതിരിഞ്ഞു അങ്ങട് എത്തിയേക്കാം. ഒരു ദിവസം കൊണ്ട് പണികൾ എല്ലാം തീരുമല്ലോ അല്ലേ?”

“ങാ ..തീർക്കാം. പിന്നെ ദാ ഓപ്പോളിനു എന്തോ പറയാനുണ്ട്”

“ദേവാ ..നീ ഇങ്ങട് വരുന്നുണ്ടോ? ഒന്നുരണ്ടിടത്തു പോകാനുണ്ട്.. നിന്നയെ അവർക്കു അറിയൂ ….”

“അതാരാണ് എന്നെ മാത്രം അറിയുന്നവർ. അങ്ങിനെ ആരെങ്കിലും ഈ നാട്ടിൽ ഇപ്പോൾ ഉണ്ടോ?”

“എടാ മോനെ നിന്നെ അറിയുന്നവർ ഒക്കെ ഇപ്പോഴും ഉണ്ട്. മോൻ ഇങ്ങട് വായോ. ഓപ്പോൾ പോയാൽ കാര്യം നടക്കില്ല അതോണ്ടാണ്”

“ഓപ്പോൾ കാര്യം പറയു. ഞാൻ അല്പം തിരക്കിലാണ്. ഞാൻ വൈകിട്ട് പോകാം”

“കുഞ്ഞിന്റെ കാതു കുത്തണം അതിനു മൂപ്പരെ വിളിയ്ക്കണം. നീ വിളിച്ചാൽ മൂപര് വരും”

“അത്രയുമേ ഉള്ളോ, നമുക്ക് നോക്കാം”

“പിന്നെ പൂജയ്ക്കുള്ള സാധനങ്ങളും വാങ്ങണം”

“ഓ ..ഏറ്റു”

“നിന്റെ തിരക്ക് എന്താണെന്ന് ഈ ഓപ്പോളിനറിയാം. നീ നിന്റെ ഇഷ്ടം പോലെ ആയിക്കോളൂ. ആരും ചോദിക്കാനില്ലല്ലോ.. ഇപ്പഴും അവിടെ തന്നെ ആണ് കൂടിയെക്കാണത് അല്ലേ? മാലിനി ഇതൊക്കെ അറിയാനുണ്ടോ ആവോ?”

“ഓ ..ശരി ശരി. കാതു കുത്തുന്ന സമയം ഒന്ന് ടെസ്റ്റ് ഇട്ടേക്കു. ഓപ്പോൾ വിചാരിയ്ക്കണ പോലെ അല്ല കാര്യങ്ങൾ. പിന്നെ എനിക്കാരേയും ബോധിപ്പിക്കാനും ഇല്ല”

ദേവൻ ഫോൺ കട്ട് ചെയ്തു.

ഈ സംഭാഷണം കേട്ടിരുന്ന അമ്പിളിയുടെ മുഖം തൊട്ടാവാടി പോലെ ആയി. കുസൃതി തുളുമ്പുന്ന അവളുടെ കരിമഷി നനയുന്നത് ദേവനറിഞ്ഞു. ലോകം എത്ര മാറിയാലും മനുഷ്യരെ മനസ്സിലാക്കാനോ, ബന്ധങ്ങളെ വക്രീകരിക്കുന്നതിലോ ആർക്കും ഒരു മാറ്റവും ഇല്ല. വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടുന്നവരെ ഒരു മാത്ര പോലും സന്തോഷിപ്പിക്കുവാൻ വിടാത്ത മനുഷ്യരോട് എന്ത് പറയാൻ. തേവരുടെ നടയ്ക്കൽ തൊഴുതു നിൽക്കുമ്പോൾ അവളുടെ മൗനം ദേവനെ വല്ലാതെ നൊമ്പരപ്പെടുത്തി. വിധിയല്ലാതെ എന്ത് പറയാൻ.

“ദൂരേക്ക് എന്ന് പറഞ്ഞിട്ട് എങ്ങോട്ടാണ് എന്ന് പറഞ്ഞില്ല” തേവരെ തൊഴുതു മടങ്ങുമ്പോൾ അമ്പിളി തിരക്കി.

“നമുക്ക് ഇടപ്പള്ളി വരെ ഒന്ന് പോകാം. അവിടെ ഒന്ന് രണ്ടു പേരെ കാണുവാനുണ്ട്”

“അതാണോ ഇത്ര ദൂരം. ഞാൻ കരുതി വേറെ എവിടെയോ ആണെന്ന്”

“കുറെ ഇടത്തുകൂടി പോകാനുണ്ട്. ഡ്രൈവർ തേരു തെളിച്ചോളൂട്ടോ”

രാവിലത്തെ ഗതാഗതക്കുരുക്കിൽ വളരെ പതിയെ ആണ് കാർ നീങ്ങുന്നത്. കുണ്ടും കുഴിയും നിറഞ്ഞ കൊച്ചിയുടെ മണ്ണിൽ കാർ യാത്ര വളരെ ദുസ്സഹമായിരുന്നു. കാറിന്റെ ഇളക്കത്തിൽ അമ്പിളിയുടെ കാതിലെ തൂക്കൻ ആടിയുലഞ്ഞു കൊണ്ടിരുന്നു.

ഓപ്പോളിന്റെ സംസാരത്തിലെ കുത്തുവാക്കുകൾ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി എന്ന് ദേവന് മനസ്സിലായി.

“എന്താണ് ഭവതീ മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ടല്ലോ?”

എന്ത് തന്നെ മനസ്സിൽ ഉണ്ടായാലും അത് പുറത്തേക്ക് പറഞ്ഞു തീരുമ്പോൾ പോകും എന്ന് ദേവന് നന്നായി അറിയാം..

“കടന്നൽ എന്നെ അല്ലല്ലോ കുത്തിയത്. ഓപ്പോളിനെ അല്ലേ? അവരുടെ വർത്തമാനം കേട്ടാൽ തോന്നും ഞാൻ ആരുടെയോ സംബന്ധക്കാരി ആണെന്ന്”?

പറയാനുള്ളത് മുഴുവൻ പറയട്ടെ എന്ന് കരുതി ദേവൻ അവളെ തന്നെ നോക്കി ഇരുന്നു.

പിന്നെയും അമ്പിളി എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു…

“അതിനു നീ എന്തിനാണ് ശുണ്ഠി കൂട്ടുന്നേ… നീ എന്റെ സംബന്ധക്കാരി ആണെങ്കിൽ ആകട്ടെ.. ഞാൻ സമ്മതിച്ചു പോരെ..”
ദേവൻ പൊട്ടിച്ചിരിച്ചു.

“ങാ.. ചിരിച്ചോ ചിരിച്ചോ..എന്റെ ഒരു വിധി. സംബന്ധം എങ്കിൽ സംബന്ധം. ഞാൻ എതിർക്കുന്നില്ലായെ… ”

അമ്പിളി ഒളികണ്ണിട്ടു ദേവനെ നോക്കി.

അമ്പിളിയുടെ കണ്ണുകളുടെ തിളക്കം ദേവനെ വല്ലാതെയാക്കി. ഈ നോട്ടത്തിൽ അവൾ എന്താണ് അർഥമാക്കുന്നത് ? ദേവൻ പതിയെ വിഷയത്തിൽ നിന്നും പുറത്തു കടന്നു.

“അതേ.. നമുക്ക് ഇടപ്പള്ളിയിലുള്ള വക്കീൽ ആപ്പീസിൽ ആണ് പോകേണ്ടത്. അതിനു മുൻപ് നിനക്ക് വല്ലതും കഴിയ്ക്കണോ? ഇനി ഡ്രൈവറോട് തിരക്കിയില്ല എന്ന് പറയരുത്..” ദേവൻ ചിരിച്ചു.

“അത് ശരി ഡ്രൈവറെ ഇഡലി സാമ്പാറിൽ ഒതുക്കാം എന്ന് കരുതേണ്ടട്ടോ. വൈകിട്ട് കണക്കു പറഞ്ഞു ഞാൻ മേടിയ്ക്കുന്നുണ്ട്.”

“ഓക്കേ ഓക്കേ ..മേടിച്ചോളൂ…”

“മേടിക്കുന്നില്ല കേട്ടോ… മനസ്സറിഞ്ഞു എന്റെ പുന്നാര എനിക്ക്….”, അവൾ മുഴുമിപ്പിച്ചില്ല.

അവളുടെ മുഖത്ത് അമ്പിളി വിരിഞ്ഞു..പൊട്ടിച്ചിരിക്കുന്ന അവളുടെ കൂർത്ത മൊടമ്പല്ലുകൾ അവളെ കൂടുതൽ കൂടുതൽ സുന്ദരിയാക്കി.

കാർ വൈറ്റില ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു പാലാരിവട്ടത്തേക്ക് റയിൽവേ മേൽപാലം കടന്നു പോകുമ്പോൾ അല്പം ദൂരെ റയിലിനോട് ചേര്‍ന്ന് ദേവന്റെ പഴയ ആഫീസ് കെട്ടിടം. സർക്കാർ ആപ്പീസിന്റെ എല്ലാവിധ ദാരിദ്രവും ആ ഓഫീസിന്റെ മതിൽ കെട്ടിനകത്തു കാണാം. ചെറുകിട വ്യവസായ സംരംഭകരുടെ നട്ടെല്ല് ഒടിച്ചു വിടുന്ന ആപ്പീസർമാർ. കുന്നുകൂടിയ അപേക്ഷകൾക്ക് നടുവിൽ മ പ്രസിദ്ധീകരണങ്ങൾ വായിച്ചിക്കുന്ന ആപ്പീസർമാർ. കയർ ഉത്പന്ന സൊസൈറ്റികളുടെ യന്ത്രവത്കരണ പ്രോജക്ടിന്റെ ഭാഗമായാണ് ദേവന് താത്കാലിക നിയമനം ലഭിച്ചത്. താലൂക്ക് വ്യവസായ വികസന ആപ്പീസിന്റെ കോണിൽ ഒരു കസേരയും മേശയും. ആഴ്ചയിൽ രണ്ടു ദിവസം ആണ് ആപ്പീസിൽ ബാക്കി ദിവസങ്ങൾ കയർ സൊസൈറ്റികളിലെ യന്ത്രവത്കരണ യൂണിറ്റുകളുടെ തുടക്കം സംബന്ധിച്ച ജോലികൾ. നിരവധി യാത്രകൾ. ആയിടയ്ക്കായിരുന്നു മാലതി ദേവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മാലതിയുമായി സ്നേഹബന്ധത്തേക്കാൾ ഉപരി നല്ല ഒരു കൂട്ടുകാരിയും, വിമര്‍ശകയും, ദേവന്റെ എല്ലാ കൊച്ചു കൊച്ചു സാഹിത്യ സൃഷ്ടിയുടെ ആദ്യ നിരൂപകയും, വായനക്കാരിയും കൂടിയാണ് മാലതി. ദേവന് ജോലി കിട്ടിയ ഉടനെ ധൃതി പിടിച്ചുള്ള കല്യാണം കൂടി ആയിരുന്നു അത്. വലിയ തറവാടിന്റെ രണ്ടു പാളി ജനൽവെട്ടം ഉള്ള ചായ്പ്പിലെ കുടുസ്സ് മുറിയിൽ നിന്നാണ് ജയദേവന്റെയും മാലിനിയുടെയും കുടുംബ ജീവിതം തുടങ്ങുന്നത്. താത്കാലിക ജോലിയിലെ തുശ്ചമായ വേതനത്തിൽ നിന്ന് കൊണ്ട്, മാലതിയുട പഠനവും, ഫീൽഡ് വർക്കിന്‌ പോയി പാസ്സായി കിട്ടാത്ത കുടിശിക കൂടിക്കൂടി വന്നു കൊണ്ടേ ഇരുന്നു. അതിന്റെ കൂടെ കുടുംബത്തിൽ ഇടയ്ക്കിടയ്ക്കുള്ള അമ്മയുടെ അമ്മായി അമ്മയിലേക്കുള്ള രൂപ മാറ്റവും. ദേവന്റെ എല്ലാവിധ കഷ്ടപ്പാടുകളുടെയും വിളക്കുകൾ ഒന്നിച്ചു തെളിയുന്ന ദിനങ്ങൾ.

ശ്രീക്കുട്ടിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് അമ്പിളിയെ വീട്ടിലേക്ക് കൊണ്ടുവരുവാൻ ഉള്ള ആലോചനകൾ തകൃതിയായി നടന്നത്. ഒരു ദിവസം ജോലി കഴിഞ്ഞു വൈകിട്ട് ചായ്പ്പിലേക്ക് പോകുന്ന വഴിയാണ്.

“ദേവൻ ഒന്ന് നിക്ക .. ” അച്ഛനാണ്.

“പല ദേവന്റെ എല്ലാവിധ കഷ്ടപ്പാടുകളുടെയും വിളക്കുകൾ ഒന്നിച്ചു തെളിയുന്ന ദിനങ്ങൾ കറങ്ങി തിരിഞ്ഞിട്ട് ആയാലും നിനക്കിപ്പോൾ പറയുവാൻ ഒരു ജോലി ഉണ്ട്. ശ്രീകുട്ടിയുടെ വിവാഹവും കഴിഞ്ഞു. ഞങ്ങൾക്ക് പ്രായം ആയി. അതുകൊണ്ട് ഒരു വിവാഹം ഒക്കെ ആകാം. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അറിയാവുന്ന ഒരു പെൺകുട്ടിയാണ് നല്ലതും. അമ്പിളി ആകുമ്പോൾ നിന്റെ കാര്യങ്ങളും അറിയാം. നീ എന്താണ് പറയുന്നത്”

“ഞാൻ ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. ജോലിയുടെ പ്രശ്ങ്ങൾ ഉണ്ട്.”

“അതിനു നിനക്കെന്നാണ് പ്രശ്ങ്ങൾ ഇല്ലാത്തത്. ഇതെല്ലാം നീയായിട്ട് ഉണ്ടാക്കിയ പ്രശ്നങ്ങൾ അല്ലേ? നാടിനു ഒരു രീതി ഉണ്ട് ആ രീതിയിൽ പോയാൽ ആരും പ്രശ്നം ആയി വരില്ല. അതുകൊണ്ട് പറയണത് അനുസരിച്ചു ഇവിടെ നിൽക്കാൻ നോക്കുക.”

“അമ്പിളിയും അങ്കിളും ഒക്കെ ഈ വീട്ടിൽ കയറി ഇറങ്ങിയ സമയമുണ്ട്, അന്നു അവരെ ആട്ടി പായിച്ചവർ ആണ് എല്ലാവരും. ഇന്ന് ഇപ്പോൾ എന്റെ മനസ്സിൽ അങ്ങിനെ ഒരു ബന്ധം ഇല്ല എന്ന് മാത്രം അല്ല, എനിക്ക് ഒരാളെ ഇഷ്ടവും ആണ്.” ഒറ്റ ശ്വാസത്തിന് ദേവൻ പറഞ്ഞു തീർത്തു.

“ഇഷ്ടം… അവിടെയും ഇവിടെയും തിണ്ണ നിരങ്ങി നടന്നിട്ടു വന്നിരിക്കുന്നു. ഒരുത്തിയെ ഇറക്കിവിട്ടതിന്റെ ബാധ്യതകൾ കിടക്കുന്നു. ഏതെങ്കിലും ഒന്ന് തീർത്തു നടുവ് നിവർക്കാനും ഈ കുരുത്തം കെട്ടവൻ സമ്മതിയ്ക്കില്ലലോ ഭഗവതീ.”

അമ്മയുടെ വേവലാതികൾ, ദേഷ്യവും, സങ്കടവും ആയി പുറത്തു വന്നു കൊണ്ടിരുന്നു.

ദേവൻ അകത്തു കയറി കുളിച്ചു ഡ്രസ്സ് മാറി ക്ഷേത്രത്തിലെ പതിവ് പരിപാടിയിലേക്ക് പോയി. ഒരുകാലത്ത് തള്ളിപ്പറയുക. അമ്പളിയുടെ അച്ഛന്‍ അറ്റാക്ക് വന്നു മരിച്ചപ്പോൾ പോലും ഒരു കോടി പട്ടു ഇടുവാൻ ഈ തറവാട്ടിൽ നിന്നും ആരും പോയി കണ്ടില്ല. ഇപ്പൊ അവൾ പഠിച്ചു ചെറുതെങ്കിലും ഒരു ക്ലിനിക്ക് ഇട്ടപ്പോൾ അവകാശം സ്ഥാപിക്കുവാനും, സ്ത്രീധനം വാങ്ങി കടം വീട്ടുവാനും തന്നെ ബലിയാടാക്കുന്നു. ക്ഷേത്രത്തിലെ സ്ഥിരം കബഡിയും, കസർത്തും ഒന്നും ദേവന് അന്ന് പരിചിതം അല്ലാതെയായി. കുട്ടിക്കാലത്തു ഉള്ളം കൈയ്യിൽ വച്ച് നടന്നത് തട്ടി തെറിപ്പിച്ചു കഴിഞ്ഞു. ഇന്ന് വാക്കു കൊണ്ടും, മനസ്സുകൊണ്ടും താൻ ഒന്ന് ഉറപ്പിച്ചിട്ടുണ്ട്. കുടുംബ വീട്ടിൽ നിന്നും പലതവണ പാലത്തിന്റെ പേരിൽ അകറ്റപ്പെട്ട താനിനി അടിയറവു വയ്ക്കണോ? ഈ ജീവിതം? ദേവന്റെ മനസ്സു കലങ്ങി മറിഞ്ഞു.

ഏറെ വൈകി വീട്ടിൽ തിരികെയെത്തിയ ദേവനെയും കാത്തു അച്ഛനും അമ്മയും പൂമുഖത്തു തന്നെ ഉണ്ടായിരുന്നു. ചായ്പ്പിലേയ്ക്ക് നടക്കുന്ന വഴിയിൽ അമ്മ തിരക്കി..

“നീ എന്ത് തീരുമാനിച്ചു..”

“ഞാൻ പറഞ്ഞല്ലോ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്. അവർ പണവും, പത്രാസും നോക്കാറില്ല. വലിയ ഡോക്ടറോ ഐഎഎസ് കാരോ അല്ല ഒന്നും അല്ല. ബി എഡ് നു പഠിക്കുന്നു. പിന്നെ ഒന്നുകൂടി… പണത്തിനും, പദവികൾക്കും ഡിഗ്രികൾക്കും ഒപ്പം നിലപാടുകൾ മാറ്റുവാൻ പാടില്ല എന്ന് ഈ അച്ഛൻ തന്നെ ആണ് എന്നെ പഠിപ്പിച്ചത്. ഞാൻ ഇന്നും അത് മറന്നിട്ടില്ല”

ദേവൻ ചായ്‌പിന്റെ കുറ്റി ഇട്ടു.

പുറത്തു എന്തെല്ലാമോ വഴക്കും പഴിചാരലും നിത്യ പൂജ കണക്കേ തുടർന്ന് കൊണ്ടിരുന്നു. ഓർമ്മ വച്ച കാലം മുതൽ ഓടി കളിച്ച മണ്ണാണ്. കൗമാര സമയത്തു അല്ലറ ചില്ലറ കൂട്ടും, കുടിയുമുണ്ടായിരുന്നു. പക്ഷെ താനിന്നു വരെ ഈ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കിയിയിട്ടുണ്ടോ? സഹോദരങ്ങൾ ഉന്നത വിദ്യാഭ്യാസം ചെയ്തു, തൊഴിൽ നേടി വിവാഹം കഴിഞ്ഞു. വീടിന്റെ അധികാരത്തിലേക്ക് പുതിയ അംഗങ്ങൾ കടന്നു വന്നു. സാധാരണ ഒരു ഹിന്ദു കുടുംബത്തിൽ നടക്കുന്ന മരുമക്കൾ മാഹാത്മ്യം ആണ് തന്നെ ഒറ്റപ്പെടലിലിന്റെ തുടക്കം. ആറു വർഷത്തെ ദൂര യാത്രകളിൽ നിന്നും, ഒറ്റപ്പെടലിൽ നിന്നും നാട്ടിൽ ഒന്ന് വേരുറപ്പിക്കാം എന്ന് കരുതുമ്പോൾ അടുത്ത മാരണം തലയിൽ കയറുന്നു. കുടുസ് ചായ്‌പിൽ നിന്നും ഇനിയും എത്ര കണ്ടു താൻ ഇനി ഇരുളിലേക്ക് മറയണം. താനിന്നു ജോലി സ്ഥലത്തു സ്ഥിരമായി കാണുന്ന നിർധനരായ കയർ തൊഴിലാളികളുടെ ജീവിതത്തേക്കാൾ എത്രയോ കഠിനമായ ഇഴകൾ കൂട്ടി ആണ് തന്റെ ജീവിതം പിരിച്ചു വച്ചിരിക്കുന്നത്. നേരം ഒന്ന് വെളുത്തു കിട്ടിയാൽ ഈ ഇരുട്ട് മുറിയിൽ നിന്നും വെളിയിൽ കടക്കാമായിരുന്നു.

പതിവ് പോലെ അതിരാവിലെ പാടത്തും പറമ്പിലും ചുറ്റി വന്നു. കൂടെ തൊടിയിൽ വീണ തെണ്ടയും, ഓലയും വലിച്ചു കൂട്ടി വരുമ്പോൾ അടുപ്പത്തു കഞ്ഞി ഊറ്റുവാൻ പാകം ആയിരുന്നു. വാഴകൂമ്പു കൊണ്ട് ഒരു തോരനും, സാമ്പാറും ഉണ്ടാക്കി വച്ച് ദേവൻ ജോലിക്കു പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. തിരുമേനി അതിരാവിലെ പശുവിനെ കറന്നു വീട്ടാവശ്യത്തിനുള്ള പാൽ അടുക്കളപുറത്തെ വരാന്തയിൽ വച്ചിട്ടുണ്ട്. കുളികഴിഞ്ഞു ചായ ഉണ്ടാക്കി വച്ച് ഉച്ചത്തേയ്ക്കുള്ളതു പാക്ക് ചെയ്തു എടുക്കുമ്പോള്‍ അമ്മ ഉണർന്നു കഴിഞ്ഞിരുന്നു.

“ഇന്നലെ പറഞ്ഞ കാര്യത്തിന് ഇന്ന് അവർക്കു മറുപടി നൽകണം. നീ എന്ത് തീരുമാനിച്ചു? അവിടുത്തെ തറവാട് അവളുടെ പേരിൽ ആണ്. പതിനഞ്ചു സെന്റ് ഭൂമിയും, ചന്ദ്രൻ മരിച്ചപ്പോ അവന്റെ ജോലി ഇളയവൾക്കാണ് കൊടുത്തതു. അവർ കുറച്ചു പൈസ തരും അത് കൊണ്ട് ശ്രീകുട്ടിയ്ക്ക് ഇവിടെ ഒരു വീട് വയ്ക്കാം. അവർക്കു ഒറ്റ കരാർ ആണ് ഉള്ളത്. നീ അവിടെ നിൽക്കണം”

“ഞാൻ എവിടെയും നില്‍ക്കുന്നില്ല. പോരെ ..ഞാൻ എന്റെ തീരുമാനം ഇന്നലെയെ പറഞ്ഞു. ഇനി ശ്രീ കുട്ടിയ്‌ക്കോ, വത്സയ്‌ക്കോ, ഓപ്പോളിനോ ആർക്കു വേണമെങ്കിലും ഇവിടെ എവിടെ വേണേലും വീട് പണിയാം. എനിക്ക് ഒരു എതിരഭിപ്രായവും ഇല്ല”

“അതിനു നിന്റെ അഭിപ്രായം ആരെങ്കിലും ചോദിച്ചോ?ഞങ്ങൾ അവരോടു എന്താണ് പറയേണ്ടത്?”

” ഞാൻ പറഞ്ഞില്ലേ..അത് തന്നെയാണ് എനിക്ക് പറയുവാനുള്ളത്. ഞാൻ എങ്ങോട്ടും ദത്തു പോകുന്നില്ല എന്നാണു പറഞ്ഞത്. അങ്ങിനെ പോകുന്നതിലും നല്ലത് …”

ദേവൻ പറഞ്ഞു മുഴുമിപ്പിക്കാതെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.

സ്റ്റാൻഡിൽ നിന്നും സൈക്കിൾ ഇറക്കി എങ്കിലും ദേവനത് തിരികെ വച്ചു. പതിനൊന്നു വര്‍ഷം മുൻപ് അച്ഛൻ വാങ്ങിത്തന്ന സൈക്കിളാണ്. ഇനി ഇത് ഇവിടെ ഇരിക്കട്ടെ. സ്വന്തമായി ഒരു സൈക്കിൾ പോലും വാങ്ങുവാൻ കഴിയാത്ത തന്നെ ഇന്ന് മാടിനെ പോലെ വിലപറഞ്ഞു വിൽക്കുന്നു. പഴയ തറവാട് ചരിത്രങ്ങൾ വീണ്ടും കൈമാറി വരുന്നു. താത്കാലികമായ ഒരു ജോലിയുടെ ബലത്തിൽ സ്വത്തിനു വണ്ടി ഒരാളെ എങ്ങിനെ വഞ്ചിക്കുവാന്‍ കഴിയും. പണ്ട് നിരവധി തവണ അമ്പിളിയുടെ വീട്ടു മുറ്റത്തു ചെന്ന് തന്റെ ആഗ്രഹം പറഞ്ഞപ്പോഴും പുറം കാൽ കൊണ്ട് തട്ടി കളഞ്ഞവർ ആണ്. പിന്നീടങ്ങിനെ ഒരു ആഗ്രഹം പോലും മനസ്സിൽ കരുതിയിട്ടില്ല. തന്നെ സ്നേഹിക്കുന്ന മറ്റൊരു പെൺകുട്ടിയെ എങ്ങിനെ വഞ്ചിക്കാന്‍ കഴിയും.

“ഹലോ ..മാഷേ ..മാഷെ…” അമ്പിളിയാണ് വിളിക്കുന്നത്..

“ങാ…” ദേവൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു..

“എന്താ…”

“ഇതെന്താണ് ..ഉറങ്ങിപ്പോയോ…. വക്കീൽ ഓഫീസെത്തി. ശ്ശെടാ, ആരേലും പൊക്കിക്കൊണ്ട് പോയാലും അറിയില്ലലോ..”

അവളുടെ കണ്ണുകളിൽ ഒരു കുസൃതിച്ചിരി വിടർന്നു.

“എന്തായാലും കൊച്ചിക്കാരുടെ മാനം ഏട്ടൻ രക്ഷിച്ചു. ഈ കുണ്ടിലും കുഴിയിലും, മണവും ഏറ്റു സുഖനിദ്ര കിട്ടുന്ന ആദ്യ മഹാനാണ് ..എന്റെ ഈ ചക്കര”

അമ്പിളിയുടെ വാചാലത ദേവനെ ഭയപ്പെടുത്തി. ഇവൾ ഇടയ്ക്കൊക്കെ ലൈസൻസ് ഇല്ലാത്ത പെരുമാറ്റം ആണ്. പണ്ടേ കുസൃതി ആണെങ്കിലും ഇപ്പോൾ അതിന്റെ ഭാവവും മാറിയിരിയ്ക്കുന്നു.

“ഏട്ടൻ പോയിട്ടുവാ. ഞാനിവിടെ ലേഡീസ് സ്റ്റോറിൽ കയറട്ടെ”

“ഏയ് അത് പറ്റില്ല. അവിടെ എനിക്ക് വിറ്റ്നസ് ഒപ്പിടാൻ ആള് വേണം. നീയും വായോ”

“എന്താണ് കോള്… മാലിനി ചേച്ചിയെ ബൈബൈ പറഞ്ഞോ …ഹ ഹ”

അവൾ കുലുങ്ങി ചിരിച്ചു കൊണ്ടിരുന്നു.

വക്കീൽ ആപ്പീസിന്റെ പടി കയറുമ്പോൾ അമ്പിളിയുടെ ചന്ദന മണമുള്ള കൈകൾ ദേവനെ തട്ടി കൊണ്ടിരുന്നു. ഇവൾ ഇത് മനപൂർവം ആണോ ചെയ്യുന്നേ..ദേവൻ ആലോചിച്ചു.

ഹൈഹീല്‍ഡ് ചെരുപ്പിൽ സ്റ്റെപ്പുകൾ കയറുവാൻ അവൾ പണിപ്പെട്ടു. അവൾ അറിയാതെ ദേവന്റെ കൈകളിൽ മുറുകെ പിടിച്ചു. ഇവൾക്ക് എന്നാണ് ഇത്ര മാത്രം ധൈര്യം ലഭിച്ചത്. അമ്പിളിയുടെ നീണ്ട നഖങ്ങൾ ദേവന്റെ കൈത്തണ്ടയിൽ ഇറുകി കൊണ്ടേ ഇരുന്നു.

അപ്പോഴാണ് ദേവന് മനസ്സിലായത് അവൾ പടികെട്ടുകൾ കയറുവാൻ നന്നേ പണിപ്പെടുന്നുണ്ട്.

“എന്തേ നിനക്ക് സുഖമില്ലേ. ഈ കുന്തം പോലത്തെ ചെരുപ്പിട്ടാൽ എങ്ങിനെ നടക്കുവാൻ കഴിയും..”

” സാരമില്ല… ഞാൻ ഒക്കെ ആണ് ”

വക്കീൽ ആപ്പീസിലെ തണുത്ത റിസപ്ഷനിൽ ഇരിക്കുമ്പോൾ അമ്പിളിയുടെ സ്വർണ്ണ നിറമുള്ള നനുത്ത മീശരോമങ്ങളിൽ വിയർപ്പു പൊടിയുന്നത് ദേവൻ കണ്ടു.

“അമ്പിളീ..നിനക്കെന്താ വെള്ളം കുടിക്കണോ? വയ്യേ നിനക്ക്?”

“ഇല്ല ഇല്ല ..പടി കയറിയപ്പോൾ നടുവ് വല്ലാണ്ടെ ആയി അതാ..”

“ഓകെ, നീ വെള്ളം അല്പം കുടിക്കൂ” ദേവൻ ഒരു ഗ്ളാസ്സ് വെള്ളം അവൾക്കു നേരെ നീട്ടി.

തിളങ്ങുന്ന കണ്ണുകളോടെ അവൾ അത് വാങ്ങി. ദേവന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു.

ദേവന് ആകെ വിഷമമായി. ഇവൾക്ക് വീണ്ടും ഡിസ്കിന്റെ അസ്ക്യത തുടങ്ങിയോ? ഒരു ജീവിതത്തിന്റെ തുടക്കവും ഒടുക്കവും, സ്വപ്നങ്ങളുടെ മേലാപ്പുകൾ പൊടിഞ്ഞു വീണതിന്റെയും ചിരിക്കുന്ന, കുസൃതിയായി ഇന്നും വിലസുന്ന അമ്പിളി വേദനകൊണ്ടു പുളയുന്നതായി ദേവന് മനസ്സിലായി.

അവളുടെ മിഴികൾ ഈറനണിയുന്നത് ദേവനെ വല്ലാതെ നൊമ്പരപ്പെടുത്തി…

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top