ഫ്രാന്‍സില്‍ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണിച്ച അധ്യാപകനെ വെട്ടിക്കൊന്നു

പാരീസ്: ഫ്രാൻസിലെ ഒരു മിഡിൽ സ്‌കൂൾ ചരിത്ര അധ്യാപകനെ സ്‌കൂളിന് സമീപം നടുറോഡില്‍ വെട്ടിക്കൊന്നു. ഈ മാസം ആദ്യം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ വിദ്യാർത്ഥികളെ അദ്ദേഹം കാണിച്ചിരുന്നു. അത് മതനിന്ദയാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.

ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഏതാനും തെരുവുകൾ അകലെ പോലീസ് പട്രോളിംഗില്‍ അക്രമിയെ വെടിവെച്ചുകൊന്നു. മധ്യ വടക്കൻ പാരീസിലെ കാൺഫ്ലാൻസ്-സെയ്‌ന്റ് ഹോണറിൻ സ്കൂളിന് സമീപമാണ് അദ്ധ്യാപകനെ കൊലപ്പെടുത്തിയത്.

ചരിത്ര അധ്യാപകൻ ക്ലാസിനിടയിൽ പ്രവാചകന്റെ ചിത്രം കാണിച്ചതാണ് അക്രമിയെ കൊലപാതകത്തിന് പ്രേരിപ്പിച്ച സംഭവം എന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാംമത വിശ്വാസ പ്രകാരം പ്രവാചകന്റെ ചിത്രം വരയ്ക്കുന്നതോ പ്രദർശിപ്പിക്കുന്നതോ വിലക്കപ്പെട്ടതായതിനാൽ, ഇസ്ലാംമത വിദ്യാർഥികളെ മാറ്റി നിർത്തി മറ്റുള്ള വിദ്യാർഥികൾക്കാണ് അധ്യാപകൻ പഠനത്തിന്റെ ഭാഗമായി ചിത്രം കാണിച്ച് കൊടുത്തത്. റോഡിൽ പരസ്യമായാണ് വലിയ കത്തിയുമായി എത്തിയ അക്രമി അധ്യാപകന്റെ കഴുത്തറുത്തത്. നിമിഷനേരം കൊണ്ട് സ്ഥലത്തെത്തിയ ഫ്രഞ്ച് പോലീസ് കത്തിയുമായി നിന്ന അക്രമിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ഫ്രാൻസിൽ മതവിമർശനം നിയമവിധേയമാണ്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം മത സ്വാതന്ത്ര്യത്തിനു മുകളിലാണെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഈയിടെ പ്രഖ്യാപിച്ചിരുന്നു. 2015-ൽ, ഫ്രാൻസിൽ പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് പ്രശസ്തമായ ചാർലി ഹെബ്ദോ മാഗസിന്റെ ഓഫീസിൽ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment