ന്യൂജഴ്സി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യൂജെഴ്സിയില്‍ പ്രതിഷേധം. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ ഒക്ടോബര്‍ 10-നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സ്വന്തം മാതാപിതാക്കള്‍ക്കുപോലും ഒരുനോക്ക് കാണാന്‍ അവസരം നല്‍കാതെ അര്‍ധരാത്രിയില്‍ തന്നെ ചിതയൊരുക്കി തെളിവുകള്‍ നശിപ്പിക്കുന്നതിനു നേതൃത്വം നല്കിയ ഉത്തര്‍പ്രദേശ് പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളെ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ നിശിചതമായി വിമര്‍ശിച്ചു.
പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി രക്ഷപ്പെട്ട പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് യുപി ഗവണ്മെന്റ് സ്വീകരിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. ഐഎഎംസി ന്യൂജെഴ്സി യൂണിറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്ത്യ സിവില്‍ വാച്ച്, സാധന, സ്റ്റുഡന്റ്സ് എഗെയ്ന്‍സ്റ്റ് ഹിന്ദുത്വ ഐഡിയോളജി, മുസ്ലീം ഫോര്‍ പ്രോഗ്രസീവ് വാല്യൂസ് എന്നീ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേമായി ജനങ്ങളെ സേവിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ആദിത്യനാഥ് എന്ന് ഐഎഎംസി ജനറല്‍ സെക്രട്ടറി ജാവേദ് ഖാന് കുറ്റപ്പെടുത്തി. യുപി ഗവണ്മെന്റിനെതിരായും, മുഖ്യമന്ത്രിക്കെതിരായും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചാണ് സമരത്തില്‍ പങ്കുചേര്‍ന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news