Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 17) ജീവനാംശം

October 20, 2020 , ജയശങ്കര്‍ പിള്ള

കൈമൾ വക്കീലിന്റെ ആപ്പീസും ആയി ദേവന് വര്‍ഷങ്ങളുടെ ബന്ധം ഉണ്ട്. നിരവധി പ്രഗത്ഭരായ അഭിഭാഷകരെയും, അഭിഭാഷകനായ ജനപ്രതിനിധി വരെയും ഇവിടെ നിന്ന് കോടതി മുറികളിൽ വിലസിയിട്ടുണ്ട്.

ദേവന്റെയും, സുഹൃത്തുക്കളുടെയും ഒക്കെ നിരവധി കേസുകൾ ഈ വക്കീൽ ആപ്പീസിലൂടെ ആണ് തീർപ്പു ആയി പോയിട്ടുള്ളത്. ആപ്പീസിലെ ശിപ്പായി കൊണ്ടുവന്ന തണുത്ത വെള്ളം കുടിച്ചു കഴിഞ്ഞപ്പപ്പോൾ തന്നെ അമ്പിളിയ്ക്കു തെല്ലു ആശ്വാസം ഉള്ളത് പോലെ ദേവന് തോന്നി. കാത്തിരിപ്പുകാർക്കു വേണ്ടി ഒരുക്കിയ ചെറിയ മുറിയിൽ തൂങ്ങിയാടുന്ന പെന്റുലം ക്ളോക്കിൽ പതിനൊന്നു മണി കഴിയുന്നു.

നീണ്ട പതിമൂന്നു വർഷത്തെ കേസിന്റെ വിധി പകർപ്പിനായി കാത്തിരിയ്ക്കുന്ന വാദിയ്ക്കു അറിയില്ല ഇങ്ങനെ ഒരു വിധി ഉണ്ടായതും, അതിന്നായി കേസുകൾ നടന്നതും.

“സാറ് വിളിയ്ക്കുന്നുണ്ട് ” ശിപായി ആണ്.

“ങാ. ശരി ” അമ്പിളിയെ കൂട്ടി വക്കീലിന്റെ മുറിയിലേക്ക് നടക്കുമ്പോൾ വര്‍ഷങ്ങള്‍ക്കു മുൻപേ പരിചിതമായ അതെ മുറികൾ, തീർപ്പുകൾ കാത്തുകിടക്കുന്ന നിരവധി കേസുകളുടെ കെട്ടുകൾ.

നീണ്ട കോറിഡോറിന്റെ അറ്റത്തു ആപ്പീസിന്റെ വാതിൽ തുറന്നു സ്വീകരിക്കുവാന്‍ നിൽക്കുന്ന ആ വെള്ള സാരിക്കാരി തന്റെ പഴയ സഹ ബഞ്ചുകാരി കൂടി ആണെന്നുള്ള സന്തോഷത്തിൽ ആണ് ദേവൻ.

വർഷങ്ങളോളമായി ഒരേ കേസിന്റെ കാര്യത്തിൽ യാതൊരു വിധ കണക്കുകളും പറയാതെ നേരിന് വേണ്ടി വാദിക്കുന്ന അഭിഭാഷക. ആത്മ ബന്ധങ്ങൾക്കും, വ്യക്തി സുഹൃത്ത് ബന്ധങ്ങൾക്കും മൂല്യം കാണുന്ന ദേവന്റെ ഇഷ്ട സുഹൃത്തുക്കളിൽ ഒരാൾ ..സുജാത.

“ഹായ് സുജ ഗുഡ് മോർണിംഗ്” ദേവന്റെ ഉപചാരങ്ങൾക്കു കാത്തു നിൽക്കാതെ അഡ്വ.സുജ മുന്നോട്ട് കടന്നു വന്നു..

“ഹായ് ഇതാരാണ്, പഴയ ആ ജയദേവനെ അല്ലാലോ, എന്തായാലും ആളെ ഒന്ന് കാണുവാൻ കഴിഞ്ഞല്ലോ?”

കുശല പ്രശ്നങ്ങൾക്ക് അധികം ഇടം നൽകാതെ സുജ നൽകിയ പേപ്പറുകളിൽ ദേവൻ അമ്പിളിയുടെ കൈയൊപ്പുകൾ വാങ്ങിച്ചു. എന്തിനാണ് എന്ന് പോലും തിരക്കാതെ അവൾ വക്കീൽ പറയുന്നിടത്തു ഒപ്പു വരച്ചു കൊണ്ടേ ഇരുന്നു. സാക്ഷി ഒപ്പിടുവാൻ എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുവന്നത് എന്തിനു എന്ന് അമ്പിളിയ്ക്കു ഇതുവരെ മനസ്സിലായിട്ടില്ല എന്ന് ദേവന് അറിയാം.

അമ്പിളി ഒപ്പു വച്ച പേപ്പറുകൾ വാങ്ങി വക്കീൽ മേശപ്പുറത്തെ ബെല്ലിൽ വിരലമർത്തി.

“ഈ പേപ്പറുകളുടെ ഒരു കോപ്പി കവറിൽ ഇട്ടു എടുത്തിട്ടു വായോ”

“അമ്പിളീ.. പ്രാക്ടീസ് ഒക്കെ എങ്ങിനെ പോകുന്നു?”

സുജ ഓരോ വിശേഷങ്ങൾ ചോദിക്കുവാന്‍ തുടങ്ങി

“കുഴപ്പം ഇല്ല”

“എനിക്ക് അമ്പിളിയെ നേരത്തെ അറിയാം. ഞാനും ദേവനും ഒക്കെ നഴ്സറി ക്‌ളാസ് മുതൽ ഒന്നിച്ചാണ്. കോളേജ് വരെ.”

“ആണോ”.അമ്പിളിയ്ക്കു അതിശയം തോന്നി.

“ഇപ്പോൾ സന്തോഷമായില്ലേ”

ഗുമസ്തൻ കൊണ്ടുവന്ന കവറും, ഒരു താക്കോലും കൂടി അമ്പിളിയുടെ കൈയ്യിൽ വച്ച് കൊടുത്തു വക്കീൽ ചോദിച്ചു. അമ്പിളി അതിശയത്തോടെ ദേവനെയും, വക്കീലിനെയും നോക്കി. ഇതെന്താണ് എന്ന് അവൾക്കു ഒട്ടും മനസ്സിലായില്ല.

“ഇതെന്താണ്….”പരുങ്ങലോടെ അമ്പിളി തിരക്കി.

“അല്ല ദേവനൊന്നും ഈ കുട്ടിയോട് പറഞ്ഞില്ലേ..? എന്താണെന്ന് അറിയാതെയാണോ ആ പേപ്പറുകളിൽ എല്ലാം ഒപ്പു വെച്ചത്?”

വക്കീലിനു ചിരി അടക്കാൻ കഴിഞ്ഞില്ല.

“അമ്പിളീ ..നീ അത് രണ്ടു കൈയും നീട്ടി വാങ്ങിക്കൂ. അത് നീ സൂക്ഷിയ്ക്കേണ്ട ഒന്നാണ്”

ദേവൻ ഇത്രയും പറഞ്ഞു പേപ്പറും താക്കോലും വാങ്ങി അവളുടെ കൈയ്യിൽ വച്ച് കൊടുത്തു.

“കഴിഞ്ഞ പതിമൂന്നു വര്‍ഷമായി നഷ്ടപ്പെട്ടു എന്ന് കരുതിയ പൊന്നും പണവും ആണ് ഇത്. നീ അറുത്തു മുറിച്ച താലിച്ചരടിന് ഒപ്പം നിനക്ക് ലഭിക്കാതിരുന്ന നിന്റെ പൊന്നും പണവും. ഇവൻ അതിന്റെ പിറകെ നടന്നു കേസ് പറഞ്ഞു കിട്ടിയത്. ഇപ്പൊ മനസ്സിലായോ”..സുജ വിശദീകരിച്ചു..

വക്കീലിന്റെ മറുപടി കേട്ട് അമ്പിളി ഞെട്ടിപ്പോയി. അപ്പൊ താൻ ഒപ്പു വച്ചതു മുഴുവൻ തന്റെ തന്നെ കടലാസുകളിൽ ആയിരുന്നോ… അവൾക്കു വിശ്വസിക്കാനായില്ല.

വെറും നാല് ദിവസം കൊണ്ട് താൻ വേണ്ടെന്നു വെച്ച ഭർത്താവും, ഭർതൃ ഗൃഹവും, അവർ തട്ടിയെടുത്ത തന്റെ ആഭരണങ്ങൾ, പണം എല്ലാം, തിരികെ ലഭിച്ചു എന്നോ? നാട്ടു പ്രമാണിമാരും, കരയോഗവും ഒക്കെ തന്നെ പഴിച്ചു അന്യാധീനമായിപ്പോയ തന്റെ ആഭരണങ്ങൾ, താൻ തന്നെ അന്നേ നഷ്ടപ്പെട്ടു എന്ന് കരുതി ഉപേക്ഷിച്ചതും, മറന്നതും ആയ സ്വത്തും, വ്യവഹാരവും. അവൾക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല.

ദേവനുമായിട്ടുള്ള വിവാഹത്തിന് ദേവന്റെ സമ്മതം ഇല്ലാതെ വന്നപ്പോൾ ആണ് അമ്മയും അമ്മാവനും കൂടി കൊണ്ട് വന്ന ബന്ധത്തിന് അമ്പിളി സമ്മതിച്ചത്. ഹോമിയോ ഡിഗ്രി കഴിഞ്ഞു കോട്ടയത്ത് എം ഡി ചെയ്യുവാൻ തയ്യാറായി നിൽകുമ്പോൾ ആണ് വിവാഹ കാര്യവും പറഞ്ഞു അമ്മ അമ്പിളിയെ സമീപിക്കുന്നത്. ദേവനല്ലാതെ ഒരു ബന്ധം വേണ്ട എന്ന കടും പിടുത്തത്തിൽ നിൽക്കുമ്പോൾ വിദേശത്തു പഠിച്ച, അവിടെ ബിസിനസ്സ് ഉള്ള രക്ഷകർത്താക്കളുടെ ഏക മകൻ, വിദേശത്തു ക്ലിനിക്ക് തുടങ്ങും എന്നൊക്കെ പറഞ്ഞു മോഹിപ്പിച്ചാണ് അമ്പിളിയെ ധനികനായ മധുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത്. ആദ്യരാത്രിയിൽ തന്നെ കൂട്ടുകാർക്കു മദ്യം വിളമ്പാനും, അവർക്കൊപ്പം കുടിയ്ക്കാനും ഒക്കെ നിർബന്ധിതയായ അമ്പിളിയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഭർതൃ ഗൃഹത്തിലെ ആദ്യത്തെ നാല് രാത്രികൾ. അനാവശ്യ കൂട്ട് കെട്ടുകളും, മദ്യവും, മയക്കു മരുന്നും തലയ്ക്കു പിടിച്ച ധനികനായ ഭർത്താവിന്റെ പീഡനങ്ങളിൽ നിന്നും ബലാൽകാരമായി തന്നിൽ നിന്നും നേടി എന്ന് അയാൾ വിശ്വസിക്കുന്ന പുരുഷത്വത്തിൽ നിന്നും മോചനവും, രക്ഷയും തേടി അമ്പളി എല്ലാം ഉപേക്ഷിക്കുകയായിരുന്നു. നാല് ദിവസം കഴിഞ്ഞു വധൂഗൃഹത്തിലേക്ക് വന്ന അമ്പിളി പിന്നീട് മധുവിന്റെ വീട്ടിലേക്ക് തിരികെ പോയില്ല. അവരുടെ നിരന്തരമായ ആവശ്യങ്ങൾ അമ്മയുടെയും, അനിയത്തിയുടെയും ഒന്നും ഉപദേശങ്ങൾ വക വയ്ക്കാതെ കോട്ടയത്തെ കോളേജ് ഹോസ്റ്റലിൽ അവൾ അഭയം പ്രാപിച്ചു. അന്ന് വീട്ടുകാർ നൽകിയ സ്ത്രീധനമോ, പൊന്നോ ഒന്നും അമ്പിളി ഓർത്തതെ ഇല്ല. ബലാൽക്കാരമായി പലതവണ പിടിച്ചു വാങ്ങിയ തന്റെ സ്ത്രീത്വത്തിനു മുൻപിൽ അവൾക്കു അവളുടെ അമ്മ നൽകിയ പണമോ, കൂട്ടിച്ചേർത്ത ബന്ധമോ ഒന്നും അല്ലായിരുന്നു. അമ്മ പലതവണ കരയോഗം ആയി ബന്ധപ്പെട്ടു സ്ത്രീധനം തിരികെ ചോദിച്ചു എങ്കിലും, ഒന്നും രേഖയിൽ ഇല്ല എന്ന് പറഞ്ഞു മധുവിന്റെ വീട്ടുകാർ ഒഴിഞ്ഞു മാറി. കാലക്രമത്തിൽ അമ്പിളിയും അത് മറന്നു. ഇടയ്ക്കു തനിക്ക് തന്റെ ഭർത്താവ് ബലമായി നൽകിയ “ഡിസ്ക്” ന്റെ പ്രശ്ങ്ങളും, കഠിനമായ വേദനയും, ചികിത്സയും നൽകുന്ന നൊമ്പരം അവളിൽ തന്റെ ഭർത്താവിനോടും, കുടുംബത്തോടും ഉള്ള ദേഷ്യവും, നൊമ്പരപ്പെടുത്തുന്ന ഓർമ്മകളും, വെറുപ്പും ആക്കം കൂട്ടികൊണ്ടിരുന്നു. പിന്നീട് അതും ഒരു ശീലം ആയപ്പോൾ ആണ് ദേവൻ ഇന്ന് നൽകിയ ഈ ഉപഹാരം. അവൾക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.

സത്യത്തിൽ ദേവനെ ആരായിട്ടാണ് താൻ കാണേണ്ടത്. ചേട്ടനോ, അച്ഛന്റെ സ്ഥാനത്തോ, അതോ..തന്റെ മനസ്സിൽ ഇന്നും പൂവിട്ടു നിൽക്കുന്ന തന്റേതു മാത്രം എന്ന പദവിയിലോ ?

“നീ എന്തിനാണ് കരയുന്നത്? ഇത് നിനക്ക് അവകാശപ്പെട്ടതാണ്. വക്കീൽ അത് വാങ്ങി ലോക്കറിൽ വച്ചിട്ടുണ്ട്. ഇനി പഴയതു ഒന്നും ഓർത്തു മനസ്സു വിഷമിക്കുകയും വേണ്ട. എല്ലാം നല്ലതിനാണ് ”

ദേവനിതു പറഞ്ഞു തീർന്നതും അമ്പിളി ദേവനെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.

എല്ലാം അറിയാവുന്ന വക്കീൽ അമ്പിളിയെ കസേരയിൽ പിടിച്ചു ഇരുത്തി.

“അമ്പിളീ..നീ എടുത്ത തീരുമാനം എത്രയോ നന്നായി? അതുപോലെ ഒരു മനുഷ്യന്റെ കൂടെ കഴിഞ്ഞു സ്വന്തം ജീവിതം ഹോമിച്ചില്ലലോ. പെൺകുട്ടികൾക്ക് വേണ്ടത് ആ ധൈര്യം ആണ്. നീ ഇങ്ങനെ തൊട്ടാവാടി ആയാലോ? ദേവൻ നിനക്ക് അവകാശപ്പെട്ടത് വാങ്ങി തന്നു എന്ന് മാത്രം കരുതി സന്തോഷിക്കുക. ഒന്നും ഇല്ലെങ്കിലും നിനക്ക് ഇങ്ങനെ ഒരു തുണ ഉണ്ടല്ലോ? ധൈര്യമായിരിക്കൂ…”

“എന്നാലും.. സുജേച്ചി…ഞാൻ അല്ലെ ഈ ഏട്ടനെ തള്ളി പറഞ്ഞത്. എന്നിട്ട്…”

“ഒരു എന്നാലും ഇല്ല. ഇവന് ഒരു കാലത്തു നിന്നെ ഇഷ്ടമായിരുന്നു. ആ വീടുമായി ഇപ്പോഴും അവനു ഒരു ആത്മ ബന്ധം ഉണ്ട്. അവൻ അവന്റെ കടമ മാത്രം ആണ് ചെയ്തത്. ഇനി നിന്റെ അനിയത്തിക്ക് ആണെങ്കിലും അവൻ ഇത് തന്നെയേ ചെയ്യൂ.. ഈ കുട്ടി ദേവനെ ഞങ്ങൾ കുഞ്ഞിലേ കാണുന്നത് അല്ലെ…”

സുജ വക്കീൽ തന്റെ കുട്ടിക്കാല സഹബഞ്ചുകാരനെ കുറിച്ച് വാതോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.

“എന്നാൽ നമുക്ക് പോയാലോ, ഓപ്പോളിന്റെ കുറച്ചു ആവശ്യങ്ങൾ കൂടി ഉണ്ട്” ദേവൻ പോകാനിറങ്ങി

“എടാ ദേവാ…വക്കീൽ ഫീസ് നീ ഇവളോട് ചോദിച്ചു വാങ്ങിച്ചോളണം കേട്ടോടാ…” അമ്പിളിയുടെ ചുമലിൽ തട്ടി സുജ വക്കീൽ പൊട്ടി ചിരിച്ചു.

“ഓ ..ശരി ശരി …എടി സുജേ ഇവള് ആ ഫീസൊക്കെ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുൻപേ തന്നു തീർത്തതാണ്.. പിന്നെ ഇപ്പോഴും എന്നോട് ഒരു വിശ്വാസവും, സ്നേഹവും ഒക്കെ ഇവൾക്കുണ്ട് ..അല്ലേടി തൊട്ടാവാടി ”

അത് പറഞ്ഞു തീർന്നതും അമ്പിളിയുടെ മുഖത്ത് പഴയ കുസൃതിച്ചിരി വിടർന്നു. അവളുടെ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കം അവളെ കൂടുതൽ സുന്ദരിയാക്കി ..

വക്കീൽ ആപ്പീസിൽ നിന്നും ഇറങ്ങി തിരികെ വരുമ്പോൾ അമ്പിളി പതിവിലും സന്തോഷവതിയായിരുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണ്ടവും പണവും പതിറ്റാണ്ടു കഴിഞ്ഞു തിരികെ കിട്ടിയിരിക്കുന്നു. വീട്ടിൽ ഇരുന്നുള്ള പ്രാക്ടീസും, മൂന്നു ദിവസം ക്ലിനിക്കിൽ പോയാൽ കിട്ടുന്നതും കൊണ്ട് തട്ടിമുട്ടിയാണ് കാര്യങ്ങൾ നടന്നിരുന്നത്. കാറും, സ്‌കൂട്ടറും, മറ്റു കാര്യങ്ങളും കൂടി ആകുമ്പോൾ അമ്മയുടെ പെൻഷനുംകൂടി ചേർത്താലും തികയറില്ല.

“സാറേ ..ഇന്ന് എന്റെ ചിലവ്..സാറിനു എന്താണ് വേണ്ടത്”

അമ്പിളിയുടെ ചോദ്യം കേട്ട് ദേവൻ ചിരിച്ചു..

“എന്താ ചിരിക്കുന്നെ… പറ എന്താ വേണ്ടേ ..”

“അതോ…ങാ ..ഒന്നും വേണ്ട. നമുക്ക് രാജധാനിയിൽ നിന്നും ഓരോ മസാല ദോശ അടിച്ചാലോ”

രാജധാനിയിൽ നിന്നും കാപ്പി കുടിച്ചിറങ്ങി നേരെ അടുത്തുകണ്ട ആഭരണക്കടയിലേക്ക് കയറി. നാളെ കാതു കുത്തലിനു കുഞ്ഞിന് കമ്മൽ വാങ്ങണം. മാലിനി പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. കമ്മലും വാങ്ങി ഇറങ്ങുമ്പോൾ ഓപ്പോളിന്റെ വിളി.

“നീ മൂപ്പരെ കാണുവാൻ പോയായിരുന്നോ?”

“ഓ ..പോകുന്ന വഴി ആണ്” അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ആമ്പല്ലൂർ കാവിനു മുന്നിൽ മൂത്ത തിരുമേനിയുടെ ഇല്ലത്തെ പടിപ്പുരയോട് ചേർന്നുള്ള വലിയ വരിയ്ക്കപ്ലാവ്. കുട്ടിക്കാലത്തെ ഒത്തിരിയേറെ ഓർമ്മകൾ മിന്നിമറയുന്ന കാവും പരിസരവും. കാറ് പാർക്ക് ചെയ്തു മൂപ്പരുടെ വീട്ടിലേയ്ക്കു നടന്നുപോകുവാൻ ആണ് ദേവന് തോന്നിയത്. തൃക്കോവിലിനു തെക്കുള്ള മൂപ്പരെ കാണുവാൻ അര ഫർലോങ് നടപ്പുണ്ട്. കുട്ടിക്കാലം മുതൽ എണ്ണിയാൽ ഒടുങ്ങാത്ത നടപ്പിന്റെ, കാഴ്ചകളുടെ, സംഘ പ്രവർത്തനത്തിന്റെ, പേടിയുടെ, ഭീഷണികളുടെ, പ്രവർത്തനങ്ങളുടെ കാവും, ഇടവഴികളും. ഓർമ്മകളുടെ ചിരാതം തെളിയിക്കുന്ന, വള്ളിപ്പടർപ്പുകൾ ആർത്തു വളർന്നു ഇരുട്ടിന്റെ തണൽ നൽകുന്ന ഏഴിലം പാലയും, സർപ്പരാജാക്കന്മാരുടെ കൽവിളക്കും, ചിതൽ പുറ്റുകളും.

ദേവൻ ഒരിക്കലും ആരോടും എങ്ങും പറഞ്ഞു പോലും പോകാത്ത ചില വൈകാരിക ബന്ധം ആമ്പല്ലൂർ കാവും പരിസരവും ദേവന് നൽകിയിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ വ്യത്യസ്തമായ മുഖം, സാംസ്കാരിക വിപ്ലവത്തിന്റെ ചരിത്രം ഉറങ്ങുന്ന, കൊടുക്കൽ വാങ്ങലുകൾ, രാഷ്ട്രീയ മാറ്റം, എല്ലാം ഉൾകൊള്ളുന്ന ആ ചെറിയ പ്രദേശം കാരണവന്മാർ പറഞ്ഞറിഞ്ഞ കഥകൾക്ക് അപ്പുറവും ഉള്ള ചില സത്യങ്ങൾ ആയി ഇന്നും ദേവന്റെ മനസ്സിലേക്ക് ഓടിയെത്തി.

ജീവനാംശം അവകാശപ്പെടുവാൻ കെൽപുള്ള ഗ്രാമത്തിന്റെ അവകാശികളുടെ മണ്ണ്….

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top